Fri. Apr 19th, 2024

ബംഗാളില്‍ പ്രത്യേകിച്ച് വടക്കന്‍ ബംഗാൾ വികസന കാര്യങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാറിനേക്കാള്‍ മെച്ചം ഇടത് സര്‍ക്കാറായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കുകയാണ് അമിത് ഷായുടെ പ്രസ്താവന. വടക്കന്‍ ബംഗാളിന്റെ വികസനത്തില്‍ മമത ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളിലെ ആദ്യ മൂന്നു ഘട്ട തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്ക് 91ൽ 68 സീറ്റു കിട്ടും എന്നവകാശപ്പെട്ട അദ്ദേഹം മമതയ്ക്ക് പരാജയഭീതിയെന്ന് പരിഹസിച്ചു. അതേസമയം കേന്ദ്രസേനയെ തടയണം എന്ന പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. നാളെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ ഇരുവരുടെയും പ്രസ്താവനകൾ ചർച്ചയാവുകയാണ്.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർദ്ദേശിച്ചുകൊണ്ടുളള മമതയുടെ പ്രസ്താവനയേയും അമിത് ഷാ വിമർശിച്ചു. ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്യണം എന്ന് മമത ആവശ്യപ്പെടുമ്പോൾ മറ്റുള്ളവർ ഇത് കേൾക്കുന്നുണ്ട് എന്നാലോചിക്കണം. അവർ ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വടക്കൻ ബംഗാളിലെ വികസന കാര്യങ്ങളിൽ മമതയെക്കാൾ കമ്മ്യൂണിസ്റ്റു ഭരണം മെച്ചമായിരുന്നുവെന്ന അമിത് ഷായുടെ പരാമർശം ചർച്ചയായി.
കേന്ദ്രസേനകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകൾ സേനയെ തടയണമെന്നും തിരിച്ചടിക്കണമെന്നും മമത പ്രസംഗിച്ചത് ഗുരുതരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. മാർച്ച് 28നും ഏപ്രിൽ ഏഴിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മമത ഇത്തരമൊരു പരാമർശം നടത്തിയത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർദ്ദേശിച്ചുള്ള മുൻ പ്രസ്താവനയിൽ നേരത്തെ നോട്ടീസ് നല്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിലും വിശദീകരണം ആവശ്യപ്പെട്ടു.

മമത മാതൃക പെരുമാറ്റച്ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ശനിയാഴ്ച 11 മണിക്ക് മുൻപായി വിശദീകരണം നൽകാനാണ് മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മമതയ്ക്കുള്ള വോട്ട് പാകിസ്ഥാനുള്ള വോട്ടാണെന്ന പ്രസംഗത്തിന് സവേന്ദു അധികാരിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നല്കിയത് ബി.ജെ.പിക്കും തിരിച്ചടിയായി. നന്ദിഗ്രാമിൽ മമതയ്ക്ക് പരിക്കേറ്റതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913