Fri. Mar 29th, 2024

കൊവിഡ് വാക്‌സിന് വിവിധ നിര്‍മാതാക്കള്‍ വ്യത്യസ്ത വില ഈടാക്കുന്നതില്‍ വിശദീകരണം തേടി സുപ്രീം കോടതി. വാക്‌സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

രാജ്യം ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ വിവിധ വാക്‌സിന്‍ നിര്‍മാതാക്കള്‍ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമാണെങ്കില്‍ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഓക്‌സിജന്‍, മരുന്ന് തുടങ്ങിയവയുടെ ക്ഷാമം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഓക്‌സിജന്‍ വിതരണത്തെ കുറിച്ചും ഓക്‌സിജന്റെ നിലവിലെ ലഭ്യതയെ കുറിച്ചും വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായേക്കുമെന്നും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ദേശീയ പ്രതിസന്ധിയാണെന്നും ഈ ഘട്ടത്തില്‍ നിശബ്ദ കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്തയേയും മീനാക്ഷി അറോറയേയും അമിക്കസ്‌ക്യൂറിയായി നിയോഗിച്ചു.