Friday, May 7, 2021

Latest Posts

ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ഉന്നത ബഹുമതി

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. യു എ ഇയുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സര്‍ക്കാരിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചതിനുശേഷം എം എ യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വര്‍ഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബര്‍ 31 നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു എ ഇയില്‍ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നു. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

മൂന്ന് വനിതകള്‍ ഉള്‍പ്പെടെ മറ്റ് പതിനൊന്ന് പേര്‍ക്കാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ബഹുമതിക്ക് അര്‍ഹരായിരിക്കുന്നത്. ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

2005-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍, 2008-ല്‍ പത്മശ്രീ പുരസ്‌കാരം, 2014-ല്‍ ബഹറൈന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, 2017-ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ഇത് കൂടാതെ യു എ ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അര്‍ഹനായതും യൂസഫലിയാണ്.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വകയുള്ളതാണ്. അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിര്‍മ്മിക്കുവാനുള്ള സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് മുഹമ്മദ് യൂസഫലിക്ക് നല്‍കിയത്. ഇത് കൂടാതെ അബുദാബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിന്റെ മുഷ്‌റിഫ് മാള്‍ നിലനില്‍ക്കുന്ന 40 ഏക്കര്‍ സ്ഥലം അബുദാബി സര്‍ക്കാര്‍ നല്‍കിയതാണ്.

28,000-ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 207 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ യു.എസ്.എ, യു.കെ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായിലാന്‍ഡ് മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ ലോജിസ്റ്റിസ്‌ക് കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച് 250 ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ലുലു ഗ്രൂപ്പ്.

യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.