മനഃസാക്ഷിയുടെ സംരക്ഷണത്തിനും സമാധാന സംസ്കൃതിയുടെ സംസ്ഥാപനത്തിനുമുള്ള അന്താരാഷ്ട്ര ആഘോഷങ്ങളുടെ പ്രസക്തിയെന്ത്?

✍️ റെൻസൺ വി എം

പതിറ്റാണ്ടുകളായി സമാധാനത്തിൽ അധിഷ്ഠിതമായ സംസ്കാരം മനുഷ്യരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. ഇതിലേയ്ക്കു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സവിശേഷ ശ്രദ്ധ പതിയുകയും സംഘടിത ശ്രമങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. “ലോകം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ വക്കിലാണെന്ന് അനുഭവവും ഗവേഷണവും എന്നെ ബോധ്യപ്പെടുത്തി; പതിനായിരക്കണക്കിനു വർഷങ്ങളായി നമ്മൾ അനുഭവിക്കുന്ന യുദ്ധ സംസ്കാരത്തിൽ നിന്ന് ഒരു പുതിയ സംസ്കാരത്തിലേക്ക്, സമാധാന സംസ്കാരത്തിലേക്കുളള പരിവർത്തനം” എന്ന യുനെസ്കോ മുൻ ഡയറക്ടർ ഡേവിഡ് ആഡംസിന്റെ വാക്കുകൾ ഈ മുന്നേറ്റം വ്യക്തമാക്കുന്നുണ്ട് (1). നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥയും പെരുമാറ്റവും സമഗ്രമായി പരിവർത്തനപ്പെടുത്തുന്നതിലൂടെയാണ് ഇതു സാധിക്കുക. മനുഷ്യരാശിയുടെ പരസ്പര ബന്ധവും ആന്തരിക ഐക്യവും തിരിച്ചറിഞ്ഞു സംഘർഷവും ആക്രമണവും കയ്യൊഴിഞ്ഞു സംഭാഷണത്തിലേയ്ക്കും സമാധാന നിർമ്മിതിയിലേയ്ക്കും നാം ബോധപൂർവ്വം കടന്നാൽ മാത്രമേ സമാധാന സംസ്കാരം രൂപീകരിക്കാനാകൂ.

21-ാം നൂറ്റാണ്ടു മുന്നിൽ കണ്ടുള്ള നിരവധി പ്രമേയങ്ങളിലൂടെയും പരിപാടികളിലൂടെയും ഐക്യരാഷ്ട്രസഭ യുദ്ധ സംസ്കാരത്തിൽ നിന്നു സമാധാന സംസ്കൃതിയിലേയ്ക്കു മാറണമെന്ന് ആവശ്യപ്പെട്ടു. സമാധാന സംസ്കാരം എന്ന ആശയം 1989 ജൂലൈയിൽ കോട്ട് ഡി ഐവയറിൽ യുനെസ്കോ സംഘടിപ്പിച്ച ‘ഇന്റർനാഷണൽ കോൺഗ്രസ് ഓൺ പീസ് ഇൻ ദി മൈൻഡ്സ് ഓഫ് മെൻ’ എന്ന സമ്മേളനത്തിൽ നിന്ന് ഉയർന്നുവന്നു (2). അതിനുശേഷം സമാധാന സംസ്കാരത്തിന്റെ നിർമ്മിതി മൂല്യവത്തായ ലക്ഷ്യമായിട്ടാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. വികസിച്ചു കൊണ്ടിരിക്കുന്ന ഈ ആശയം നിരവധി പ്രദേശങ്ങളിലും അനവധി തലങ്ങളിലും ധാരാളം പ്രവർത്തനങ്ങൾക്കു പ്രചോദനമായി. ഈ പ്രവർത്തനങ്ങളിൽ സിവിൽ സമൂഹത്തിന്റെ പങ്കാളിത്തം മാനവ സമൂഹം സമാധാനപൂർണ്ണമായ ജീവിതത്തെ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്. ഇന്ന് ഈ മുന്നേറ്റം ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നു. യുഎൻ സംഘടനകളിൽ, ഈ ആശയം യുനെസ്കോയുടെ ഭരണഘടനയിൽ കാണാം. ഈ രേഖ 50 വർഷങ്ങൾക്കു മുമ്പ് അംഗീകരിക്കപ്പെട്ടതാണ്. അതിൽ സമാധാനത്തിന്റെ സംരക്ഷണം മനുഷ്യ മനസ്സിൽ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. സർക്കാരുകളുടെ രാഷ്ട്രീയ, സാമ്പത്തിക ക്രമീകരണങ്ങളെ മാത്രം അടിസ്ഥാനമാക്കി ലോകജനതയുടെ ഏകകണ്ഠവും ശാശ്വതവും ആത്മാർത്ഥവുമായ പിന്തുണ നേടാൻ സമാധാനമെന്ന ആശയത്തിനു കഴിയില്ല. കൂടാതെ, മനുഷ്യരാശിയുടെ ബൗദ്ധികവും ധാർമ്മികവുമായ ഐക്യദാർഢ്യത്തിന്മേൽ സമാധാനം സ്ഥാപിക്കപ്പെട്ടാൽ മാത്രമേ അതു പരാജയപ്പെടാതെ ശാശ്വതമായി നിലനില്ക്കൂ എന്നും ഓർമ്മപ്പെടുത്തുന്നു.
1999 സെപ്റ്റംബർ 13 ന് A / RES / 53/243 പ്രമേയത്തിലൂടെ, യുഎൻ പൊതുസഭ ഏകകണ്ഠമായി സമാധാന സംസ്കാരം സംബന്ധിച്ച പ്രഖ്യാപനവും പ്രവർത്തന പരിപാടിയും (Declaration and Programme of Action on a Culture of Peace) അംഗീകരിച്ചു. 2000 ലെ സമാധാന സംസ്കാരത്തിനായുള്ള അന്താരാഷ്ട്ര വർഷം (International Year for the Culture of Peace) യുഎന്നിന്റെ മറ്റൊരു പ്രധാന പരിപാടി ആയിരുന്നു. ഇതിന്റെ ഭാഗമായ ‘മാനിഫെസ്റ്റോ 2000’ പരിപാടിയുടെ ഭാഗമായ ഒപ്പ് പ്രചാരണത്തിൽ ലോകജനസംഖ്യയുടെ 1 % അതായത് 75 ദശലക്ഷം ആളുകൾ പങ്കെടുത്തു. ഇതിനുശേഷം, ‘ലോകമെമ്പാടുമുള്ള കുട്ടികൾക്കായി സമാധാനത്തിന്റെയും അഹിംസയുടെയും സംസ്കാരത്തിനായുള്ള അന്താരാഷ്ട്ര ദശകം’ (Decade for a Culture of Peace and Non-Violence for the Children of the World) 2001 മുതൽ 2010 വരെ ആചരിച്ചു. യുനെസ്കോയിലെ ഡേവിഡ് ആഡംസിന്റെ “നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സംഘടനകൾ സമർപ്പിച്ച 3000 പേജുകളുടെ വിവരങ്ങളും 500 ഫോട്ടോകളും സാക്ഷ്യപ്പെടുത്തുന്നതു സമാധാന സംസ്കാരത്തിനായുള്ള ആഗോള മുന്നേറ്റം വളർച്ചയുടെ പാതയിയാണെന്ന്, ഇത് ഇതുവരെ സമൂഹമാധ്യമങ്ങൾ അംഗീകരിച്ചിട്ടില്ല” എന്ന വാക്കുകൾ സമാധാനത്തിനായുള്ള മാനവരാശിയുടെ അടങ്ങാത്ത ആഗ്രഹം വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭ A / RES / 52/13 എന്ന പ്രമേയത്തിലൂടെ സമാധാന സംസ്കാരത്തെ നിർവ്വചിച്ചിട്ടുണ്ട്. അത് ഒരു കൂട്ടം മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റരീതികൾ, ജീവിത രീതികൾ എന്നിവ ഉൾപ്പെട്ടതാണ്. ഈ സംസ്കാരം ആക്രമണത്തെ നിരാകരിക്കുകയും സംഘർഷങ്ങളെ തടയുകയും ചെയ്യും. സംഘർഷത്തിന്റെ മൂലകാരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ സംസ്കാരം എപ്പോഴും പരിശ്രമിക്കും. സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുക. എന്നതാകും ഇവിടത്തെ രീതി. ഈ സംസ്കൃതി സാമൂഹിക സഹകരണത്തെ പ്രോത്സാഹിപ്പിക്കും. സ്വാതന്ത്ര്യം, നീതി, ജനാധിപത്യം എന്നിവ അടിസ്ഥാനമാക്കിയുള്ള പങ്കുവയ്ക്കൽ ഓരോ സമൂഹത്തിലും ഇതുവഴി വർദ്ധിക്കും. എല്ലാ മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കുകയും, സഹിഷ്ണുതയും ഐക്യദാർഢ്യവും സമാധാന സംസ്കാരമുള്ള സമൂഹങ്ങളിൽ പുലരും. വികസന പ്രക്രിയയിൽ എല്ലാവരെയും പൂർണ്ണമായി പങ്കെടുപ്പിക്കുന്നതിനും ഇത്തരം സമൂഹങ്ങൾ ശ്രദ്ധ ചെലുത്തും.

