Fri. Mar 29th, 2024

✍️ മനോജ്. സി.ആർ

ചാരിറ്റി വീഡിയോ ചെയ്യുന്ന ചെറുപ്പക്കാർ ചെയ്യുന്ന കാര്യങ്ങൾ ഒരു സൈഡിലൂടെ നോക്കുമ്പോൾ വലിയ കാര്യങ്ങൾ എന്ന് തോന്നുമെങ്കിലും അതിന്റെ സാമൂഹ്യ വിപത്ത് വലിയ ഒന്നാണ്.

ഇപ്പോൾ വലിയ ചികിത്സാ ചെലവുകൾ വരുന്ന കേസുകൾ ആണല്ലോ ഇവർ വീഡിയോ ചെയ്യുന്നത്? അത് ലഭിക്കുന്നത് വലിയ ആശുപത്രികൾക്കാണ്. എത്ര പണമില്ലാത്തവനും പണം ലഭിച്ച് ചികിത്സ ലഭിക്കുന്നുവെന്ന് നമ്മൾ ചിന്തിക്കുമ്പോൾ തന്നെ, ഹോസ്പിറ്റലുകൾ ഒരു മാഫിയ ആയി മാറിയാലോ..? നമ്മുടെ നാട്ടിൽ നിരവധി മനുഷ്യരെ രോഗികൾ ആക്കാൻ കഴിഞ്ഞാലോ..? വളരെ ബോധപൂർവ്വം നിർമ്മിക്കപ്പെടുന്ന രോഗികൾ..!

നിങ്ങൾ വളരെ സിമ്പിളായി ചിന്തിച്ചാൽ ഇതിലെ പ്രശ്നം മനസ്സിലാവില്ല..അല്പം ആഴത്തിൽ ചിന്തിക്കാൻ തലച്ചോറിനെ ഉപയോഗിക്കണം. വൻ കിട ആശുപത്രികൾ നിർമ്മിക്കാൻ എത്രയോ കോടികളാണു ചെലവഴിച്ചിരിക്കുന്നത്.ഇതൊന്നും ജന നന്മയെ കരുതിയല്ല. അവർക്ക് വേണ്ടുന്നത് രോഗികളാണ്. പണമുള്ളവർ ചികിത്സിച്ചാലും പിന്നെയും അവർക്ക് രോഗികളെ വേണം… പണം വേണം… അപ്പോൾ പിന്നെ എന്ത് ചെയ്യും..?

ജനങ്ങളിൽ നിന്നു തന്നെ പിരിച്ച് ചികിത്സിക്കുക. കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും അധികം നമ്മൾ കാണുന്നത് ഇത്തരം ചികിത്സാ ചാരിറ്റികളാണ്. നമ്മൾ ഒന്നോർത്ത് നോക്കൂ, നമ്മുടെ കാശുകൊണ്ട്… മരുന്നുമാഫിയയും ഹോസ്പിറ്റൽ മാഫിയയും വളരുന്നു. നമ്മുടെ ഈ പ്രിയപ്പെട്ട ചെറുപ്പക്കാരിൽ ചിലർ അവർ അറിയാതെ തന്നെ ഈ മാഫിയയുടെ വലയിൽ കുടുങ്ങിയവർ ആണെങ്കിലോ…? അതെയെങ്കിൽ അത് വലിയൊരു ദുരന്തമാണ്. ഇപ്പോൾ അവർക്ക് വേണ്ടി ഫാനായി നിൽക്കുന്ന പാവം കുട്ടികൾക്കും ബാധകമാകുന്ന ദുരന്തം.

അവരുടെ അപ്പനോ അമ്മയോ ബന്ധുക്കളോ അവർ തന്നെയോ ഈ മരുന്ന് മാഫിയയുടെ പിടിയിൽ പെട്ടേക്കാം. അപ്പോൾ ഈ ചെറുപ്പക്കാരുടെ വാഹനം അവരെ തേടി വരും. വലിയൊരു നാശത്തിനു കൂട്ടു നിന്നതിന്റെ ഫലം അവർക്കും അനുഭവിക്കേണ്ടി വരും…
സത്യത്തിൽ ചാരിറ്റി ചെയ്യുന്ന ചെറുപ്പക്കാർ ഈ ഭവിഷ്യത്തൊന്നും തിരിച്ചറിയുന്നില്ല. അവരിൽ നല്ലവരും ഉണ്ട്. എന്നാൽ അവർക്ക് ഈ ലോകത്തെക്കുറിച്ചും ഇത്തരം മാഫിയയെക്കുറിച്ചും ധാരണക്കുറവുണ്ട്.ആ ധാരണക്കുറവ് ഒരു സാമൂഹ്യ വിപത്താക്കി അവർ പോലും അറിയാതെ മാറ്റിയെടുക്കുന്നു.

