Thursday, June 17, 2021

Latest Posts

സംസ്ഥാനത്ത് ഇന്ന് 35,013 കൊവിഡ് കേസുകൾ;41 മരണം; കടന്നുപോകുന്നത് കൊവിഡ് വ്യാപനത്തിന്റെ വലിയ ഘട്ടം; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും: മുഖ്യമന്ത്രി

കൊവിഡിന്റെ വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം.

ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്‍ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടും. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്‌സിജന്‍ പോലുള്ള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്‌സിജന്‍ കര്‍ണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കര്‍ണാടകത്തിന്റെ ശ്രദ്ധയില്‍പെടുത്തും. കാസര്‍കോടടക്കം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്‍ പ്രശ്‌നം പ്രത്യേകമായി ഇന്ന് ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളില്‍ ചില തദ്ദേശ സ്ഥാപന അതിര്‍ത്തിക്കുള്ളിലും വലിയ തോതില്‍ വര്‍ധിച്ചു. ഇത് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യും. ആവശ്യമായത്ര വളണ്ടിയര്‍മാരെ കണ്ടെത്തും. കഴിഞ്ഞ വ്യാപന ഘട്ടത്തില്‍ വളണ്ടിയര്‍മാരും പോലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നു.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചില ക്രമീകരണം വേണ്ടതുണ്ട്. വാക്‌സീനേഷന്‍ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവര്‍, പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാര്‍ വീടുകളില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങളോടെ ചികിത്സിക്കണം. ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്‌നം ഇല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കേണ്ട.

അപൂര്‍വം ചിലയിടത്ത് ആശുപത്രി സൗകര്യങ്ങള്‍ നിയന്ത്രിക്കുന്ന ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വളരെ ചെറിയ സംഖ്യയാണ് വേതനം. അത് ശരിയല്ല. എല്ലാ മേഖലയിലും ന്യായമായ വേതനം കേരളത്തില്‍ നടപ്പാക്കിയതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതില്‍ കുറച്ച് ആശുപത്രി വികസന സമിതി നിയന്ത്രിക്കുന്നവരും നല്‍കാന്‍ പാടില്ല.

എല്ലാ താലൂക്കുകളിലും സിഎഫ്എല്‍ടിസികള്‍ ഉറപ്പാക്കും. അപൂര്‍വം ചിലയിടത്ത് ഇപ്പോഴും സിഎഫ്എല്‍ടിസികള്‍ പ്രായോഗികമായിട്ടില്ല. അടിയന്തിരമായി ഇത് പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദ്ദേശിച്ചു. വാക്‌സീന്‍ ആഗ്രഹിക്കുന്ന പോലെ ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോള്‍ നല്‍കേണ്ടത്.

കൊവിഡിന്റെ വ്യാപനം ഉണ്ടെങ്കിലും നിര്‍മ്മാണ ജോലികള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സീന്‍ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്‌സീന്‍ സംസ്ഥാനങ്ങള്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കണം. ഇതെല്ലാം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സീന്‍ വില കൊടുത്ത് വാങ്ങാനാണ് തീരുമാനം.
വാക്‌സീന്‍ വിലക്ക് വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനും വാങ്ങാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാന്‍ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകില്‍ നിന്ന് 600 രൂപ നിരക്കില്‍ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാന്‍ 189 കോടി രൂപ ചെലവ് വരും. വാക്‌സീന്‍ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓര്‍ഡര്‍ കൊടുക്കുക.

ദ്രവീകൃത ഓക്‌സിജന്‍ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യത്തിനുണ്ട്. എന്നാല്‍ ആവശ്യം വര്‍ധിക്കാന്‍ ഇടയുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ളതേ പുറത്തേക്ക് അയക്കാവൂ എന്ന് നിലപാട് എടുത്തിട്ടുണ്ട്. അവശ്യ ഘട്ടത്തില്‍ ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി 1056 എന്ന ഹെല്‍പ്ലൈനില്‍ വിളിച്ച് സൗകര്യങ്ങളുടെ ലഭ്യത ജനത്തിന് ഉപയോഗിക്കാം. ഓരോ ജില്ലയിലും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ആളുകള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. ഇപ്പോള്‍ ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ പോകുന്നില്ല. എന്നാല്‍ കടുത്ത നിയന്ത്രണം വേണം.അവസാന ഘട്ടമായേ ലോക്ക്ഡൗണിനെ കാണാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി . സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടി’- മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു കോടി വാക്സിന്‍ വാങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ അതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. അതിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുകയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഒരു കോടി വാക്സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കും. 70 ലക്ഷം ഡോസ് കോവിഷീല്ല്‍ഡ് വാക്സിന്‍ 294 കോടി രൂപയ്ക്കും ഭാരത് ബയോടെകില്‍ നിന്ന് 30 ലക്ഷം ഡോസ് കോവാക്സിന്‍ 189 കോടി രൂപയ്ക്കും വാങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35,013 പേര്‍ക്ക്. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,211 ആയി. 1,38,190 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. 2,66,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എറണാകുളം 5,287, കോഴിക്കോട് 4,317, തൃശൂര്‍ 4,107, മലപ്പുറം 3,684, തിരുവനന്തപുരം 3,210, കോട്ടയം 2,917, ആലപ്പുഴ 2,235, പാലക്കാട് 1,920, കണ്ണൂര്‍ 1,857, കൊല്ലം 1,422, ഇടുക്കി 1,251, പത്തനംതിട്ട 1,202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.
യു കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യു കെ (108), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5,204, കോഴിക്കോട് 4,190, തൃശൂര്‍ 4,060, മലപ്പുറം 3,549, തിരുവനന്തപുരം 2,807, കോട്ടയം 2,698, ആലപ്പുഴ 2,226, പാലക്കാട് 835, കണ്ണൂര്‍ 1,667, കൊല്ലം 1,401, ഇടുക്കി 1,170, പത്തനംതിട്ട 1,136, കാസര്‍കോട് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍കോട് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1,154, കൊല്ലം 1,741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4,285, ഇടുക്കി 210, എറണാകുളം 1,012, തൃശൂര്‍ 1,152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1,487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍കോട് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 12,23,185 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,51,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,28,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,726 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4436 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.