മനുഷ്യ സമൂഹത്തിൽ സമാധാന സംസ്കാരം വികസിക്കണമെങ്കിൽ ശരിയായ മനഃസാക്ഷിക്ക് അനുസരിച്ച് ഓരോ വ്യക്തിക്കും ജീവിക്കാനാകണം. ഇത് ആഗോള മനുഷ്യാവകാശ നിയമങ്ങളിലെ സുപ്രധാന കാഴ്ചപ്പാടാണ്. അതുകൊണ്ടു തന്നെ മനഃസാക്ഷിയുടെ പ്രാധാന്യം തിരിച്ചറിയാൻ ലോകസമൂഹം നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തു നടത്തിയിട്ടുണ്ട്. അത്തരം ഒരു പരിപാടിയാണു അന്താരാഷ്ട്ര മനഃസാക്ഷി ദിനം ആഘോഷിക്കുന്നതിനായി ‘ഫെഡറേഷൻ ഓഫ് വേൾഡ് പീസ് ആന്റ് ലവ്’ 2019 ഫെബ്രുവരി 5 ന് ഒരു ആഗോള കാമ്പയിൻ ആരംഭിച്ചത്. തുടർന്ന് 2019 ജൂലൈ 25 ന്, സ്നേഹത്തിലും മനഃസാക്ഷിയിലും അധിഷ്ഠിതമായ സമാധാനത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം ബഹ്‌റൈൻ മുന്നോട്ടു വച്ചു. യുഎൻ പൊതുസഭ ഇത് അംഗീകരിക്കുകയും ഏപ്രിൽ 5 അന്താരാഷ്ട്ര മനഃസാക്ഷി ദിനമായി ആചരിക്കാൻ 73/329 പ്രമേയത്തിലൂടെ ഔദ്യോഗികമായി തീരുമാനിക്കുകയും ചെയ്തു. വംശം, ലിംഗം, ഭാഷ, മതം എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കുന്നതിനെ അടിസ്ഥാനമാക്കി സ്ഥിരത, ക്ഷേമം, സമാധാനപരവും സൗഹാർദ്ദപരവുമായ ബന്ധങ്ങൾ എന്നിവ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് പൊതുസഭ ഈ തീരുമാനം കൈക്കൊണ്ടത്. ഈ ദിനാചരണത്തിലൂടെ അംഗരാജ്യങ്ങളെയും ഐക്യരാഷ്ട്രസഭയുടെ കീഴിലെ സംഘടനകളെയും സർക്കാരിതര സംഘടനകളെയും വ്യക്തികളെയും സിവിൽ സൊസൈറ്റിയെയും സ്നേഹവും മനഃസാക്ഷിയുമുള്ള സമാധാന സംസ്കാരം കെട്ടിപ്പടുക്കാൻ യുഎൻ പൊതുസഭ ക്ഷണിച്ചു (3).

