Fri. Mar 29th, 2024

✍️ മനോജ് സി.ആർ

എന്റെ ചെറുപ്പത്തിൽ പ്രിയപ്പെട്ടൊരു അദ്ധ്യാപകൻ പറഞ്ഞു. ഒരിക്കലും യാചകരെ പ്രോത്സാഹിപ്പിക്കരുത്. കൊച്ചുകുഞ്ഞുങ്ങളുമായി അരികിൽ വരുന്നവർക്ക് പണം നൽകരുതെന്ന്.പക്ഷേ, എനിക്ക് അത് മനസ്സിലായില്ല…

അത് മാത്രമല്ല ഞാൻ ഇത്തരം കുഞ്ഞുങ്ങളെ കണ്ടാൽ ഒരു പ്രത്യേക വാത്സല്യത്തോടെ നോക്കുകയും എത്ര കൈയ്യിൽ കാശില്ലെങ്കിലും അവർക്ക് എനിക്ക് കഴിയുന്ന പണം നീട്ടുകയും ചെയ്യുമായിരുന്നു.

അന്ന് എനിക്ക് ലോകത്തെക്കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. പിന്നീട്, രാഷ്ട്രീയബോധവും മാനവിക ബോധ്യവും ഉണ്ടായപ്പോൾ ഞാൻ ചെയ്യുന്നതിലെ തെറ്റ് എനിക്ക് മനസ്സിലായി. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോവുകയും അവരെ അംഗ ഭംഗം വരുത്തി യാചകരാക്കി മറ്റുകയും ചെയ്യുന്ന വലിയ മാഫിയകൾ ഉണ്ടെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഞാൻ നീട്ടിയ ഓരോ കാശും… മറ്റൊരിടത്ത് ഒരു കുഞ്ഞിനെ വേട്ടയാടാനുള്ള പ്രോത്സാഹനമായിരുന്നു. ! നമ്മൾ നമുക്ക് കഴിയുന്ന രീതിയിൽ ചെയ്യുന്ന സഹായം.. എത്രയോ വലിയ സാമൂഹ്യ അനീതിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു…

എന്റെ യൌവന കാലഘട്ടത്തിലാണു ഞാൻ ശ്രീ സത്യസായി ബാബയെക്കുറിച്ച് അറിയുന്നത്. ഒരു മനുഷ്യനും അയാളുടെ കുടുംബവും അവിടെ പോകുമായിരുന്നു. അയാൾ സത്യസായിബാബ ചെയ്യുന്ന ചാരിറ്റിയെക്കുറിച്ച് പറയും. സൌജന്യ ഓപ്പറേഷൻ നടത്തുന്നതിനെക്കുറിച്ച്… ഭക്ഷണം നൽകുന്നതിനെക്കുറിച്ച്.

അപ്പോഴൊക്കെ ഞാൻ വിചാരിച്ചു നല്ല കാര്യമാണല്ലോ. എന്നാൽ ഈ മനുഷ്യൻ ഇന്ത്യയിൽ സൃഷ്ടിച്ച ബോധം… അതിന്റെ ഉല്പനമാണ് സംഘപരിവാർ ഭരണം.. ! ഇതുപോലെയുള്ള നിരവധി ആൾ ദൈവങ്ങളുടെ സഹായവും സംഘപരിവാറിനു ലഭിച്ചിട്ടുണ്ട്. ലഭിച്ചുകൊണ്ടിരിക്കുന്നു.
സത്യസായി ബാബയെ അന്ന് വെല്ലുവിളിച്ച എ.റ്റി കോവൂരിനെ വിശ്വാസികളെന്ന വിഡ്ഡികൾ തള്ളിക്കളയുകയും.. മഹാ കള്ളനും തട്ടിപ്പുകാരനുമായ സത്യസായി ബാബയെ സ്വീകരിക്കുകയും ചെയ്തപ്പോൾ…. അത് ഒരു നാടിന്റെ തന്നെ ദുരന്തമായി മാറി..

