Thursday, June 17, 2021

Latest Posts

വിൻഡോക് പ്രഖ്യാപനവും ഇന്ത്യൻ മാധ്യമരംഗവും

✍️ റെൻസൺ വി എം

ജനങ്ങളുടെ അംഗീകാരമാകണം ഗവൺമെന്റിന്റെ അധികാരത്തിന്റെ ആധാരം എന്നത് ആധുനിക സമൂഹങ്ങളൊക്കെ അംഗീകരിച്ച മൗലിക തത്വമാണ്. ഈ അംഗീകരണം സാർവ്വത്രികവും തുല്യവുമായ വോട്ടവകാശമുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളിലൂടെ പ്രകടിപ്പിക്കപ്പെടുന്നു. പൗരന്മാരുടെ അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കു നിസ്തുലമാണ്. ആയതിനാൽ, ഇന്നു ബഹുസ്വരവും സ്വതന്ത്രവും സുരക്ഷിതവുമായ പത്രപ്രവർത്തനം അഭൂതപൂർവ്വമായ സമ്മർദ്ദം നേരിടുകയാണ്. ഫാസിസ്റ്റു മനോഭാവമുള്ള ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമ മേഖലയെ വരുതിയിലാക്കി വ്യാജവാർത്തകളിലൂടെയും മറ്റും ജനപിന്തുണ തങ്ങൾക്ക് അനുകൂലം ആക്കാൻ പരിശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു യഥാർത്ഥ ലിബറൽ ജനാധിപത്യത്തിന്റെ വികാസത്തിനായി പരിശ്രമിക്കുന്നവർ സ്വതന്ത്രവും നൈതികവുമായ മാധ്യമ പ്രവർത്തനത്തിനു ജനാധിപത്യത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അതു സംരക്ഷിക്കാനുളള പരിശ്രമങ്ങൾ ആഗോളതലത്തിൽ തന്നെ ആരംഭിച്ചത്. ഈ പ്രവർത്തനങ്ങളുടെ ഫലമായാണു ലോക പത്രസ്വാതന്ത്ര്യ ദിനം പോലുള്ളവയുടെ ആചരണത്തിലേക്ക് എത്തിയത്. ഇന്നു മനുഷ്യ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഏറ്റവും പ്രധാന ചാലകശക്തി ഇൻഫർമേഷൻ ആണ്. ആധുനിക ലോകത്തു സ്വതന്ത്രമായ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ ആധികാരികമായ വിവരങ്ങളുടെ അനുസ്യൂത പ്രവാഹമാണ്. ഈ വിവര പ്രവാഹത്തിന്റെ മുഖ്യസ്രോതസ്സു പത്രമാധ്യമങ്ങളാണ്. അതുതന്നെയാണു മാധ്യമ സ്വാതന്ത്യത്തിന്റെ പ്രാധാന്യവും.

ലോക പത്രസ്വാതന്ത്ര്യ ദിനത്തിന്റെ ഉത്ഭവം1991 ൽ നമീബിയയിലെ വിൻഡോക്കിൽ നടന്ന യുനെസ്കോ സമ്മേളനത്തിലാണ്. യുനെസ്കോ ജനറൽ കോൺഫറൻസിന്റെ ശിപാർശയെ തുടർന്ന് 1993 ഡിസംബറിൽ 20 ന് യുഎൻ പൊതുസഭ അതിന്റെ 48/432 തീരുമാനത്തിലൂടെ മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി (WPFD) പ്രഖ്യാപിച്ചു (1). വിൻഡോക് പ്രഖ്യാപനത്തിന്റെ വാർഷികം ആയതിനാലാണ് ഈ ദിനം ലോക പത്രസ്വാതന്ത്ര്യ ദിനമായി തിരഞ്ഞെടുത്തത്. 30 വർഷത്തിനു ശേഷവും പൊതുമുതലെന്ന നിലയിൽ വിവരങ്ങൾ തേടാനും നല്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിൻഡോക് പ്രഖ്യാപനത്തിന്റെ സമയത്തെ പോലെ പ്രസക്തമാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരുകളെ ഓർമ്മപ്പെടുത്തേണ്ട ദിനമാണ് മെയ് 3. മാധ്യമ സ്വാതന്ത്ര്യത്തെയും നൈതികതയെയും കുറിച്ചു മാധ്യമ പ്രവർത്തകർ വിചിന്തനം ചെയ്യേണ്ട ദിവസം കൂടിയാണിത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ സംബന്ധിച്ചു മനനം ചെയ്യുക; ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്തുക; മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുക; മാധ്യമ പ്രവർത്തനനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുക തുടങ്ങിയവും ഈ ദിനാചരണവുമായി ബന്ധപ്പെട്ടു പൊതുവായി നടത്തപ്പെടുന്നു. ആശയവിനിമയത്തിന്റെ അലകും പിടിയും അടിമുടി പരിഷ്കരിക്കപ്പെട്ട ആധുനിക കാലത്ത് അഭിപ്രായ സ്വാതന്ത്ര്യം, വിവരങ്ങളുടെ സ്വതന്ത്രമായ ലഭ്യത, പൊതുസേവനം എന്ന നിലയിൽ മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യം തുടങ്ങിയവക്ക് ഈ വർഷത്തെ പത്രസ്വാതന്ത്ര്യ ദിനം ശ്രദ്ധ നല്കി. “ഇൻഫർമേഷൻ ഒരു പൊതുമുതൽ” എന്ന പ്രമേയം ആണ് WPFD 2021 വിചിന്തനം ചെയ്തത്. ഇതിലൂടെ, തെറ്റായതും വ്യാജമായതുമായ വിവരങ്ങൾ, വിദ്വേഷ ഭാഷണം, വിനോദം, ഡേറ്റ മുതലായ മറ്റ് ആശയവിനിമയങ്ങളും വിവരവും (information) തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക ആയിരുന്നു ലക്ഷ്യം.

പൊതുതാൽ‌പര്യത്തിൽ ഊന്നിക്കൊണ്ട്, പരിശോധിച്ചു സത്യമെന്ന് ഉറപ്പിച്ച ആധികാരിക വിവരങ്ങൾ, വാർത്തകൾ എന്ന നിലയിൽ പരിവർത്തനപ്പെടുത്തുന്നതിൽ പത്രപ്രവർത്തനത്തിന്റെ പ്രത്യേക പങ്കു ശ്രദ്ധയിൽ പെടുത്തുക എന്നത് ഈ വർഷത്തെ മെയ് 3 ന്റെ മുഖ്യലക്ഷ്യമായിരുന്നു. ഇൻഷർമേഷനെ പൊതുമുതലായി രൂപാന്തരപ്പെടുത്തുന്നതിൽ മാധ്യമ മേഖലയിൽ ഇന്നുള്ള വിശാലവും വൈവിദ്ധ്യപൂർണ്ണവുമായ ആവാസവ്യവസ്ഥ നിർണ്ണായകമാണെന്നും ഈ ദിനം ഓർമ്മിപ്പിച്ചു. ഇൻഫർമേഷൻ എന്ന പൊതുമുതലിന്റെ അവിഭാജ്യ ഘടകമാണു പത്രപ്രവർത്തനം എന്നു തിരിച്ചറിഞ്ഞ് അതിനെ വിലമതിക്കാനും പ്രതിരോധിക്കാനും അത്തരം മാധ്യമ സംസ്കാരം ആവശ്യപ്പെടാനുമുള്ള പ്രാപ്തി ജനങ്ങൾക്കു നേടിക്കൊടുക്കും വിധം മാധ്യമ / ഇൻഫർമേഷൻ സാക്ഷരത വളർത്തുക എന്നതും, WPFD 2021 ന്റെ ഉദ്ദേശ്യമായിരുന്നു.

