Fri. Mar 29th, 2024

✍️ റെൻസൺ വി എം

ഈ ലോകം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിന്റെ ആഴം എത്രമാത്രമാണെന്നു നമ്മെ ബോധ്യപ്പെടുത്താൻ കോവിഡ് മഹാമാരിയെന്ന ആഗോള ദുരന്തം ആവശ്യമായി വന്നു എന്ന ദുഃഖസത്യം നാം അഭിമുഖീകരിക്കുകയാണ് ഇന്ന്. മനുഷ്യൻ വരച്ച രാഷ്ട്രാതിർത്തികളെ ഭേദിച്ചു കൊറോണ വൈറസ് പടരുകയാണ് ഇപ്പോൾ. ഈ വെല്ലുവിളിയും അനുബന്ധ പ്രതിസന്ധികളും നേരിടാൻ മനുഷ്യകുടുംബം ഒരുമിച്ചു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. ജീവൻ രക്ഷിക്കാനും സാമ്പത്തികവും സാമൂഹികവുമായ കഷ്ടതകൾ ലഘൂകരിക്കാനും കഴിയുന്നതെല്ലാം നാം ചെയ്യണം. വൈറസ് വ്യാപനം വരുത്തിയ നാശനഷ്ടങ്ങളും അസമത്വങ്ങളും നല്കിയ പാഠങ്ങൾ മാനവരാശി ഒന്നാകെ ഉൾക്കൊള്ളണം. ഈ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ, സാമൂഹിക സംരക്ഷണം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ച തോതിൽ നിക്ഷേപം ആവശ്യമാണ്. ആഗോള സമൂഹത്തിന്റെ പ്രത്യേകിച്ചു വികസിത രാജ്യങ്ങളുടെ മുൻകൈയിൽ ഇത്തരമൊരു പരിശ്രമം ഉണ്ടായാൽ മാത്രമേ ദരിദ്രജനകോടികൾക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ ചട്ടക്കൂട് ഉറപ്പു നല്കിയിട്ടുള്ള അവകാശങ്ങളുടെ ലഭ്യത ഉറപ്പാക്കാനാകൂ

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണു കോവിഡ് മഹാമാരിയുടെ രൂപത്തിൽ മാനവരാശി അഭിമുഖീകരിക്കുന്നത്. ഈ പരീക്ഷണ കാലത്തിനു മുമ്പുതന്നെ, ലോകം കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിസന്ധികളെ കൂട്ടായി മറികടക്കാൻ പരിശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹകരണം ലോകസമാധാനത്തിനും സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന ചിന്ത ലോകം പണ്ടേ തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി രൂപമെടുത്ത കാഴ്ചപ്പാടുകളിൽ മുഖ്യമായ ഒന്നാണു മൾട്ടിലാറ്ററലിസം. മാനവരാശി നേരിടുന്ന ഭീഷണികളെ സഹകരണാത്മകമായി നേരിടുക എന്നതു മാത്രമല്ല, പൊതുവായ അവസരങ്ങളുടെ പ്രയോജനപ്പെടുത്തൽ കൂടി ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നു. ഇതുവഴി, മുൻകാലങ്ങളെ അപേക്ഷിച്ചു സമഗ്രവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും മികച്ച രീതിയിൽ കെട്ടിപ്പടുക്കാം. മൾട്ടിലാറ്ററലിസം ആധുനിക ലോകത്തെ മാറുന്ന കാഴ്ചപ്പാടുകൾക്ക് ഏറ്റവും അനുയോജ്യമായ തത്വങ്ങളാൽ രൂപീകരിക്കപ്പെട്ടതാണെന്ന ബോധ്യം ഇന്നു വർദ്ധിക്കുന്നുണ്ട്. അത് സഹകരണത്തിന്റെ നവീന മാതൃകകളിലേക്കു മാനവരാശിയെ നയിക്കുന്നു.

ഇന്ന് ആഗോള സമൂഹത്തിനു ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ആദരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആവശ്യം. ഏക രാഷ്ട്ര കേന്ദ്രീകൃതമായ ലോകവ്യവസ്ഥ ഇന്നത്തെ സങ്കീർണ്ണമായ ആഗോളക്രമത്തെ നയിക്കാൻ അപ്രാപ്തമാണ്. ഇതാണു ബഹുരാഷ്ട്ര കേന്ദ്രീകൃത ലോകക്രമത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. സങ്കീർണ്ണമായ ഈ ലോകത്ത് ഒരു രാജ്യത്തിനും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനാകില്ല. ഇത് ഓരോ രാജ്യവും ‘വിലമതിക്കുന്ന’ മൂല്യങ്ങളും താൽപര്യങ്ങളും മാറ്റിവെക്കാൻ അവരെ നിർബന്ധിതർ ആക്കുന്നുണ്ട്. ഇത്, നാം നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനു കൂട്ടായ ശ്രദ്ധയും പ്രവർത്തനവും ആവശ്യമാണെന്ന തിരിച്ചറിവിലേക്കു ലോകത്തെ നയിക്കുന്നു. ഈ സാഹചര്യം ഇന്ന് എല്ലാ ആഗോള ബഹുരാഷ്ട്ര കൂട്ടായ്മകളും തമ്മിലുള്ള പരസ്പര ഏകോപനം ശക്തിപ്പെടുത്തുന്നു. ഈ വ്യവസ്ഥയിൽ മേഖല അടിസ്ഥാനത്തിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മകൾക്കും സുപ്രധാന സംഭാവനകൾ നല്കാനാകും. സിവിൽ സൊസൈറ്റികൾ, ബിസിനസ് സ്ഥാപനങ്ങൾ, പ്രാദേശികമോ മേഖലാടിസ്ഥാത്തിലോ ഉള്ള അധികാരികൾ, സന്നദ്ധ സംഘടനകൾ മുതലായ മറ്റു പങ്കാളികൾ എന്നിവരുമായുള്ള ആഴത്തിലുള്ള ആശയവിനിമയത്തെ അടിസ്ഥാനം ആക്കിയുള്ള ഒരു സമഗ്രമായ ബഹുരാഷ്ട്ര അധിഷ്ഠിത ലോകക്രമം നമ്മുടെ ശോഭനഭാവി രൂപപ്പെടുത്തുന്നതിൽ വളരെ നിർണ്ണായകമാണ്.

അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത എന്നത്തെക്കാളും ഉപരിയായി ഇന്നു നമുക്കു ബോധ്യമുണ്ട്. ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തിൽ സർവ്വർക്കും നീതിപൂർവ്വകവും സമാധാനപരവും കൂടുതൽ സുസ്ഥിരവുമായ ഒരു ഭാവി ലഭ്യമാക്കുന്നതു സംബന്ധിച്ച യുഎൻ സ്ഥാപകരുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കേണ്ടതുണ്ട്. രണ്ടാം ലോക മഹായുദ്ധം മാനവരാശിയുടെ മേൽ വിതച്ച നാശത്തിൽ നിന്നുള്ള വിമോചന മാർഗ്ഗങ്ങളെ കുറിച്ചുള്ള ആഗോള സമൂഹത്തിന്റെ പര്യാലോചനകളാണ് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തു പരിപാലിക്കുക എന്ന മുഖ്യ ദൗത്യത്തോടെ 1945 ൽ ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിലേക്കു നയിച്ചത്. തർക്കങ്ങളുടെ സമാധാനപരമായ പരിഹാരവും യുദ്ധക്കെടുതിയിൽ നിന്നു ഭാവി തലമുറകളുടെ സംരക്ഷണവും ഐക്യരാഷ്ട്രസഭയുടെ പ്രധാന ലക്ഷ്യമാണെന്നു യുഎൻ ചാർട്ടർ വ്യക്തമാക്കുന്നു.

ഈ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായ സംഘർഷ നിവാരണം യുഎൻ പ്രവർത്തനങ്ങളിൽ താരതമ്യേന ജനശ്രദ്ധ ആകർഷിക്കാത്ത ഒരു മേഖലയാണ്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ യുഎന്നിന്റെ നേതൃത്വത്തിലെ നയതന്ത്ര പരിശ്രമങ്ങൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഈ ശ്രമങ്ങളുടെ ഏറ്റവും കാര്യക്ഷമവും അഭിലഷണീയവുമായ ഉപയോഗം സംഘർഷത്തിലേക്കു നയിക്കുന്നതിനുമുമ്പ് പിരിമുറുക്കങ്ങൾ കുറക്കുക, അല്ലെങ്കിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അതു ലഘൂകരിക്കുക, സമാധാന മാർഗ്ഗങ്ങളിലൂടെ സംഘർഷങ്ങൾ അവസാനിപ്പിക്കുക, തർക്കങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനു വേഗത്തിൽ പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിടുന്നു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രിവന്റീവ് ഡിപ്ളോമസിയുടെ പങ്കു വളരെ പ്രധാനമാണ്. ജനപ്രീണനത്തിന്റെയും തീവ്രദേശീയതയുടെയും വളർച്ചയുടെ ഫലമായി, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, നിയമ സമത്വം, പരസ്പര ചർച്ചയിലൂടെ സംയുക്തമായി അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സന്നദ്ധത തുടങ്ങിയ മൂല്യങ്ങൾ നിലവിൽ ഏകപക്ഷീയമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പല രാജ്യങ്ങളും സങ്കുചിത ദേശീയതയുടെ വ്യക്താക്കളായിക്കൊണ്ടു സംരക്ഷണ വാദത്തിൽ അഭയം പ്രാപിക്കുന്നു ഇതൊക്കെ നയതന്ത്രത്തിന്റെ പ്രാധാന്യം മുമ്പില്ലാത്ത വിധം വർദ്ധിപ്പിച്ചിരിക്കുന്നു.

