Fri. Mar 29th, 2024

✍️  റെൻസൺ വി എം

ആധുനിക മനുഷ്യാവകാശ ചിന്തയിലെ ഒരു അവിഭാജ്യ ഘടകമാണ് അറിയാനുള്ള അവകാശം. യഥാർത്ഥ ലിബറൽ ജനാധിപത്യ രാജ്യങ്ങൾക്ക് ഈ അവകാശം അലംഘനീയമാണ്. മനുഷ്യാവകാശ ധ്വംസനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ ഈ അവകാശത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്. സത്യം അറിയുന്നതിനുള്ള അവകാശം ഇരകൾക്കു നീതി ലഭ്യമാക്കുന്നതു ത്വരിതപ്പെടുത്തും. മനുഷ്യാവകാശങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാകും സത്യം അറിയുന്നതിനുള്ള അവകാശം പലപ്പോഴും നടപ്പാക്കപ്പെടുക.

നീതിപൂർവ്വവും പൂർണ്ണവുമായ വിചാരണ നടത്താതെ കുറ്റാരോപിതനെ വേഗത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കുന്ന സംക്ഷിപ്ത വധശിക്ഷ (Summary Execution), നിർബന്ധിത തിരോധാനം, കാണാതാകൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പീഡനം എന്നിവയ്ക്ക്  ഇരകളായവർക്കും ബന്ധുക്കൾക്കും പൊതുസമൂഹത്തിനും, എന്താണു യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. സത്യം അറിയുന്നതിനുള്ള അവകാശം എന്താണ് എന്നു വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ എന്നിവയ്ക്ക് ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും ഫലപ്രദമായ പരിഹാരത്തിനുള്ള അവകാശമുണ്ട്. അവർ അനുഭവിച്ച ദുര്യോഗങ്ങളെ കുറിച്ചുള്ള വസ്തുതകൾ അറിയാനുള്ള അവകാശവും ഇതിൽ പെടുന്നു. ഈ അവകാശം വഴി കുറ്റവാളികൾ ആരെന്ന വിവരം, അവകാശ ലംഘനങ്ങളുടെ കാരണങ്ങൾ, നിർബന്ധിതമായി അപ്രത്യക്ഷമായവരെ സംബന്ധിച്ച് ഉചിതമെങ്കിൽ ഇപ്പോൾ അവരുള്ള സ്ഥലം, ഇന്നത്തെ അവരുടെ അവസ്ഥ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇരകൾക്കും സമൂഹത്തിനും ലഭിക്കും. (1).


നിരവധി രാജ്യങ്ങളിലെ കോടതികളും അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളും ഇരകളുടെ നിയമപരമായ ഈ അവകാശം അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന നൈയാമിക ഘടകങ്ങൾ കൃത്യമായി സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും, സത്യം അറിയുന്നതിനുള്ള അവകാശത്തിന്റെ അതിരുകൾ വികസിക്കുകയാണ്. സാമൂഹിക സാഹചര്യമനുസരിച്ച്, ഈ അവകാശം പ്രായോഗികതലത്തിൽ നടപ്പിലാക്കുന്നതിൽ ചില ചെറു വ്യത്യാസങ്ങൾ വ്യത്യസ്ത രാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾ തമ്മിലുണ്ട് എന്നും തിരിച്ചറിയണം.

സത്യം അറിയുന്നതിനുള്ള അവകാശത്തിനു വിവിധ മാനങ്ങളുണ്ട്. ഈ അവകാശം ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകൾക്കൊക്കെ ലഭ്യമാകേണ്ടതാണ്. പക്ഷേ, നിർബന്ധിത തിരോധാനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അവകാശം വളരെ വ്യക്തമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഈ അവകാശത്തിന്റെ ചില വശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൂടുതലായി അംഗീകരിക്കപ്പെടുന്നു. കാര്യക്ഷമമായ അന്വേഷണത്തിനുള്ള അവകാശം, വസ്തുതകളുടെ പരിശോധനയും ബോധ്യപ്പെടലും, കാര്യങ്ങളുടെ പരസ്യമായ വെളിപ്പെടുത്തൽ, നഷ്ടപരിഹാര ലഭ്യത എന്നിവയുൾപ്പെടെ ഇരകൾക്കു ലഭ്യമായ പരിഹാരത്തിനുള്ള അവകാശവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു; ഇരകൾക്കും കുടുംബങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാനുള്ള അലംഘനീയ
അവകാശവുമുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഫലമായി ജീവൻ നഷ്ടപ്പെട്ടവരെ സാംസ്കാരികമായി ഉചിതവും മാന്യവുമായ വിധത്തിൽ അനുസ്മരിക്കുന്നതിനും വിലപിക്കുന്നതിനുമുള്ള ബന്ധുക്കളുടെയും കമ്മ്യൂണിറ്റികളുടെയും അധികാരവും സത്യം അറിയാനുള്ള അവകാശത്തിന്റെ ഒരു മാനമാണ്. ഇരകൾക്കും കുടുംബങ്ങൾക്കും പുറമേ, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സത്യം അറിയാനുള്ള അവകാശം സമുദായത്തിനും പൊതുസമൂഹത്തിനും ഉണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിവര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമായാണു സത്യം അറിയാനുളള അവകാശത്തെ പല നിയമ സംവിധാനങ്ങളും പരിഗണിക്കുന്നത്.


മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, ചില യുദ്ധക്കുറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലും പ്രോസിക്യൂഷൻ ചെയ്യുന്നതു തടയാൻ കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കാനാവില്ല. അതിനാൽ, അത്തരം കുറ്റകൃത്യങ്ങൾക്കു പൊതുമാപ്പ് അനുവദിക്കുന്നതിന് എതിരേയുള്ള വിലക്കു സത്യം അറിയുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അനുസ്മരണത്തിനും ഓർമപ്പെടുത്തലിനുമുള്ള രേഖാപരമായ തെളിവുകൾ സംരക്ഷിക്കുന്നതിനു രാജ്യത്തിനുള്ള കടമയാണ് ഈ അവകാശത്തിന്റെ മറ്റൊരു വശം. അവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങളുള്ള ആർക്കൈവുകളിലേക്കു മതിയായ പ്രവേശനം ഉറപ്പാക്കുന്നതിനും അവ പരിരക്ഷിക്കുന്നതിനും രാഷ്ട്രത്തിനുള്ള ബാധ്യതയും സത്യം അറിയുന്നതിനുള്ള അവകാശത്തിന്റെ പരിധിയിൽ വരും.

എല്ലാ വർഷവും, ഘോരമായ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച സത്യം അറിയുന്നതിനുള്ള അവകാശത്തിനും ഇരകളുടെ അന്തസ്സിനും ഉള്ള അന്താരാഷ്ട്ര ദിനം (International Day for the Right to the Truth Concerning Gross Human Rights Violations and for the Dignity of Victims) മാർച്ച് 24 ന് ആചരിക്കുന്നു. 2010 ഡിസംബർ 21 നാണു യുഎൻ പൊതുസഭ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മനുഷ്യാവകാശങ്ങൾക്കായി നിലകൊണ്ട ആർച്ച് ബിഷപ്പ് ഓസ്കാർ അർനൾഫോ റൊമേറോ (ഓഗസ്റ്റ് 15, 1917 – മാർച്ച് 24, 1980) കൊല്ലപ്പെട്ടതു 1980 മാർച്ച് 24 ന് ആയിരുന്നു. അതിനാലാണു മാർച്ച് 24 ഈ ദിനാചരണത്തിനു തിരഞ്ഞെടുത്തത്. എൽ സാൽവഡോറിലെ ഏറ്റവും ദുർബ്ബലരായ വ്യക്തികളുടെ നേരേ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നതിൽ ആർച്ച് ബിഷപ്പ് സജീവമായിരുന്നു. ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ ആയ ആർച്ച് ബിഷപ്പ് ഓസ്‌കർ അർനൾഫോറൊമേറോയുടെ ജീവചരിത്രം ആഗോള മനുഷ്യാവകാശ പ്രവർത്തകർക്കൊക്കെ ആവേശം നല്കുന്നതാണ്. 1960 കളിലും 1970 കളിലും എൽ സാൽവഡോറിലെ പ്രമുഖ റോമൻ കത്തോലിക്ക പുരോഹിതനായിരുന്ന അദ്ദേഹം 1977 ൽ സാൻ സാൽവഡോറിലെ ആർച്ച് ബിഷപ്പായി. “സത്യത്തിനു വേണ്ടിയാണെങ്കിൽ തനിച്ചായിരിക്കാൻ ഭയപ്പെടരുത്…” ഓസ്കാർ അർനൾഫോ റൊമേറോയുടെ പ്രചോദനാത്മകമായ വാക്കളാണിവ.

സാന്റിയാഗോ ഡി മരിയയിലെ പാവപ്പെട്ട ഗ്രാമീണ സമൂഹങ്ങളോടൊത്തു പ്രവർത്തിച്ചപ്പോൾ രാഷ്ട്രീയ പ്രതിയോഗികൾക്ക് എതിരായ ഭരണകൂട അതിക്രമങ്ങൾ വർദ്ധിക്കുന്നതായി റൊമേറോയ്ക്കു മനസ്സിലായി. വലതുപക്ഷ ഗവൺമെന്റിന്റെ ശത്രുക്കളെ പീഡിപ്പിക്കുന്നതും വധിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതുമൊക്കെ മുൻകാലത്തു ഇടക്കൊക്കെ മാത്രമായിരുന്നു എന്നാൽ പിന്നീടതു സർവ്വസാധാരണമായി. സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളാക്കപ്പെടുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരുവിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. സാൽവഡോറിലെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള ആക്ടിവിസം ഇതിനകം തന്നെ സഹപ്രവർത്തകരിൽ നിന്നും കത്തോലിക്കാസഭയിലെ മേലധികാരികളിൽ നിന്നും കടുത്ത വിമർശനങ്ങൾക്കു കാരണമാകുന്നുണ്ടെന്നു റൊമേറോയ്ക്ക് അറിയാമായിരുന്നു. എന്നാൽ, തന്റെ വിശ്വാസത്തിന്റെ തത്ത്വങ്ങളാൽ ആഴത്തിൽ നയിക്കപ്പെടുന്ന ഒരു മനുഷ്യനെന്ന നിലയിൽ, അദ്ദേഹം ഭയപ്പെടാതെ പൊതുജനങ്ങളോട് സംസാരിച്ചു. “പുനരുത്ഥാനമില്ലാത്ത മരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല” അദ്ദേഹം പറഞ്ഞു. “അവർ എന്നെ കൊന്നാൽ, ഞാൻ സാൽവഡോറൻ ജനതയിൽ ഉയിർത്തെഴുന്നേല്ക്കും”. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുപിന്നാലെ, പ്രതിഷേധക്കാർക്കു നേരെ പോലീസ് വെടിയുതിർത്തതോടെ സമാധാനപരമായ റാലികൾ അക്രമാസക്തമായി. നിരായുധരായ പ്രതിഷേധക്കാരെ നാഷണൽ കത്തീഡ്രലിന്റെ പടിക്കെട്ടിൽ വെച്ചു വെടിവച്ചു കൊന്നതിന്റെ വാർത്തകൾ എൽ സാൽവഡോറിലേക്കു ലോകത്തിന്റെ കണ്ണുകൾ തിരിച്ചു. എൽ സാൽവഡോറിലെ യുഎസ് പിന്തുണയുള്ള വലതുപക്ഷ സൈനിക സർക്കാരും ഫറാബുണ്ടോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ടും (എഫ്എംഎൽഎൻ) തമ്മിലുള്ള 12 വർഷത്തെ ആഭ്യന്തര പോരാട്ടത്തിൽ 75,000 ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. നീതിയും അന്തസ്സും സംരക്ഷിക്കുന്നവരുടെ ധീരരായ നിരവധി ഉദാഹരണങ്ങളിലൊന്നായാണ് ഇന്നു റൊമേറോയെ ഓർമ്മിക്കുന്നത്.


