Wednesday, May 19, 2021

Latest Posts

കൊവിഡ് വ്യാപനം അതിതീവ്രം; സംസ്ഥാനത്ത് ഇന്ന് 32,819 കൊവിഡ് കേസുകള്‍, 32 മരണം

കൊവിഡ് അതിതീവ്രമായി പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓക്സിജന്‍ കിടക്കകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്‍ ലഭ്യത തടസ്സപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത്. എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലും ഓക്സിജന്‍ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നില്‍ കണ്ട് ബഫര്‍ സ്റ്റോക്ക് ഉണ്ടാക്കും. ഇ എസ് ഐ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിലെബെഡ് കൂടി ഓക്സിജന്‍ ബെഡ് ആക്കി മാറ്റാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജയിലുകളില്‍ രോഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യവും ആലോചിച്ചു വരികയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ആവശ്യത്തിനില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എല്ലാം ഉള്‍പ്പെടെ 13,625 പേരെ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കൊവിഡ് ‌വാക്‌സീന്‍ മതിയായ തോതില്‍ ലഭിക്കാത്തതാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ 3,68,840 ഡോസ് വാക്‌സീന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കാരണമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിന്‍ തരണമെന്ന് ആവശ്യപ്പെട്ടത്. പുതിയ വാക്‌സീന്‍ നയം കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. നിലവിലെ ആവശ്യമനുസരിച്ച് നോക്കിയാല്‍ കുറേ ദിവസങ്ങള്‍ മുന്‍കൂട്ടി തന്നെ സ്ലോട്ടുകള്‍ അനുവദിക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ പരമാവധി വാക്‌സീന്‍ സ്റ്റോക്കുണ്ടാവുകയും സ്‌ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. എന്നാല്‍, വാക്‌സീന്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തത് ഇതിന് പ്രതിബന്ധമാവുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

നിലവില്‍ വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ തൊട്ടുമുമ്പുള്ള ദിവസമാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നത്. ആ രീതിയില്‍ അടുത്ത ദിവസത്തേക്കുള്ള സ്‌ളോട്ടുകള്‍ ഇന്നു രജിസ്‌ട്രേഷനായി അനുവദിക്കുമ്പോള്‍ അല്‍പ സമയത്തിനുള്ളില്‍ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്‌സൈറ്റില്‍ കയറുന്ന ആളുകള്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്‌ളോട്ടുകള്‍ കാണാന്‍ സാധിക്കില്ല. അതിന്റെ അര്‍ഥം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാല്‍ വീണ്ടും സ്‌ളോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വാക്‌സീന്‍ ക്ഷാമം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്‌ളോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്തു വയ്ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്ര ഗതിയില്‍ തുടരുന്നു. ഇന്ന് 32,819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 32 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,170 ആയി. കോഴിക്കോട് 5,015, എറണാകുളം 4,270, മലപ്പുറം 3,251, തൃശൂര്‍ 3,097, കോട്ടയം 2,970, തിരുവനന്തപുരം 2,892, പാലക്കാട് 2,071, കണ്ണൂര്‍ 1,996, ആലപ്പുഴ 1,770, കൊല്ലം 1,591, പത്തനംതിട്ട 1,163, വയനാട് 968, കാസര്‍കോട് 906, ഇടുക്കി 859 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്. യു കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യു കെ (108), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4,819, എറണാകുളം 4,207, മലപ്പുറം 3,097, തൃശൂര്‍ 3,072, കോട്ടയം 2,761, തിരുവനന്തപുരം 2,670, പാലക്കാട് 936, കണ്ണൂര്‍ 1,776, ആലപ്പുഴ 1,759, കൊല്ലം 1,578, പത്തനംതിട്ട 1,086, വയനാട് 944, കാസര്‍കോട് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍കോട് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1,012, കൊല്ലം 4,499, പത്തനംതിട്ട 253, ആലപ്പുഴ 136, കോട്ടയം 4,729, ഇടുക്കി 272, എറണാകുളം 2,000, തൃശൂര്‍ 1,302, പാലക്കാട് 481, മലപ്പുറം 704, കോഴിക്കോട് 1,567, വയനാട് 233, കണ്ണൂര്‍ 623, കാസര്‍കോട് 602 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,47,181 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,07,680 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 40 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.