നമുക്ക് മനുഷ്യരെ സഹായിക്കേണ്ടതുണ്ട്..മാന്യമായും മനുഷ്യരെപ്പോലെയും സഹായിക്കേണ്ടതുണ്ട്. എനിക്കും നിങ്ങൾക്കും ആ സഹായം ആവശ്യമുണ്ട്. അതിനായി നമുക്ക് എന്ത് ചെയ്യാൻ കഴിയും..?
രോഗികൾക്ക് ചികിത്സാ സഹായം കിട്ടാനുള്ള ഇൻഷ്വറൻസ് പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുകയും ജനങ്ങളെ അത് പറഞ്ഞ് ബോധ്യപ്പെടുത്തി അത് എടുക്കാനും സഹായിക്കുക. പൊതു ആരോഗ്യമേഖലയെ എല്ലാ രീതിയിലും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുക. അതൊരു ജനകീയ ശക്തിയായി മാറുമ്പോൾ, നമുക്ക് ഇന്ന് പ്രൈവറ്റ് ഹോസ്പിറ്റലുകൾ ചെയ്യുന്ന കാര്യങ്ങൾ അതിനെക്കാൾ വളരെയധികം ചെലവു കുറച്ച് ചെയ്യാൻ സാധിക്കും.

അസുഖം വരാതിരിക്കാനുള്ള ജീവിത രീതികൾ പരിചയപ്പെടുത്തുക.നല്ല സാമൂഹ്യ സാംസ്ക്കാരിക അന്തരീക്ഷം വളർത്തിക്കൊണ്ട് എല്ലാ മനുഷ്യർക്കും സമാധാനവും സന്തോഷവും ലഭിക്കുന്ന ഒരു നാടാക്കി മാറ്റാനുള്ള ശ്രമം നടത്തുക. ആ ശ്രമത്തെക്കാൾ വലിയ ചാരിറ്റി പ്രവർത്തനമല്ല ഇപ്പോൾ ഈ നന്മമര സുഹൃത്തുക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവരെ സ്നേഹിക്കുന്നവർ പറഞ്ഞ് മനസ്സിലാക്കണം.
ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ ഏതെങ്കിലും ഒരു രോഗിയെ സഹായിക്കേണ്ടി വന്നാൽ, ഏറ്റവും അവധാനതയോടെ ആ രോഗിയ്ക്ക് ആ ചികിത്സ ആവശ്യമുണ്ടോ എന്ന് രണ്ടുമുന്ന് ഒപ്പീനിയൻ സ്വീകരിച്ച് ഓപ്പറേഷനു കൃത്യമായി എത്ര തുക വേണമെന്ന് കണക്കാക്കി അത് മാത്രം പിരിച്ചെടുക്കുക.

കൂടുതൽ വന്നാൽ മറ്റുള്ളവർക്ക് കൊടുക്കണം എന്ന് പറയുന്നത് തെറ്റായൊരു സമീപനമാണ്. കുറവാണു വന്നതെങ്കിൽ കൈയ്യിൽ നിന്നും കൊടുത്ത് ടാർജ്ജറ്റ് തികയ്ക്കുമോ..? കൂടുതൽ വരുമെന്ന് ഇത്രയും കോൺഫിഡൻസ് ഉണ്ടാവുന്നത് എങ്ങിനെ..? അപ്പോൾ പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് സംശയം ഉണ്ടാവും.
ഒരു പക്ഷേ, ഈ ഹോസ്പിറ്റൽ നടത്തിപ്പുകാർ തന്നെയാവും. ഈ പണം ഹവാല ഇടപാട് അല്ല. ഇതിന്റെ പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ട്. ചിലപ്പോൾ ഒരു രാഷ്ട്രീയ നിർമ്മിതി ആയിരിക്കാം… അവർക്ക് ആവശ്യമുള്ള ഒരാളെ ചാരിറ്റിയുടെ പേരു പറഞ്ഞ് ഉയർത്തിക്കൊണ്ടു വരികയും ഇലക്ഷനിൽ മത്സരിപ്പിച്ച് അവരുടെ ആളായി നിയമസഭയിൽ എത്തിച്ച് ഭരണത്തിൽ പിടി ഉണ്ടാക്കുക. അതിൻറെ ലക്ഷണങ്ങൾ പഞ്ചായത്ത് ഇലക്ഷൻ മുതൽ നിയമസഭാ ഇലക്ഷനിൽ വരെ പ്രതിഫലിച്ചതാണ്.