എൽ സാൽവഡോറിലെ ദരിദ്രരായ പൗരന്മാരെ ലക്ഷ്യം വച്ചുള്ള കൊലപാതകം, ക്രൂരത, പാർശ്വവത്കരണം എന്നിവ അവസാനിപ്പിക്കാനുള്ള റൊമേറോയുടെ സമർപ്പണം 2010 ൽ യുഎൻ ഔദ്യോഗികമായി അംഗീകരിച്ചു. ഘോരമായമനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച സത്യമറിയുന്നതിനുള്ള അവകാശത്തിനും ഇരകളുടെ അന്തസ്സിനും ഉള്ള അന്താരാഷ്ട്ര ദിനമായി റൊമേറോയുടെ ചരമ വാർഷിക ദിനമായ മാർച്ച് 24 തിരഞ്ഞെടുത്തതിലൂടെ ആയിരുന്നു ഇത്.( 2). ആഗോള സമൂഹം ഈ ദിനം സവിശേഷമായി ആചരിക്കുന്നതിനു പിന്നിൽ ചില ഉദ്ദേശ്യങ്ങളുണ്ട്. ക്രൂരവും ആസൂത്രിതവുമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളെ സ്മരിക്കുക; അവർക്കു നീതി ലഭ്യമാക്കുന്നതിന്റെയും വസ്തുതകൾ അറിയാനുള്ള അവരുടെ അവകാശത്തിന്റെയും അലംഘനീയത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക; സർവ്വരുടെയും മനുഷ്യാവകാശങ്ങൾക്കായി പോരാടുകയും ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തവർക്ക് ആദരാഞ്ജലി അർപ്പിക്കുക; മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചതിനാൽ 1980 മാർച്ച് 24ന് കൊല്ലപ്പെട്ട എൽ സാൽവഡോറിലെ ആർച്ച് ബിഷപ്പ് ഓസ്കാർ അർനൾഫോ റൊമേറോയുടെ പ്രധാന പ്രവർത്തനങ്ങളും മൂല്യങ്ങളും തിരിച്ചറിയുക തുടങ്ങിയവയാണ് അവ.

ഗൗരവകരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു യുഎമനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് 2006 ൽ നടത്തിയ ഒരു പഠനത്തിൽസത്യം അറിയാനുള്ള അവകാശം അലംഘനീയം ആണെന്നു വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ പരിരക്ഷിക്കുകയും അതിന്റെ ലംഘനങ്ങൾക്കെനിരേ കാര്യക്ഷമമായ അന്വേഷണം നടത്തി ഇരകൾക്കു ഫലപ്രദമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യേണ്ടതു രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇതു വ്യക്തമാക്കി. ഈ പഠനം അനുസരിച്ചു സത്യം അറിയുന്നതിനുള്ള അവകാശം എന്നതുകൊണ്ട് അർത്ഥമാക്കുന്നതു വസ്തുതകളുടെ പൂർണ്ണവും സമഗ്രവുമായ ചിത്രം പൊതുസമൂഹത്തിനും ഇരകൾക്കും ലഭ്യമാകുക എന്നതാണ്. മനുഷ്യാവകാശ ധ്വംസനങ്ങളെയും അവ നടന്ന സവിശേഷ സാഹചര്യങ്ങളെയും അവയുടെ കാരണങ്ങളും അവയിൽ പങ്കെടുത്തവരെയും കുറിച്ചൊക്കെ അറിയാനുള്ള അവകാശം ഇതിൽ ഉൾപ്പെടുന്നു.
സത്യം അറിയുന്നതിനുള്ള അവകാശത്തെക്കുറിച്ചു 2009 ൽ പുറത്തുവിട്ട റിപ്പോർട്ടിൽ, യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഈ അവകാശം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ വ്യക്തമാക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആർക്കൈവുകളുടെയും രേഖകളുടെയും പരിപാലനം, അത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട വിചാരണകളിൽ ഉൾപ്പെട്ട സാക്ഷികളുടെയും മറ്റു വ്യക്തികളുടെയും പരിരക്ഷ തുടങ്ങിയവ ഈ റിപ്പോർട്ടിൽ പ്രാധാന്യത്തോടെ വിവരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ചു സത്യസന്ധമായ വസ്തുതകൾ അറിയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു മാതൃകയായി എൽ സാൽവഡോറിലെ അന്വേഷണക്കമീഷനെ എടുക്കാം. 1980 മുതൽ നടന്ന ഗൗരവകരമായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി 1991 ഏപ്രിൽ 27 ലെ മെക്സിക്കോ കരാറുകൾക്ക് അനുസൃതമായാണു എൽ സാൽവഡോറിനായുള്ള സത്യാന്വേഷണ കമ്മീഷൻ സ്ഥാപിതമായത്. ഈ അതിക്രമങ്ങൾ അവിടത്തെ പൊതുസമൂഹത്തിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തി. അതു വസ്തുതകളുടെ നിജസ്ഥിതി വെളിച്ചത്തു വരേണ്ടത് അത്യാവശ്യമാക്കി. ഇതാണു കമ്മീഷന്റെ രൂപീകരണത്തിലേക്ക് എത്തിച്ചത്. 1993 മാർച്ച് 15 ലെ റിപ്പോർട്ടിൽ, ‘ഡെത്ത് സ്ക്വാഡുകൾ’ എന്ന് വിളിക്കുന്ന സർക്കാർ അനുകൂല സേന ആർച്ച് ബിഷപ്പ് ഓസ്കാർ അർനൾഫോ റൊമേറോയെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള വസ്തുതകൾ ഈ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. 1980 മാർച്ച് 24 ന് കുർബ്ബാന അർപ്പിക്കുമ്പോൾ ഒരു ഘാതകൻ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയാണ് ഉണ്ടായത്.


