Tuesday, May 24, 2022

Latest Posts

മലയാളിയെക്കാളും മലയാളം പഠിച്ച്, മലയാളഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകൾ നൽകിയ ജർമനി’ക്കാരൻ, ഹെർമൻ ഗുണ്ടർട്ട് ഓർമ്മ ദിനം

✍️ സുരേഷ്.സി ആർ

ഏപ്രിൽ 25: മലയാളത്തിന്റെ പ്രചാരകനായി മാറിയ ജർമനി’ക്കാരൻ, ഹെർമൻ ഗുണ്ടർട്ട്(1814 – 1893) ഓർമ ദിനം.

“മലകളിലെല്ലാം പച്ചപ്പ്. വരണ്ട കർണാടിക് ദേശം കടന്നുവരുന്നവന് ഈ നാട് ദൈവത്തിന്റെ തോട്ടമാണ്.”– ഹെർമൻ ഗുണ്ടർട്ട് 

ഇരുപത് വർഷം ഇവിടെ താമസിച്ച് മലയാളിയെക്കാളും മലയാളം പഠിച്ച് മലയാളഭാഷയ്ക്കും സാഹിത്യത്തിനും ബൃഹത്തും അമൂല്യവുമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഹെർമൻ ഗുണ്ടർട്ട്.
സ്റ്റുട്ഗാർട്ടിൽ ജനനം. ഒമ്പതുവയസ്സുള്ളപ്പോൾ പിതാവ് ആരംഭിച്ച ‘സ്റ്റുട്ഗാർട്ട് മിഷൻ മാഗസിൻ’ എന്ന പ്രസിദ്ധീകരണത്തിൽ വിവിധ ദേശങ്ങളിലെ വാർത്തകൾ അച്ചടിച്ചിരുന്നു. അതിൽ ഭാരതത്തിലെ ദേവീദേവന്മാരുടെയും ജനങ്ങളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഇതിൽനിന്നാണ് ഹെർമൻ ഇന്ത്യയെക്കുറിച്ചറിഞ്ഞത്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൗൾബ്രോണിലെ വൈദിക വിദ്യാലയത്തിൽ ചേർന്നു. അവിടെ ഹീബ്രു, ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ് ഭാഷകൾ പഠിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിലും ശാസ്ത്രത്തിലും അറിവുനേടിയ അദ്ദേഹം ഓർഗൻ, വയലിൻ, പിയാനോ എന്നിവയും അഭ്യസിച്ചു.
1835-ൽ വൈദിക പഠനം പൂർത്തിയാക്കി. തത്ത്വശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി. 1836-ൽ മതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം 1838 ഒക്ടോബർ 6-ന് കേരളത്തിലെത്തി. ഊരാച്ചേരി ഗുരുനാഥന്മാരിൽ നിന്നും മലയാളം പഠിച്ചു. നാടൻ പാഠശാലകളിൽ അന്ന് സംസ്കൃതമായിരുന്നു അധികവും പഠിപ്പിച്ചിരുന്നത്. കുട്ടികൾ സ്കൂളിൽ ഭൂമിശാസ്ത്രവും ചരിത്രവും ഇംഗ്ലീഷും പഠിക്കണമെന്നാഗ്രഹിച്ച അദ്ദേഹം സ്കൂളുകൾ സ്ഥാപിച്ചു.

1845-ൽ ജർമനിയിലേക്കു പോയി. 1847-ൽ തലശ്ശേരിയിൽ തിരിച്ചെത്തി. അവിടെ മിഷൻപ്രവർത്തനങ്ങളിൽ ഏർപ്പെടാനിരിക്കെ പനി പിടിച്ചതോടെ ശബ്ദം നഷ്ടപ്പെട്ടു. അങ്ങനെയാണ് മലയാള വ്യാകരണം, ബൈബിൾ വിവർത്തനം എന്നിവയ്ക്ക് തുടക്കമിട്ടത്.

