Fri. Mar 29th, 2024

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

അക്ഷരങ്ങൾകൊണ്ട് മനോഹരമായ, ജീവസ്സുറ്റ ശിൽപങ്ങളും ജീവിതങ്ങളും തീർക്കുന്ന അത്ഭുതപ്രതിഭയായിരുന്നു കടമനിട്ട രാമകൃഷ്ണൻ (1935 – 2008) അദ്ദേഹത്തിന്റ തനതായ ശൈലി മലയാള ഭാഷയ്ക്ക് ഒരുമുതൽകൂട്ടാണ്. ജീവിത യാഥാർത്ഥ്യങ്ങളെ കവിതയുടെ വരികളിലൂടെ, കാവ്യാത്മകമായി കവി നമുക്ക് പരിചയപ്പെടുത്തുന്നു. കവിതക്ക് സാമൂഹീക ജീവിതയാഥാർത്യങ്ങളെ വളരെ ആഴത്തിൽ സന്നിവേശിപ്പിക്കാൻ കഴിയും. സാംസ്കരിമായ പരിവർത്തനങ്ങൾക്കും മൂല്യശോഷണങ്ങളെ തടയുന്നതിനും വ്യക്തിമൂല്യങ്ങളെ വിലകൽപ്പിക്കുന്നതിനും നിർലോഭമായ പിന്തുണയാണ് കവിതകൾ നൽകുന്നത്.

”കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്…”


ഈ വരികളിൽ കടമനിട്ട കോറിയിടുന്നത് ശക്തമായ ജാഗ്രതയുടെ ആവശ്യകതയാണ്. വളരുന്നപ്രായത്തിൽ ഒന്നും അറിയാത്ത തന്റ കുഞ്ഞിനെ നോട്ടമിട്ട് കാകനും പരുന്തും കുറുനരികളും തക്കംപാർത്തിരിക്കുന്നു. …കുഞ്ഞേ തുള്ളാൻ സമയമില്ല, കാരണം ജീവിതം പൊള്ളുകയാണ്. യാഥാർത്ഥ്യങ്ങൾ വിഷമതകളാണ്. നിനക്ക് നീ തന്നെ തുണ.. നിന്റ രക്ഷ നീ നോക്കണം എന്ന് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ് കവി. ഈ കാലങ്ങളിൽ കുട്ടികളും സ്ത്രികളും ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ കവിയുടെ കാകനുണ്ട്, കുറുനരിയുണ്ട് എന്നിങ്ങനെയുള്ള ഓർമ്മപ്പെടുത്തൽ കുടംബങ്ങൾക്ക്, പ്രത്യേകിച്ച് മാതാപിതാക്കൾക്ക് നൽകുന്നു. ജീവിതത്തിലെ ക്പേറിയ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ പകച്ചുപോകാതെ, പിടിച്ചുനിൽക്കാൻ കെൽപുള്ളവരാകണം നാളെയുടെ മക്കൾ! സ്വന്തം സഹോദരരുടെ പപ്പുംപൂടയും മുറ്റത്തുകാണുമ്പോൾ ഭയപ്പെടുകയും ചകിതരാകുകയും ചെയ്യുമ്പോൾ നാമറിയണം, ഭയമല്ല, ശത്രുവിന്റ കൈകളിൽപ്പെടാതിരിക്കാൻ ശ്രദ്ധയാണ് വേണ്ടത്. കഴുകന്‍ കണ്ണുകളില്‍ നമ്മുടെ പിഞ്ചുപൈതങ്ങള്‍ വരെ കൊത്തിവലിക്കപ്പെടുന്നത് വര്‍ത്തമാനത്തിന്റെ ശാപമായി അവശേഷിക്കുമ്പോള്‍ മൗനത്തിന്റെ കരിന്തോടു പൊട്ടിച്ചു പുറത്തിറങ്ങാന്‍ കവി പറഞ്ഞതോര്‍ക്കേണ്ടിയിരിക്കുന്നു. നിര്‍വികാരതയെ നിഷേധിക്കേണ്ടിയിരിക്കുന്നു. കവിതകളിലേറെയും സ്ത്രീയുടെ നോവുകള്‍ വരച്ചുവെക്കുമ്പോൾ, അവരുടെ നോവുകള്‍ക്ക് അറുതി കാണാന്‍ കടമ്മനിട്ട അലറിപ്പാടി. അമ്മയെ, പെങ്ങളെ, മക്കളെ നോവിക്കുന്നോരുടെ കുലം മുടിക്കുമെന്ന് കടമ്മനിട്ടക്കാവിലമ്മയ്ക്കുവേണ്ടി അറിഞ്ഞുശപിച്ചു. കടമ്മനിട്ടയില്‍ നിന്ന് ശബ്ദമായി കവി കേരളമാകെ പടര്‍ന്നു. നാല്‍ക്കവലകളും കലാശാലകളും സര്‍വകലാശാലകളും വയലേലകളും തൊഴില്‍ശാലകളും ചെവികൂര്‍പ്പിച്ചു.

കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.


1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ.1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.

മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി.വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

“നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചുഴന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്”


ചൊൽക്കാഴ്ചകളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള കവിതയെ ആസ്വാദകരിലേയ്ക്കെത്തിച്ച ആധുനിക കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. സമകാലിക കവികൾ പ്രകൃതി കേന്ദ്രീകൃത രചനകളിൽ മുഴുകിയപ്പോൾ മനുഷ്യ കേന്ദ്രീകൃതമായിരുന്നു കടമ്മനിട്ട കവിതകൾ.

പത്തനംതിട്ട കടമ്മനിട്ടയിൽ ജനിച്ചു. എം ആർ രാമകൃഷ്ണപ്പണിക്കർ ആണ്‌ ഔദ്യോഗിക നാമം.1965-ലാണ്‌ ആദ്യ കവിതയായ ‘ഞാൻ’ പ്രസിദ്ധീകരിക്കുന്നത്‌. 1976-ൽ ആദ്യപുസ്തകം ഇറങ്ങി. കുറത്തി, കടമ്മനിട്ട, കിരാതവൃത്തം, ശാന്ത, കണ്ണൂർകോട്ട, പുരുഷസൂക്തം, കടമ്മനിട്ടയുടെ കവിതകൾ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽ പൊട്ടൻ, മിശ്രതാളം, വെളളിവെളിച്ചം എന്നിവയാണ്‌ പ്രധാന കവിതാഗ്രന്ഥങ്ങൾ. ഗോദായെ കാത്ത്‌ (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകം), സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ) എന്നിവ വിവർത്തന കൃതികളാണ്. ‘കടമ്മനിട്ട കവിതകൾ’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡും ആശാൻ പുരസ്കാരവും ലഭിച്ചു.