ചരിത്രത്തിലുടനീളം, രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ വേലിയേറ്റം ഉണ്ടായതോ അല്ലെങ്കിൽ കൊടും ക്രൂരതയുടെ യുഗത്തിൽ നിന്നു കരകയറുന്നതോ ആയ രാജ്യങ്ങൾക്കു ചിലപ്പോഴൊക്കെ സാമൂഹിക തലത്തിൽ സമാനതകളേക്കാൾ കൂടുതൽ വ്യത്യാസങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വ്യാപകമായ അക്രമത്തെയും അടിച്ചമർത്തലിനെയും അഭിമുഖീകരിച്ച പാരമ്പര്യത്തെ ഈ രാജ്യങ്ങൾ ജനങ്ങളുടെ ഏകീകരണത്തിനുള്ള മാർഗ്ഗമായി പലപ്പോഴും കാണുന്നു. എന്നാൽ, ഭൂതകാലത്തെക്കുറിച്ചുള്ള സത്യം അന്വേഷിച്ചിറങ്ങുന്നവർ പലപ്പോഴും അനേകം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. മർദ്ദക ഭരണകൂടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കും. ഭരണകൂട ക്രൂരതകളുടെ സത്യസന്ധമായ അവതരണം ചരിത്രത്തിനു മുന്നിൽ തങ്ങളെ വിചാരണയ്ക്കു വിധേയമാക്കും എന്നവർക്കറിയാം. അതിനാൽ, തങ്ങളുടെ പ്രവർത്തനം നിയമാനുസൃതം ആക്കുന്നതിന് അവർ മനഃപൂർവ്വം ചരിത്രം മാറ്റിയെഴുതും.

ഗൗരവമായ മനുഷ്യാവകാശ കുറ്റങ്ങളുടെ ചരിത്രം കൃത്യമായി മനസ്സിലാക്കുന്നതു വഴി അവ അവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ആരായാനും സമൂഹത്തെ സഹായിക്കും. ആഘാതകരമായ സംഭവങ്ങൾക്കു ശേഷം സമാധാനം കൈവരിക്കാൻ വസ്തുതകളുടെ തിരിച്ചറിവു സഹായിക്കും.വർഷങ്ങളോളം നീണ്ട പീഡനങ്ങൾക്കു ശേഷം വ്യക്തിയുടെ അന്തസ്സു പുനഃസ്ഥാപിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും കുറ്റവാളികളായ സർക്കാരോ സമൂഹിക വിഭാഗമോ കുറ്റകൃത്യത്തിലെ പങ്കാളിത്തം നിരസിക്കാതെ ഇരിക്കാനും ഇതു സഹായിക്കും. ഭരണവ്യവസ്ഥയിലോ സാമൂഹിക രാഷ്ട്രീയ ഘടനയിലോ ഉള്ള കലുഷിതമായ മാറ്റങ്ങൾക്കു ശേഷം, വസ്തുതകളുടെ പ്രകാശനം വളരെ ആവശ്യമാണ്. മുൻകാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ്അ വയുടെ ആവർത്തനത്തെ തടയാൻ അത്യാവശ്യമാണ്. മുൻകാല കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ധീരവും അശ്രാന്തവുമായ പോരാട്ടം, നീതിപൂർവകമായ ഒരു സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന്റെ നിർണ്ണായക ഘട്ടമാണെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കുറ്റവാളികളുടെ ക്രിമിനൽ ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനോ വ്യവസ്ഥയുടെ പരിഷ്കരണത്തിനോ സാമൂഹിക പരിവർത്തനത്തിനോ ഉള്ള ആദ്യപടിയാണു സത്യത്തിന്റെ വെളിപ്പെടൽ. ഇതിന്റെ അഭാവത്തിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ തുടരും. ലോകമെമ്പാടുമായി രൂപവത്കരിക്കപ്പെട്ട നിരവധി സത്യാന്വേഷണ ഫോറങ്ങൾക്കു മുൻകാല മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിലും പരിഹരിക്കുന്നതിലും നിർണ്ണായക പങ്കുണ്ടായിരുന്നു. സത്യാന്വേഷണത്തിന്റെ ഏറ്റവും ഫലപ്രദമായ സംവിധാനമായി സത്യാന്വേഷണ കമ്മീഷനുകൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നുവരെ, 40 ലധികം സത്യാന്വേഷണ കമ്മീഷനുകൾ ഔദ്യോഗികമായി രൂപവത്ക്കരിച്ചു, മുൻകാല കുറ്റങ്ങളുടെ കൃത്യമായ വിവരണം നല്കാനും ഇരകളുടെ സാക്ഷ്യങ്ങൾ ഔദ്യോഗികമായി കേൾക്കാനുള്ള വേദി ഇതിലൂടെ ലഭിച്ചു.(2).