1847-ൽ നെട്ടൂരിലെ പള്ളി വരാന്തയിൽ അദ്ദേഹം സ്ഥാപിച്ച കല്ലച്ചു കൂടത്തിൽ നിന്നും മലയാളത്തിലെ ആദ്യത്തെ വാർത്താപത്രികയായ ‘രാജ്യസമാചാരം’ പ്രസിദ്ധീകരിച്ചു. തുടർന്ന് ‘പശ്ചിമോദയം’ എന്ന വാർത്താപത്രികയും പ്രസിദ്ധീകരിച്ചു. ഗുണ്ടർട്ടിന്റെ ചില മലയാളരചനകൾ ആദ്യം അച്ചടിച്ചത് പശ്ചിമോദയത്തിലാണ്.

ആദ്യകാലത്ത് വിവർത്തനങ്ങളായിരുന്നു ഗുണ്ടർട്ടിന്റെ സാഹിത്യ സൃഷ്ടികൾ.1868-ൽ മലയാള വ്യാകരണവും 1872-ൽ മലയാള നിഘണ്ടുവും പുറത്തിറക്കി. ഇതു രണ്ടുമാണ് ഗുണ്ടർട്ടിന്റെ രചനകളിൽ ഏറെ പ്രശസ്തമായത്. ഓരോരുത്തരോടും സംസാരിക്കുമ്പോഴും കിട്ടുന്ന ഓരോ പുതിയ പദവും അതിന്റെ അർത്ഥം, വിപരീത പദം, പ്രയോഗരീതികൾ എന്നിവയോടൊപ്പം പ്രാദേശികമായ അർത്ഥവ്യത്യാസം, ഓരോ സമുദായക്കാരുടെയും സ്വന്തമായ പദപ്രയോഗരീതി എന്നിവയും അദ്ദേഹം കുറിച്ചെടുത്തു. മലയാളനിഘണ്ടുവും വ്യാകരണവും രചിക്കാൻ ഇത് സഹായകമായി.
1498 മുതൽ 1631 വരെയുള്ള കേരള ചരിത്രത്തെ ‘കേരളപ്പഴമ’ എന്ന കൃതിയായി രചിച്ചു. കേരളോല്പത്തി, പഴഞ്ചൊൽമാല, ത്രിഭാഷാ നിഘണ്ടു, മലയാള വ്യാകരണ ചോദ്യോത്തരം, കേരളപഴമ അഥവ മലബാറിന്റെ ചരിത്രം, നളചരിത സാരശോദന, മലയാളബൈബിൾ വജ്രസൂചി, ക്രിസ്തു സഭാചരിത്രം, ഒര ആയിരം പഴഞ്ചൊൽ എന്നിവ മലയാളത്തിന് ലഭിച്ച ഗുണ്ടർട്ടിന്റെ സംഭാവനകളാണ്.

ജോൺ ബന്യന്റെ ‘പിൽഗ്രിംസ് പ്രോഗ്രസ്’ ‘സഞ്ചാരിയുടെ പ്രയാണം’ എന്ന പേരിലുള്ള വിവർത്തനം, ഗ്രാമർ ഓഫ് ദ മലയാളം, കേരള ആചാരസംക്ഷേപം, ദ കേരള മഹാത്മ്യ ഓർ കേരളോല്പത്തി എന്നിവ മറ്റു രചനകളാണ്.
മാതൃഭാഷയായ ജർമനിയിലും മലയാളത്തിലുമാണ് ഗുണ്ടർട്ട് അധികവും എഴുതിയത്. പലതും നഷ്ടപ്പെട്ടു. ചിലത് ട്യൂബിങൻ സർവകലാശാലയിലും കാൽവിലെ സ്റ്റയിൻ ഹൗസിലും സ്റ്റുട്ഗാർട്ട് ലൈബ്രറിയിലും സൂക്ഷിച്ചിട്ടുണ്ട്.

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ‘സിദ്ധാർത്ഥ’ എന്ന നോവലിന്റെ രചയിതാവ് ഹെർമൻ ഹെസ്സെ ഗുണ്ടർട്ടിന്റെ മകൾ മേരിയുടെ മകനാണ്.

BEST SELLERS
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.