Fri. Mar 29th, 2024

കൊല്ലത്ത് അഞ്ചല്‍ ഏരൂരില്‍ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തിയയാളുടെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി. വീടിന് സമീപം ഇവർ കുഴിച്ചിട്ടയിടത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വളരെ ആഴത്തിൽ കുഴിയെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. കോൺക്രീറ്റ് സ്ലാബുമിട്ടിരുന്നു. ഏറെ നേരം ശ്രമിച്ചതിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.

കൂടുതൽ പരിശോധനക്ക് ശേഷമേ മൃതദേഹം കാണാതായ ഷാജി പീറ്ററി(44)ന്റെതാണെന്ന് സ്ഥിരീകരിക്കൂ. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാണാതായിരുന്ന ഷാജിയെ അനുജന്‍ സാജന്‍ പീറ്റര്‍ തലക്കടിച്ചു കൊല്ലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍. സഹോദരന്‍ മരിച്ചെന്ന് ഉറപ്പായതോടെ മാതാവിന്റെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

2018 ലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സാജന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ, സാജന്റെ ഭാര്യ ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ ഇവരുടെ ഒരു ബന്ധുവാണ് ഷാജിയുടെ മരണം കൊലപാതമാണോയെന്ന സംശയം പോലീസില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംശയം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്ന അവിവാഹിതനായ ഷാജി പീറ്റര്‍ 2018-ലെ ഓണക്കാലത്ത് വീട്ടില്‍ കുടുംബ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ സജിന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

എന്നാൽ ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ വീട്ടിൽ അമ്മായിയമ്മ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങളെല്ലാം പൊളിഞ്ഞേനെയെന്നാണ് ഇപ്പോൾ അഞ്ചലുകാർ പറയുന്നത്. അഞ്ചലിൽ സഹോദരൻ ഷാജിയെ സജിൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ രഹസ്യം വെളിപ്പെട്ടത് അമ്മായിയമ്മ- മരുമകൾ തർക്കത്തിനിടെയാണ്. ഷാജിയെ സജിൻ കൊന്നുവെന്ന് ബന്ധു റോയിയോട് അമ്മ പൊന്നമ്മയാണ് വെളിപ്പെടുത്തിയത്. രണ്ടുവർഷം മൂന്ന് പേർക്കിടയിൽ മാത്രം ഒതുങ്ങിയ കാര്യത്തിന്റെ ചുരുൾ ഇതോടെ അഴിയുകയായിരുന്നു.

കൊലപാതക വിവരം സ്വപ്‌നത്തിൽ കണ്ടുവെന്നാണ് റോയി പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ സ്വപ്‌നം കണ്ടെന്ന് റോയി പറഞ്ഞത് വ്യാജമെന്ന് ചോദ്യം ചെയ്യലിൽ തെളിയുകയായിരുന്നു. ബന്ധു റോയിക്ക് കൊലപാതകത്തെ കുറിച്ച് വിവരം നൽകിയത് പൊന്നമ്മയെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.

പൊന്നമ്മയും മരുമകളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ പൊന്നമ്മ, ഇളയമകനായ സജിൻ ഷാജിയെ കൊന്നെന്നും മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടെന്നും റോയിയോട് പറഞ്ഞു. പിന്നീട് പത്തനംതിട്ടയിലേക്ക് മടങ്ങിയ റോയി ഇടയ്‌ക്ക് പൊന്നമ്മയുടെ വീട്ടിൽ എത്തിയിരുന്നു.

കൊലപാതകവിവരം പുറത്തുപറയുമെന്ന് സജിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഇയാൾ മകളുടെ കഴുത്തിൽ കിടന്ന മാല ഊരിയെടുക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. പൊന്നമ്മയുടെ വീടിന്റെ ഒന്നര കിലോമീറ്റർ അകലെയാണ് മറ്റ് വീടുകളുളളത്. അതുകൊണ്ടുതന്നെ വഴക്കും തർക്കങ്ങളും മറ്റാരും അറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞശേഷം തനിക്ക് ഉറക്കമില്ലെന്ന് പറഞ്ഞ് പൊലീസിനെ കാണാനെത്തിയ റോയി മദ്യപിച്ചിരുന്നതായാണ് പൊലീസുകാർ പറയുന്നത്.