ഈ ആൾ ദൈവം മരിച്ചപ്പോൾ അയാളുടെ മുറി നിറയെ സ്വർണ്ണം ആയിരുന്നുവെന്ന് വാർത്ത വന്നിരുന്നു. അതൊക്കെ നമ്മൾ സൌകര്യ പൂർവ്വം മറന്നു കളഞ്ഞു…
ചാരിറ്റി പ്രവര്‍ത്തനം എന്നത് നിങ്ങള്‍ ഒരാള്‍ക്ക് പൈസ പിരിച്ച് കൊടുക്കുന്നത് മാത്രമല്ല. സിഗരറ്റ് വലിക്കാന്‍ പാടില്ലെന്നും സിഗരറ്റ് വലിക്കാതിരിക്കുന്നതും ഒരു ചാരിറ്റി പ്രവര്‍ത്തനമാണ്. നിങ്ങള്‍ അത് ചെയ്യാതിരിക്കുമ്പോള്‍ നിരവധി മനുഷ്യര്‍ക്ക് ക്യാന്‍സര്‍ വരാതിരിക്കാനുള്ള ഒരു ചാരിറ്റിയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ വേസ്റ്റ് നിങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരിക്കുന്നുവെങ്കില്‍ അതുമൊരു ചാ‍രിറ്റി പ്രവര്‍ത്തനമാണ്.

ശുദ്ധവായു, ശുദ്ധ ജലം, നല്ല ഭക്ഷണം ഇതൊക്കെ നല്‍കുന്നതും ചാരിറ്റിയാണ്. ഒരാള്‍ക്ക് അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ അത് വരാതിരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത് എത്രയ്ക്ക് ഗുണകരമാണ്…
നമ്മുടെ ജീ‍വിത രീതി, ഭക്ഷണ രീതി റ്റെന്‍ഷന്‍ ഇതൊക്കെയാണ് അസുഖത്തിനു വലിയൊരു കാരണമായി മാറുന്നത്…

ഈ രംഗത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആരോഗ്യമുള്ളൊരു ജനതയെ സൃഷ്ടിക്കലുമാണ് ശാസ്ത്രീയമായ ചാരിറ്റി പ്രവര്‍ത്തനം. അത്തരം ചാരിറ്റിക്ക് ഇവരെയാരെങ്കിലും കണ്ടിട്ടുണ്ടോ?

വലിയ ശബ്ദകോലാഹലങ്ങളുണ്ടാക്കി ശബ്ദമലീനീകരണം ഉണ്ടാക്കി ഒരു ബധിരനെ സഹായിക്കാന്‍ നിങ്ങള്‍ സംഭാവന പിരിക്കുന്നുവെങ്കില്‍…………. അതിനെ നമുക്ക് ചാരിറ്റി എന്ന് വിളിക്കാന്‍ കഴിയുമോ..?
സാമൂഹ്യാവസ്ഥകളില്‍ സമൂലമായ മാറ്റം വരണം. നമുക്ക് നല്ല ജീവിത സാഹചര്യങ്ങള്‍ ഉണ്ടാവണം… അത് എല്ലാവര്‍ക്കും ലഭിക്കണം. എനിക്ക് കക്കൂസ് ഉണ്ട്, അടുത്തുള്ളവനു അതില്ലെങ്കില്‍ അതിന്റെ ദോഷം എനിക്കുകൂടിയാണ്. അയാള്‍ എവിടെ വെളിക്കിരിക്കും.. ? അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഉണ്ടാവട്ടെ…

എന്നാല്‍ ഇവിടെ ചാരിറ്റി നടത്തുന്നവര്‍ക്കൊക്കെ താത്പര്യം… ഒരു രോഗിയെ കണ്ടെത്തി അയാളെ ഉയര്‍ത്തിക്കാണിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്താനാണ്…
വൃക്ക രോഗം നമ്മുടെ നാട്ടില്‍ വ്യാപകമാണ്. എന്താണ് അതിന്റെ ശാസ്ത്രീയമായ കാരണങ്ങളെന്നു കണ്ടെത്തി, അതിനെതിരെ സാമൂഹ്യമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നാം ചിന്തിക്കുമ്പോള്‍ അതൊരു സമൂഹത്തിനു മുഴുവന്‍ ഉപകാരപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തനമാകും…