സമാധാന സംസ്കാരം കെട്ടിപ്പടുക്കുന്നതിനു സമഗ്രമായ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക, നാഗരിക പ്രവർത്തനം ആവശ്യമാണ്. അതിൽ ഓരോ വ്യക്തിയുടെയും സംഭാവന നിർണ്ണായകമാണ്. ഈ പ്രവർത്തനം പ്രായഭേദവും സാമൂഹിക വ്യത്യാസവുമില്ലാതെ സർവ്വരെയും അഭിസംബോധന ചെയ്യുന്നു. സമാധാന സംസ്കാരം മനുഷ്യ പ്രകൃതിയിൽ നിന്നു വേർതിരിക്കാൻ പറ്റാത്തതാക്കി ജനമനസ്സിൽ വേരുറപ്പിക്കുക എന്നതു തുറന്ന മനസ്സുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയിൽ വളരെ പ്രധാനമാണ്. സമാധാനം എന്നതു സംഘട്ടനങ്ങളുടെ അഭാവം മാത്രമല്ല. ഇത് ജനാധിപത്യം, നീതി, വികസനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ചലനാത്മകമായ പങ്കാളിത്ത പ്രക്രിയ കൂടിയാണ്. അവിടെ വ്യത്യസ്തതകൾ മാനിക്കപ്പെടുകയും സംഭാഷണം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു, കൂടാതെ, അഹിംസാത്മക മാർഗങ്ങളുടെ നിരന്തര പ്രയോഗത്തിലൂടെ സംഘർഷങ്ങളെ സഹകരണത്തിന്റെ പുതിയ വഴികളിലേക്കു പരിവർത്തനപ്പെടുത്തുന്നു. ജീവിതത്തോടുള്ള ആദരവിലേയ്ക്കും മനുഷ്യരോടും അവരുടെ അവകാശങ്ങളോടും ഉള്ള ബഹുമാനത്തിലേയ്ക്കും സമാധാന ചിന്ത നമ്മെ നയിക്കും

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരിക സംഘടനയും ഐക്യരാഷ്ട്ര സഭയുടെ മുൻകൈയിലുള്ള നാഗരികതകളുടെ സഖ്യവും (UNAOC) പരസ്പര സംവാദം വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും സംസ്കാരം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവർ നടത്തുന്നു. യുവാക്കൾ, വിദ്യാഭ്യാസം, മാധ്യമങ്ങൾ, കുടിയേറ്റം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് അവരുടെ കർമ്മ പദ്ധതികൾ. ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, ഫൗണ്ടേഷനുകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ മാധ്യമങ്ങൾ സ്വകാര്യമേഖല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം

ഇത്തരം ഇടപെടലുകളുടെ ഫലമായി സ്നേഹം, സമാധാനം, മനഃസാക്ഷി എന്നീ ആശയങ്ങൾ ഇന്നു ലോകമെമ്പാടും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ജനങ്ങളുടെ സുസ്ഥിതിക്കായി ഈ ആശയങ്ങൾ പ്രയോഗിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണ്. മാനവികതയുടെ അഭിവൃദ്ധി മനഃസാക്ഷിയെ ഉണർത്താനും ക്രിയാത്മക പ്രവർത്തനങ്ങൾ ചെയ്യാനും ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര മനഃസാക്ഷി ദിനം ആചരിക്കാനും അന്താരാഷ്ട്ര മനഃസാക്ഷി ദിന പ്രഖ്യാപനം അംഗീകരിക്കാനും എല്ലാവരും മുൻകൈ എടുക്കേണ്ടതാണ്. നമ്മുടെ മനഃസാക്ഷി പ്രയോഗിക്കാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ പൗരനും അവന്റെ അല്ലെങ്കിൽ അവളുടെ മനഃസാക്ഷിയും സ്നേഹനിർഭരമായ ചിന്തയും പിന്തുടരണം. സ്നേഹവും മനഃസാക്ഷിയും സ്വാഭാവികമായും ആഗോള പൗരന്മാരെ തങ്ങൾക്കും അവരുടെ രാഷ്ട്രങ്ങൾക്കും ലോകത്തിനും മികച്ചതും തിളക്കമുള്ളതുമായ ഒരു ഭാവിയിലേക്ക് നയിക്കും.

സമാധാന സംസ്കാരത്തിന്റെ സംസ്ഥാപനത്തിൽ നിർണ്ണായക കാല്വയ്പ്പാണു സമാധാന സംസ്കാരം സംബന്ധിച്ച പ്രഖ്യാപനവും പ്രവർത്തന പരിപാടിയും. ഇത് 13 സെപ്റ്റംബർ 1999 നാണു എെക്യരാഷ്ട്രസഭ അംഗീകരിച്ചത്. യുഎൻ മുൻകാലങ്ങളിൽ ഈ മേഖലയിൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും അന്തസ്സത്ത ഉൾക്കൊണ്ടാണ് ഈ പ്രഖ്യാപനം രൂപപ്പെടുത്തിയത്. യുദ്ധങ്ങൾ മനുഷ്യരുടെ മനസ്സിൽ ആരംഭിക്കുന്നതിനാൽ, സമാധാനത്തിന്റെ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് മനുഷ്യരുടെ മനസ്സിലാണ് ഈ പ്രഖ്യിപനത്തിന്റെ ആമുഖം ഓർമ്മപ്പെടുത്തുന്നു. വിവിധ തരത്തിലുള്ള ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും വ്യാപനത്തെക്കുറിച്ചും ആഴമായ ആശങ്ക ഈ പ്രഖ്യാപനത്തിലുണ്ട്. എല്ലാത്തരം വിവേചനവും അസഹിഷ്ണുതയും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ഈ രേഖ പ്രത്യേകം തിരിച്ചറിയുന്നു. പുതിയ സഹസ്രാബ്ദത്തിൽ സമാധാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിൽ സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, സിവിൽ സമൂഹം തുടങ്ങിയവയുടെ പ്രാധാന്യവും ഈ രേഖ ഊന്നിപ്പറയുന്നുണ്ട്.

