Thu. Mar 28th, 2024

യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു. കുളപ്പട മുണ്ടിയോട് ചൊവാഴ്ച രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആനാട് സ്വദേശിയായ അരുൺ(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ അഞ്ജു(26), കാമുകനും അരുണിന്റെ സുഹൃത്തുമായ ശ്രീജു(30) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും ശ്രീജുവും മൊഴി നൽകിയത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ആരാണ് കൊലനടത്തിയതെന്ന് പറയാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പത്തുവർഷം മുൻപ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ അഞ്ജുവും അരുണും പ്രണയത്തിലായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരും വിവാഹിതരായി.അതോടെ അഞ്ജുവിനെ വീട്ടുകാർ പുറത്താക്കി. തുടർന്ന് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. നാലുവർഷത്തിന് മുമ്പ് അഞ്ജു അരുണിന്റെ കൂട്ടുകാരനായ ശ്രീജുവുമായി അടുപ്പത്തിലായി. ഇക്കാര്യം അരുൺ അറിഞ്ഞതോടെ വീട്ടിൽ പ്രശ്നങ്ങളായി. അരുണും അഞ്ജുവുമായി മാനസികമായി അകന്നു. തുടർന്ന് ഇരുവരും കുളപ്പടയിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
എന്നാൽ ഇവിടെയും ശ്രീജു രഹസ്യമായി എത്തുന്നുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കാൻ അഞ്ജുവും ശ്രീജുവും തീരുമാനിച്ചിരുന്നു. ഇക്കാര്യം അരുൺ അറിഞ്ഞതോടെ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. ഇതോടെ അരുണിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. അഞ്ജുവുമായുള്ള ശ്രീജുവിന്റെ അടുപ്പം അറിഞ്ഞതോടെ അയാളുടെ ഭാര്യയും പിണങ്ങിപ്പോയിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ ശ്രീജു അഞ്ജുവിനെ കാണാൻ എത്തി. ഈ സമയം അരുണും അവിടെ എത്തി. ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് ഇരുവരും വാക്കുതർക്കമുണ്ടാവുകയും കുത്തിക്കൊല്ലുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും ചേർന്ന് അരുണിനെ വിളിച്ചുവരുത്തുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. അരുൺ- അഞ്ജു ദമ്പതികൾക്ക് ഒൻപതുവയസുള്ള ഒരു മകളുണ്ട്.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913