Wed. Apr 24th, 2024

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2017ലെ വിജ്ഞാപന പ്രകാരം നടത്തിയ അധ്യാപക നിയമനങ്ങളാണ് ജസ്റ്റിസ് അമിത് റാവലിന്റെ ബഞ്ച് റദ്ദാക്കിയത്.

വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ: ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കോടതി ശരിവെക്കുകയായിരുന്നു. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂര്‍ സര്‍വകലാശാലകളില്‍ സമാനരീതിയില്‍ നടത്തിയ നിയമനങ്ങള്‍ ചോദ്യം ചെയ്ത് ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.