വിൻഡോക് പ്രഖ്യാപനം മാധ്യമ രംഗത്തെ ഒരു നാഴികക്കല്ലാണ്. 1991 ലെ വിൻഡോക് സമ്മേളനം അച്ചടി മാധ്യമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു, ഈ സമ്മേളനത്തിന്റെ പത്താം വാർഷികമായ 2001 ൽ എയർവേവുകളിലൂടെയുള്ള ആശയവിനിമയത്തെ കുറിച്ചായിരുന്നു മുഖ്യ വിചിന്തനം, ഇത് ‘ആഫ്രിക്കൻ ചാർട്ടർ ഓഫ് ബ്രോഡ്കാസ്റ്റിങ്ങി’നു കാരണമായി. 2011 ൽ, പ്രഖ്യാപനത്തിന്റെ 20 -ാം വാർഷികത്തിനു യുനെസ്കോ പിന്തുണയോടെ നടത്തിയ കോൺഫറൻസിൽ വിവരങ്ങൾ ലഭിക്കാനുമുള്ള വ്യക്തികളുടെ അവകാശത്തെ കുറിച്ചു ചർച്ച ചെയ്തു. ഇത്തരം ആലോചനകളുടെ ഫലമായാണു സാർവ്വത്രികമായ വിവര ലഭ്യതക്കുള്ള അന്താരാഷ്ട്ര ദിനമായി (International Day for Universal Access to Information) സെപ്റ്റംബർ 28 നെ 2019 ൽ യുഎൻ അംഗീകരിച്ചത്. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക, മാധ്യമ മേഖലകളിലെ വിദഗ്ദ്ധർ 1991 ഏപ്രിൽ 29 മുതൽ മെയ് 3 വരെ വിൻഡോകിൽ നടന്ന സമ്മേളനത്തിൽ വച്ചാണു സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമങ്ങളെ ആഫ്രിക്കയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി വിൻഡോക് പ്രഖ്യാപനം ഒപ്പുവച്ചത്. സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം, വിവര സ്വാതന്ത്ര്യം മൗലിക മനുഷ്യാവകാശം ആണെന്നു പ്രസ്താപിച്ച യുഎൻ പൊതുസഭയുടെ 1946 ഡിസംബർ 14 ലെ 59 (I) പ്രമേയം, മാനവരാശിയുടെ സേവനത്തിൽ വിവരത്തിന്റെ സ്വതന്ത്ര ലഭ്യതയുടെ പ്രാധാന്യം എടുത്തു പറഞ്ഞ 1990 ഡിസംബർ 11 ലെ 45/76 എ പ്രമേയം ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ വാക്കുകളാലും ചിത്രങ്ങളാലും ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കു പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യം വിളിച്ചോതിയ 1989 ലെ യുനെസ്കോ ജനറൽ കോൺഫറൻസിന്റെ 25 സി / 104 പ്രമേയം തുടങ്ങിയവയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു യുഎൻ, യുനെസ്കോ, യുഎൻഡിപി, നമീബിയ സർക്കാർ തുടങ്ങിയവയുടെ സഹകരണത്തിലാണു വിൻഡോക് സമ്മേളനം സംഘടിപ്പിച്ചത്. ആഫ്രിക്കയിലെ മാധ്യമങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സമ്മേളനം നടന്നതെങ്കിലും ആഗോള മാധ്യമ ലോകത്തിനാകെ മാതൃകയിക്കാവുന്ന നിരവധി കാഴ്ചപ്പാടുകൾ ഇതു മുന്നോട്ടു വച്ചു.
വിൻഡോക് പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 1 പ്രഖ്യാപിക്കുന്നതു സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വകുപ്പ് 19 വ്യക്തമാക്കുന്നതുപോലെ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ വികാസത്തിനും പരിപാലനത്തിനും സാമ്പത്തിക വികസനത്തിനും സ്വതന്ത്രവും ബഹുസ്വരവും ആയ മാധ്യമങ്ങളുടെ സംസ്ഥാപനം, പരിപാലനം, പരിപോഷണം എന്നിവ അനിവാര്യമാണ് എന്നാണ്. സ്വതന്ത്രമായ പ്രസ്സ് എന്നാൽ സർക്കാർ, രാഷ്ട്രീയ താല്പര്യങ്ങൾ, സാമ്പത്തിക ഘടകങ്ങൾ മുതലായവയുടെയും; പത്രങ്ങൾ, മാസികകൾ തുടങ്ങിയവയുടെ സൃഷ്ടിക്കും പ്രചാരണത്തിനും ആവശ്യമായ വസ്തുക്കളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണങ്ങളിൽ നിന്നു സ്വതന്ത്രമായ മാധ്യമം എന്നാണു വിൻഡോക് പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 2 വിവക്ഷിക്കുന്നത്. ബഹുസ്വര പ്രസ്സ് എന്നതുകൊണ്ട്, എല്ലാത്തരം കുത്തകകളുടെയും അന്ത്യമെന്നും സമൂഹത്തിലെ സാധ്യമായ മുഴുവൻ അഭിപ്രായങ്ങളെയും പ്രതിഫലിപ്പിക്കുന്ന പരമാവധി എണ്ണം പത്രങ്ങൾ, മാസികകൾ, ആനുകാലികങ്ങൾ എന്നിവയുടെ നിലനില്പ് എന്നും പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 3 അർത്ഥമാക്കുന്നു. തുടർന്ന്, ബഹുപാർട്ടി ജനാധിപത്യ രാജ്യങ്ങൾ സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമരംഗം ഉയരാൻ സഹായകമാണെന്നും ജനാധിപത്യത്തോടും വിവര സ്വാതന്ത്ര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും ഉള്ള ലോകവ്യാപക ആഭിമുഖ്യം മനുഷ്യന്റെ വികസന അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനുള്ള അടിസ്ഥാനമാണെന്നും ഈ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 4 വ്യക്തമാക്കുന്നു. തുടർന്ന്, 19 വരെയുള്ള ആർട്ടിക്കിളുകളിലൂടെ ആഫ്രിക്കയിലെ മാധ്യമങ്ങളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഈ പ്രഖ്യാപനം മുന്നോട്ടു വെക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ മാധ്യമ അടിച്ചമർത്തലുകളിൽ ശക്തമായ ആശങ്കയാണ് ഈ പ്രഖ്യാപനം രേഖപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തുകയും അറസ്റ്റു ചെയ്യുകയും സാമ്പത്തികമായി ഞെരുക്കുകയും മാധ്യമ മേഖലയ്ക്കു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായും ഇതു വ്യക്തമാക്കി. മാധ്യമ സെൻസർഷിപ്പ് മനുഷ്യാവകാശ ലംഘനമാണെന്നു പ്രഖ്യാപിക്കാനുള്ള നടപടി യുഎൻ കൈക്കൊള്ളണമെന്നും വിൻഡോക് പ്രഖ്യാപനം നിർദ്ദേശിച്ചു. ആഫ്രിക്കൻ രാജ്യങ്ങൾ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഈ പ്രഖ്യാപനം ബഹുസ്വരവും സ്വതന്ത്രവുമായ മാധ്യമങ്ങളുടെ വികാസത്തിനുള്ള സഹായങ്ങൾ നല്കി ആഫ്രിക്കയെ അന്താരാഷ്ട്ര സമൂഹം സമൂഹം സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. മാധ്യമ മേഖലയുടെ സ്വാതന്ത്ര്യത്തിനും വളർച്ചയ്ക്കും സഹായകരമായ വിധം പ്രൊഫഷണൽ അസോസിയേഷനുകളുടെയും തൊഴിലാളി സംഘടനകളുടെയും മറ്റു കൂട്ടായ്മകളുടെയും പ്രവർത്തനം പരിപോഷിപ്പിക്കേണ്ടതിനെ കുറിച്ചും ഈ പ്രഖ്യാപനം സൂചിപ്പിച്ചു. നിർഭയമായി തൊഴിലെടുത്തതിനാൽ ജയിലിലടക്കപ്പെട്ട മാധ്യമ പ്രവർത്തകരെ വിടണമെന്നും തൊഴിൽപരമായ പ്രവർത്തനങ്ങൾ മൂലം തങ്ങളുടെ രാജ്യങ്ങൾ വിടേണ്ടിവന്ന മാധ്യമപ്രവർത്തകർക്കു മടങ്ങിയെത്തി ജോലി പുനരാരംഭിക്കാൻ അവസരം ഏകണമെന്നും ആഫ്രിക്കൻ ഗവൺമെന്റുകളോട് ഈ പ്രഖ്യാപനം ആവശ്യപ്പെട്ടു. ആഫ്രിക്കൻ പ്രസാധകർ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കണമെന്നും ആഫ്രിക്കൻ മാധ്യമരംഗത്തെ കുറിച്ചു യുഎൻ, യുനെസ്കോ തുടങ്ങിയവ സമഗ്രമായ പഠനം നടത്തണമെന്നും വിൻഡോക് പ്രഖ്യാപനം നിർദ്ദേശിച്ചു.
ഈ പ്രഖ്യാപനത്തിന്റെ മുപ്പതാം വാർഷികമായ 2021 ൽ, ഇൻഫർമേഷൻ ലഭ്യതയുടെ നിലവിലെ അവസ്ഥയെ കുറിച്ചു പരിചിന്തനം അത്യാവശ്യമാണ്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അനുസരിച്ചു ഇൻഫർമേഷനും മൗലിക സ്വാതന്ത്ര്യങ്ങളും പൊതുസമൂഹത്തിന് ഒന്നാകെ വിവേചന രഹിതമായി ലഭ്യമാക്കണം. ഇതിനു സഹായകമായ ആശയവിനിമയ ലോകത്തിന് ആവശ്യമായ വ്യവസ്ഥകൾ എന്തെന്ന് ഈ അവസരത്തിൽ നാം ചിന്തിക്കണം. ഈ മേഖലയിൽ പല മാറ്റങ്ങളും ദ്രുതഗതിയിൽ ഉണ്ടായി. ഒന്നാമതായി, അധുനിക കാലത്തു മിക്ക രാജ്യങ്ങളിലും വൈവിധ്യമാർന്ന അനേകം മാധ്യമങ്ങൾ ഉണ്ടായി. ഇതു മാധ്യമ ലോകത്തെ കൂടുതൽ സങ്കീർണ്ണമാക്കി. ഉപഗ്രഹ സഹായത്തോടെയൊക്ക പ്രവർത്തിക്കുന്ന അനവധി അന്തർ‌ദ്ദേശീയ മാധ്യമങ്ങൾ ഉദാരവത്കരണത്തിന്റെയൂം മറ്റും ഫലമായി എല്ലാ രാജ്യങ്ങളിലേക്കും കടന്നു കയറി. മാധ്യമലോകം വികസിച്ചെങ്കിലും പല വാർത്താമാധ്യമങ്ങളും ഇന്നു ഗണ്യമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നു. രണ്ടാമത്, സാങ്കേതിക മുന്നേറ്റങ്ങൾ ആശയവിനിമയത്തിനും വിവര ലഭ്യതക്കുമുള്ള അവസരങ്ങൾ വർദ്ധിപ്പിച്ചു. എങ്കിലും, ഡിജിറ്റൽ വിഭജനം വിഭിന്ന ലിംഗങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ അതിശക്തമായി ഉണ്ട്. ഇന്റർനെറ്റ് കമ്പനികൾ കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ആശയവിനിമയ സേവനങ്ങളുള്ള മാസ്മരിക ലോകം ലഭ്യമാക്കുന്നു. പക്ഷേ, നൈതികമായ മാധ്യമ സംസ്കാരത്തിനു പകരം അവയിലൂടെ പടരുന്ന വിദ്വേഷവും തെറ്റായ വാർത്തകളും ഒക്കെ നമ്മെ ആശങ്കപ്പെടുത്തുന്നു. ഒപ്പം, സമൂഹത്തിന്റെ കാവലാളാകുക എന്ന മാധ്യമദൗത്യത്തിന്റെ പോരായ്മയും പത്രങ്ങളുടെയും മറ്റും സുതാര്യത കുറവും ഉത്തരവാദിത്വം ഇല്ലായ്മയും നമ്മെ ചിന്താകുലർ ആക്കുന്നുണ്ട്. 1991 നു ശേഷമുള്ള മൂന്നാമത്തെ മാറ്റം വിവര ലഭ്യതക്കുള്ള നിയമപരമായ അവകാശം വർദ്ധിപ്പിച്ചതാണ്.1991 ൽ 12 രാജ്യങ്ങളിൽ മാത്രമാണ് സർക്കാർ വിവരങ്ങൾ ലഭിക്കുന്നതിനു നിയമപരമായ അവകാശം പൗരന്മാർക്ക് ഉണ്ടായിരുന്നുള്ളു. 2009 ൽ ഇത്തരം രാജ്യങ്ങൾ 40 ആയും 2019 ൽ 126 ആയും ഉയർന്നു. മാനവരാശിയുടെ വികാസത്തിനുള്ള വിവരങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ ഔദ്യോഗിക വിവരങ്ങളുടെ ലഭ്യതക്കൊപ്പം സ്വതന്ത്രവും നീതിയുക്തവുമായ പത്രപ്രവർത്തനവും ഒരു പ്രധാന ഘടകമാണ്. ഈ 3 കാര്യങ്ങളുടെ ഫലമായി വിവരങ്ങളുടെ മഹാപ്രളയം ഇന്നു ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ സൃഷ്ടിക്കപ്പെട്ടു. തെറ്റായ വിവരങ്ങളുടെയും വിദ്വേഷ ഭാഷണത്തിന്റെയും വെല്ലുവിളികളും ഈ രംഗത്ത് ഇതോടൊപ്പം വർദ്ധിച്ചു. പ്രാദേശിക പ്രാധാന്യമുള്ള വാർത്തകളുടെയൊക്കെ ഉത്പാദനവും ഇന്നു കടുത്ത സമ്മർദ്ദം നേരിടുന്നു. അതേസമയം, ആഗോളവും പ്രാദേശികവുമായ തലങ്ങളിൽ ഉൽ‌പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആധികാരിക വസ്തുതകളെ സംശയനിഴലിലാക്കി നമ്മെ ആശയക്കുഴപ്പത്തിൽ ആക്കുന്ന അനേകം വിവരങ്ങളും ഇന്നു മാധ്യമങ്ങളിൽ ലഭ്യവുമാണ്.
ഈ സാഹചര്യത്തിൽ, ഇൻഫർമേഷൻ ഒരു പൊതുമുതൽ എന്ന കാഴ്ചപ്പാടിന്റെ പ്രാധാന്യം തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ കൂട്ടായ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന പ്രസക്ത ഘടകമെന്ന നിലയിലും അറിവു നിർമ്മിതിക്കുള്ള മുഖ്യ ഉപാധിയെന്ന നിലയിലും ആണിത്. ഇന്ന്, ഒരു വ്യക്തിക്കു കിട്ടുന്ന വിവരം മറ്റുള്ളവർക്കും വേഗം ലഭിക്കുന്നുണ്ട്. ഡിജിറ്റൽ വികാസമാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. സാർവ്വത്രിക ലഭ്യത ഇൻഫർമേഷന്റെ ജൈവിക സ്വഭാവമാണെങ്കിലും പല ഘടകങ്ങളും ഈ മേഖലയിൽ കൃത്രിമ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്നു. പേവാളുകൾ, പകർപ്പവകാശം, സർക്കാർ മേഖലയിലെയും കോർപ്പറേറ്റ് രംഗത്തെയും രഹസ്യങ്ങൾ, നേരിട്ടുള്ള സെൻസർഷിപ്പ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. സാർവ്വത്രികമായി പ്രചരിക്കാൻ സാധ്യതയുള്ളതാണു വിവരങ്ങൾ. അതിനാൽ പൊതുമുതലെന്ന നിലയിൽ നമ്മുടെ അവകാശങ്ങളും അധികാരങ്ങളും അറിയാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. സുസ്ഥിര വികസനത്തിനും വിവരങ്ങളുടെ പൊതുലഭ്യത അത്യാവശ്യമാണ്. വിശ്വസനീയമായ വിവരങ്ങൾ സൗജന്യമായി ലഭ്യമാകേണ്ടതിന്റെ പ്രാധാന്യവും അതിൽ മാധ്യമങ്ങളുടെ പങ്കും കോവിഡ് മഹാമാരി വ്യക്തമാക്കുന്നുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളിൽ പല വിവരങ്ങളും ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിലെ നിർണ്ണായക നിമിഷങ്ങൾ നമുക്കു മുന്നിൽ വയ്ക്കും.