സത്യം അറിയുന്നതിനുള്ള അവകാശം മനുഷ്യാവകാശങ്ങൾ പരിരക്ഷിക്കുന്നതിനും ഉറപ്പു നല്കുന്നതിനുമുള്ള രാജ്യത്തിന്റെ കടമയുമായി ചേർന്നിരിക്കുന്നു. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ, മാനുഷിക നിയമത്തിന്റെ ഗൗരവകരമായ ലംഘനങ്ങൾ എന്നിവയെക്കുറിച്ചു കാര്യക്ഷമമായ അന്വേഷണം നടത്താനും ഫലപ്രദമായ പരിഹാരങ്ങളും നഷ്ടപരിഹാരവും ഉറപ്പുനല്കാനുള്ള രാജ്യത്തിന്റെ ബാധ്യതയുമായും ഈ അവകാശം ബന്ധപ്പെട്ടിട്ടുണ്ട്. സത്യം അറിയുന്നതിനുള്ള അവകാശം നിയമവാഴ്ചയുമായും ജനാധിപത്യ സമൂഹത്തിലെ സുതാര്യത, ഉത്തരവാദിത്തം, സദ്ഭരണം എന്നീ തത്വങ്ങളുമായും യോജിക്കുന്നു. സത്യം അറിയുന്നതിനുള്ള അവകാശം മറ്റ് അവകാശങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഫലപ്രദമായ പ്രതിവിധിക്കുള്ള അവകാശം; നിയമപരവും നീതിന്യായപരവുമായ സംരക്ഷണത്തിനുള്ള അവകാശം; കുടുംബജീവിതത്തിനുള്ള അവകാശം; കാര്യക്ഷമമായ അന്വേഷണത്തിനുള്ള അവകാശം; യോഗ്യതയുള്ളതും സ്വതന്ത്രമായതും ആയ നിഷ്പക്ഷ ട്രൈബ്യൂണൽ കേസു കേൾക്കാനുള്ള അവകാശം; നഷ്ടപരിഹാരം നേടാനുള്ള അവകാശം; പീഡനങ്ങളിലും അധിക്ഷേപങ്ങളിലും നിന്നു മുക്തമാകാനുള്ള അവകാശം; വിവരങ്ങൾ തേടാനും നല്കാനുമുള്ള അവകാശം തുടങ്ങിയവയാണു ഇവ. മനുഷ്യന്റെ അന്തർലീനമായ അന്തസ്സു സംരക്ഷിക്കാൻ സത്യം അറിയാനുള്ള അവകാശം അത്യധികം പ്രധാനമാണ്. പീഡനം, നിയമവിരുദ്ധമായ വധശിക്ഷകൾ, നിർബന്ധിത തിരോധാനം തുടങ്ങിയ ഘോരമായ മനുഷ്യാവകാശ ലംഘന കേസുകളിലും മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനങ്ങളിലും അന്താരാഷ്ട്ര നിയമപ്രകാരം ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും വസ്തുതകൾ അറിയാനുള്ള അർഹതയുണ്ട്. ഈ അവകാശത്തിന് ഒരു സാമൂഹിക മാനമുണ്ട്.


ഭൂതകാലത്തെ കുറിച്ചുള്ള സത്യം അറിയാൻ സമൂഹത്തിന് അവകാശമുണ്ട്.ഗൗരവകരമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അത്തരം സംഭവങ്ങളുടെ ആവർത്തനത്തെ തടയാൻ സഹായിക്കും എന്നതിനാലാണത്. സത്യം അറിയുന്നതിനുള്ള അവകാശം വ്യക്തിഗതവും അലംഘനീയവും മൗലികവുമാണ്. അതിനാൽ ഈ അവകാശത്തെ പരിമിതപ്പെടുത്തരുത്. പീഡനത്തിനും അധിക്ഷേപത്തിനും വിധേയരാകാതിരിക്കാനുള്ള അവകാശത്തെപ്പോലെ അലംഘനീയമാണ് ഈ അവകാശവും. പൊതുമാപ്പ്, ശിക്ഷാഇളവ് തുടങ്ങിയ നടപടികൾ വഴി ഈ അവകാശത്തെ പരിമിതപ്പെടുത്താനോ നിരസിക്കാനോ ദുർബലപ്പെടുത്താനോ പാടില്ല. അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലുകൾ, സത്യാന്വേഷണ കമ്മീഷനുകൾ, ദേശീയ ക്രിമിനൽ ട്രൈബ്യൂണലുകൾ, ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങൾ, മറ്റ് ഭരണസ്ഥാപനങ്ങളും സത്യം അറിയുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന ഉപകരണങ്ങളായി മാറണം. സത്യം അറിയുന്നതിനുള്ള അവകാശത്തിൽ ന്യായമായ താൽപര്യം ഉള്ള ഏതെങ്കിലും വ്യക്തിക്കോ സർക്കാരിതര സംഘടനയ്ക്കോ ജുഡീഷ്യൽ പ്രക്രിയയിൽ പങ്കെടുക്കാനാകണം എന്നതും ഈ അവകാശം ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്. ഹേബിയസ് കോർപ്പസ് പോലുള്ള ജുഡീഷ്യൽ പരിഹാരങ്ങളും അവകാശത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങളാണ് സത്യം അറിയാനുള്ള അവകാശം.

