Wed. Apr 24th, 2024

✍️ സുരേഷ്.സി ആർ

“കമ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗങ്ങൾ കിടിലംകൊള്ളട്ടെ. തൊഴിലാളികൾക്കു സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവർക്കു നേടാനോ ഒരു ലോകമുണ്ടുതാനും. സർവ്വരാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ!” എന്ന ആഹ്വാനത്തോടെയാണ് 1848-ൽ കാറൽ മാർക്സും ഫ്രെഡറിക് ഏംഗൽസും രചിച്ച ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ’ അവസാനിക്കുന്നത്. ഈ കരുത്തിലാണ് ലോകം മെയ്ദിനം ആചരിക്കപ്പെടുന്നത്.

ഇരുവടെയും നേതൃത്വത്തിൽ ഒരു അന്തർദ്ദേശീയ തൊഴിലാളിവർഗ്ഗ സംഘടന രൂപപ്പെട്ടു; ‘ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ’. ഇതിന്റെ ചുവടുപിടിച്ചാണ് അമേരിക്കയിലും തൊഴിലാളി മുന്നേറ്റങ്ങളുണ്ടായത്.

1866-ൽ ജനീവയിൽ ചേർന്ന ഒന്നാം ഇന്റർനാഷണലിന്റെ സമ്മേളനം “എട്ട് മണിക്കൂർ ജോലി” എല്ലാ രാജ്യങ്ങളിലേയും പൊതുമുദ്രാവാക്യമായി അംഗീകരിച്ചു. അങ്ങനെ ആ അനശ്വര മുദ്രാവാക്യം ലോകത്തെമ്പാടും പ്രചരിച്ചു.
1867-ൽ മാർക്സ് ‘മൂലധനം’ എന്ന ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം പ്രസിദ്ധീകരിച്ചു. അതിൽ “എട്ട് മണിക്കൂർ ജോലി” എന്ന ആവശ്യവും മറ്റു നിരവധി നിർദേശങ്ങളും മുന്നോട്ടുവച്ചു. പക്ഷെ, അദ്ദേഹത്തിന് ആ ലക്ഷ്യത്തിലേക്കുള്ള ഐതിഹാസികമായ പോരാട്ടങ്ങൾ കാണാൻ കഴിഞ്ഞില്ല.

തൊഴിലാളിവർഗ്ഗത്തിന് വിമോചനമാർഗം ചൂണ്ടിക്കാണിച്ചുകൊടുത്ത കാറൽ മാർക്സ് അന്തരിച്ച് മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് മെയ്ദിനത്തിന് വിത്തുപാകിയ സംഭവങ്ങൾ അരങ്ങേറിയത്. 1886 മെയ് ഒന്ന് മുതൽ നാല് വരെ ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക്വയറിൽ ഉണ്ടായ സംഭവങ്ങൾ ചരിത്രപ്രാധാന്യമുള്ളവയായിത്തീരുക മാത്രമല്ല, ചരിത്രത്തിന്റെ ഗതിയും തിരിച്ചുവിട്ടു.
ഈ സംഭവത്തിൽ പ്രതിചേർത്ത് ‘ആൽബർട്ട് പാർസൻ, സാമുവൽ ഫിഡൻ, ആഗസ്ത് സ്പൈസ്, അഡോൾഫ് ഫിഷർ, മിഖായേൽ ഷാബ്, ഓസ്കർ നീബ്, ലൂയിലിംഗെ, ജോർജ് ഏംഗൽ എന്നീ എട്ട് സഖാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോടതിയിലെ കുറ്റവിചാരണ വേളയിൽ ധീരതയോടെ തൊഴിലാളിസഖാക്കൾ നടത്തിയ വാക്കുകൾ ഇന്നും പ്രസക്തമാണ്.

