Thu. Mar 28th, 2024

✍️ സുരേഷ്.സി ആർ

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് ത്യാഗോജ്ജ്വലമായ സംഭാവനകൾ നൽകിയ ധീരദേശാഭിമാനിയാണ് മൊയാരത്ത് ശങ്കരൻ (1889 – 1948). മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം തന്നെയാണ്അദ്ദേഹത്തിന്റെ ജീവിതം. അതോടൊപ്പം മർദ്ദിതരും ചൂഷിതരുമായ ജനങ്ങളുടെ മോചനത്തിനായി സ്വയം സമർപ്പിച്ച അദ്ദേഹം കുറുമ്പ്രനാട് താലൂക്കിൽ കർഷക പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പിടുക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്.

ഒഴിവു സമയങ്ങളിൽ പുസ്തകവായനയും കവിതയുമായിരുന്നു ഇഷ്ടവിനോദം. കവിതയും ലേഖനങ്ങളും പഠിക്കുമ്പോൾ തന്നെ എഴുതി. ഡോക്ടറാവാനായിരുന്നു ആഗ്രഹം. വിപ്ലവചിന്തകളുടെ ഈറ്റില്ലമായ ബംഗാളിലെ ഏതെങ്കിലും മെഡിക്കൽ കോളജിൽ പഠിക്കുന്നതിന് പണം കണ്ടെത്താൻ പയ്യോളിയിലെ പുറക്കാട്ട് സ്‌കൂളിൽ അധ്യാപകനായി.

കൽക്കത്തയിലെ പഠനത്തിനിടയിൽ ഇംഗ്ലീഷ് പത്രത്തിന്റെ പ്രൂഫ് റീഡർ ജോലിയും ചെയ്തു. കൽക്കത്തയിലെ ആദ്യത്തെ മലയാളി സമാജം രൂപീകരിക്കുന്നതിന് മുന്നിൽ നിന്നു. സ്ത്രീധന സമ്പ്രദായത്തിനെതിരെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ച സുരേന്ദ്രനാഥ ബാനർജിയുടെ വാക്കുകൾ പ്രചോദനമായി. പഠനം തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത പ്രതികൂല സാഹചര്യത്തിൽ നട്ടിലേയ്ക്ക് തിരിച്ചുപോന്നു.


1917-ൽ കോഴിക്കോട്ട് നടന്ന കോൺഗ്രസിന്റെ മലബാർ മേഖല സമ്മേളനത്തിന് നേതൃത്വം നല്‍കി.1920-ൽ വടകരയിൽ നിന്ന് മൊയാരത്തിന്റെ നേതൃത്വത്തിൽ കേരള കേസരി പത്രം പ്രസിദ്ധീകരണമാരംഭിച്ചു. അന്ന് അദ്ദേഹം കോൺഗ്രസിന്റെ കുറമ്പ്രനാട് താലൂക്ക് സെക്രട്ടറിയായിരുന്നു.

1930-ൽ കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രജാഥയുടെ നേതൃത്വം കെ.കേളപ്പനായിരുന്നെങ്കിലും ആ ജാഥയുടെ വഴിക്കാട്ടി മൊയാരത്ത് ശങ്കരനായിരുന്നു. ജാഥയുടെ പൈലറ്റിന്റെ ചുമതലയുണ്ടായിരുന്ന മൊയാരമാണ് കുടുംബബന്ധങ്ങളും സൗഹൃദബന്ധങ്ങളും ഉപയോഗപ്പെടുത്തി പ്രാദേശികതലത്തിലെ പൗരമുഖ്യന്മാരെക്കണ്ട് ജാഥാസ്ഥികരണത്തിനുള്ള ഏർപ്പാടുകൾ ചെയ്തത്. മലബാറിലുടനീളം കോൺഗ്രസിനെ ഗ്രാമതലത്തിൽ കെട്ടിപ്പൊക്കുന്നതിന് ഓടിനടന്നു പ്രവർത്തിച്ചത് അദ്ദേഹമാണ്. കേളപ്പനെ അറസ്റ്റ് ചെയ്തതോടെ മൊയാരത്ത് നേതൃത്വം ഏറ്റെടുത്തു.