ആഗോളതലത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിനും സത്യം അറിയാനുള്ള ഇരകളുടെ അവകാശങ്ങൾക്കുമായി പ്രവർത്തിക്കന്നവരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന രാജ്യങ്ങളെ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര കോടതികളുടെയും മറ്റും പ്രവർത്തനഫലമായി രാജ്യങ്ങളുടെ ഉത്തരവാദിത്വമായി പല കാര്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഫലപ്രദമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുക; കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക; മനുഷ്യാവകാശ ലംഘനങ്ങൾ അംഗീകരിക്കുകയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്യുക; ഇതു സംബന്ധിച്ച കോടതി വിധികൾ പ്രസിദ്ധീകരിക്കുക; ഇരകൾക്കു നഷ്ടപരിഹാരം നല്കുക; ഇരകളുടെ കോടതി ചെലവുകൾ തിരിച്ചു നല്കുക; കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മടങ്ങിവരവ് സുഖമമാക്കുന്നതിനു സുരക്ഷ മെച്ചപ്പെടുത്തുക; അവകാശ ലംഘനത്തിന്റെ ആവർത്തനം ഒഴിവാക്കാൻ നടപടിയെടുക്കുക; മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ദേശീയ നിയമങ്ങൾ മാറ്റുക; അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി രാജ്യനിയമങ്ങളെ പൊരുത്തപ്പെടുത്താൻ നടപടികൾ സ്വീകരിക്കുക; മനുഷ്യാവകാശ ലംഘനത്തിന്റെ സ്മരണയ്ക്കായി സ്മാരകങ്ങൾ നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചു വളരെ പ്രധാനമാണു മനുഷ്യാവകാശ ലംഘനങ്ങളുടെ പഠനം. ഇന്ത്യയുടെ സാമൂഹിക ഘടന സങ്കീർണ്ണമാണ്. ഈ സാമൂഹിക ഘടനയെ നിയന്ത്രിക്കുന്ന നിയമങ്ങളൊക്കെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കേണ്ടതു ധാർമ്മിക ബാധ്യതയാണെന്ന ചിന്തയെ പുറകോട്ടടിക്കുന്നതുമാണ്. മനുഷ്യാവകാശത്തിന് അനുകൂല കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയ്ക്കു പകരം യാഥാസ്തിതികമായ ജീവിത വീക്ഷണം മുന്നോട്ടു വയ്ക്കുന്ന മതഗ്രന്ഥഭാഗങ്ങളാണു നമ്മെ പ്രചോദിപ്പിക്കുന്നത്. അത് ഇന്ത്യയിലെ ഓരോ പൗരനെയും നിരവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കുന്നതിലേക്കു നയിക്കുന്നുണ്ട്. കൂടാതെ, ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ വസ്തുതകൾ പുറത്തറിയുന്നതിനും ഇരകൾക്കു നീതി ലഭ്യമാക്കുന്നതിനും സാമൂഹിക തലത്തിൽ തന്നെ തടസ്സങ്ങൾ നേരിടുന്നുമുണ്ട്. ഇന്ത്യയിലെ വ്യവസ്ഥാപിതമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ചിലവ താഴെ വിവരിക്കുന്നു(4).

ഇന്ത്യയിലെ സായുധ പോലീസും മിലിട്ടറി സംവിധാനങ്ങളും ഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ദുഷ്പേരു നിരന്തരം കേൾപ്പിക്കുന്നവരാണ്. നിയമവിരുദ്ധമായ അറസ്റ്റ്, പീഡനം, കസ്റ്റഡി മരണം, കൊലപാതകം, നിർബന്ധിത തിരോധാനം, സ്ത്രീകളുടെ ബലാത്സംഗം തുടങ്ങിയ ഏറ്റവും ഹീനമായ കുറ്റങ്ങൾ വരെ ഇവിടത്തെ സായുധ സേന നടത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നതിലുപരി ഭരണകൂടത്തിന്റെ മർദ്ദനോപകരണമായി പ്രവർത്തിക്കുക എന്നതാണ് ഈ സായൂധസേനകളുടെ പലപ്പോഴും ഉള്ള പണി. രാജ്യരക്ഷയുടെ പേരിൽ നടക്കുന്നതായതിനാൽ ബഹുഭൂരിപക്ഷം കേസുകളിലും കുറ്റവാളികൾ രക്ഷപെടുകയും ഇരകൾ നിരാശ്രയരായി അലയുകയും ചെയ്യും. ഇന്ത്യയിലെ സായുധ പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും അധികം നടക്കുന്ന പ്രദേശങ്ങളാണു ജമ്മു കാശ്മീരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും എന്നാണു മനുഷ്യാവകാശ പ്രസ്ഥാനങ്ങളൊക്കെ വ്യക്തമാക്കുന്നത്.


