Thu. Mar 28th, 2024

കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയ ചരിത്ര വിജയത്തില്‍ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു.

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമകരവും വികസനോന്മുഖവുമായ ഭരണത്തിന്റെ തുടര്‍ച്ചയ്ക്കാണ് കേരളത്തിലെ സമ്മതിദായകര്‍ വിധിയെഴുതിയതെന്നും ഒന്നാം പിണറായി സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന കരുതല്‍ വരും വര്‍ഷങ്ങളിലും തുടരുമെന്നും ആഘോഷ സദസ്സില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. റിയാദ് കേളി ഓഫീസില്‍ നിന്നും ആരംഭിച്ച ആഘോഷ ചടങ്ങില്‍ കേളിയുടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇടതു മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവാസികള്‍ക്കും, ഇടതുമുന്നണിക്ക് വേണ്ടി വോട്ടു ചെയ്ത മുഴുവന്‍ പ്രവാസി കുടുംബങ്ങള്‍ക്കും നന്ദി അറിയിച്ചു കൊണ്ട് കേളി പ്രവര്‍ത്തകര്‍ റിയാദ് ബത്ഹയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ 2000 ഡോസ് വാക്‌സിന്‍ കൂടി കേളി കേരള സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1000 ഡോസ് വാക്‌സിനുള്ള 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സംഭാവന ചെയ്തത്.