സമാധാന സംസ്കാരം സംബന്ധിച്ച പ്രഖ്യാപനവും പ്രവർത്തന പരിപാടിയും സമാധാന സംസ്കാരം എന്താണെന്നു കൃത്യമായി നിർവ്വചിക്കുന്നു. ഈ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ ഒന്നിൽ ഇതു വ്യക്തമാക്കുന്നു. മൂല്യങ്ങൾ, മനോഭാവങ്ങൾ, പാരമ്പര്യങ്ങൾ, പെരുമാറ്റരീതികൾ, ജീവിതശൈലികൾ എന്നിവയുടെ ഒരു കൂട്ടമാണു സമാധാന സംസ്കാരം എന്നാണ് ഇതു പറയുന്നത്. വിദ്യാഭ്യാസം, സംവാദം, സഹകരണം എന്നിവയിലൂടെ ജീവിതത്തോടുള്ള ബഹുമാനം, ആക്രമണത്തിന്റെ അന്ത്യം, അഹിംസയുടെ പ്രോത്സാഹനം എന്നീ മൂല്യങ്ങളുടെ കൈവരിക്കൽ; യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി, രാഷ്ട്രങ്ങളുടെ പരമാധികാരം രാജ്യാതിർത്തിയുടെ സമഗ്രത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയുടെ പൂർണ്ണ ബഹുമാനവും ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യൽ; മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും ബഹുമാനം; സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത; വർത്തമാന കാലത്തെയും, ഭാവിയിലെയും തലമുറകളുടെ വികസന, പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങൾ; വികസനത്തിനുള്ള അവകാശത്തോടുള്ള ആദരവ്; സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കൽ; ആവിഷ്കാരത്തിനും സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും വിവരങ്ങളുടെ ലഭ്യതയ്ക്കും ഉള്ള അവകാശത്തോടുള്ള ബഹുമാനം; സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, സഹിഷ്ണുത, ഐക്യദാർഢ്യം, സഹകരണം, ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും രാജ്യങ്ങൾക്കിടയിലും ഉള്ള സംഭാഷണം, ധാരണ എന്നിവയുടെ തത്വങ്ങൾ പാലിക്കുന്നതിലൂടെ ദേശീയ അന്തർദേശീയ തലങ്ങളിൽ സമാധാനത്തിന് അനുയോജ്യമായ അന്തരീക്ഷത്തിന്റെ വളർത്തൽ എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണു സമാധാന സംസ്കാരം രൂപപ്പെടുക എന്നാണ് ഈ ആർട്ടിക്കിൾ പറയുന്നത്.

ഈ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 2 വ്യക്തികൾ, കൂട്ടായ്മകൾ, രാഷ്ട്രങ്ങൾ എന്നിവയ്ക്കിടയിൽ സമാധാനത്തിന്റെ പ്രചാരത്തിനു സഹായകമായ മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റങ്ങൾ, ജീവിതരീതികൾ എന്നിവയിലൂടെ സമാധാന സംസ്കാരത്തിന്റെ സമ്പൂർണ്ണ വികാസം സാധ്യമാകുന്നു എന്നു മാനവരാശിയെ ഓർമ്മിപ്പിക്കുന്നു. ആർട്ടിക്കിൾ 3 വ്യക്തമാക്കുന്നത്, സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരം, പരസ്പര ബഹുമാനം അന്യോന്യ ധാരണ, അന്തർദ്ദേശീയ സഹകരണം; യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും നിഷ്കർഷിക്കുന്ന അന്താരാഷ്ട്ര ബാധ്യതകളുടെ പാലനം; ജനാധിപത്യം, വികസനം, എല്ലാ മനുഷ്യാവകാശങ്ങളോടും അടിസ്ഥാന സ്വാതന്ത്ര്യങ്ങളോടും ഉള്ള ആദരം; സംഭാഷണം, മാധ്യസഥത വഹിക്കൽ, സമവായമുണ്ടാക്കൽ, അഭിപ്രായവ്യത്യാസങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവയ്ക്കാവശ്യമായ വൈദഗ്ധ്യത്തിന്റെ വികസിപ്പിക്കൽ; ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ; വികസന പ്രക്രിയയിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കൽ; ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കൽ; രാജ്യങ്ങൾക്കിടയിലും രാജ്യത്തിലെ വിവിധ പ്രദേശങ്ങൾ തമ്മിലുമുള്ള അസമത്വം കുറയ്ക്കൽ; സുസ്ഥിര സാമ്പത്തിക സാമൂഹിക വികസനത്തിന്റെ പ്രോത്സാഹനം; സ്ത്രീകളുടെ ശാക്തീകരണവും തീരുമാനമെടുക്കൽ പ്രക്രിയയുടെ എല്ലാ തലങ്ങളിലുമുള്ള തുല്യ പ്രാതിനിധ്യം ഉറപ്പാക്കലും വഴി അവരോടുള്ള എല്ലാത്തരം വിവേചനങ്ങളുടെയും അവസാനിപ്പിക്കൽ; കുട്ടികളുടെ അവകാശങ്ങളോടുള്ള ആദരവ്; എല്ലാ തലങ്ങളിലും വിവരങ്ങളുടെ അനുസ്യൂത പ്രവാഹത്തിന്റെ ഉറപ്പാക്കൽ; ഭരണത്തിൽ സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും വർദ്ധിപ്പിക്കൽ; വംശീയത, വർഗ്ഗീയ വിവേചനം, അപരിചിതരോടുള്ള വിദ്വേഷം തുടങ്ങി അസഹിഷ്ണുതയുടെ എല്ലാ രൂപങ്ങളുടെയും ഇല്ലാതാക്കൽ; വംശീയവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളും ഉൾപ്പെടെ എല്ലാ നാഗരികതകളും ജനങ്ങളും സംസ്കാരങ്ങളും തമ്മിൽ ധാരണ, സഹിഷ്ണുത, ഐക്യദാർഢ്യം എന്നിവയുടെ വർദ്ധിപ്പിക്കൽ;; യുഎൻ ചാർട്ടർ, മനുഷ്യാവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടികൾ 1960 ഡിസംബർ 14 ലെ യുഎൻ പൊതുസഭയുടെ കൊളോണിയൽ രാജ്യങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും സ്വാതന്ത്ര്യം നല്കുന്നതിനുള്ള പ്രഖ്യാപനം സംബന്ധിച്ച 1514 (XV) പ്രമേയം എന്നിവയിൽ വിളംബരം ചെയ്തിരിക്കുന്ന, കൊളോണിയൽ ആധിപത്യത്തിന്റെയോ വിദേശ അധിനിവേശത്തിന്റെയോ കീഴിലുള്ളവർ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും സ്വയം നിർണ്ണയത്തിനുള്ള അവകാശത്തിന്റെ പൂർണ്ണ സാക്ഷാത്കാരം എന്നിവയുമായി സമാധാന സംസ്കാരത്തിന്റെ സമ്പൂർണ്ണ വികാസം ഒഴിവാക്കാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