ഈ മേഖലകളിലെ സേനാപ്രവർത്തനങ്ങൾ രഹസ്യാത്മകമായതിനാൽ അതിടനുബന്ധിച്ച് ഉണ്ടാകുന്ന അവകാശ ലംഘനങ്ങളും നിഗൂഢമായി തുടരുന്നു. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചു പറയുമ്പോൾ ഇന്ത്യ പരിഹരിക്കേണ്ട ഏറ്റവും പ്രധാന പ്രശ്നമാണ് ജാതിയുടേത്. ശാരീരിക സുരക്ഷയ്ക്കും ജീവിതത്തിനുമുള്ള അവകാശം; അക്രമത്തിൽ നിന്നു മുക്തമാകാനുള്ള അവകാശം; തുല്യ രാഷ്ട്രീയ പങ്കാളിത്തത്തിനും നീതിയ്ക്കുമുള്ള അവകാശം; ഭൂമി സ്വന്തമാക്കാനുള്ള അവകാശം; പൊതു സാമൂഹിക സേവനങ്ങളിലേക്കു തുല്യമായി പ്രവേശിക്കാനുള്ള അവകാശം; മതസ്വാതന്ത്ര്യത്തിനുള്ള അവകാശം; സ്വതന്ത്രമായി വിവാഹത്തിനുള്ള അവകാശം; വിദ്യാഭ്യാസത്തിനും സാംസ്കാരിക സ്വത്വത്തിനും ഉള്ള അവകാശം; തുല്യ അവസരത്തിനുള്ള അവകാശം; തൊഴിലവസരങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം; നിർബന്ധിതമോ ബന്ധിതമോ ആയ അധ്വാനത്തിൽ നിന്ന് മുക്തനാകാനുള്ള അവകാശം; ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റത്തിൽ നിന്നു സംരക്ഷണത്തിനുള്ള അവകാശം; മതിയായ ഭക്ഷണം, വെള്ളം, ശുചിത്വം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ലഭ്യമാക്കപ്പെട്ട് ആരോഗ്യകരമായ ജീവതത്തിനുള്ള അവകാശം തുടങ്ങിയവ ജാതി വിവേചനം മൂലം നിഷേധിക്കപ്പെടുന്നു. ഹൈന്ദവ മതത്തിന്റെ പിന്തുണയുള്ളതിനാൽ ഇതിന്റെ ഇരകൾക്കു നീതി ലഭിക്കാനും സത്യം അറിയാനുമൊക്കെയുള്ള സാധ്യത പ്രായോഗികമായി വിരളമാണ്. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വസ്തുതകൾ പൊതുസമക്ഷം ലഭ്യമാക്കുന്നതിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇരകൾക്കു സത്യം അറിയുന്നതിനായി നമ്മുടെ രാജ്യത്തു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ ആഴം വ്യക്തമാക്കുന്നു.

കടുത്ത പുരുഷാധിപത്യ മൂല്യങ്ങൾ പിന്തുടരുന്ന സമൂഹമായതിനാൽ ഇന്ത്യയിലെ സ്ത്രീകളും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരകളാകുന്നു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുടുംബത്തിന്റെ അന്തസ്സു സംരക്ഷിക്കേണ്ട ബാധ്യതയുടെ പേരിൽ മറച്ചുവയ്ക്കപ്പെടുകയാണ്. സാമൂഹിക കലാപങ്ങളുടെ ഇരകളായി ബലാത്സംഗം ചെയ്യപ്പെടുക, കൊല്ലപ്പെടുക എന്നതൊക്കെ ഇവിടെ സാധാരണമാണ്. മത വിശ്വാസവുമായി ബന്ധപ്പെട്ടു നടക്കുന്ന ലൈംഗിക ചൂഷണം,,നിർബന്ധിത തൊഴിൽ, സ്ത്രീകളെ കടത്തിക്കൊണ്ടു പോകൽ, സ്ത്രീകളുടെ നിർബന്ധിത തിരോധാനം തുടങ്ങിയവ ഇവിടെ സാധാരണമാണ്.

ശൈശവകാലം മുതൽ അചിന്തനീയമായ മനുഷ്യാവകാശ ലംഘനങ്ങളെ കുട്ടികൾ അഭിമുഖീകരിക്കുന്നു. സമൂഹത്തിൽ ആകമാനമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ കുട്ടികളുടെ അവകാശങ്ങളെ പ്രത്യേകമായി ബാധിക്കുന്നു. ഇന്ത്യയുടെ അമിത മതബോധവും യാഥാസ്ഥിതിക സാമൂഹിക വ്യവസ്ഥിതിയും ശിശുക്കളുടെ നേരേയുള്ള മനുഷ്യാവകാശങ്ങളെ തിരിച്ചറിയുന്നതിനു പോലും നമ്മെ അശക്തരാക്കുന്നു. എന്നാൽ, ഇപ്പോൾ വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ കുട്ടികൾക്കുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നയങ്ങളുമായി വരുന്നു. തട്ടിക്കൊണ്ടുപോകൽ, ഭിക്ഷാടനം, ബാലവേല, നിർബന്ധിത തൊഴിൽ, കുട്ടികളെ കടത്തൽ, കുട്ടികളുടെ ചൂഷണം, ലൈംഗിക ആഭിമുഖ്യം തുടങ്ങിയവ ശിശുക്കൾക്കു നേരേയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായി കണക്കാക്കപ്പെടുന്നു. കുട്ടികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭിക്കാൻ നാം ഇന്നും വളരെ ബുദ്ധിമുട്ടുകയാണ്.