മൾട്ടിലാറ്ററലിസത്തോടുള്ള പ്രതിബദ്ധതയും അന്താരാഷ്ട്ര സമാധാനത്തോടും സുരക്ഷയോടുമുള്ള കൂറും 2018 സെപ്റ്റംബറിൽ നടന്ന പൊതുചർച്ചയിൽ ലോക നേതാക്കളിൽ ബഹുഭൂരിപക്ഷവും ആവർത്തിച്ച് ഉറപ്പിച്ചു. 2018 ഒക്ടോബർ 31 ന് മൾട്ടിലാറ്ററലിസത്തോടുള്ള പ്രതിജ്ഞാബദ്ധത പുതുക്കുന്നതിനുള്ള ഉന്നതതല സംഭാഷണത്തിനിടെയും ഈ ആശയത്തോടുള്ള ആദരവ് ആവർത്തിച്ചു. യുഎൻ പൊതുസഭ 2018 ഡിസംബർ 12 ന് “മൾട്ടിലാറ്ററലിസത്തിനും സമാധാന നയതന്ത്രത്തിനും ഉള്ള അന്താരാഷ്ട്ര ദിനം” (International Day of Multilateralism and Diplomacy for Peace) സംബന്ധിച്ച A / RES / 73/127 എന്ന പ്രമേയം അംഗീകരിച്ചു (1). ഈ പ്രമേയത്തിലൂടെ എല്ലാ വർഷവും ഏപ്രിൽ 24 മേൽ സൂചിപ്പിച്ച ദിനം ആഗോള അടിസ്ഥാനത്തിൽ ആചരിക്കാൻ ആഹ്വാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യമായി 2019 ഏപ്രിൽ 24 ന് ഈ ദിനം കൊണ്ടാടി. മേൽ സൂചിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 144 വോട്ടു ലഭിച്ചപ്പോൾ എതിരായി 2 വോട്ടു മാത്രമാണു രേഖപ്പെടുത്തപ്പെട്ടത്. ഇത് ഈ ആശയത്തിനു ലോകജനതയുടെ ഇടയിലുള്ള സ്വീകാര്യതയുടെ വ്യക്തമായ തെളിവാണ്. ഈ പ്രമേയം വഴി, ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളെയും നിരീക്ഷകരെയും സംഘടനകളെയും ഉചിതമായ രീതിയിൽ അന്താരാഷ്ട്ര ദിനം ആചരിക്കാൻ യുഎൻ ക്ഷണിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധം വളർത്തുന്ന പ്രവർത്തനങ്ങളിലൂടെയും മറ്റും സമാധാനത്തിനുള്ള നയതന്ത്രത്തിന്റെയും ബഹുരാഷ്ട്ര കേന്ദ്രീകൃത ലോകക്രമത്തിന്റെയും ഗുണങ്ങൾ പ്രചരിപ്പിക്കാനും യുഎൻ ഈ ദിനാചരണത്തിലൂടെ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനവും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും അടിസ്ഥാനമാക്കി രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ രൂപപ്പെടുത്തിയ ബഹുരാഷ്ട്ര ഘടനയോടുള്ള ആദരവു ലോകസമാധാനത്തിനുള്ള അടിസ്ഥാനമാണെന്ന് ഓർമ്മിപ്പിക്കാനുള്ള അവസരം ഈ ദിവസം നൽകുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിൽ മറ്റു രാഷ്ട്രങ്ങളുടെ നയതന്ത്ര സഹായത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യവും ഈ ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഈ പ്രമേയത്തിലൂടെ പൊതുസഭ യുഎൻ ചാർട്ടറിനോടും അതിന്റെ ഉദ്ദേശ്യങ്ങളോടും തത്വങ്ങളോടുമുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചു. സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധതയും യുദ്ധത്തിന്റെ ബാധ്യതയിൽ നിന്നു ഭാവിതലമുറകളെ രക്ഷിക്കാനുള്ള ദൃഢനിശ്ചയവും ഈ പ്രമേയത്തിലൂടെ യുഎൻ പ്രഖ്യാപിച്ചു. മൾട്ടിലാറ്ററലിസത്തിലും നയതന്ത്രത്തിലും ഊന്നിയ സമീപനത്തിന് ഐക്യരാഷ്ട്രസഭയുടെ 3 അടിസ്ഥാന തത്വങ്ങളായ സുസിസ്ഥിര വികസനം; ആഗോള സുരക്ഷ, സമാധാനം; മനുഷ്യാവകാശങ്ങൾ എന്നിവയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ഈ പ്രമേയത്തിലൂടെ ആഗോള നേതൃത്വം അംഗീകരിച്ചു. ഈ തത്വങ്ങൾ പരസ്പര ബന്ധിതവും അന്യോന്യം ബലപ്പെടുത്തുന്നതും ആണെന്നു യുഎൻ ചാർട്ടറും അനുബന്ധ മാൻഡേറ്റുകളും നിരീക്ഷിക്കുമ്പോൾ വ്യക്തമാകുമെന്നും ഈ പ്രമേയം സൂചിപ്പിക്കുന്നു. ബഹുമുഖവും സങ്കീർണ്ണവുമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പ്രധാന വേദിയായി ഐക്യരാഷ്ട്രസഭയെ ഈ പ്രമേയം വീക്ഷിക്കുന്നു. കൂടാതെ, അന്താരാഷ്ട്ര പ്രതിനിധ്യത്തിന്റെ ഉന്നത രൂപമായും മൾട്ടിലാറ്ററലിസത്തിന്റെ പരമമായ പ്രകടനമായും യുഎന്നിനെ അംഗീകരിക്കുന്നു. മൾട്ടിലാറ്ററലിസത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകതയെയും ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള പ്രധാന പങ്കിനെയും കുറിച്ച് ഈ പ്രമേയം സൂചിപ്പിക്കുന്നു. ഇതിനുള്ള നയതന്ത്ര ശ്രമങ്ങൾ സുഗമമാക്കുന്നതിലും അന്തർദ്ദേശീയവും മേഖല അടിസ്ഥാനത്തിലുള്ളതും ആയ സംഘടനകളുടെ പങ്ക് ഈ പ്രമേയം സവിശേഷമായി അംഗീകരിക്കുന്നു.