“ഈ നഗരത്തിലെ ബേക്കറി തൊഴിലാളികളോടു പട്ടികളോടെന്നപോലെ പെരുമാറുന്നത് ഞാൻ കണ്ടു. ഞാനവരെ സംഘടിക്കാൻ സഹായിച്ചു. അതൊരു വലിയ കുറ്റമാണ്. ആ മനുഷ്യർ ഇന്ന് പ്രതിദിനം പത്ത് മണിക്കൂർ പണിയെടുക്കുന്നു, പതിനാലിനും പതിനാറിനും പകരം… ഇത് മറ്റൊരു കുറ്റമാണ്. ഞാനെന്റെ സഖാക്കളോടൊപ്പം പോകുമ്പോൾ ചിക്കാഗോ നഗരത്തിലെ ബിയർ വ്യവസായ തൊഴിലാളികൾ അതിരാവിലെ നാല് മണിക്കും പ്രവൃത്തിയെടുക്കാൻ പോകുന്നത് കണ്ടിട്ടുണ്ട്. അവർ രാത്രി ഏഴ് മണിക്കോ എട്ടിനോ വീട്ടിൽ മടങ്ങിയെത്തുന്നു. അവരൊരിക്കലും അവരുടെ കുടുംബത്തെയോ കുഞ്ഞുങ്ങളെയോ പകൽ വെളിച്ചത്തിൽ കണ്ടിട്ടില്ല…. അങ്ങനെ, യുവർ ഓണർ, ഞാൻ മറ്റൊരു കുറ്റം ചെയ്തു. ഈ നഗരത്തിലെ പലചരക്കുകടകളിലെ ഗുമസ്തന്മാർക്കും മറ്റു തൊഴിലാളികൾക്കും രാത്രി പത്തും പതിനൊന്നും മണിവരെ പണിയെടുക്കണമായിരുന്നു. ഞാനവരോട് ആഹ്വാനം ചെയ്തു…. ഇന്നവർക്ക് വൈകീട്ട് ഏഴു വരെ പണിയെടുത്താൽ മതി. ഞായറാഴ്ച ഒഴിവും ഇതൊരുവൻ കുറ്റമാണ്.” സഖാവ് ഒസ്കാർ നീബ് പറഞ്ഞ വാക്കുകളാണിത്.
സഖാവ് ആഗസ്ത് സ്പൈസ് ശക്തമായ ഭാഷയിൽ പ്രഖ്യാപിച്ചത് ഇതാണ്- ”ഞങ്ങളെ തൂക്കിലിടുന്നതുവഴി നിങ്ങൾക്കു തൊഴിലാളിപ്രസ്ഥാനത്തെ അടിച്ചമർത്താമെന്നു വിചാരിക്കുന്നുവെങ്കിൽ…. ഏതൊരു പ്രസ്ഥാനത്തിൽ നിന്നാണോ അടിമകളായ, പട്ടിണിപ്പാവങ്ങളായ, കഷ്ടപ്പെടുന്ന, ദശലക്ഷങ്ങൾ മോക്ഷം പ്രതീക്ഷിക്കുന്നത്… നിങ്ങളുടെ അഭിപ്രായമിതാണെങ്കിൽ, ഞങ്ങളെ തൂക്കിലേറ്റൂ. ഇവിടെ നിങ്ങൾ ഒരു തീപ്പൊരിയുടെ മുകളിലാണ് ചവിട്ടി നിൽക്കുന്നത്. പക്ഷേ, അവിടേയും അഗ്നിനാളങ്ങൾ ഉയരുകയാണ്. അതൊരു അന്തർഭൗമമായ അഗ്നിയാണ്. നിങ്ങൾക്കതിനെ കെടുത്താനാവില്ല… സത്യം പറയാൻ ധൈര്യപ്പെട്ടതിന് ഇനിയുമൊരിക്കൽ നിങ്ങൾ ജനങ്ങൾക്ക് വധശിക്ഷയേക്കുമെന്നാണെങ്കിൽ… ഞാൻ അഭിമാനത്തോടെ, ധിക്കാരത്തോടെ ആ കടുത്ത വില നൽകാം. നിങ്ങളുടെ ആരാച്ചാരെ വിളിക്കൂ…. സോക്രട്ടീസിൽ, ബ്രൂണോയിൽ, ഗലീലിയോയിൽ ക്രൂശിക്കപ്പെട്ട സത്യം ഇന്നും ജീവിക്കുന്നു.”

മറ്റു സഖാക്കളും ശക്തമായ ഭാഷയിലാണ് വിചാരണയിൽ പ്രകടിപ്പിച്ചത്. പത്രങ്ങൾ, പണിക്കാർക്കെതിരെ കർശന നടപടികളെടുക്കാൻ വ്യവസായികളെ പ്രേരിപ്പിച്ചതും തൊഴിൽ സമരങ്ങൾ ആവൽക്കാരികളാണെന്നും ഉടനടി അടിച്ചമർത്തണമെന്നും എഴുതിക്കൊണ്ട് പല വൻകിട പത്രങ്ങളും കച്ചവടക്കാരിൽ ഭീതി പരത്തിയതും പോലീസ് അതിക്രമം, സൈനീകശക്തി, പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്, ഉന്നയിക്കപ്പെട്ടിട്ടുള്ള ഗൂഢാലോചന, നീതി ചവുട്ടിമെതിക്കുന്ന ജഡ്ജിമാരും പ്രോസിക്യൂട്ടറും കൂലിക്ക് എടുക്കപ്പെട്ടിട്ടുള്ള തെമ്മാടികളാണെന്നും, കള്ളസാക്ഷികളും പ്രോസിക്യൂട്ടറും ജഡ്ജിമാരും ഒത്തുചേർന്ന് നടത്തുന്ന കപടനാടകങ്ങൾ, അമേരിക്കൻ ഐക്യനാടുകളിലെ സോഷ്യലിസത്തിന്റെയും അരാജകത്വത്തിന്റെയും ചരിത്രം, എട്ട് മണിക്കൂർ ജോലിയെ കൊല്ലാനായി ഹേ മാർക്കറ്റിൽ ബോംബെറിയാൻ ഉsമൾ കൂലിക്ക് ആളെയെടുത്തതുമെല്ലാം വ്യക്തമായി ചോദ്യം ചെയ്തു.