ഇന്ത്യയിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കുകയാണെങ്കിൽ,മതം, ഭാഷ, വംശീയത, സംസ്കാരം, വംശം മുതലായവയുടെ പേരിലുള്ള ആക്രമണങ്ങൾ കുറ്റകരമായ മനുഷ്യാവകാശ ധ്വംസനങ്ങളിലേയ്ക്കു നയിക്കുന്നു. ഇവയുടെ കെടുതി കൂടുതലും പാർശ്വവത്കൃതരാകും അനുഭവിക്കുക. സ്വയം ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ പ്രബലരായ അധികാരികൾ ഇതിന്റെ ഇരകളെ അടിച്ചമർത്തും.ഇന്ത്യയിൽ നടന്ന വർഗ്ഗീയ കലാപങ്ങളിലൊക്കെ ബഹുഭൂരിപക്ഷം ഇരകളും ഭരണകൂടത്തിന്റെ ശത്രുക്കൾ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ കലാപങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി തന്നെ മറച്ചു വയ്ക്കപ്പെടുകയായിരുന്നു.

എൽജിബിടി അവകാശങ്ങൾ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനു സാമൂഹിക തലത്തിൽ ഇന്ത്യ നിഷേധാന്മകമായാണു മറുപടി നല്കുന്നത്. അതിനാൽ,എൽ‌ജിബിടി അവകാശങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങൾ തണെയാണെന്ന അറിവിലേക്ക് ഇന്ത്യയെ നയിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണ്. എൽജിബിടി അവകാശങ്ങളുടെ നിഷേധം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അതിനാൽ എൽ‌ജിബിടി അവകാശങ്ങൾ നടപ്പാക്കുന്നതിൽ വിവേചനം ഉണ്ടാകരുതെന്നും നാം തിരിച്ചറിയണം. എൽജിബിടി സമൂഹം നേരിടുന്ന സാമൂഹിക ബഹിഷ്കരണം മൂലം അവരുടെ നേരേ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ യഥാർത്ഥ ചിത്രം സമൂഹത്തിനു മുമ്പിൽ എത്തുന്നത് തടസ്സപ്പെടുന്നു. അവരുടെ നേരേ നടക്കുന്ന അതിക്രമങ്ങളുടെ സത്യാവസ്ഥ കൃത്യമായി മനസ്സിലാക്കേണ്ടത് മുഖ്യധാരയിലേക്കുള്ള അവരുടെ മുന്നേറ്റത്തിന് അത്യാവശ്യമാണ്.

ഘോരമായ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച സത്യം അറിയുന്നതിനുള്ള അവകാശത്തിനും ഇരകളുടെ അന്തസ്സിനും ഉള്ള അന്താരാഷ്ട്ര ദിനം ആചരിക്കുമ്പോൾ ഈ രാജ്യത്തെ അവകാശ ധ്വംസനത്തിന്റെ ദുരിതം പേറുന്നവർ പൊതുസമൂഹത്തോടും ഭരണാധികാരികളോടും ചില കാര്യങ്ങൾ പ്രത്യേകമായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ പിറവി മുതൽ ഇവിടെ നടന്ന ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളെല്ലാം തന്നെ ഭരണകൂടത്തിന്റെ പിന്തുണയാലാണു ഉണ്ടായത്.അമിതദേശീയത, മതസ്പർദ്ധ, വംശീയത, പുരുഷാധിപത്യ ചിന്ത, യാഥാസ്ഥിതികത തുടങ്ങിയ പ്രതിലോമകരമായ ആശയങ്ങൾ പുലർത്തുന്നതും സാമൂഹിക അധികാരം കയ്യാളുന്നതുമായ വ്യക്തികളാണ് ഇതിനൊക്കെ പിന്നിലുണ്ടായിരുന്നത്. ഇവരുടെ ക്രൂരതകളുടെ ഇരകളൊക്കെ സമൂഹത്തിലെ പാർശ്വവത്കൃതരാണ്. ആയതിനാൽ, മനുഷ്യാവകാശ ധ്വംസനങ്ങൾ മൂലം ജീവിതംതന്നെ പ്രതിസന്ധിയിൽ ആയവർക്കു ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിധം ഒരു നിയമവ്യവസ്ഥ നമുക്ക് അത്യാവശ്യമാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ പൊതുസമൂഹത്ത ബോധ്യപ്പെടുത്താൻ യഥാർത്ഥ അധികാരമുള്ള ജനാധിപത്യ സ്ഥാപനങ്ങളും നമുക്കാവശ്യമാണ്. ആഗോള മനുഷ്യാവകാശ ചലനങ്ങൾക്കൊപ്പം മുന്നേറാനാകുന്ന നിയമങ്ങൾ രൂപപ്പെടുത്താനും രാജ്യംതയ്യാറാകണം. ഇതിനുള്ള ആർജ്ജവം ജനാധിപത്യ ഇന്ത്യക്കുണ്ടാകട്ടെ.

റഫറൻസ്
1.Truth Seeking: Elements of Creating an Eff ective Truth Commission; Page 3.
2.https://www.ictj.org/news/truth-foundation-justice
3.https://www.un.org/en/observances/right-to-truth-day
4.https://www.google.com/amp/lawtimesjournal.in/gross-human-rights-violations/%3famp