വലിയ അസുഖങ്ങള്‍ക്ക് വലിയ ആശുപത്രിയിലെ ചികിത്സ. ഇതിന്റെ ചാരിറ്റി പ്രവര്‍ത്തനം ഒരു മാഫിയാ തട്ടിപ്പാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അത് അന്വേഷിക്കേണ്ടതുണ്ട്.

ഗവണമെന്റില്‍ നിന്നും നേടിയെടുക്കാന്‍ കഴിയുന്ന എല്ലാ സഹായവും നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുക. സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ല ചികിത്സ ലഭിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുക. നന്മമരങ്ങൾ ഇത്തരമൊരു ആരോപണമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ അതിനൊപ്പം നില്‍ക്കാനേ ആര്‍ക്കും സാധിക്കൂ..

നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ കരുതലും ശാസ്ത്രീയവും ആക്കാനുള്ള് പരിശ്രമങ്ങള്‍ യുവാക്കൾ നടത്തണം. അല്ലാതെ ജനങ്ങളില്‍ നിന്നും പിരിവെടുത്ത് ഈ വമ്പന്‍ ഹോസ്പിറ്റ്ലുകളില്‍ നല്‍കുന്നത് തെറ്റായൊരു അവസ്ഥ സൃഷ്ടിക്കും.
നമുക്ക് വലിയ ഹോസ്പിറ്റലുകളിലെ ചികിത്സാ ചെലവുകള്‍ കുറപ്പിക്കാനുള്ള ഇടപെടീലുകള്‍ നടത്തണം. പാവപ്പെട്ട രോഗികള്‍ക്ക് ഇത്രശതമാനം അവിടെ ചികിത്സകള് സൌജന്യമായി നൽകണം എന്ന നിയമം ഉണ്ടാവണം…

നന്മമര ഫാന്‍സ്, ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അതൊരു വലിയ മുന്നേറ്റം ആകുമായിരുന്നു. എല്ലാവര്‍ക്കും ആരോഗ്യം… എല്ലാവര്‍ക്കും സന്തോഷം…!
മറ്റെന്തിനെക്കാളുമധികം ഇസ്ലാമിക വിശ്വാസമാണ് ചാരിറ്റി ഫ്രോഡുകൾ ചൂഷണ വിധേയമാക്കുന്നത്. ഈ തട്ടിപ്പിന്റെ ഏറ്റവും പുതിയ സാധ്യതകളാണ് സോഷ്യൽ മീഡിയ വഴി ചിലർ നടപ്പിലാക്കുന്നത്. വ്യവസ്ഥാപിത സംവിധാനങ്ങൾക്ക് പകരം വ്യക്തി കേന്ദ്രീകൃത ഏർപ്പാടുകളാക്കി മാറ്റുന്നതോടെ തട്ടിപ്പിന് കളമൊരുക്കുകയാണ്. അതിൽ വലിയൊരു വിഭാഗം നിയമ വിരുദ്ധവും മത വിരുദ്ധവും മനുഷ്യത്ത വിരുദ്ധവുമാണ്.

ഏറ്റവും നിസ്സഹായരും ദുർബലരുമായ ഇരകളെയും നിസ്വാർത്ഥരായ ചില ശുദ്ധാത്മകളുടെ മതബോധത്തേയും ഒരേ പോലെ ചൂഷണം ചെയ്താണ് ഇവർ തട്ടിപ്പു നടത്തുന്നത്. അവർ മുന്നോട്ട് വെക്കുന്ന (അ) രാഷ്ട്രീയവും മതവും അപകടകരമാണ്. ഇത് തിരിച്ച് പിടിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ ബാധ്യത കൂടിയാണ്. 

(തുടരും…)