Thu. Mar 28th, 2024

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ ജനങ്ങൾക്ക് സോഷ്യൽ മീഡിയാ കുറിപ്പിലൂടെ നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നുവെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നാം പടുത്തുയർത്തുമെന്നും ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകുമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ:

‘ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപ്പിടിച്ച എല്ലാവരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

ജനാധിപത്യ മൂല്യങ്ങളും വർഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്.

ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിൻ്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദ്ദമായി നന്ദി പറയുന്നു.

നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും.’

https://www.facebook.com/PinarayiVijayan/posts/3947381198687014




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913