കോവിഡ് മഹാമാരിയെ കുറിച്ചു ലോകമെമ്പാടും വ്യാപിച്ച തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഈ സത്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതു സമൂഹത്തിൽ വിഭജനവും വിദ്വേഷവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു. പൊതുവായി ലഭ്യമായ വിശ്വസനീയമായ ഡേറ്റയുടെയും വിവരങ്ങളുടെയും അഭാവം സൃഷ്ടിച്ച ശൂന്യത വിദ്വേഷ ഭാഷണത്തെയും ഗൂഢാലോചന സിദ്ധാന്തങ്ങളെയും പോലുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ഹാനികരവുമായ ഉള്ളടക്കങ്ങൾക്ക് ഉള്ള നിലം ഒരുക്കിയിട്ടുണ്ട്. സാമൂഹിക പ്രതിബന്ധത ഇല്ലാത്ത ബിസിനസ്സുകാരും കപട രാഷ്ട്രീയ വ്യക്തിത്വങ്ങളുമാണു ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ ഇങ്ങനെ ദുരുപയോഗിക്കുന്നത്. സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമായ മാധ്യമങ്ങൾ ലോകമെമ്പാടും വഹിക്കുന്ന സുപ്രധാന പങ്കിലേക്കു കോവിഡ് 19 പൊതുജനാരോഗ്യ പ്രതിസന്ധി വെളിച്ചം വീശുന്നു. അച്ചടി, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ തുടങ്ങിയവയിലൂടെ വാർത്താ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന കാര്യങ്ങളാണ് ഇന്നും വിവരങ്ങളുടെ മുഖ്യ ഉറവിടം. ഇതുവഴി, സങ്കീർ‌ണ്ണമായ വിവരങ്ങൾ ലഭ്യമാക്കി മഹാമാരി സംബന്ധിച്ച അവബോധം ലോകമാകെ സൃഷ്ടിക്കുന്നതിൽ മാധ്യമ പ്രവർത്തകരുടെ പങ്കു നിസ്തുലമാണ്. മഹാമാരി സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ ലളിതമായി പൊതുജനങ്ങൾക്കു നല്കുന്നതിലൂടെ ഇതു സംബന്ധിച്ച ശാസ്ത്രീയ വസ്‌തുതകൾ മനസ്സിലാക്കുന്നതിനും, അറിവുകൾ പുതുക്കുന്നതിനും വസ്തുതകൾ പരിശോധിക്കുന്നതിനും സഹായിക്കുന്നു. പല രാജ്യങ്ങളിലും പകർച്ചവ്യാധിയൂടെ പ്രതിരോധത്തിനൂള്ള സർക്കാർ നടപടികൾ വിമർശനാത്മകമായി നിരീക്ഷിക്കുന്നതിനാൽ പത്രപ്രവർത്തകർ അധികാരികളുടെ സമ്മർദ്ദം നേരിടുന്നുണ്ട്. കൂടാതെ, വൈറസ് നിയന്തണ നടപടികളും പൊതുജനങ്ങളുടെ പ്രതിഷേധങ്ങളും പോലീസിന്റെ താക്കീതുകളും മാധ്യമ പ്രവർത്തനത്തിനു വെല്ലുവിളികൾ സൃഷ്ടിക്കുന്നുമുണ്ട്.
വിവരവും പൊതുമുതലും തമ്മിലുള്ള ബന്ധം നൊബേൽ ജേതാവ് ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് പറയുന്നത് “പൊതുമുതൽ എന്ന നിലയിൽ മാധ്യമങ്ങൾക്കു പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണ് എന്നത് ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന ഉൾക്കാഴ്ചകളിലൊന്നാണ്’ എന്നാണ്. “ശക്തമായ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രവർത്തനത്തിനായി ഗുണവത്തായ വിവരങ്ങൾ ആവശ്യമാണ്” എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “സ്വതന്ത്രവും വൈവിധ്യപൂർണ്ണവുമായ മാധ്യമങ്ങളെ പൊതുജന പിന്തുണയോടെ ശക്തിപ്പെടുത്തേണ്ടതുണ്ട് ” എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പൊതുമുതലെന്ന നിലയിൽ ഇൻഫർമേഷൻ എത്ര പ്രധാനമാണെന്ന് ഈ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ നട്ടെല്ലായ “പൊതുപങ്കാളിത്തവും പൊതുവിടവും” ഉറപ്പാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ് എന്ന് (Call to Action for Human Rights) ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട യുഎൻ സെക്രട്ടറി ജനറലിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള ആഹ്വാനവും ഓർമ്മിപ്പിക്കുന്നു.