ഒടുവിൽ കുത്തകകളും കുത്തക പത്രങ്ങളും ചേർന്ന് രൂപീകരിച്ച അഭിപ്രായങ്ങളും സമ്മർദ്ദങ്ങളും മൂലം തെളിവില്ലാതിരുന്നിട്ടും ജസ്റ്റിസ് ജോസഫ് ഗാരി എട്ട് സഖാക്കളെയും വധശിക്ഷ വിധിച്ചു. ഇതിനെക്കുറിച്ച് ‘ന്യൂയോർക്ക് ടൈംസ്’-ന്റെ റിപ്പോർട്ടർ എഴുതിയത് ഇങ്ങനെയാണ്: “അന്ത്യവിധി പ്രഖ്യാപിക്കുമ്പോൾ ജഡ്ജിയുടെ ശബ്ദം ഭയങ്കരമായി വിറപൂണ്ടിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം “തൂക്കുക” എന്നു പറഞ്ഞപ്പോൾ ഇടറി. ”മരണംവരെ”യെന്ന വാക്കുകൾ മറ്റുള്ളവർക്ക് കേൾക്കാനാവാത്തവിധം ഇഴഞ്ഞിഴഞ്ഞാണു പുറത്തുവന്നത്”.

1887 നവംബർ 11-ന് പാർസൺ, സ്പൈസ്, ഫിഷർ, ഏംഗൽ എന്നീ നാല് സഖാക്കളെ തൂക്കിലേറ്റി. ലൂയി ലിംഗെ ജയിലിൽ ആത്മഹത്യ ചെയ്തു. 22 വയസ്സു മാത്രം പ്രായമുള്ള ലൂയിലിംഗെ ആണ് സംഭവസ്ഥലത്തുണ്ടായ ബോംബിന്റെ സ്രഷ്ടാവെന്ന് സമ്മതിപ്പിക്കാനുള്ള ശ്രമങ്ങളിൽ കൊന്നതായും വിലയിരുത്തുന്നുണ്ട്. ഒരു ചെറിയ ഡൈനാമിറ്റ് തിര വായ്ക്കുളളിൽവച്ചു പൊട്ടിച്ച നിലയിലാണ് ശരീരം കണ്ടത്. 1893-ൽ മറ്റു മൂന്ന് സഖാക്കളെ വെറുതെ വിട്ടു.

”ഇന്ന് നിങ്ങൾ ഞങ്ങളുടെ കഴുത്ത് ഞെരിക്കുന്ന ശബ്ദത്തെക്കാൾ നിങ്ങളുടെ നിശബ്ദത കരുത്താർജ്ജിക്കുന്ന ദിനം വരും”- സഖാവ് ആഗസ്ത് സ്പൈസ് തൂക്കു കയറിനുമുമ്പിൽ നിന്നു പ്രവചിച്ചു. “ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. വിപ്ലവം ജയിക്കട്ടെ” ഏംഗലിന്റെ ശബ്ദവും അവിടെ മുഴങ്ങി.

1893 ജൂൺ 25-ന് ഹേ മാർക്കറ്റ് രക്തസാക്ഷികൾക്കും തൊഴിലാളികളുടെ സമരനായകർക്കുമായി ഒരു സ്മാരകം അനാച്ഛാദനം ചെയ്യപ്പെട്ടു. പിറ്റേന്ന് ഇല്ലിനോയ് ഗവർണർ ജോൺ ആൽട്ട് ജെൽഡ് കോടതി വിധിയെ അസാധുവാക്കി. ബാക്കിയുള്ള തടവുക്കാരെ മോചിപ്പിച്ചു. ജഡ്ജിമാരെയും ജൂറിയിലെ അംഗങ്ങളെയും കള്ളസാക്ഷികളേയും രൂക്ഷമായി വിമർശിച്ചു. “നീതിന്യായവ്യവസ്ഥയുടെ ഭീകരവാഴ്ചയുടെ മുന്നിലെ നിരപരാധികളായ ഇരകളായിരുന്നു”വെന്നു പ്രസ്താവിക്കാനും ഗവർൺ തയ്യാറായി.

തൂക്കുമരത്തിനു മുന്നിലും ധീരസഖാക്കൾ നടത്തിയ നിശ്ചയദാർഢ്യവും അചഞ്ചലതയും ലോകതൊഴിലാളി വർഗ്ഗത്തിനും പ്രസ്ഥാനങ്ങൾക്കും എന്നും പ്രചോദനമാണ്.
രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ….

BEST SELLERS