മൂന്നോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്ന പ്രക്രിയയാണു മൾട്ടിലാറ്ററലിസം. ഈ അടിസ്ഥാന വശത്തിനപ്പുറം, ഇങ്ങനെ രൂപപ്പെടുന്ന സ്ഥാപനത്തിൻ്റെയോ കൂട്ടായ്മയുടെയോ സ്വഭാവം ചില ഗുണപരമായ ഘടകങ്ങളും തത്വങ്ങളും വഴി നിയന്ത്രിക്കപ്പെടും. പങ്കാളികൾക്കിടയിലെ താൽപര്യങ്ങളുടെ അവിഭാജ്യത, പരസ്പര സഹായത്തിനുള്ള പ്രതിബദ്ധത, കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ സഹായകമായ തർക്ക പരിഹാര സംവിധാനം തുടങ്ങിയവ അവയിൽ പ്രധാനമാണ്. മൾട്ടിലാറ്ററലിസത്തിനു നിരവധി നിർവചനങ്ങൾ ഉണ്ട്. മൈൽസ് കേലർ ഇതിനെ “അന്താരാഷ്ട്ര ഭരണം” അല്ലെങ്കിൽ “അനേകരുടെ ആഗോള ഭരണം” എന്നു നിർവ്വചിച്ചു, “ദുർബ്ബലരുടെ മേലുള്ള ശക്തരുടെ ആധിപത്യവും ആഗോള സംഘർഷങ്ങളും വർദ്ധിപ്പിക്കാൻ സഹായിക്കും വിധം വിവേചനപരമായ ഉഭയകക്ഷി ക്രമപ്പെടുത്തലുകളോടുള്ള എതിർപ്പ്” ആണ് അതിന്റെ കേന്ദ്ര തത്വം. 1990 ൽ റോബർട്ട് കോഹേൻ “മൂന്നോ അതിലധികമോ രാജ്യങ്ങളുടെ കൂട്ടായ്മയായി നിന്നു ദേശീയ നയങ്ങളെ ഏകോപിപ്പിക്കുന്ന രീതി” എന്നാണ് മൾട്ടിലാറ്ററലിസത്തെ നിർവ്വചിച്ചത്. “അവിഭാജ്യത”, “പരസ്പരവിനിമയം”എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി ജോൺ റേജി ഈ ആശയം വിശദീകരിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ “പൊതുവായ” പെരുമാറ്റ തത്വങ്ങളെ അടിസ്ഥാനമാക്കി മൂന്നോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഏകോപിപ്പിക്കുന്ന ഒരു സ്ഥാപനരൂപമായി മൾട്ടിലാറ്ററലിസം പ്രവർത്തിക്കും. ഇവിടെ ഓരോ ഘടക രാജ്യത്തിന്റെയും പ്രത്യേക താൽപര്യങ്ങളോ തന്ത്രപരമായ ആവശ്യകതകളോ പരിഗണിക്കാതെ കൂട്ടായ്മയുടെ പൊതുവായ ഉന്നതിക്കായിരിക്കും പ്രാധാന്യം (2).
മൾട്ടിലാറ്ററലിസത്തിന്റെ വികാസത്തിന് സുദീർഘമായൊരു ചരിത്രമുണ്ട്. പക്ഷേ, ഇതു പ്രധാനമായും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ അമേരിക്കയുടെ മുൻകൈയിൽ നിരവധി ബഹുരാഷ്ട്ര കരാറുകൾ രൂപപ്പെട്ടു. മൾട്ടിലാറ്ററലിസം ഏറ്റവും ശക്തമായി ഉൾക്കൊള്ളുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പോലുള്ള അന്താരിഷ്ട്ര വ്യാപാര നിയന്ത്രണത്തിനൂള്ള സംഘടനകളും സുരക്ഷ മുൻനിറുത്തി രൂപപ്പെടുത്തിയ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ തുടങ്ങിയവയും ഇന്നു കാണാം. കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്നതിനു നിരവധിയായ ബഹുരാഷ്ട്ര പരിസ്ഥിതി സ്ഥാപനങ്ങളും ഇന്നു നിലവിലുണ്ട്. ആഫ്രിക്കൻ യൂണിയൻ, യൂറോപ്യൻ യൂണിയൻ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ, ആസിയാൻ തുടങ്ങിയവയും മൾട്ടിലാറ്ററലിസത്തിന്റെ അടിസ്ഥാനത്തിൽ പിറവിയെടുത്തതാണ്.

ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ മൾട്ടിലാറ്ററൽ നയതന്ത്രത്തിന്റെ കരുത്തും ബലഹീനതയും ഇന്നു വളരെ വ്യക്തമാണ്. സങ്കീർണ്ണമായ അന്താരാഷ്ട്ര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച അവസരങ്ങൾ ഇതു നല്കുന്നു. മാത്രമല്ല, നേടിയ ഗുണഫലങ്ങൾ നിയമാനുസൃതം ആക്കാനും ഈ രീതി വളരെ സഹായകമാണ്. രാജ്യങ്ങളുടെ സംയുക്ത പരിശ്രമങ്ങളിലൂടെ രൂപമെടുക്കുന്ന പരിഹാരങ്ങൾ ആയതിനാൽ അതാതു പ്രശ്നത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും പ്രധാന താൽപര്യങ്ങൾ ഇവിടെ പരിഗണിക്കപ്പെടും. ഇതിനായി മൾട്ടിലാറ്ററൽ ചർച്ചകൾ അവരുടെ അജണ്ട വിശാലമാക്കും. ഇതുമൂലം, വ്യക്തമായ മുൻ‌ഗണനകൾ സജ്ജമാക്കുന്നതു പ്രയാസകരമാക്കുന്നത് ഈ രീതിയുടെ ദോഷമാണ്. മൾട്ടിലാറ്ററലിസത്തിലെ നടപടികൾ ഉഭയകക്ഷി കരാറുകളേക്കാൾ കൂടുതൽ കാലദൈർഘ്യവും ചെലവും ഏറിയതാണ്. ബഹുരാഷ്ട്ര കരാറുകളുടെ തീരുമാനങ്ങൾ‌ വളരെ വിശാലമായിരിക്കും, ഇതുമൂലം സൂക്ഷ്മമായ പ്രശ്‌നത്തോടു പ്രതികരിക്കുന്നതിന് അവ വളരെ ഫലപ്രദമായിരിക്കില്ല. അവ കൂടുതൽ വിട്ടുവീഴ്ചകളോടെ ആവിഷ്കരിക്കപ്പെട്ടതാകും എന്നതാണ് ഇതിനുള്ള ഒരു കാരണം. വിശാലമായതും ബഹുമുഖ ഘടകങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ ചർച്ചയുടെ ഫലമായാണു മൾട്ടിലാറ്ററലിസത്തിന്റെ മാർഗ്ഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുക. ഇതിനു വളരെ സമയമെടുക്കും എങ്കിലും അവ ദീർഘകാലം നിലനില്കുകയും കൂടുതൽ സുസ്ഥിരമാകുകയും ചെയ്യും.