ഇൻഫർമേഷനെ ഒരു പൊതുമുതലായി കാണുന്ന മാധ്യമ സംസ്കാരം തഴച്ചുവളരാൻ 3 പ്രധാന കാര്യങ്ങൾ വേണമെന്നു WPFD 2021 തിരിച്ചറിഞ്ഞു. മാധ്യമങ്ങളുടെ പ്രവർത്തനക്ഷമത, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സുതാര്യത, മീഡിയ / വിവര സാക്ഷരത എന്നിവയാണവ. ഇൻഫർമേഷൻ പൊതുമുതലായി സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ മാധ്യമങ്ങളുടെ പ്രവർത്തനക്ഷമതയുടെ വികാസവും വിവരങ്ങളുടെ ഉൽ‌പാദന വിതരണവും പല പ്രതിസന്ധികളെയും ഇന്നു നേരിടുന്നുണ്ട്. ഇന്റർനെറ്റ് ഭീമന്മാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന മത്സരവും കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യവും ഇതിൽ പ്രധാനമാണ്. ഇൻഫർമേഷനെ പൊതുമുതലായി കണ്ടുള്ള പ്രവർത്തനം സാമ്പത്തിക വീക്ഷണകോണിൽ നിന്നു നോക്കിയാൽ കടുത്ത വെല്ലുവിളി നേരിടുന്നു. സമീപ വർഷങ്ങളിൽ, പരസ്യ വരുമാനം പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകളിലേക്കു മാറിയിട്ടുണ്ട്. പൊതുപ്രക്ഷേപണത്തിനുള്ള ബജറ്റ് വെട്ടിക്കുറക്കപ്പെട്ടതും പകർച്ചവ്യാധി മൂലമുണ്ടായ ദാരിദ്ര്യം മൂലം ഗുണനിലവാരമുള്ള മാധ്യമങ്ങൾക്കു പണം നല്കാനുള്ള ഉപഭോക്താക്കളുടെ സന്നദ്ധത കുറഞ്ഞതും മൂല്യവത്തായ മാധ്യമ സേവനം സൗജന്യമായി ലഭിക്കുമെന്ന തെറ്റായ ധാരണയും ഒക്കെ ഈ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കി. കോവിഡ് മഹാമാരി മൂലം ആഗോള തലത്തിൽ വിനോദ മേഖലയിലെയും മാധ്യമ രംഗത്തെയും വരുമാനം 2020 ൽ 6 % കുറഞ്ഞെങ്കിലും ഡിജിറ്റൽ ഉപഭോഗം വർദ്ധിച്ചു, ഇത് ഓൺലൈൻ മാധ്യമങ്ങളിലേക്കുള്ള മാറ്റം ശക്തിപ്പെടുത്തി.
ഗുണനിലവാരം ഉള്ളതും വിശ്വസനീയവുമായ വിവരങ്ങൾ ഉൽ‌പാദിപ്പിച്ചു പങ്കിടുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്കു നിർണ്ണായകമാണ്. വിവരങ്ങളുടെയും ആശയങ്ങളുടെയും സ്വതന്ത്രമായ ഒഴുക്കിനു കാരണമാകുന്ന അവർ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലാണ് ഇന്നു പ്രവർത്തിക്കുന്നത്. ഫ്രീലാൻ‌സ് മാധ്യമ പ്രവർത്തകരുടെ അവസ്ഥ ഇവിടെ പ്രത്യേകിച്ചു പരാമർശിക്കേണ്ടതാണ്. രാഷ്ട്രീയ, സാമ്പത്തിക, മത, പ്രത്യയശാസ്ത്ര താൽപര്യങ്ങളുള്ള ശക്തികൾ ഈ സന്ദർഭം മാധ്യമങ്ങളെ പിടിച്ചെടുക്കുന്നതിനായി ഉപയോഗിക്കുകയാണ്. എന്നിരുന്നാലും, ജനാധിപത്യ സമൂഹം ഈ വിഷമസന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ്-19 പ്രതിസന്ധി മാധ്യമപ്രവർത്തകരെയും നിലവാരമുള്ള പത്രപ്രവർത്തനത്തെയും പൊതുതാൽപര്യ മാധ്യമങ്ങളെയും വീണ്ടും ആഗോള വ്യവഹാരത്തിന്റെ കേന്ദ്രമാക്കി മാറ്റി.

