Fri. Mar 29th, 2024

✍️  സി. ആർ. സുരേഷ്

ദാർശനിക ഗാംഭീര്യവും ഭാഷയുടെ ഉദ്യാനകാന്തിയും നിറഞ്ഞ കൃതികളിലൂടെ മലയാള സാഹിത്യത്തിന് അമൂല്യ ശിൽപ്പങ്ങളൊരുക്കിയ പ്രതിഭയാണ് ഒ.വി.വിജയൻ (1930 – 2005). വാക്കും വരയും ചിന്തയും ഒരുപോലെ വഴങ്ങിയ അദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ആക്ഷേപഹാസ്യകാരൻ, രാഷ്ട്രീയ ചിന്തകൻ, പത്രപ്രവർത്തകൻ, ദേശീയ പ്രശസ്തനായ കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു.

ആദ്യകാലത്ത് അദ്ദേഹത്തിന്റെ കൃതികളുടെ മുഖ്യ സവിശേഷത അവയിൽ നിറഞ്ഞുനിന്ന ഹാസ്യമായിരുന്നു. പിൽകാലകൃതികളിൽ ദാർശനികവും ആധ്യാത്മികവുമായ ഗൗരവം പ്രാധാന്യം നേടി. അദ്ദേഹത്തിന്റെ ഓരോ നോവലും മലയാളികളുടെ ചിന്താജീവിതത്തെ പിടിച്ചുലച്ചു.

പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനനം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. എഴുത്തിലും കാർട്ടുണ്ട് ചിത്രരചനയിലും അക്കാലത്ത് തന്നെ താല്പര്യം പ്രകടമാക്കി. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി. ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു.


1953-ൽ ജയകേരളം വാരികയിൽ ആദ്യത്തെ മലയാള ചെറുകഥയായ പറയു, ഫാദർ ഗൺസാലെസ് അച്ചടിച്ചുവന്നു.1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ഖസാക്കിന്റെ ഇതിഹാസം 1969-ൽ പുസ്തകരൂപത്തിൽ എത്തി. അനിയത്തി ഒ.വി.ശാന്തയ്ക്ക് നിയമനം ലഭിച്ച ഏകാധ്യാപിക വിദ്യാലയം സ്ഥിതി ചെയ്തിരുന്ന തസ്രാക്ക് എന്ന ഗ്രാമമാണ് ഖസാക്ക് എന്ന ഗ്രാമമായി നോവലിൽ പുനഃസൃഷ്ടിച്ചത്.

മലയാള ഭാവനയിൽ മോഹവലയം തീർത്ത ‘ഖസാക്കിന്റെ ഇതിഹാസം’ അസാധാരണമായ സൗന്ദര്യംനിറഞ്ഞ ഭാഷകൊണ്ട് കാന്തശക്തിപ്പോലെ ഓരോ തലമുറയിലെ വായനക്കാരെ ഇന്നും വശീകരിക്കുന്ന കൃതിയാണ്. 1985-ൽ പുറത്തുവന്ന ധർമപുരാണം ഇന്ത്യൻ രാഷ്ട്രീയത്തെയും ഒപ്പം ലോകത്ത് എവിടെയും സംഭവിക്കാവുന്ന സർവാധിപത്യഭരണത്തെയും മഹാഭീകരതയെയും നിഷ്ഠൂരതയെയും ജനദ്രോഹത്തെയും കടുംനിറത്തിൽ അവതരിപ്പിക്കുന്നു. 1974-ൽ പൂർത്തിയായ ഈ നോവൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ പ്രസിദ്ധീകരണം നിർത്തിവച്ചതാണ് പതിനാറ് വർഷം വൈകിയത്.


1988-ൽ പുറത്തുവന്ന ‘കടൽത്തീരത്ത്’ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. വായനക്കാരെ വേദനയും വീർപ്പുമുട്ടലും നിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഈ കൃതി എത്തിക്കുന്നു.

പദ്മഭൂഷൺ, കേന്ദ-കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, വയലാർ – ഓടക്കുഴൽ – എഴുത്തച്ഛൻ പുരസ്കാരങ്ങൾ ലഭിച്ചു. 2005 ൽ ആന്ധ്രാ സർക്കാർ ആയുഷ്കാല നേട്ടത്തിനുള്ള പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

അശാന്തി, ബാലബോധിനി, കാറ്റുപറഞ്ഞ കഥ, പുതുപ്രബന്ധവും മറ്റു കഥകളും, കുറേ കഥാബീജങ്ങൾ, ഒ.വി.വിജയന്റെ കഥകൾ (ചെറുകഥാസമാഹാരം), ഗുരുസാഗരം, മധുരം ഗായതി, തലമുറകൾ (നോവൽ), കാർട്ടൂൺ സമാഹാരമായ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം, ഖസാക്കിന്റെ ഇതിഹാസ’ത്തെപ്പറ്റിയുള്ള ആത്മകഥാപരമായ ‘ഇതിഹാസത്തിന്റെ ഇതിഹാസം, പ്രവാചകന്റെ വഴി, എന്നിവയാണ് മറ്റു പ്രധാന കൃതികൾ….

പ്രശസ്ത കവയിത്രി ഒ.വി.ഉഷ സഹോദരിയാണ്.