അന്താരാഷ്ട്ര ഭരണത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കേണ്ടി വരുമ്പോൾ മൾട്ടിലാറ്ററൽ നയതന്ത്രം ഒഴിവാക്കാൻ ആവാത്തതാണ്. അതിരൂക്ഷമായ പ്രതിസന്ധികളിലും സവിശേഷമായ പ്രശ്നങ്ങളുടെ സന്ദർഭങ്ങളിലും മൾട്ടിലാറ്ററലിസത്തിന്റെ ദോഷങ്ങൾ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. പല താൽപര്യങ്ങൾ പേറുന്ന കക്ഷികളുടെ കൂട്ടായ പ്രവർത്തനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മൾട്ടിലാറ്ററലിസത്തിൽ അന്തർലീനമാണ്. പലപ്പോഴും, കക്ഷികൾ തമ്മിലുള്ള വിശ്വാസ്യതയുടെ അഭാവം എല്ലാവർക്കും തൃപ്തികരമായ മികച്ച പരിഹാരം അസാധ്യമാക്കും. മറ്റൊരു പ്രശ്നം കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള കക്ഷികളുടെ അർദ്ധമനസ്സാണ്. എല്ലാത്തിനും ഉപരി, കക്ഷികൾ കൂട്ടായ്മയുടെ താൽപര്യങ്ങൾ പരിഗണിക്കാതെ പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്നതും പ്രതിസന്ധിയാകാം.

പലപ്പോഴും, മൾട്ടിലാറ്ററലിസത്തിനു മിഥ്യാധാരണകളെ പരിപോഷിപ്പിക്കാൻ കഴിയും. ഈ രീതിയിൽ സൈനിക നിരായുധീകരണം പോലുള്ള കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിച്ചു ദീർഘകാലം കാത്തിരിക്കുന്നതു സാധാരണമാണ്. മിക്കവാറും, മൾട്ടിലാറ്ററൽ കരാറുകളുടെ നടപ്പാക്കൽ അവയിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളുടെ ഉത്തരവാദിത്വമാണ്. പൊതുവേ, അന്താരാഷ്ട്ര രംഗത്തെ ഇത്തരം കരാറുകളുടെ ലംഘനങ്ങൾ തടയാൻ പ്രയാസമാണ്. എന്നിരുന്നാലും, ഇത്തരം ഉടമ്പടികൾ വിജയകരമായി നടപ്പാക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനു നിരീക്ഷണം, അവലോകന സംവിധാനം എന്നിവ സജ്ജമാക്കാൻ കഴിയും. ഇത്തരം കരാറുകൾ നടപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹായം നല്കുന്നതും ഗുണകരമാണ്. ഇതിൽ നിന്നു വ്യക്തമാകുന്നത് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിൽ മൾട്ടിലാറ്ററലിസം അനന്ത സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും ഓരോ പ്രശ്നങ്ങളും സൂക്ഷ്മമായി വിലയിരുത്തി അനുയോജ്യത ബോധ്യപ്പെട്ട ശേഷം മാത്രമേ ഈ രീതി തിരഞ്ഞെടുക്കാവൂ എന്നാണ്.
മൾട്ടിലാറ്ററലിസം ഫലപ്രാപ്തി നിരവധി മുന്നുപാധികളെ ആശ്രയിച്ചിരിക്കുന്നു. കൂട്ടായ്മയിൽ ഉൾപ്പെടുന്ന കക്ഷികളും അവരുടെ മനോഭാവവും ഇതിന്റെ വിജയത്തിനു വളരെ പ്രധാനപ്പെട്ടതാണ്. അവർ, സുസ്ഥിര ഫലങ്ങളിൽ ആത്മാർത്ഥമായ താൽപര്യം പങ്കുവെക്കുന്നുണ്ടെങ്കിലേ ഈ രീതി ഫലവത്താകൂ. ബഹുരാഷ്ട്ര ചർച്ചകളിലെ പങ്കാളിത്തം തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനു മാത്രമാണെങ്കിൽ കൂട്ടായ നയതന്ത്രം പരാജയപ്പെടാനാണു സാധ്യത. വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധത കക്ഷികൾക്ക് ഇടയിലുണ്ടോ എന്നതും പ്രധാനമാണ്. പരസ്പര വിനിമയത്തിനുള്ള സന്നദ്ധത, ദീർഘകാലാടിസ്ഥാനത്തിലെ നേട്ടങ്ങൾ ഹ്രസ്വകാല പോരായ്മകളെ മറികടക്കുമെന്ന പ്രതീക്ഷയിൽ ഐക്യദാർഢ്യം പാലിക്കാനുള്ള മനഃസ്ഥിതി, മധ്യസ്ഥരുടെ നിയമസാധുത, പ്രതിനിധീകരിക്കുന്നവർക്കുവേണ്ടി ഉറപ്പുകൾ നല്കാനുള്ള ചർച്ച ചെയ്യുന്നവരുടെ കഴിവ്, നയതന്ത്ര തീരുമാനങ്ങൾ വിജയകരമായി നടപ്പാക്കുന്നതിനുള്ള സംഘടനാ ക്രമീകരണങ്ങൾ തുടങ്ങിയവയും മുഖ്യമാണ്. വിവേകമുള്ള രാഷ്ട്രീയ നേതൃത്വം, ഗുണപ്രദമായ ഫലങ്ങൾ കൈവരിക്കുന്നതിനായി അജണ്ട രൂപപ്പെടുത്തുകയും മുന്നേറുകയും ചെയ്യുക; സമയപരിധി പാലിക്കുന്നുണ്ടെന്നും എത്രയും വേഗം പുരോഗതി കൈവരിക്കുമെന്നും ഉറപ്പാക്കുക; ചർച്ചകളിലെ തടസ്സങ്ങൾ പരിഹരിക്കുക തുടങ്ങിയവയും മൾട്ടിലാറ്ററിസത്തിന്റെ വിജയത്തിന് അത്യാവശ്യമാണ്.

ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനു‍ള്ള യുഎൻ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള നയതന്ത്രത്തിന്റെ പ്രാധാന്യം ഇന്നു വളരെ വർദ്ധിച്ചു. ഇത് ഐക്യരാഷ്ട്രസഭയുടെ സ്ഥാപക ദൗത്യത്തെ വീണ്ടും ഉറപ്പിക്കുന്നു. എങ്കിലും, ഈ മേഖലയിൽ അന്താരാഷ്ട്ര സമൂഹം ബോധപൂർവ്വം ഇടപെടേണ്ടതിന്റെ ആവശ്യകതയാണ് ഏപ്രിൽ 24 നമ്മെ ഓർമ്മപ്പെടുത്തുന്നത്. ലോകസമാധാനത്തിനുള്ള നയതന്ത്രത്തിലെ സുപ്രധാന കാഴ്ചപ്പാടാണ് പ്രിവന്റീവ് ഡിപ്ലോമസി. ഇത് തർക്കങ്ങൾ സംഘർഷങ്ങളിലേക്കു നീങ്ങാതെ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നയതന്ത്ര പരിശ്രമങ്ങളെ സൂചിപ്പിക്കുന്നു. “തർക്കങ്ങൾ ഉളവാകാതിരിക്കാനും അവ ഉണ്ടായാൽ സായുധ സംഘട്ടനത്തിലേക്ക് നീങ്ങുന്നത് തടയാനും അതു പരാജയപ്പെട്ടാൽ സായുധ സംഘട്ടനം വ്യാപിക്കുന്നതു ചെറുക്കാനും നയതന്തം ഉപയോഗിച്ചുള്ള ശ്രമത്തെയാണ്” പ്രിവന്റീവ് ഡിപ്ലോമസി എന്നതുകൊണ്ടു മുൻ യുഎൻ സെക്രട്ടറി ജനറലായ ബുത്രോസ് ബുത്രോസ് ഗാലി അർത്ഥമാക്കുന്നത് (3). പൊതുവായതും സ്വകാര്യവുമായ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ഇത് ഇന്നു നടത്തപ്പെടുന്നു. സംഭാഷണം, വിട്ടുവീഴ്ച, പിരിമുറുക്കങ്ങളുടെ സമാധാനപരമായ പരിഹാരം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ്, പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതികൾ, വസ്തുതാന്വേഷണ ദൗത്യ സംഘങ്ങൾ തുടങ്ങിയ തന്ത്രങ്ങൾ ഇതിൽ പ്രധാനമാണ്. പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് അയക്കുന്ന ദൂതന്മാരുടെ രൂപത്തിലാണു പ്രിവന്റീവ് ഡിപ്ലോമസി പ്രധാനമായി നാം കാണപ്പെടുന്നത്. നിർണ്ണായക നിമിഷങ്ങളിൽ ആക്രമണത്തെ നിരുത്സാഹപ്പെടുത്തുന്നതിനു സുരക്ഷാ കൗൺസിൽ, സെക്രട്ടറി ജനറൽ, മറ്റു രാഷ്ട്രനേതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തവും പ്രിവന്റീവ് ഡിപ്ലോമസി ഉപയോഗപ്പെടുത്താറുണ്ട്. സംഘർഷം തടയുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനം പരമ്പരാഗത പ്രിവന്റീവ് ഡിപ്ലോമസിക്ക് അപ്പുറത്തേക്ക് ഇന്നു വ്യാപിക്കുന്നുണ്ട്, ദാരിദ്ര്യ നിർമ്മാർജ്ജനം, വികസനം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച, സുതാര്യമായ തിരഞ്ഞെടുപ്പ്, ജനാധിപത്യ സ്ഥാപനങ്ങളുടെ നിർമ്മാണം, ആയുധങ്ങളുടെ നിയന്ത്രണം തുടങ്ങിയ വിശാല മേഖലകൾ ഇന്ന് അതിന്റെ പരിധിയിയിൽ ഉൾപ്പെടുന്നു.
