സാധാരണ നായന്മാർ കേൾക്കുമെന്ന് കരുതേണ്ട, സുകുമാരൻ നായരുടെ പ്രസ്‌താവന ഞെട്ടിച്ചുവെന്ന് മന്ത്രി എ.കെ. ബാലൻ

നായരിസം കുട്ടിക്കളി അല്ലെന്ന് എ കെ ബാലന് തിരിച്ചറിവ്! സുകുമാരൻ നായർ ചെയ്‌തത് ചതിയാണെന്ന് മന്ത്രി എ കെ ബാലൻ. ഇന്നലെ വോട്ട് ചെയ്‌ത ശേഷം സുകുമാരൻ നായർ നടത്തിയ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവന ഞെട്ടിച്ചു. യു ഡി എഫ് കരുതിവച്ച ബോംബ് ഇതായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുകുമാരൻ നായരുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ കോൺഗ്രസ്, യു ഡി എഫ് നേതാക്കളുടെ പ്രസ്‌താവനകൾ വന്നപ്പോൾ ഗൂഢാലോചന വ്യക്തമായി. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരൻ നായർ ഇത് ചെയ്‌തത്. സുകുമാരൻ നായർ പറഞ്ഞാലുടൻ സാധാരണ നായന്മാർ കേൾക്കുമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

സുകുമാരൻ നായർക്കെതിരെ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി. സുകുമാരൻ നായർ പറഞ്ഞത് ആ സമുദായം കേൾക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരൻ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു. സുകുമാരൻ നായരുടെ പ്രസ്‌താവന ജനങ്ങളുടെ യുക്തിയെ പരിഹസിക്കുന്നതാണെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

അതേസമയം, സി പി എമ്മിന്റെ ഭാഗത്ത് നിന്ന് വിമർശനം തുടരുന്നതിനിടയിൽ വിശദീകരണവുമായി എൻ എസ് എസ് രംഗത്തെത്തിയിട്ടുണ്ട്. സുകുമാരൻ നായരുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻ എസ് എസ് വിശദീകരിക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻ എസ് എസ് അല്ല. വിശ്വാസ പ്രശ്‌നത്തിൽ എൻ എസ് എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ലെന്നും എൻ എസ് എസ് വ്യക്തമാക്കുന്നു. വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻ എസ് എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലായത് പിണറായി വിജയന്റെ പ്രതികരണത്തെ തുടർന്നാണെന്നും എൻ എസ് എസ് പറയുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913