1930-കളിൽ രൂപംകൊണ്ട ജീവൽ സാഹിത്യസംഘടനയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹം 1935-ൽ കോൺഗ്രസിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം മലയാളത്തിൽ രചിച്ചു. ഞായറാഴ്ച കോൺഗ്രസ് എന്നറിയപ്പെട്ട ഒരു മദ്ധ്യവർഗസംഘടനയെ വടക്കേ മലബാറിലാകെ വേരുള്ള ഒരു ബഹുജന പ്രസ്ഥാനമാക്കി വളർത്തിയെടുക്കുന്നതിൽ അനാദൃശമായ പങ്കുവഹിച്ചു.


1939 ഡിസംബറിൽ പിണറായിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. കർഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലേക്ക് വന്നതോടെ മൊയാരത്തിനെ പൊലീസ് നിരന്തരം വേട്ടയാടാൻ തുടങ്ങി. യുദ്ധവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു. മലപ്പുറം സെഷൻസ് കോടതി രണ്ട് വർഷത്തെ കഠിന തടവിന് ബല്ലാരി ജയിലിലടച്ചു.1940-ൽ രൂപംകൊണ്ട മലബാർ ഡിസ്ട്രിക്ട് ബോർഡിൽ തിരഞ്ഞെടുക്കപ്പെട്ടു.

1948 മലബാറിലെ സംഘർഷഭരിതമായ കാലഘട്ടമായിരുന്നു. കമ്മ്യൂണിസ്റ്റ് വേട്ട നിരന്തരം നടന്നുകൊണ്ടിരിക്കുന്ന കാലം. ഏപ്രിൽ, മെയ് മാസങ്ങളിൽ 24 പേരാണ് രക്തസാക്ഷികളായത്. മെയ് 11-ന് സ്വന്തം ഭവനത്തിലേയ്ക്ക് ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ ചെമ്പിലോട്ടേക്ക് പുറപ്പെട്ടതായിരുന്നു. എടക്കാട് റയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി നടന്നുപോകുമ്പോൾ കോൺഗ്രസ് വോളന്റിയർമാർ മൊയാരത്തിനെ വളഞ്ഞിട്ട് മർദ്ദിച്ച് അവശനാക്കി. പൊലീസിന് കൈമാറിയ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. അവിടെ രണ്ടു കൈകളും മേലോട്ടുകെട്ടി മർദ്ദിച്ചു അവശനാക്കി. തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്യുകയായിരുന്നു.

ഒരു കോൺഗ്രസ്കാരനായ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മൊയാരത്തെക്കാണാൻ സബ്ജയിലിലെത്തിയിരുന്നു. അവശനായിരുന്നെങ്കിലും മൊയാരം പറഞ്ഞ അവസാന വാക്കുകൾ ഇതായിരുന്നു: ”ശ്രീ കേളപ്പനും ഞാനും നാട്ടുക്കാരുടെ നന്മയ്ക്കായി വാദിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമേറ്റു. ഇന്ന് അതേ കേളപ്പന്റെ കോൺഗ്രസ് ഭരിക്കുമ്പോൾ നാട്ടുക്കാർക്കുവേണ്ടി വാദിക്കാനുള്ള എന്റെ അവകാശം എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എന്റെ ഇന്നത്തെ സ്ഥിതി വിവരിച്ചുകൊണ്ട് കോൺഗ്രസ് ഭരണമെന്നാലെന്താണെന്ന് നിങ്ങൾ നാട്ടുകാരെ ധരിപ്പിക്കുക.”


എന്റെ ജീവിതം (ആത്മകഥ), ഒരു പെൺകിടാവിന്റെ തന്റേടം (നോവൽ), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മോത്തിലാൽ നെഹ്റു, ലാലാ ലജ്പത് റായ്, സി.ആർ. ദാസ് (ജീവചരിത്രം), സ്വാമി വിവേകാനന്ദന്റെ കത്തുകൾ എന്നിവയാണ് മൊയാരത്തിന്റെ സാഹിത്യ സംഭാവനകൾ.

1920-ൽ കേരളത്തിൽ ആദ്യമായി വന്ന ഗാന്ധിജിക്ക് തലശേരി റയിൽവേ സ്റ്റേഷനിൽ മൊയാരത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നല്‍കിയതായി കവിയൂർ രാജഗോപാലൻ രചിച്ച മൊയാരത്ത് ശങ്കരന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.