ശാസ്ത്രീയ വസ്‌തുതകളുടെ പ്രചാരണം, ഡേറ്റയുടെ സമാഹരണം, അവയുടെ പതിവായുള്ള പുതുക്കൽ, വസ്തുതാ പരിശോധന, ചെലവു നിരീക്ഷിക്കൽ തുടങ്ങിയവ പ്രതിസന്ധി കാലത്തെ മാധ്യമ പ്രവർത്തനത്തിൽ വളരെ പ്രധാനമാണ്. ഇതിനായി, ലോകമെമ്പാടും മാധ്യമ കമ്പനികളുടെ ആവശ്യകത വർദ്ധിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക അനിശ്ചിതത്വവും ബിസിനസ്സ് മാതൃകയിലെ തിരിച്ചടിയും വരുമാനത്തിലെ കനത്ത നഷ്ടവും കാരണം വംശനാശം നേരിടുകയാണ് അവയിന്ന്.
യുനെസ്കോയുടെ മീഡിയ വയബിളിറ്റി സൂചകങ്ങൾ വ്യക്തമാക്കുന്നതുപോലെ, മാധ്യമ കാര്യക്ഷമതയ്ക്കു ‘സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അനുയോജ്യമായ സാമ്പത്തിക, ബിസിനസ് അന്തരീക്ഷം നല്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിരത നല്കുന്നതിലൂടെയും മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പൊതുജനങ്ങളുടെ കഴിവു വളർത്തി എടുക്കുന്നതിലൂടെയും പ്രവർത്തനക്ഷമതയ്ക്ക് ആവശ്യമായ വിഭവങ്ങൾ നല്കുന്നതിലൂടെയും’ ഇതു സാധിക്കും. ഇവ സാധിക്കാത്തപ്പോഴും മാധ്യമപ്രവർത്തകരുടെ സുരക്ഷ പോലുള്ള അടിസ്ഥാന വ്യവസ്ഥകൾ ഇല്ലാതിരിക്കുമ്പോഴും, മാധ്യമങ്ങളെ പൊതു-സ്വകാര്യ മേഖലകളിലെ ഇടുങ്ങിയ താൽപര്യക്കാരാൽ പിടിച്ചെടുക്കാനും കൈകാര്യം ചെയ്യാനും സാധ്യതയുണ്ട്. അതുവഴി മാധ്യമങ്ങൾ ഉൽ‌പാദിപ്പിക്കുകയും പങ്കിടുകയും ചെയ്യുന്ന വിവരങ്ങളുടെ പൊതുമുതലെന്ന സ്വഭാവവും മൂല്യവും നഷ്‌ടപ്പെടും.

വിവരങ്ങൾ‌ കയ്യടക്കുന്നതിനും കൃത്രിമം കാണിക്കുന്നതിനുമുള്ള ഈ അപകടസാധ്യത ചെറുക്കുന്നതിനു പൊതുതാൽ‌പര്യമുള്ള മാധ്യമങ്ങളുടെ കാര്യക്ഷമമായ നിലനിൽപ്പ് ഉറപ്പാക്കേണ്ടതുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വിവരങ്ങളുടെ പൊതുമുതലായി സംരക്ഷിക്കുന്നതിൽ അവയുടെ സംഭാവനയും ഉറപ്പാക്കേണ്ടതു ജനാധിപത്യ സമൂഹങ്ങളുടെ ശരിയായ നടത്തിപ്പിനു അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുപ്പ്, പൊതുജനാരോഗ്യ പ്രതിസന്ധികൾ, സംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ, വിദ്വേഷ ഭാഷണത്തിന് എതിരായ പോരാട്ടം തെറ്റായ വിവരങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ എന്നിവയിൽ ഇത് വളരെ പ്രധാനമാണ്. വാർത്താ മാധ്യമങ്ങളിലെ പുതുമയ്‌ക്കൊപ്പം നയപരമായ നടപടികളുടെ ഒരു ശ്രേണിയും വിപണിയിലെ പരാജയം പരിഹരിച്ചു സുസ്ഥിര പത്രപ്രവർത്തനം നടത്തുന്നതിന് ആവശ്യമാണ്. ചില മാധ്യമങ്ങളെ മാത്രം രക്ഷിക്കുകയും മറ്റുള്ളവയെ ശിക്ഷിക്കുകയും ചെയ്തു ന്യായമായതും ബഹുസ്വരവുമായ മാധ്യമ സംസ്കാരം ഇല്ലാതാക്കും വിധം ആകരുത് ബാഹ്യപിന്തുണ എന്നതും ശ്രദ്ധിക്കണം.
ഇൻഫർമേഷൻ പൊതുമുതലായി തുടരുന്നതിനു ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുതാര്യതയും അനിവാര്യമാണ്. ഡിജിറ്റൽ ലോകത്തെ പരിവർത്തനം നമ്മുടെ ആശയവിനിമയ ശീലങ്ങളെ ആഴത്തിൽ മാറ്റുകയാണിന്ന്. സോഷ്യൽ മീഡിയ, മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ മെസേജിംഗ്, സെർച്ച് എഞ്ചിൻ സേവനങ്ങൾ എന്നിവ ദൈനംദിന ആശയവിനിമയങ്ങളിൽ വലിയൊരു പങ്കുവഹിക്കുന്നു. എന്നിരുന്നാലും, അവയുടെ പൊതുവായ അതാര്യത കാരണം, അവയുടെ ആന്തരിക പ്രവർത്തനങ്ങളെയും അൽഗോരിതങ്ങളെയും കുറിച്ചു യാതൊരു ധാരണയും പൊതുസമൂഹത്തിനു ലഭ്യമല്ല. ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും നിലനിർത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് അവയുടെ ബിസിനസ്സ് മാതൃകകൾ. പരസ്യങ്ങൾക്ക് ആവശ്യമായ ഡേറ്റയുടെ ശേഖരണമാണു പലപ്പോഴും അവയുടെ പ്രധാന ലക്ഷ്യം. തെറ്റായ വിവരങ്ങളും വിദ്വേഷ ഭാഷണവുമൊക്കെ അവയിലൂടെ നിർബാധം ഒഴുകുന്നു. അതിനാൽ, കമ്പനികൾ പണം സമ്പാദിക്കുന്നതിനായി മനുഷ്യാവകാശത്തിനു ഹാനികരമായ ഉള്ളടക്കം വരെ പ്രചരിപ്പിക്കുന്നു എന്ന വിമർശനം ഉയരുന്നുണ്ട്. ഇന്റർനെറ്റ് കമ്പനികൾ അടുത്ത കാലത്തായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്നു. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു പലപ്പോഴും ഒരു സ്ഥാനാർത്ഥിക്കു മറ്റൊരാളെക്കാൾ ഗുണമുണ്ടാക്കാൻ വാട്സാപ്പ് പോലുള്ളവ വൻതോതിൽ ഉപയോഗിക്കുന്നതായി ഗവേഷകർ കണ്ടത്തിയിട്ടുണ്ട്.