ഈ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 4 മുതൽ 6 വരെ ഭാഗങ്ങൾ സമാധാന സംസ്കാരം വളർത്തിയെടുക്കുന്നതിൽ മനുഷ്യാവകാശ വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസം, സർക്കാരുകൾ, സിവിൽ സമൂഹം എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 7 സമാധാന സംസ്കാരം വളർത്തുന്നതിൽ മാധ്യമങ്ങളുടെ വിദ്യാഭ്യാസപരവും ബോധനാത്മകവുമായ പങ്കും ആർട്ടിക്കിൾ 8 സമാധാന സംസ്കാരം വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ, അധ്യാപകർ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, മതസംഘടനകൾ, കൂട്ടായ്മകൾ, ബുദ്ധിജീവികൾ, ശാസ്ത്രീയവും ദാർശനികവും ക്രിയാത്മകവും കലാപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ആരോഗ്യ രംഗത്തെയും മാനുഷിക മേഖലയിലെയും പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിവിധ തലങ്ങളിലെ മാനേജർമാർ, സർക്കാരിതര സംഘടനകൾ എന്നിവയുടെ പ്രധാന്യവും ആർട്ടിക്കിൾ 9 ലോകമെമ്പാടും സമാധാന സംസ്കാരം പ്രചരിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഐക്യരാഷ്ട്രസഭയുടെ നിർണ്ണായക സ്ഥാനവും വ്യക്തമാക്കുന്നു.

സമാധാന സംസ്കാരത്തിന്റെ സംസ്ഥാപനത്തിനായുള്ള ഒരു പ്രവർത്തന പരിപാടിയും യുഎൻ പൊതുസഭ 1999 സെപ്റ്റംബർ 13 ന് അംഗീകരിച്ചു. “സമാധാന സംസ്കാരത്തിനായുള്ള അന്താരാഷ്ട്ര വർഷം” ആയി 2000 ത്തെ പ്രഖ്യാപിച്ച 1997 നവംബർ 20 ലെ 52/15 പ്രമേയം,, 2001–2010 കാലഘട്ടം “ലോകമെമ്പാടുമുള്ള കുട്ടികൾക്കായി സമാധാനത്തിന്റെയും അഹിംസയുടെയും സംസ്കാരത്തിനായുള്ള അന്താരാഷ്ട്ര ദശകമായി” പ്രഖ്യാപിച്ച 1998 നവംബർ 10 ലെ 53/25 പ്രമേയം എന്നിവയുടെ ചുവടുപിടിച്ചാണ് സമാധാന സംസ്കാരത്തെ കുറിച്ചുള്ള ഈ കർമ്മ പരിപാടി അംഗീകരിച്ചത്.

ഈ പ്രവർത്തന പരിപാടി അതിന്റെ ലക്ഷ്യങ്ങൾ, തന്ത്രങ്ങൾ, പ്രധാന കാര്യകർത്താക്കൾ എന്നിവ സംബന്ധിച്ചു ചില സുപ്രധാന കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്നു. സമാധാന സംസ്കാരത്തിനുള്ള അന്താരാഷ്ട്ര വർഷത്തിന്റെയും ലോകമെമ്പാടുമുള്ള കുട്ടികൾക്കായി സമാധാനത്തിന്റെയും അഹിംസയുടെയും സംസ്കാരത്തിനായുള്ള അന്താരാഷ്ട്ര ദശകത്തിന്റെയും അടിസ്ഥാനമായി ഈ കർമ്മ പരിപാടി മാറണമെന്നതാണ് അതിലൊന്ന്. പ്രാദേശിക, മേഖല, ദേശീയ തലങ്ങളിൽ സമാധാന സംസ്കാരത്തിനായുള്ള പ്രവൃത്തികൾ വ്യാപിപ്പിക്കുന്നതിനു അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സിവിൽ സമൂഹത്തെ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും അതു വ്യക്തമാക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയും യുണെസ്കോയും സമാധാന സംസ്കാരത്തിന്റെ ഉന്നമനത്തിനുള്ള നിരന്തര ശ്രമങ്ങളെ ശക്തിപ്പെടുത്തണം എന്നും ഈ പ്രവർത്തന പരിപാടി ഓർമ്മിപ്പിക്കുന്നു. പ്രഖ്യാപനത്തിൽ പറഞ്ഞിട്ടുള്ള വിവിധ കാര്യകർത്താക്കൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കണമെന്നും അവർക്കിടയിൽ വിവരങ്ങൾ പങ്കിടണമെന്നും ഇതാവശ്യപ്പെടുന്നു. ഈ കർമ്മ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിൽ താൽപര്യമുള്ള സർക്കാരുകൾ, ഓർഗനൈസേഷനുകൾ, വ്യക്തികൾ തുടങ്ങിയവർ സാമ്പത്തുൾപ്പെടെയുള്ള വിഭവങ്ങൾ ഉൾപ്പെടെയുള്ള സമാഹരിക്കേണ്ടതുണ്ട് എന്നും ഈ പരിപാടി വ്യക്തമാക്കുന്നു. സമാധാന സംസ്കാരത്തിന്റെ സംസ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യകർത്താക്കളും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നു ഈ കർമ്മ പരിപാടി ആവശ്യപ്പെടുന്നു.

