Fri. Apr 19th, 2024

ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍. മഴ മൂലം പറക്കല്‍ ദുഷ്‌കരമായിരുന്നെന്നും ഇതോടെ യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് ചതുപ്പില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നെന്നും നന്ദകുമാര്‍ പറഞ്ഞു.

”മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ഹെലികോപ്ടറിന്റേത് ക്രാഷ് ലാന്‍ഡിംഗ് ആയിരുന്നില്ല. മഴ മൂലം പറക്കല്‍ ദുഷ്‌കരമാണെന്ന് പൈലറ്റ് വ്യക്തമാക്കി. ഇതോടെ യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് ചതുപ്പില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണല്‍ സെക്രട്ടറി പികെ ഷാഹിദ്, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.” നന്ദകുമാര്‍ വ്യക്തമാക്കി .

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാനുണ്ടായ കാരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങള്‍. എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്തിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കാരണം ചതുപ്പിലേക്ക് ഇടിച്ചിറക്കിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. യൂസഫലിയേയും ഭാര്യയേയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ വീട്ടില്‍ നിന്ന് ലേക്ക് ഷോര്‍ ആശുപത്രിയിലെ ബന്ധുവിനെ കാണാനായിരുന്നു യൂസഫലിയും കുടുംബവും വന്നത്. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രാണ്ടിലാണ് കോപ്ടര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.

സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷി പറഞ്ഞത് ഇങ്ങനെ: ‘ഞാനും ഭാര്യയും കുട്ടിയും വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഹെലികോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ നോക്കിയതാണ്. നേരെ വന്ന് താഴേക്ക് ഒറ്റ വീഴ്ചയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഹെലികോപ്ടര്‍ നേരെ താഴോട്ട് വീഴുകയായിരുന്നു. ആ സമയം മഴയും ചെറിയ കാറ്റും ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഓടി അപ്പുറത്തേക്ക് ചെന്നു. ഹെലികോപ്ടര്‍ ഓഫായ ശേഷം അടുത്തേക്ക് പോയി. ആദ്യം ഹെലികോപ്ടറില്‍ നിന്നും ആരും ഇറങ്ങിയില്ല. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമെന്ന് കരുതി. അപ്പോള്‍ പൈലറ്റ് ഇറങ്ങി വന്ന് ഡോര്‍ തുറന്നു. ഞാന്‍ പുറത്തേക്കിറങ്ങാന്‍ ഉള്ളിലുള്ളവരോട് പറഞ്ഞെങ്കിലും ആദ്യം ഇറങ്ങിയില്ല. സമീപത്ത് താമസിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഇറങ്ങി. ഭാര്യ കസേരയെടുത്ത് വന്നു. നടുവേദനയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിന്നു. ചേച്ചിയെ വിളിച്ചു കൊണ്ടുവന്ന് ഇവിടെ ഇരുത്തി. മഴയായതിനാല്‍ സമീപത്ത് വണ്ടിയൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭാര്യ പൊലീസിലാണ്. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ച് പറയുകയായിരുന്നു.’




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913