തങ്ങളുടെ പ്ലാറ്റ്ഫോമുകൾ കൃത്രിമത്തിന് ഉപയോഗിക്കുമെന്ന ഭയത്താൽ നിരവധി സോഷ്യൽ മീഡിയ കമ്പനികൾ ഇപ്പോൾ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ, വ്യാജവാർത്തകൾ, തിരഞ്ഞെടുപ്പ് ഇടപെടൽ, ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പ്രചരണം, വിദ്വേഷ ഭാഷണം തുടങ്ങിയവക്ക് എതിരേ ആണ് ഈ മുൻകരുതലുകൾ. അനേകം ഇൻറർ‌നെറ്റ് കമ്പനികൾ‌ തെറ്റായ വിവരങ്ങൾ‌ നല്കുന്നതിനോ മറ്റു കാര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതിനോ എതിരായ നടപടികൾ‌ സ്വീകരിക്കുന്നുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ‌ പരിഷ്‌ക്കരിക്കുക, ഉള്ളടക്ക പരിശോധന വർദ്ധിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നീക്കംചെയ്യുക, ലേബൽ‌ ചെയ്യുക, പരസ്യ നയങ്ങൾ‌ മാറ്റുക, ആധികാരികമായ വിവരങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുക, ഉള്ളടക്കത്തിന്റെ, ആധികാരികത പരിശോധിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്. എന്നിരുന്നാലും, ഈ ഓൺലൈൻ കമ്പനികളിൽ നിന്നുള്ള ഡേറ്റ, വിവരങ്ങൾ തുടങ്ങിയവയുടെ സമഗ്രമായ സ്ഥിതിവിവരത്തിന്റെ അഭാവം മൂലം ഉള്ളടക്കത്തിന്റെ ആകെ അളവിൽ തെറ്റായ വിവരങ്ങളുടെയും വിദ്വേഷ സംഭാഷണത്തിന്റെയും അനുപാതം എത്രയെന്ന് അറിയാൻ സാധിക്കില്ല. കൂടാതെ, അതിന്റെ ഉത്ഭവവും വ്യാപനവും മനസ്സിലാക്കാനും യാതൊരു നിർവ്വാഹവുമില്ല. മാത്രമല്ല, അത്തരം ഉള്ളടക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഫലപ്രാപ്തിയും മനസ്സിലാകില്ല. കൂടാതെ, തെറ്റായ വിവരങ്ങൾ തിരിച്ചറിഞ്ഞു നീക്കും മുമ്പു പ്രചരിപ്പിക്കുന്നതിന്റെ വ്യാപ്തിയും വ്യക്തമാകില്ല.ഇതിലൊക്കെ “സൂപ്പർ സ്പ്രെഡറുകളുടെ” പങ്കും ഈ പ്ലാറ്റ്ഫോമുകൾ പരസ്യമാക്കുന്നില്ല.
അതേസമയം, വാർത്താമാധ്യമങ്ങൾ നിർമ്മിക്കുകയും പങ്കിടുകയും ചെയ്യുന്ന വിവരങ്ങൾ പൊതുവേ മറ്റേതൊരു ഉള്ളടക്കത്തെയും പോലെയാണു കണക്കാക്കുന്നത്, അതായത്, ഇന്റർനെറ്റിൽ ലഭ്യമാകുന്ന വ്യത്യസ്ത തരം വിവരങ്ങളിൽ പത്രപ്രവർത്തനത്തിനു യാതൊരു സവിശേഷതയും അവർ നല്കുന്നില്ല. ഡിജിറ്റൽ സാങ്കേതിക രംഗത്തു ‘സുതാര്യത’ ഒരു അപരിചിത വാക്ക് ആയി മാറി. ഇൻറർ‌നെറ്റ് കമ്പനികളുടെ മെച്ചപ്പെട്ട സുതാര്യത വഴി ബാഹ്യപങ്കാളികൾക്കു കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചു ഉൾക്കാഴ്ച നേടാം. ഈ മെഗാ സ്ഥാപനങ്ങളുടെ പ്രത്യേക ബിസിനസ്സ് മാതൃകകളും പൊതുജീവിതത്തിന്റെ പ്രാധാന്യവും കണക്കിൽ എടുക്കുമ്പോൾ, കൂടുതൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് അത്യാവശ്രമാണെന്നു കാണാൻ കഴിയും.

നിലവിൽ, കമ്പനികൾ സുതാര്യത പാലിക്കാൻ നിയമപരവും സ്വമേധയാ ഉള്ളതും ധാർമ്മികവുമായ ബാധ്യതകളുണ്ട്, ഉദാഹരണത്തിന് യുഎന്നിന്റെ ബിസിനസ്സും, മനുഷ്യാവകാശങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശ തത്വങ്ങൾ (റഗ്ഗി തത്വങ്ങൾ), യുഎൻ ഗ്ലോബൽ കോംപാക്റ്റ് എന്നിവയിൽ ഇത്തരം നിർദ്ദേശങ്ങൾ കാണാം. സുതാര്യത ഉറപ്പാക്കുമ്പോൾ സ്വകാര്യതയുടെയും, ബൗദ്ധിക സ്വത്തവകാശത്തിന്റെയും സംരക്ഷണം തുടങ്ങിയവയുടെ നൈയാമിക വശങ്ങളും പരിഗണിക്കേണ്ടതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ഡിജിറ്റൽ ലോകത്തു നടപ്പാക്കാത്തതും ബഹുരാഷ്ട്ര ഡിജിറ്റൽ കമ്പനികളുടെ അന്താരാഷ്ട്ര സ്വഭാവവും ആശയവിനിമയ ലോകത്തു കൃത്യമായ നിയന്ത്രണം നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഉള്ളടക്കത്തെ കുറിച്ചുള്ള പരാതികളിൽ നടപടിയെടുക്കുന്നതിനും അക്കൗണ്ടുകൾ താത്കാലികമായി നിർത്തുന്നതിനും പരാതികൾ സംബന്ധിച്ച തീരുമാനങ്ങളിൽ സംതൃപ്തരല്ലാത്ത ഉപയോക്താക്കളിൽ നിന്നുള്ള അപ്പീലുകൾ പരിഗണിക്കുന്നതിനും ഉള്ള നടപടിക്രമങ്ങളിലും മറ്റും ഇന്റർനെറ്റ് കമ്പനികളുടെ തീരുമാനങ്ങളിൽ സുതാര്യത പ്രധാനമാണ്. തെറ്റായ വിവരങ്ങളും ഓൺ‌ലൈൻ വിദ്വേഷ സംഭാഷണങ്ങളും വർദ്ധിക്കുന്ന ഈ കാലത്തു ഡിജിറ്റൽ ലോകത്തു വികേന്ദ്രീകൃതമായ നിയന്ത്രണ വ്യവസ്ഥയും ഉണ്ടാകണം. കൂടാതെ, സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും സംവാദം വളർത്തുന്നതിനും ബോധപൂർവ്വമായ പരിശ്രമവും അത്യാവശ്യമാണ്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുതാര്യത, ഇൻഫർമേഷൻ പൊതുമുതലായി കണ്ടു വിതരണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കും. സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വ്യക്തിഗത ഡാറ്റ പരിരക്ഷയുടെയും സ്വകാര്യതയുടെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്താകരുത്. അത്തരമൊരു നടപടി കുത്തക സോഫ്റ്റ്‌വെയറുകളെ തടഞ്ഞാകണം എന്നില്ല, പക്ഷേ, ഇത് ഓപ്പൺ സോഴ്‌സ്, ഇന്റർ-ഓപ്പറബിൾ പ്രോഗ്രാമുകളെ പ്രോത്സാഹിപ്പിക്കും. അതുപോലെ തന്നെ നൈതികവും മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് അനുസൃതവുമായ കൃത്രിമബുദ്ധിയുടെ ഉപയോഗത്തിനായും ഇതു വാദിക്കുന്നു. കൃത്രിമ ബുദ്ധിയുടെ മേഖലയിൽ പാലിക്കേണ്ട ധാർമ്മികതയുടെ ചട്ടക്കൂടിന്റെ ആവശ്യകത യുനെസ്കോ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ, തെറ്റായ വിവരവും വിദ്വേഷ ഭാഷണവും ഏതെങ്കിലും ഒരു കമ്പനിക്കോ രാജ്യത്തിനോ മാത്രം കൈകാര്യം ചെയ്യാൻ കഴിയാത്തവിധം സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ പ്രതിഭാസങ്ങളാണ്. അതിന് അക്കാദമിക സമൂഹം, സിവിൽ സൊസൈറ്റി, വസ്തുത പരിശോധിക്കൽ സംരംഭങ്ങൾ, മാധ്യമ മേഖല തുടങ്ങിയവയുമായി അടുത്ത സഹകരണം ആവശ്യമാണ്. മനുഷ്യാവകാശങ്ങൾ, തുറസ്സാകൽ, പ്രവേശനക്ഷമത, കൂട്ടായ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള ഭരണം (ROAM) എന്നീ തത്വങ്ങൾ അടിസ്ഥാനമാക്കിയ യുനെസ്കോയുടെ ഇൻറർനെറ്റ് സാർവ്വത്രികത എന്ന ആശയത്തിന്റെ അവിഭാജ്യ ഘടകമാണ് ഘടകമാണു സുതാര്യത.ഇതിന്റെ അഭാവത്തിൽ മനുഷ്യാവകാശങ്ങൾ ഓൺലൈനിൽ സംരക്ഷിക്കാൻ സാധ്യമല്ല എന്നതും ശ്രദ്ധനീയമാണ്. ആയതിനാൽ, ഡിജിറ്റൽ ലോകത്തു സുതാര്യത ഉറപ്പാക്കാൻ സമൂഹം പ്രത്യേക ജാഗ്രത പൂലർത്തേണ്ടതാണ്.

