Fri. Mar 29th, 2024

✍️  റെൻസൺ വി എം

മനുഷ്യരെല്ലാം സ്വതന്ത്രരായി ജനിച്ചവരും തുല്യമായ അന്തസ്സും അവകാശങ്ങളും ഉള്ളവരും തങ്ങളുടെ സമൂഹങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ക്രിയാത്മകമായി സംഭാവന ചെയ്യാൻ കഴിവുളളവരും ആണെന്നു മാനവികതാവാദികൾ പ്രഖ്യാപിക്കുന്നു. മനുഷ്യൻ വെച്ചുപുലർത്തുന്ന വംശീയതയും മറ്റും മനുഷ്യന്റെ സമഗ്ര വികാസത്തെ തടയുന്നു എന്നും അവർ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ, വംശീയ മേധാവിത്വത്തിന്റെ ഏതൊരു സിദ്ധാന്തവും ശാസ്ത്രീയമായി തെറ്റും ധാർമ്മികമായി അപലപനീയവും സാമൂഹികമായി അന്യായവും അപകടകരവും ആണെന്നു അടുത്ത കാലത്തെ ഒരു പ്രമേയത്തിലൂടെ യുഎൻ പൊതുസഭ പ്രഖ്യാപിച്ചു. ഇതിനൊപ്പം, പ്രത്യേക മനുഷ്യ വംശങ്ങളുടെ അപ്രമാദിത്വം മറ്റുള്ളവരുടെ മേൽ ഉറപ്പിക്കുന്ന സിദ്ധാന്തങ്ങൾ നിരസിക്കണമെന്നും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു.

വംശീയ വിവേചനത്തിനെതിരായ മാനവരാശിയുടെ പോരാട്ടത്തിന്റെ ചരിത്രം സുദീർഘമാണ്. കാലങ്ങളോളം വംശീയ വിവേചനത്തിനെതിരായ പോരാട്ടം കൊളോണിയൽ വിരുദ്ധതയുമായി ബന്ധപ്പെട്ടിരുന്നു. 1950 -1970 കാലത്തു ഭൂമിയുടെ തെക്കുവശത്തുള്ള രാജ്യങ്ങൾ കൂടുതലായി യുഎന്നിൽ അംഗങ്ങളായി. ഇതോടെ, 1960 ൽ കൊളോണിയൽ രാജ്യങ്ങൾക്കും ജനങ്ങൾക്കും സ്വാതന്ത്ര്യം നല്കുന്നതിനുള്ള പ്രഖ്യാപനം (Declaration on the Granting of Independence to Colonial Countries and Peoples), 1963 ൽ എല്ലാവിധ വംശീയ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം (Declaration on the Elimination of All Forms of Racial Discrimination) തുടങ്ങിയ നിരവധി ചട്ടക്കൂടുകൾ വഴി യുഎന്നിന്റെ നേതൃത്വത്തിൽ രാഷ്ട്രീയവും നിയമപരവുമായ മാനദണ്ഡങ്ങൾ വികസിപ്പിച്ചു.

രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യം, വംശീയ വിവേചനത്തിനെതിരായ പോരാട്ടം തുടങ്ങിയവയെ സഹായിക്കാൻ ആയിരുന്നു ഇതൊക്കെ. ഭൂരിപക്ഷത്തിന്റെ, ഈ പ്രഖ്യാപനങ്ങൾ അംഗീകരിക്കുന്നതിനു പിന്നിലെ യുക്തി മറ്റു രാജ്യങ്ങളിലെ വിവേചനപരമായ നടപടികൾക്ക് അറുതി വരുത്തുക എന്നതായിരുന്നു. ആഭ്യന്തര മേഖലയിലും വിവേചനം നിലനില്ക്കുന്നു എന്ന ആശയം അപ്പോഴും അവഗണിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന നയവും പ്രയോഗവും രാജ്യങ്ങൾ ഏകകണ്ഠമായി അപലപിച്ചത് വിവേചനത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായക കുതിപ്പുണ്ടാക്കി. ഇതുവഴി, ഒരു രാജ്യത്തെ വംശീയത മറ്റുള്ളവരുടെ നിയമാനുസൃതമായ ആശങ്കയായി മാറി. അങ്ങനെ, ഈ വിഷയത്തിലെ രാഷ്ട്രാതിർത്തിക്കു പുറത്തു നിന്നുള്ള ഇടപെടൽ മൂലം ദേശീയ പരമാധികാരം അലംഘനീയമാണെന്ന തത്വം ഭാഗികമായി അട്ടിമറിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് International Convention on the Elimination of all Forms of Racial Discrimination എല്ലാവിധ വംശീയ വിവേചനവും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (ICERD) 1965 ൽ പൊതുസഭ അംഗീകരിച്ചത്. ഈ കൺവെൻഷന്റെ ആർട്ടിക്കിൾ 3 വർണ്ണവിവേചനത്തെക്കുറിച്ചു വ്യക്തമായ സൂചന നല്കുന്നു (1).

വംശീയതയ്ക്കെതിരായ യുഎന്നിന്റെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് എല്ലാ വർഷവും മാർച്ച് 21 ന് ആചരിക്കുന്ന വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം. വർണ്ണവിവേചനത്തിന് അനുകൂലമായ “പാസ് നിയമങ്ങൾ”ക്കെതിരായ (Pass Laws) സമാധാനപരമായ പ്രകടനത്തിന് എതിരേ ദക്ഷിണാഫ്രിക്കയിലെ ഷാപ്വില്ലിൽ പോലീസ് വെടിയുതിർക്കുകയും 69 പേരെ കൊലപ്പെടുത്തുകയും ചെയ്തതു 1960 മാർച്ച് 21 നാണ്. എല്ലാ വർഷവും വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ഈ ദിനത്തിലായത് ഇതു മൂലമാണ്. വംശീയതയെയും വംശീയ വിവേചനത്തെയും നേരിടാനുള്ള ദശകത്തിന്റെ (Decade for Action to Combat Racism and Racial Discrimination) രണ്ടാം പകുതിയിൽ ഏറ്റെടുക്കേണ്ട പ്രവർത്തന പരിപാടികൾ എന്താകണമെന്നു 1979 ൽ പൊതുസഭ നിശ്ചയിച്ചു. വംശീയതയ്ക്കും വംശീയ വിവേചനത്തിനും ഇരകളായവരോടു ഐക്യപ്പെടാനായി വർഷാവർഷം മാർച്ച് 21 ന് ആരംഭിക്കുന്ന ഒരാഴ്ച എല്ലാ രാജ്യങ്ങളിലും ഐക്യദാർഢ്യ വാരാചരണം സംഘടിപ്പിക്കാൻ പൊതുസഭ തീരുമാനിച്ചു (2).

