Tue. Apr 23rd, 2024

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ‘ക്രഷിംഗ് കര്‍വ്’ എന്ന പേരില്‍ മാസ് വാക്സിനേഷന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും. ആവശ്യമുള്ളത്രയും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും.

60 വയസിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വാക്സിന്‍ ഉറപ്പുവരുത്തും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്സിന്‍ വിതരണം. എല്ലാ ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമെങ്കില്‍ സി എഫ് എല്‍ ടി കള്‍സജ്ജീകരിക്കും. ഏപ്രില്‍ മാസം നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 11 ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ 89 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് ശക്തമായ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും.
മുഖ്യമന്ത്രി പിണറായി വിജയന് നേരിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കഴിഞ്ഞ മാസം കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ സംഘമാണ് മുഖ്യമന്ത്രിയെ പരിശോധിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മകള്‍ വീണ വിജയനും മരുമകന്‍ പി എ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. മുഖ്യമന്ത്രിയുടെ പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913