സമാധാന സംസ്കൃതിയുടെ വികാസത്തിനായി 8 സുപ്രധാന മേഖലകൾ കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾ ഈ കർമ്മ പരിപാടി വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെ സമാധാന സംസ്കാരം വളർത്തുന്നതിനുള്ള പ്രവൃത്തികളാണ് ഒന്നാമത്തെ മേഖല. മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ വികസനം കൈവരിക്കുന്നതിനും സമാധാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതും ആയ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുക; കുട്ടികൾ‌ക്കു ചെറുപ്പം മുതൽ‌ തന്നെ മനുഷ്യജീവനെ ബഹുമാനിക്കുന്നതും വിവേചനത്തെ ചെറുക്കുന്നതും അഭിപ്രായ ഭിന്നതകൾ സമാധാനപരമായി പരിഹരിക്കാൻ സഹായിക്കുന്നതുമായ മൂല്യങ്ങൾ‌, മനോഭാവങ്ങൾ‌, പെരുമാറ്റരീതികൾ‌, ജീവിത രീതികൾ‌ എന്നിവയെ കുറിച്ചു പഠിപ്പിക്കുന്ന വിദ്യാഭ്യാസം നല്കുക; സമാധാന സംസ്കാരത്തിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും വളർത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുക; സ്ത്രീകൾക്കു, പ്രത്യേകിച്ചു പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനുള്ള അവസര സമത്വം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടപ്പാക്കേണ്ടത്.

സമാധാന സംസ്കാരത്തിനു സുപ്രധാനമാണെന്നു കർമ്മ പദ്ധതി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ മേഖല സുസ്ഥിര സാമ്പത്തിക സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളാണ്. അന്താരാഷ്ട്ര സഹകരണത്തിലൂന്നിയ ദേശീയവും അന്തർ‌ദ്ദേശീയവുമായ ശ്രമങ്ങളിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഉതകുന്ന സമഗ്രമായ പ്രവർത്തനങ്ങൾ നടത്തുക; അന്തർദേശീയ സഹകരണത്തിലൂടെ ഓരോ രാജ്യത്തെയും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ കുറയ്ക്കുക; വികസ്വര രാജ്യങ്ങളുടെ ബാഹ്യ കടം പരിഹരിക്കാൻ വികസനവും തുല്യതയും അടിസ്ഥാനമാക്കിയ കടാശ്വാസ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക;; സുസ്ഥിര ഭക്ഷ്യസുരക്ഷയ്ക്കായി ദേശീയ തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക; എല്ലാവരുടെയും പങ്കാളിത്തം വികസന പദ്ധതികളിൽ ഉറപ്പാക്കുക; സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം വികസന പ്രക്രിയയിൽ അവിഭാജ്യ ഘടകമായി ഉൾപ്പെടുത്തുക; സ്ത്രീകളുടെയും കുട്ടികളുടെയും മറ്റ് അവശ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ വികസന പദ്ധതികളിൽ പ്രത്യേകം ഉൾപ്പെടുത്തുക; സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വികാസം, പുനരധിവാസം, പുനഃസംയോജനം, അനുരഞ്ജന പ്രക്രിയകൾ എന്നിവ ശക്തിപ്പെടുത്തുക; പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും ഉൾപ്പെടെ പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുന്ന വികസന തന്ത്രം രൂപീകരിക്കുക; സ്വയം നിർണ്ണയിക്കാനുള്ള ജനങ്ങളുടെ അവകാശം സാക്ഷാത്കരിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കംചെയ്യുക തുടങ്ങിയവ ഈ മേഖലയിൽ ഏറ്റെടുക്കാവുന്ന കാര്യങ്ങളാണ് എന്ന് ഈ കർമ്മ പരിപാടി പറയുന്നു.

സമാധാന സംസ്കാരത്തിനായുള്ള കർമ്മ പദ്ധതിയിലെ മൂന്നാമതു മേഖലയാണ് എല്ലാ മനുഷ്യാവകാശങ്ങളോടും ആദരവ് വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ. വിയന്ന പ്രഖ്യാപനത്തിന്റെയും പ്രവർത്തന പരിപാടിയുടെയും പൂർണ്ണമായ നടപ്പാക്കൽ; എല്ലാ മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനും ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തൽ; വികസനത്തിനുള്ള അവകാശം സംബന്ധിച്ച പ്രഖ്യാപനത്തിലും വിയന്ന പ്രഖ്യാപനത്തിലും പ്രവർത്തന പരിപാടികളിലും പ്രഖ്യാപിച്ചിട്ടുള്ള വികസനത്തിനുള്ള അവകാശത്തിന്റെ സാക്ഷാത്കാരം; മനുഷ്യാവകാശ വിദ്യാഭ്യാസത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ദശകം (1995–2004) പ്രഖ്യാപിച്ച ലക്ഷ്യങ്ങളുടെ നേടിയെടുക്കൽ; സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രചാരണവും പ്രോത്സാഹനവും; ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ പ്രവർത്തനങ്ങൾക്കും ഉള്ള പിന്തുണ തുടങ്ങിയ പ്രവൃത്തികളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തുല്യത ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ കർമ്മ പദ്ധതിയിലെ നാലാമത്തെ മേഖല. പ്രസക്തമായ എല്ലാ അന്താരാഷ്ട്ര കരാറുകളിലും ലിംഗപരമായ കാഴ്ചപ്പാട് സംയോജിപ്പിക്കുക; സ്ത്രീ പുരുഷ സമത്വം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികൾ കൂടുതലായി നടപ്പാക്കുക; സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ തീരുമാനമെടുക്കലിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യത പ്രോത്സാഹിപ്പിക്കുക; സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ആക്രമണങ്ങളും ഇല്ലാതാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക; നാലാമതു ലോക വനിതാ കോൺഫറൻ അംഗീകരിച്ച ബീജിങ് പ്ളാറ്റ്ഫോം ഫോർ ആക്ഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക; വീട്, തൊഴിലിടം, സായുധ സംഘട്ടനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കു പിന്തുണയും സഹായവും നല്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ മേഖലയെ സംബന്ധിച്ചു കർമ്മ പദ്ധതി പറയുന്നത്.

