Thu. Apr 25th, 2024

✍️  സുരേഷ്. സി.ആർ

കോൺഗ്രസ് ചെറുപയർ പട്ടാളത്തിന്റെയും എംഎസ്പിക്കാരുടെയും വെടിയുണ്ടകൾക്ക് ഇരയായി എട്ട് കമ്യൂണിസ്റ്റ് വിപ്ളവകാരികൾ ഒഞ്ചിയത്തിന്റെ മണ്ണിൽ പിടഞ്ഞുവീണ ദിനമാണിത്.

1940കളിലെ നിഷ്ഠുരമായ കമ്യൂണിസ്റ്റ് വേട്ടയുടെ തുടർച്ചയിലാണ് വടക്കൻ കേരളത്തിലെ കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ച് ബ്രിട്ടീഷ് പൊലീസും 1947നുശേഷം കോൺഗ്രസ് പൊലീസും മർദനങ്ങൾ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റ് ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം.

വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ, ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങളെ മനസ്സിലേക്ക് ആവാഹിച്ച ഒരുതലമുറയായിരുന്നു ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. 1939-ൽ മണ്ടോടി കണ്ണന്റെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പാർടിയുടെ ആദ്യസെൽ രൂപംകൊണ്ടു.


കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലാണ് ഉയർന്നുവന്നത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ ദുരിതപൂർണമാക്കിയിരുന്ന 1940കളിൽ പൂഴ്ത്തിവയ്പുകാർക്കും കരിഞ്ചന്തക്കാർക്കുമെതിരെ നിരവധി സമരങ്ങൾ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്നു.

ആറ് ഔൺസ് റേഷനരി ലഭിക്കണമെങ്കിൽ മനുഷ്യനു തിന്നാൻ പറ്റാത്ത കമ്പം എന്ന ഒരുതരം ചോളം വാങ്ങിയേമതിയാവൂ എന്ന കോൺഗ്രസ് സർക്കാരിന്റെ നിർബന്ധത്തിനെതിരെ അന്നത്തെ കുറുമ്പ്രനാട്ട് താലൂക്കിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. വസൂരിയും കോളറയുംപോലുള്ള പകർച്ചവ്യാധികൾ ബാധിച്ച് ഒറ്റപ്പെട്ടുകഴിയുന്നവരെ കമ്യൂണിസ്റ്റുകാർ ശുശ്രൂഷിച്ചു.

1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ നടന്ന അവിഭക്തപാർടിയുടെ രണ്ടാം കോൺഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാർടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്പി സംഘം യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന പാർടി നേതാക്കളെ പിടികൂടാനായി കോൺഗ്രസിന്റെ ദേശരക്ഷാസംഘവുമായി ചേർന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎസ്പി സംഘം കോൺഗ്രസിന്റെ ചെറുപയർപട്ടാളത്തിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങി.


ഒഞ്ചിയത്തെ കർഷകകാരണവർ പുളിയുള്ളതിൽ ചോയിയെയും മകൻ കണാരനെയും പിടികൂടി കൈയാമംവച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു.

നിരപരാധികളായവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവിടെ ജ്വലിച്ചുനിന്നത്. ഇതോടെ എംഎസ്പിക്കാർ അസ്വസ്ഥരായി ഭീഷണിമുഴക്കി. നിർധനരും നിരായുധരുമായ പാവം നാട്ടിൻപുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയിൽ മുക്കാനാണ് കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസ് സേന മുതിർന്നത്.

ജനക്കൂട്ടത്തിനുനേരെ അവർ 17 ചുറ്റ് വെടിയുതിർത്തു. അളവക്കൻ കൃഷ്ണൻ, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, കെ എം ശങ്കരൻ, സി കെ ചാത്തു, വി പി ഗോപാലൻ, വട്ടക്കണ്ടി രാഘൂട്ടി എന്നീ എട്ട് കമ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു. ചെന്നാട്ടുതഴെ വയലിൽ ചോരയൊഴുകി. മൃതദേഹങ്ങൾ പോലും പോലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തില്ല. ഇവർക്കു പുറമേ ലോക്കുപ്പു മർദ്ദനത്തിന്റെ ഫലമായി എം.കെ.കണ്ണൻ, കെ.കുമാരൻ, യു.കൃഷ്ണൻ എന്നിവരും സേലം ജയിൽ വെടിവെപ്പിൽ കെ.ഗോപാലൻകുട്ടിയും മൃതിയടഞ്ഞു.