ഇത് മാത്രം ആവണമെന്നില്ല. പല ഉദ്ദേശ്യങ്ങൾ ഉണ്ടാവാം. അതിനാൽ പ്രിയപ്പട്ട ഈ ചെറുപ്പക്കാരോട് പറയാനുള്ളത് അവർ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഒരു പുരോഗമന നാട് സൃഷ്ടിക്കാൻ ശ്രമിക്കുക… രോഗവിമുക്തമായ നാട്…. മനുഷ്യർ മനുഷ്യരെ സ്നേഹിക്കുന്ന നാട്…
അതിനു വലിയ കാറിൽ കറങ്ങി നടക്കേണ്ടതൊന്നുമില്ല… മറ്റുള്ളവർ പണിതു തരുന്ന വീടുകളിൽ കിടക്കേണ്ടതുമില്ല. സ്വന്തം അധ്വാനത്താൽ ജീവിച്ചുകൊണ്ട്, അവർ ഉദ്ദേശിക്കുന്ന നന്മ നിറഞ്ഞൊരു നാട് നിർമ്മിക്കാൻ ശ്രമിക്കട്ടെ…!

അന്യരുടെ കാശ് ചെലവഴിയ്ക്കുന്നത് വലിയ റിസ്ക്കുള്ള പണിയാണ് കൃത്യമായ കണക്കുകൾ സൂക്ഷിച്ചുകൊണ്ട് ഒരു രൂപപോലും സ്വന്തം ആവശ്യത്തിനു എടുക്കാതെ… അതൊക്കെയാണു .. അന്തസ്സ്…!
ഇത്തരക്കാരുടെ സേവനങ്ങൾ അവരുടെ ഔദാര്യമാണെന്നാണ് ഇവരുടെ പെരുമാറ്റങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വേണ്ടത് സ്റ്റേറ്റ് ജനങ്ങൾക്ക് നൽകുന്ന ചികിത്സയും സേവനങ്ങളുമാണ്. അത് ശക്തിപെടുമ്പോൾ മനുഷ്യരുടെ ആത്മാഭിമാനവുംകൂടിയാണ് സംരക്ഷിക്കപ്പെടുന്നത്.

അതോടൊപ്പം എന്തൊക്കെ ഇതിലൂടെ ചില ആൾ ദൈവങ്ങളുണ്ടാകുന്നതും ഒരു ജനാധിപത്യ പുരോഗമന സമൂഹത്തിനു ഗുണകരമാവില്ല. അമൃതാനന്ദമയിയൊക്കെ ആ രീതിയിൽ വളർന്നു വന്നതാണ്. പിന്നീട് അവർ സംഘപരിവാരത്തിന്റെ നാവായി മാറുകയും ഇപ്പോൾ കേരളത്തോട് ചെയ്തുകൊണ്ടിരിക്കുന്നതും നമുക്ക് അറിയാം.
കേരളത്തിലെ ആരോഗ്യമേഖല നല്ല രീതിയിൽ വളർന്നു വരാനും അവിടെ എല്ലാവർക്കും സുരക്ഷിതമായ ചികിത്സാ സംവിധാനം ഉണ്ടാവാനുമാണു നമ്മൾ ശ്രമിക്കേണ്ടത്. രോഗം വന്ന ചിലരെ സഹായിച്ചുകൊണ്ട് സാമൂഹ്യമായി നിർമ്മിക്കുന്ന വലിയ ദുരന്തങ്ങളെ അതിജീവിക്കാൻ ഒരു സമൂഹത്തിനും കഴിയില്ല.

മത രാഷ്ട്രീയവും സംഘപരിവാർ രാഷ്ട്രീയവും അരാഷ്ട്രീയ വാദവും വളർത്തിക്കൊണ്ടുവരുന്ന ഇത്തരം ആൾ ദൈവങ്ങളെ അനുവദിക്കുമ്പോൾ സാമൂഹ്യമായ ഇടപെടീലുകൾ പിന്നീട് അസാധ്യമായി തീരും. അതിനാൽ ഇനിയും ഒരു ആൾ ദൈവവും കേരളത്തിൽ വളരാതിരിക്കട്ടെ.

(തുടരും ….)