ജനാധിപത്യ പങ്കാളിത്തം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണു മറ്റൊരു പ്രധാന മേഖല. ജനാധിപത്യ തത്വങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രോത്സാഹനം; ഔപചാരികവും അനൗപചാരികവും ആയതടക്കം വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യ തത്വങ്ങൾക്കും പ്രയോഗങ്ങൾക്കും പ്രത്യേക ഊന്നൽ; പൊതു ഉദ്യോഗസ്ഥരുടെ പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ദേശീയ സ്ഥാപനങ്ങളുടെയും പ്രക്രിയകളുടെയും ശക്തിപ്പെടുത്തൽ; ബന്ധപ്പെട്ട രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയും തിരഞ്ഞെടുപ്പു സഹായം നല്കിക്കൊണ്ടു ജനാധിപത്യ പങ്കാളിത്തത്തിന്റെ ശക്തിപ്പെടുത്തൽ; ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും സമാധാന സംസ്കാരത്തിന്റെ സമ്പൂർണ്ണ വികസനത്തിനു തടസ്സമാവുകയും ചെയ്യുന്നതിനാൽ ഭീകരത, അഴിമതി, മയക്കുമരുന്നു കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളുടെ തടയൽ തുടങ്ങിയവ ജനാധിപത്യത്തിന്റെ വികാസത്തിനും അതുവഴി സമാധാന സംസ്കാരത്തിന്റെ വളർച്ചയ്ക്കും ഗുണകരമാണ് എന്ന് ഈ പ്രവർത്തന പരിപാടി വ്യക്തമാക്കുന്നു.

പരസ്പരധാരണ, സഹിഷ്ണുത, ഐക്യദാർഢ്യം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആറാമതു മേഖലയിൽ ഉൾപ്പെടുന്നത്. സഹിഷ്ണുതാ തത്വങ്ങളുടെ പ്രഖ്യാപനവും സഹിഷ്ണുതയ്ക്കുള്ള ഐക്യരാഷ്ട്രസഭാ വർഷത്തിനായുള്ള (1995) തുടർ കർമ്മ പദ്ധതിയും നടപ്പിലാക്കൽ; 2001 ലെ നാഗരികതകൾ തമ്മിൽ സംഭാഷണത്തിനുള്ള ഐക്യരാഷ്ട്ര സഭാ വർഷത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള പിന്തുണാ പ്രവർത്തനങ്ങൾ; തർക്ക പരിഹാരത്തിന്റെയും സഹിഷ്ണുത വളർത്തുന്നതിന്റെയും പ്രാദേശികവും തദ്ദേശീയവുമായ സമ്പ്രദായങ്ങളുടെയും പാരമ്പര്യങ്ങളുടെയും പഠനം; ദുർബ്ബല വിഭാഗങ്ങളിൽ ഉൾപ്പെടെ; സമൂഹത്തിലുടനീളം പരസ്പര ധാരണ, സഹിഷ്ണുത, ഐക്യദാർഢ്യം എന്നിവ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ; തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദശകത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു കൂടുതലായ പിന്തുണ; കുടിയേറ്റക്കാരോടു സഹിഷ്ണുതയും ഐക്യദാർഢ്യവും വളർത്തൽ; പുതിയ സാങ്കേതികവിദ്യകളുടെ ഉചിതമായ ഉപയോഗം, വിവരങ്ങളുടെ പ്രചാരം എന്നിവയിലൂടെ എല്ലാ ആളുകൾക്കിടയിലും പരസ്പര ധാരണ, സഹിഷ്ണുത, സഹകരണം എന്നിവയുടെ പ്രോത്സാഹനം; രാഷ്ട്രങ്ങൾ തമ്മിലും ഓരോ രാജ്യത്തെ ജനങ്ങൾക്കിടയിലും ധാരണ, സഹിഷ്ണുത, ഐക്യദാർഢ്യവും സഹകരണം എന്നിവയൂടെ വളർത്തുക തുടങ്ങിയവയാണ് ഈ മേഖലയിൽ ഏറ്റെടുക്കാവുന്ന കാര്യങ്ങളായി ഈ കർമ്മ പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്.