മൾട്ടിലാറ്റററലിസത്തിനും സമാധാന നയതന്ത്രത്തിനും ഉള്ള അന്താരാഷ്ട്ര ദിനം ഏപ്രിൽ 24 ന് ആചരിക്കുമ്പോൾ ഈ ദിനം ലോകത്തിനു മുമ്പിൽ വെക്കുന്ന കാഴ്ചപ്പാടുകൾ നമ്മുടെ രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ ദേശരാഷ്ട്രം അതിന്റെ ഉത്ഭവം മുതൽ നേരിടുന്നതടക്കം ഉള്ള പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള ചില സധ്യതകൾ ഇതു തുറന്നിടുന്നുണ്ട്. കാശ്മീർ പ്രശ്നം, ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളും ആയുള്ള സംഘർഷങ്ങൾ, മാവോയിസ്റ്റുകളുമായുള്ള സംഘട്ടനങ്ങൾ തുടങ്ങിയവയാണു നാം ഇന്നു നേരിടുന്ന സുപ്രധാന പ്രശ്നങ്ങൾ. ഇവയൊക്കെ പരിഹരിക്കാൻ മൾട്ടിലാറ്ററലിസവും പ്രിവൻ്റീവ് ഡിപ്ലോമസിയും സഹായകരമാണ്. ഈ കാഴ്ചപ്പാടുകൾ ഉപയോഗിച്ചു സമാനമായ പല പ്രതിസന്ധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഎന്നിന്റെയും ഇതര രാഷ്ട്രങ്ങളുടെയും നേതൃത്വത്തിൽ സമാധാനപരമായി പരിഹരിച്ചിട്ടുണ്ട്. നേപ്പാളിലെ മാവോയിസ്റ്റ് പ്രശ്നം, കിഴക്കൻ ടിമോർ പ്രതിസന്ധി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. കാശ്മീർ പ്രശ്നമടക്കം ഉള്ള വിഷയങ്ങളിൽ മൂന്നാം കക്ഷികളുടെ ഇടപെടലുകൾ ആവശ്യമില്ല എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. പക്ഷേ, കാശ്മീർ വിഷയത്തിലടക്കം മൂന്നാം കക്ഷിയുടെ ഇടപെടലുകൾ ഉണ്ടാകുന്നതുകൊണ്ടാണു പ്രശ്നങ്ങൾ കൈവിട്ടു പോകാത്തത്. യുഎഇ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തിയതിന്റെ വിവരങ്ങൾ ഇന്നു നമ്മുടെ മുന്നിലുണ്ട് (4). അമിത ദേശീയതയുടെയും മതവൈര്യാഗ്യത്തിന്റെയും ദുശ്ശാഠ്യങ്ങൾ വിട്ടൊഴിഞ്ഞാൽ ഈ പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. ഇപ്പോൾ പിൻവാതിൽ നയതന്ത്രത്തിലൂടെ നടത്തുന്ന പരിശ്രമങ്ങൾ സ്വന്തം പൗരന്മാരെ ബോധ്യപ്പെടുത്തി ഔദ്യോഗിക സംവിധാനങ്ങൾ ആക്കി മാറ്റനുളള ആർജ്ജവം പ്രകടിപ്പിച്ചു കൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തത്പരകക്ഷികൾ പ്രത്യേകിച്ച് ഇന്ത്യാ ഗവൺമെന്റ് കൈകൊള്ളണം. കാശ്മീർ ഇന്ത്യയും പാക്കിസ്താനും മാത്രം ഉൾപ്പെടുന്ന പ്രശ്നമാണെന്ന വാദത്തിന് അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളിൽ യാതൊരു വിലയും ഇന്നു ലഭിക്കുന്നില്ല. കാശ്മീരിന്റെ ഒരു ഭാഗം ചൈനയുടെ പക്കലായ ശേഷം അവർ അവിടെ നിരവധി നിക്ഷേപങ്ങൾ നടത്തി കഴിഞ്ഞിട്ടുണ്ട്. ചൈനയുടെ ‘വൺ ബെൽറ്റ് വൺ റോഡ്’ എന്ന സ്വപ്നപദ്ധതി കാശ്മീരിലെ തർക്കഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ഇതൊക്കെ കാശ്മീരിലെ രാഷ്ട്രീയത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യം ഇന്ത്യ എത്രയും വേഗം പരസ്യമായി സമ്മതിച്ചു യുക്തമായ പരിഹാര നടപടികളിലേക്കു കടക്കുക എന്നതാണു പ്രധാനം.