തെറ്റായ വിവരങ്ങളുടെയും വിദ്വേഷ സംഭാഷണത്തിൻ്റെയും കാലത്തു മാധ്യമ / ഇൻഫർമേഷൻ സാക്ഷരത (Media and Information Literacy – MIL) ശക്തിപ്പെടുത്തുക എന്നതും ഇൻഫർമേഷൻ പൊതുമുതലായി നിലനിർത്തുന്നതിന് അത്യാവശ്യമാണ്. ഇതിനായി മാധ്യമങ്ങളിലൂടെയും വിവര സാക്ഷരതാ നയങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും പൗരന്മാരെ ശാക്തീകരിക്കണം. തെറ്റായ വിവരങ്ങൾക്കും വിദ്വേഷ സംഭാഷണത്തിനും എതിരേ വ്യവസ്ഥാപരമായ നയ പ്രതികരണവും ദീർഘകാല പദ്ധതികളും മാധ്യമ സാക്ഷരതയുടെ വികാസത്തിൽ ഉൾപ്പെടുന്നു. യുനസ്കോയുടെ ‘ഫ്യച്ചേഴ്സ് ഓഫ് എജ്യുക്കേഷൻ’ പദ്ധതിയോടു പ്രതികരിക്കുന്ന ദേശീയതലത്തിലും സ്ഥാപന തലത്തിലും ഉള്ള നയപരിപാടികളും ഇത് ആവശ്യപ്പെടുന്നു. സങ്കീർണ്ണമായ ഈ ലോകത്തു വിദ്യാഭ്യാസത്തെ എങ്ങനെ പുനർനിർവ്വചിക്കാം എന്നതിന്റെ ഒരു മാനവും എംഐഎൽ നല്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യം , വിവര ലഭ്യത, വിദ്യാഭ്യാസ നയ പ്രയോഗങ്ങൾ തുടങ്ങിയ മേഖലകളിൽ ഉരുത്തിരിയുന്ന നവ ദർശനങ്ങളുടെയും പുതുതന്ത്രങ്ങളുടെയും ഭാഗമായും മാധ്യമ സാക്ഷരത മാറിയിട്ടുണ്ട്.
നമ്മൾ ഇടപഴകുന്നതും സംവദിക്കുന്നതുമായ ഉള്ളടക്കം ചിന്തയെ സ്വാധീനിക്കുകയും ദൈനംദിന തീരുമാനങ്ങളിലും മറ്റും പ്രതിഫലിപ്പിക്കുകയും ചെയ്യും. വ്യാജവാർത്തകൾ, തെറ്റായ വിവരങ്ങൾ, വിദ്വേഷ ഭാഷണം, ധ്രുവീകരിക്കപ്പെട്ട ആഖ്യാനങ്ങൾ തുടങ്ങിയവ എന്തു വിശ്വസിക്കണം എന്നതിൽ നമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ആധികാരിക ഉറവിടങ്ങൾ‌ തിരിച്ചറിയുക, വ്യാജ സന്ദേശങ്ങൾ‌ വിച്ഛേദിക്കുക, ഗുണനിലവാരമുള്ള വിവരങ്ങൾ മനസ്സിലാക്കുക, അസത്യങ്ങളും വിശ്വസനീയമായ വസ്തുതകളും തമ്മിൽ വേർതിരിക്കുക തുടങ്ങിയവ ഇന്നു പ്രയാസകരം ആയിരിക്കുന്നു. നാം ഇഷ്ടപ്പെടുന്നതോ പ്രചരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പലതും നമ്മുടെ വികാരങ്ങളുടെ ഫലമാണ്. വിമർശനാത്മക ചിന്തക്കോ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ആശങ്കക്കോ നാം പലപ്പോഴും ഇടം നല്കില്ല. ഈ സാഹചര്യത്തെ അഭിമുഖീകരിക്കാൻ മാധ്യമ / വിവര സാക്ഷരത (എംഐഎൽ) വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ ആവശ്യകതകളെയും എംഐഎൽ ഉൾക്കൊള്ളണം. ഡിജിറ്റൽ ലോകത്തു സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അറിവിനു പുറമേ എംഐഎല്ലിൽ ഓൺലൈൻ മര്യാദകളുടെ പഠനവും ഉൾക്കൊള്ളുന്നു. കൂടാതെ, എംഐഎൽ ആളുകളെ ജിജ്ഞാസുക്കളാകാനും അവരുടെ വിവരങ്ങൾ മനസിലാക്കാനും പ്രാപ്തരാക്കുന്നു. വിവരങ്ങളുടെ തിരയൽ, ഉള്ളടക്കങ്ങളുടെ വിമർശനാത്മകമായ വിലയിരുത്തൽ, മീഡിയ ഉള്ളടക്കം വിവേകത്തോടെ കൈകാര്യം ചെയ്യൽ. വ്യക്തിയുടെ അവകാശങ്ങൾ അറിയുന്നതിനുള്ള കഴിവ് തുടങ്ങിയവയും എംഐഎൽ മുന്നോട്ടു വെക്കുന്നു. ഓൺലൈൻ വിദ്വേഷ സംഭാഷണവും സൈബർ ഭീഷണിയും നേരിടുക; ഓൺലൈൻ ധാർമ്മികത മനസ്സിലാക്കുക വിവരങ്ങളുടെ ഉപയോഗം സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവയും എംഐഎല്ലിന്റെ ഭാഗമാണ്.

പൊതുമുതലെന്ന നിലയിൽ വിവരങ്ങൾ‌ അതിന്റെ പങ്കു വഹിക്കുകയാണെങ്കിൽ‌, ഈ കാലത്തിന്റെ വെല്ലുവിളികൾ മനസ്സിലാക്കുന്നതിന് ആളുകളെ സഹായിക്കാൻ‌ എംഐഎൽ നൈപുണികൾ‌ക്കു സാധിക്കും. ഗവൺമെന്റുകൾ, അധ്യാപകർ, മാധ്യമങ്ങൾ, ഇൻറർനെറ്റ് കമ്പനികൾ തുടങ്ങിയവ അവയുടെ പ്രവർത്തന മേഖലകളിൽ എംഐഐൽ നയങ്ങൾ നടപ്പാക്കിയാൽ മാത്രമേ ഈ കഴിവുകൾ വികസിക്കൂ. ഇതുവഴി ഇൻഫർമേഷനെ വിമർശനാത്മകമായി കണ്ടു പ്രതികരിക്കാൻ പൗരന്മാർക്കു സാധിക്കും. ഇൻഫർമേഷനെ പൊതുമുതലായി കാണുന്ന കാഴ്ചപ്പാടു വളർത്താനും ഇതു സഹായിക്കും. മാധ്യമ സാക്ഷരതയുള്ള പൗരസമൂഹത്തിന്റെ വളർച്ച ജീവനക്ഷമവും സുതാര്യവുമായ മാധ്യമങ്ങൾക്കും ഡിജിറ്റൽ ആശയവിനിമയ കമ്പനികൾക്കും ആവശ്യമാണ്. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കും. മാധ്യമ സ്വാതന്ത്ര്യത്തെയും പത്രപ്രവർത്തന സുരക്ഷയെ കുറിച്ചുമുള്ള ചർച്ചകൾ ഉയർത്തുന്നതിൽ എംഐഎല്ലിനു പ്രധാന പങ്കുണ്ട്. സമൂഹത്തിനു മൂല്യാധിഷ്ഠിത പത്രപ്രവർത്തനം തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഇൻഫർമേഷനെ പൊതുമുതലായി കാണാൻ ബുദ്ധിമുട്ടാകും. പൗരന്മാർക്കു പത്രപ്രവർത്തകരിൽ നിന്നു പ്രൊഫഷണൽ പ്രകടനം ആവശ്യപ്പെടാനും ആക്രമണങ്ങളിൽ നിന്നു റിപ്പോർട്ടർമാരെ പ്രതിരോധിക്കുന്നതിൽ പങ്കുചേരാനും കഴിയുന്നിടത്തു വസ്തുനിഷ്ഠമായ വിവരങ്ങളുടെ ഉൽപാദനം വർദ്ധിക്കുന്നു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നതിന്റെ ലിംഗപരമായ മാനങ്ങൾ മനസ്സിലാക്കുന്നതിലും എംഐഎല്ലിനു പ്രധാന പങ്കുണ്ട്.