പങ്കാളിത്ത ആശയവിനിമയത്തെയും വിവരങ്ങളുടെയും അറിവിന്റെയും സ്വതന്ത്രമായ ഒഴുക്കിനെയും പിന്തുണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു സമാധാന സംസ്കാരം പടുത്തുയർത്തുന്നതിനുള്ള ഏഴാം മേഖലയായി ഈ പ്രവർത്ത പരിപാടി സൂചിപ്പിക്കുന്നത്. സമാധാന സംസ്കാരം വളർത്തുന്നതിൽ മാധ്യമങ്ങളുടെ പ്രധാന്യം അംഗീകരിച്ച് അതിനെ പിന്തുണയ്ക്കുക; മാധ്യമങ്ങൾക്കും വിവര കൈമാറ്റത്തിനും ആശയവിനിമയത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക; സമാധാന സംസ്കാരത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക; തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനും തീരുമാനമെടുക്കൽ പ്രക്രിയയിൽ പങ്കെടുക്കാനും സാമൂഹിക കൂട്ടായ്മകളെ സഹായിക്കുന്ന ബഹുജന ആശയവിനിമയ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക; ഇന്റർനെറ്റ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നവ ഉൾപ്പെടെ എല്ലാ ആശയ വിനിമയ മാധ്യമങ്ങളിലെയും ആക്രമണ ചിത്രീകരണം അവസാനിപ്പിക്കുക; ഇന്റർനെറ്റ് അടക്കമുള്ള ആധുനിക വിവര വിനിമയ മാധ്യമങ്ങൾ വഴിയുള്ള വിവര കൈമാറ്റം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ മേഖലയിൽ പ്രധാനമായി ചെയ്യാനുള്ളത്.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് എട്ടാമതു മേഖലയിൽ ഉൾപ്പെടുന്നത്. നിരായുധീകരണ രംഗത്ത് ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ ശാശ്വത മുൻഗണനകൾ കണക്കിലെടുത്തു, കർശനവും ഫലപ്രദവുമായ അന്താരാഷ്ട്ര നിയന്ത്രണത്തിൽ പൂർണ്ണ നിരായുധീകരണം പ്രോത്സാഹിപ്പിക്കുക; ലോകത്തിലെ പല രാജ്യങ്ങളിൽ നടന്ന സൈനിക അട്ടിമറി ശ്രമങ്ങളിൽ നിന്നു സമാധാന സംസ്കാരത്തിന് അനുയോജ്യമായ പാഠങ്ങൾ പഠിക്കുക; യുദ്ധം വഴി ഭൂപ്രദേശം പിടിച്ചെടുക്കുന്നതിനുള്ള അനുവാദമില്ലായ്മയെയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നീതിപൂർവ്വവും ശാശ്വതവുമായ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ബോധ്യപ്പെടുത്തുക; പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികളും സമാധാനപരമായ ഒത്തുതീർപ്പുകൾ ചർച്ച ചെയ്യുന്നതിനുള്ള ശ്രമങ്ങളും പ്രോത്സാഹിപ്പിക്കുക; ചെറുകിട ആയുധങ്ങളുടെയും അനധികൃത ഉൽപാദനവും കടത്തും തടയാൻ നടപടികൾ കൈക്കൊള്ളുക; പട്ടാളത്തെ പിരിച്ചുവിടൽ, മുൻ സായുധ പോരാളികളുടെയും അഭയാർഥികളുടെയും സ്ഥലംമാറ്റപ്പെട്ടവരുടെയും, സമൂഹത്തിലെ പുനഃസംംയോജനം, ആയുധ ശേഖരണ പരിപാടികൾ, വിവര കൈമാറ്റം, പരസ്പര ആത്മവിശ്വാസം വളർത്തൽ നടപടികൾ തുടങ്ങിയ സംഘർഷാനന്തര സാഹചര്യങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പിന്തുണാ സംരംഭങ്ങൾ രൂപീകരിക്കുക; പ്രശ്നബാധിത രാജ്യങ്ങളിലെ ജനങ്ങളുടെ – പ്രത്യേകിച്ചു സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു തടസ്സം സൃഷ്ടിക്കുന്നതും അവരുടെ മനുഷ്യാവകാശങ്ങൾ പൂർണ്ണമായി ആസ്വദിക്കുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും മറ്റുമായ, അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അനുസൃതമല്ലാത്ത ഏകപക്ഷീയമായ നടപടികൾ നിരുത്സാഹപ്പെടുത്തുക; ഏതെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ ഭുപരമായ സമഗ്രതയ്‌ക്കോ എതിരായി അന്താരാഷ്ട്ര നിയമത്തിനും ചാർട്ടറിനും അനുസൃതമല്ലാത്ത വിധം സൈനികമോ രാഷ്ട്രീയമോ സാമ്പത്തികമോ മറ്റോ ആയ ബലപ്രയോഗത്തിൽ നിന്നു വിട്ടുനിൽക്കുക; സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം ഉപരോധത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന്, ഈ പ്രശ്നത്തിനു മതിയായ പരിഗണന നല്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ മേഖലയിൽ നിർദ്ദേശിക്കുന്നത് (4). സമാധാന സംസ്കാരത്തിന്റെ സംസ്ഥാപനത്തിനായുള്ള പ്രഖ്യാപനത്തിലൂടെയും കർമ്മ പരിപാടിയിലൂടെയും കണ്ണോടിച്ചാൽ അത് ഈ കാലഘട്ടത്തിലും പ്രസക്തമാണെന്നു മനസ്സിലാക്കാം. ഇന്നും ലോകത്തിന്റെ സമാധാനപൂർണ്ണമായ മുന്നോട്ടു പോക്കിനു ദിശാബോധം നല്കാൻ ഈ രേഖയ്ക്കു കഴിയും.

ഇന്ന് ഇന്ത്യ മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്യങ്ങളുടെയും സംരക്ഷണത്തിൽ പുറകോട്ടു പോകുകയാണ്. അന്താരാഷ്ട്ര തലത്തിൽ നിരവധി വിമർശനങ്ങളാണ് ഈ മേഖലയിൽ നാം നേരിടുന്നത്. പരമാധികാരത്തിന്മേലുള്ള കൈകടത്തൽ, പാശ്ചാത്യ ഗൂഢാലോചന എന്നൊക്കെയുള്ള വാചാടോപങ്ങളിലൂടെ ഇവയെ മറികടക്കാനാണു നമ്മുടെ ഭരണാധികാരികൾ ശ്രമിക്കുന്നത്. അന്താരാഷ്ട്ര മനഃസാക്ഷി ദിനാചരണവും അനുബന്ധ പ്രവർത്തന പരിപാടികളും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രാഥമിക പരിശോധന മാത്രം മതി ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ അന്താരാഷ്ട്ര തലത്തിലെ മനുഷ്യാവകാശ നയതന്ത്രത്തിനു മുമ്പിൽ അംഗീകരിക്കപ്പെടില്ല എന്നു വ്യക്തമാകാൻ. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണകൂടത്തിനു മുമ്പിൽ ‘ദേശദ്രോഹികളായി’ നില്കുന്നവരടക്കം സർവ്വരുടെയും മനഃസാക്ഷി സ്വാതന്ത്ര്യം അനുവദിച്ചു നല്കാനുള്ള വിവേകം ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകട്ടെ; അതുവഴി സമാധാന സംസ്കൃതിയുടെ ഒരു പുതുയുഗം ഇവരെ ഉദിച്ചുയരട്ടെ.
റഫറൻസ്
1.https://www.google.com/url?sa=t&source=web&rct=j&url=http://www.peacedayphilly.org/wp-content/uploads/2014/03/Culture-of-Peace-Description-2-14.pdf&ved=2ahUKEwiE7biQsenvAhWZfH0KHQ1YCvoQFjAAegQIAxAC&usg=AOvVaw1ZkK1SZM-bM-u8x9QeC7OV
2.http://www.unesco.org/new/en/media-services/single-view/news/peace_in_the_minds_of_men_and_women_promoting_a_culture_o/
3.https://www.un.org/en/observances/conscience-day
4.http://www.un-documents.net/a53r243a.htm
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913