ഈ പ്രശ്നത്തിന്റെ പരിഹാരത്തിനു തടസ്സമായുള്ള പ്രധാന കാര്യം ഈ വിഷയത്തിൽ ഇന്ത്യയും പാക്കിസ്താനും പുലർത്തുന്ന വിഭിന്ന കാഴ്ചപ്പാടുകളാണ്. മൂന്നാം കക്ഷിയുടെ മാധ്യസ്ഥതയിലല്ലാതെ യോജിപ്പിലെത്താൻ സാധിക്കാത്തത്ര വിദൂരമാണ് ഇവ തമ്മിലുള്ള അകലം. പാക്കിസ്താനെ സംബന്ധിച്ച് ആ രാജ്യവുമായി സാമ്യമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണു കശ്മീർ. അതിനാൽ, അത് പാകിസ്താന്റെ ഭാഗമാകണം. ഇന്ത്യ പാകിസ്താന് അസ്തിത്വ ഭീഷണിയാണ്. 1971 ൽ കിഴക്കൻ പാകിസ്താൻ ആക്രമിച്ച് ഒരു സ്വതന്ത്ര ബംഗ്ലാദേശ് സൃഷ്ടിക്കാൻ ഇന്ത്യ സഹായിച്ചു. കശ്മീർ പ്രശ്നം ‘പരിഹരിച്ചെങ്കിൽ’ മാത്രമേ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടൂ. അതിന് അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണ്. ഇതൊക്കെയാണ് ഈ വിഷയത്തിൽ പാക്കിസ്താന്റെ കാഴ്ചപ്പാട്. ഇന്ത്യയെ സംബന്ധിച്ചു വിഭജന നിയമം അനുസരിച്ചു പാകിസ്താന്റെ നിയന്ത്രണത്തിലുള്ളത് ഉൾപ്പെടെ മുഴുവൻ കശ്മീരും നമ്മുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യ, പാകിസ്താനേക്കാൾ സൈനികപരമായി ശക്തരായതിനാൽ നമ്മെ ലക്ഷ്യമിടാൻ പാകിസ്താൻ തീവ്രവാദം ഉപയോഗിക്കുന്നു. കശ്മീർ മുഴുവനും ഇന്ത്യയുടെ ഭാഗമാണെന്നതിനാൽ പരിഹരിക്കാൻ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. 1972 ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച കരാറിലൂടെ കശ്മീർ തർക്കം ഉഭയകക്ഷി വിഷയമാണെന്ന് സമ്മതിച്ചു. ഇതു യുഎൻ പ്രമേയത്തെ അസാധുവാക്കി. ഇന്ത്യ എന്തുകൊണ്ടു പുറത്തുനിന്നുള്ള മധ്യസ്ഥതയെ എതിർക്കുന്നു എന്നും ഇതു വിശദീകരിക്കുന്നു. ഇതൊക്കെയാണ് ഈ വിഷയത്തിൽ ഇന്ത്യയുടെ വാദങ്ങൾ. ആഗോള മനുഷ്യാവകാശ നിയമങ്ങൾ ഇന്ന് ഒരു പ്രദേശത്തെ ജനങ്ങളുടെ സ്വയം നിർണ്ണയ അവകാശങ്ങൾക്കു മുഖ്യമായ സ്ഥാനം നല്കുന്നുണ്ട്. കാശ്മീർ ജനതയുടെ ഈ അവകാശത്തിനു മതിയായ പരിഗണന നല്കാതെയുള്ള രാഷ്ട്രീയ പരിഹാരം അസാധ്യമാണ്. പാക്കിസ്താന്റെയും ഇന്ത്യയുടെയും ചൈനയുടെയും കാഴ്ചപ്പാടുകൾക്കുപരി കാശ്മീരികളുടെ ഉത്തമ താൽപര്യവും ഇതിൽ അന്താരാഷ്ട്ര സമൂഹം പരിഗണിക്കും. സൈനികമായി അടിച്ചമർത്തൽ നേരിടുന്ന മുസ്ലീങ്ങളുടെയും തീവ്രവാദ ഭീഷണിയിൽ അഭയാർത്ഥികളാകേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെയും ഒക്കെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കപ്പെടണം എന്നതും പ്രധാനമാണ്. കാശ്മീർ പ്രശ്നം പരിഹരിക്കാൻ സാധിച്ചാൽ ചൈനയുമായി നിലനില്ക്കുന്ന അതിർത്തി സംഘർഷങ്ങളും പരിഹരിക്കാനുള്ള സാധ്യതകൾ തെളിയും. ഈ വിഷയങ്ങളിൽ ഇന്ത്യ പരസ്യമായി പ്രകടിപ്പിക്കുന്ന പിടിവാശികൾ ഉപേക്ഷിച്ചാൽ ചൈനയുമായുള്ള സംഘർഷങ്ങൾ പരിഹരീക്കുന്ന വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യക്കു കൂടുതലായി ലഭിക്കും. മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ മധ്യസ്ഥത ഉണ്ടായാൽ ഇന്ത്യയുടെ മേൽ ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേല്പിക്കാൻ യാതൊരു സാധ്യതയും ഇന്നില്ല. ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് ഇന്നുള്ള പ്രാധാന്യം ഏകപക്ഷീയ തീരുമാനങ്ങളിൽ നിന്നുള്ള ശക്തമായ രക്ഷാകവചമാണ്.

ഈ പശ്ചിത്തലത്തിൽ, മൾട്ടിലാറ്ററലിസത്തിനും സമാധാന നയതന്ത്രത്തിനും ഉള്ള അന്താരാഷ്ട്ര ദിനം ആചരിക്കുമ്പോൾ തെക്കൻ ഏഷ്യയിൽ ജനാധിപത്യ വഴക്കങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്ര നിയമ വ്യവസ്ഥയ്ക്കും താരതമ്യേന കൂടുതൽ പരിഗണന നല്കിയ പാരമ്പര്യമുള്ള ഇന്ത്യ ഈ ദിനാചരണം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷ നമുക്കു പുലർത്താം. ഇത് ഇന്ത്യയിലെ മാത്രമല്ല, ഈ മേഖലയിലെ മുഴുവൻ ജനങ്ങളുടെയും ജീവിതത്തിൽ സുസ്ഥിര വികസനത്തിന്റെ സാധ്യതകൾ തുറന്നിടും. ഇതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള ഇച്ഛാശക്തി ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകട്ടെ.

റഫറൻസ്:

1.https://www.un.org/en/observances/Multilateralism-for-Peace-day
2.https://en.m.wikipedia.org/wiki/Multilateralism
3.Joint Study on Best Practices and Lessons Learned In Preventive Diplomacy; Page 2
4.https://www.google.com/amp/s/www.hindustantimes.com/india-news/uae-played-role-in-bringing-india-pak-together-for-talks-emirates-envoy-to-us-101618486808817-amp.html