തെറ്റായ വിവരങ്ങളുടെ അഭൂതപൂർവ്വമായ ഒഴുക്കിന്റെ ഈ കാലഘട്ടത്തിൽ, ആളുകൾ ആശയക്കുഴപ്പത്തിൽ ആകാനോ തെറ്റിദ്ധരിക്കാനോ സാധ്യതയുണ്ട്, വ്യക്തികളെ നേരിട്ട് ഉന്നമിടുന്ന അൽഗോരിതം പോലുള്ള സാങ്കേതികതകളാണ് ഇതിന് ഉപയോഗിക്കുക. ഇത്തരം അപകടങ്ങളിൽ നിന്നൊഴിവാകാൻ പൗരന്മാരുടെ മാധ്യമ / ഇൻഫർമേഷൻ സാക്ഷരത നൈപുണികൾ വികസിപ്പിക്കണം. ഇതിലൂടെ വിവരങ്ങളെ വിമർശനാത്മകമായി പരിശോധിക്കേണ്ടെത് എങ്ങനെയെന്നു പഠിപ്പിക്കേണ്ടതുണ്ട്. മാധ്യമ സാക്ഷരതയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള പൗരന്മാരുടെ അറിവും വിശ്വസനീയമായ വിവരങ്ങൾ ഉൽ‌പാദിപ്പിക്കുന്നതിൽ മാധ്യമ പ്രവർത്തകരുടെ പങ്കും പ്രധാനമാണ്. വനിതാ പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരുടെ സുരക്ഷ, പൊതുതാൽപര്യത്തിനായി പത്രപ്രവർത്തനത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് അവബോധം വളർത്തേണ്ടതും മാധ്യമ സാക്ഷരതയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്തരം ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് 2021 ഒക്ടോബറിൽ ആഗോള മാധ്യമ വിവര സാക്ഷരതാ വാരം ആചരിക്കുന്നത്.

വിവരങ്ങൾ തേടാനും നല്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യവും അതു പൊതുമുതലായി നിലനില്ക്കെണ്ടതിന്റെ ആവശ്യകതയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിൻഡോക് പ്രഖ്യാപനത്തിന്റെ ഒപ്പുവെച്ച സമയത്ത് ഉണ്ടായിരുന്നതുപോലെ അതിന്റെ മുപ്പതാം വാർഷികം ആചരിക്കുന്ന ഇന്നും പ്രസക്തമാണ്. “വിൻ‌ഡോക് 2021: ഇൻഫർമേഷൻ പൊതുമുതലായി പ്രോത്സാഹിപ്പിക്കുക” എന്ന പ്രമേയം അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, വിവര സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള ആഗോള പ്രതിബദ്ധത പുതുക്കുന്നു. അതേസമയം മാധ്യമ മേഖല നേരിടുന്ന പുതിയ സാമ്പത്തിക വെല്ലുവിളികളെയും വിവര നിയന്ത്രണത്തിൽ ഇന്റർനെറ്റ് കമ്പനികളുടെ ‘കാവൽ ദൗത്യ’ത്തെയും അവർ കൂടുതൽ സുതാര്യത പുലർത്തേണ്ട ആവശ്യകതയെയും കുറിച്ചു പരിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഈ പ്രമേയം ഓർമ്മിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മാധ്യമരംഗത്തെയും ഇൻഫർമേഷൻ മേഖലയെയും സംബന്ധിച്ച സാക്ഷരതാ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു. കോവിഡ് അനന്തര ലോകം മെച്ചപ്പെട്ട രീതിയിൽ കെട്ടിപ്പടുക്കുന്നതിനു വിവരങ്ങൾ ഒരു പൊതുമുതലായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്. “ഇൻഫർമേഷന്റെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും പൊതുലഭ്യത എന്ന യുഎൻ സുസ്ഥിര വികസന കാഴ്ചപ്പാടിനെ (എസ്ഡിജി 16.10) ശക്തമായി പിന്തുണയ്ക്കുന്നു ഇത്. സ്വതന്ത്രവും ബഹുസ്വരവും നൈതികവുമായ പത്രപ്രവർത്തനത്തെ പുരോഗതിയുടെ ഉറവയായി ഉയർത്തിക്കാട്ടേണ്ടത് ഏറ്റവും അത്യാവശ്യം ആണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളേണ്ട കാലം കൂടിയാണ് ഇതെന്നും പത്രസ്വാതന്ത്ര ദിനം നമ്മെ ഓർമ്മിപ്പിക്കണം.

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ചു കടുത്ത ആശങ്കകളുള്ള ഒരു കാലമാണിത്. ലോക പത്രസ്വാതന്ത്ര്യ സൂചിക 2021 പ്രകാരം ഇന്ത്യയുടെ സ്ഥാനം 142 ആണ്. ഇന്ത്യ മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് അപകടകരമായ സ്ഥലമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ പൊതുമുതലാക്കി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് മഹാമാരി നമ്മെ ബോധ്യപ്പെടുത്തി. അതിനുള്ള ചാലകശക്തി ആകേണ്ടതു മാധ്യമങ്ങളാണ്. നിർഭാഗ്യവശാൽ ഇന്ത്യയിൽ മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നു. 1992 നും 2021 നും ഇടയിൽ 52 മാധ്യമ പ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത് (2). പല മാധ്യമ പ്രവർത്തകരും ദേശദ്രോഹ കുറ്റം ചുമത്തപ്പെട്ടു ജയിലുകളിലാണ്. ഇന്ത്യൻ മാധ്യമരംഗം വിദ്വേഷ ഭാഷണത്തിന്റെയും വ്യാജ വാർത്തകളുടെയും വിളനിലമായിരിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി ലിബറൽ സമൂഹങ്ങൾ കാണുന്നു. എന്നാൽ, അത്തരം വാർത്തകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രചരിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന അഭ്യന്തര മന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത് (3). വിൻഡോക് പ്രഖ്യാപനം മുന്നോട്ടു വക്കുന്ന സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമങ്ങൾ നമ്മെ സംബന്ധിച്ച് അന്യമായിരിക്കുന്നു. ഭരണകൂട രാഷ്ട്രീയത്തോട് ഒട്ടിനില്കുന്നവ ആയിരിക്കുന്നു ഇവിടത്തെ മാധ്യമങ്ങളിൽ ഭൂരിപക്ഷവും. നിർണ്ണായകമായ പല വിവരങ്ങളും പൊതുസമൂഹത്തിന് അന്യമാണിന്ന്. ജനാധിപത്യത്തിന്റെ കാവലാളാകുക എന്ന മാധ്യമ ധർമ്മം കൈയൊഴിയപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഈ വിപത്തിനെ മറികടക്കാനുള്ള പ്രചോദനം വിൻഡോക് പ്രഖ്യാപനത്തിൽ നിന്നു നമുക്കു ലഭിക്കട്ടെ.

റഫറൻസ്
1.https://www.un.org/en/observances/press-freedom-day
5.https://cpj.org/data/killed/asia/india/?status=Killed&motiveConfirmed%5B%5D=Confirmed&type%5B%5D=Journalist&cc_fips%5B%5D=IN&start_year=1992&end_year=2021&group_by=location
6.https://www.google.com/amp/s/www.bloombergquint.com/amp/politics/india-ruling-party-head-emboldens-volunteers-spreading-fake-newsLatest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.