അതിനുശേഷം, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന സമ്പ്രദായം അവസാനിച്ചു. വംശീയ നിയമങ്ങളും ആചാരങ്ങളും പല രാജ്യങ്ങളിലും നിർത്തലാക്കപ്പെട്ടു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനിൽ നിന്നു പ്രചോദിതമായി വംശീയതയ്‌ക്കെതിരേ പോരാടുന്നതിനുള്ള ഒരു അന്താരാഷ്ട്ര ചട്ടക്കൂട് ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷൻ ഇപ്പോൾ സാർവത്രിക അംഗീകാരത്തിനടുത്താണ്, എന്നിട്ടും, എല്ലാ പ്രദേശത്തും അനേകം വ്യക്തികളും സമുദായങ്ങളും സമൂഹങ്ങളും വംശീയതയുടെ അനീതിയും കളങ്കവും അനുഭവിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആരംഭം മുതൽ തന്നെ വംശീയ വിവേചനത്തിനെതിരേ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളിലും വംശീയ വിവേചനം തടയുന്നത് വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിന്റെ പശ്ചാത്തലം ഇതാണ്. ഇതുവഴി, പൊതു, സ്വകാര്യ മേഖലകളിലെ വംശീയ വിവേചനം അവസാനിപ്പിക്കൽ അംഗരാജ്യങ്ങളുടെ നിയമപരമായ ബാധ്യതയായി. വംശീയ വിവേചനം നിലനിറുത്താൻ സഹായിക്കുന്ന വ്യവസ്ഥകൾ ഇല്ലാതാക്കുന്നതിനു പ്രത്യേക നടപടികൾ സ്വീകരിക്കാനും യുഎൻ ആവശ്യപ്പെടുന്നു. മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഈ സാമൂഹിക തിന്മ അവസാനിപ്പീക്കാൻ യുഎൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഭാവിയിലേയ്ക്കും ചില സുപ്രധാന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വംശീയതയ്ക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായ ഡർബൻ പ്രഖ്യാപനവും പ്രവർത്തന പരിപാടിയും (Durban Declaration and Programme of Action) അംഗീകരിച്ചതിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 2021 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര പൊതുസഭ ന്യൂയോർക്കിൽ ലോക നേതാക്കളുടെ ഒരു ദിവസത്തെ ഒരു യോഗം സംഘടിപ്പിക്കും. “നഷ്ടപരിഹാരവും വംശീയനീതിയും തുല്യതയും ആഫ്രിക്കൻ വംശജർക്ക്” (Reparations, racial justice and equality for People of African Descent) എന്ന പ്രമേയമാണിവിടെ ചർച്ച ചെയ്യുക.

2001 ൽ നടത്തപ്പെട്ട വംശീയതയ്‌ക്കെതിരായ ലോക സമ്മേളനം വംശീയത, വംശീയ വിവേചനം, സെനോഫോബിയ, ഇവയോട് അനുബന്ധമായ അസഹിഷ്ണുത എന്നിവയ്‌ക്ക് എതിരായ ഏറ്റവും ആധികാരികവും സമഗ്രവുമായ ‘ഡർബൻ ഡിക്ലറേഷൻ ആൻഡ് പ്രോഗ്രാം ഓഫ് ആക്ഷൻ’ എന്ന (ഡിഡിപിഎ) പരിപാടി ആവിഷ്കരിച്ചു. 2009 ഏപ്രിലിൽ, ഡർബൻ റിവ്യൂ കോൺഫറൻസ് വംശീയത അവസാനിപ്പിക്കുന്നതിലെ ആഗോള പുരോഗതി പരിശോധിക്കുകയും ഇനിയും അനവധി കാര്യങ്ങൾ നേടാനുണ്ടെന്നു വിലയിരുത്തുകയും ചെയ്തു. വംശീയ വിരുദ്ധ അജണ്ടയോട് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധത പുതുക്കി എന്നതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ നേട്ടം.
ഡർബൻ ഡിക്ലറേഷനും പ്രോഗ്രാം ഓഫ് ആക്ഷനും അംഗീകരിച്ചതിന്റെ പത്താം വാർഷിക ആചരണത്തിനായി 2011 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര പൊതുസഭ ന്യൂയോർക്കിൽ ഒരു ദിവസത്തെ ഉന്നതതല യോഗം ചേർന്നു. അവിടെ, ലോക നേതാക്കൾ സമവായത്തിലൂടെ സ്വീകരിച്ച രാഷ്ട്രീയ പ്രഖ്യാപനം, “വംശീയത, വംശീയ വിവേചനം, സെനോഫോബിയ, ഇവയോട് അനുബന്ധ അസഹിഷ്ണുത എന്നിവയ്‌ക്കെതിരായ പോരാട്ടം നടത്താനുള്ള ശക്തമായ ദൃഢനിശ്ചയം പ്രഖ്യാപിച്ചു. തങ്ങളുടെ രാജ്യങ്ങൾക്ക് ഇരകളുടെ സംരക്ഷണം ഉയർന്ന മുൻഗണനയുള്ള വിഷയമാണെന്നും വ്യക്തമാക്കി. 2011 ലെ, ആഫ്രിക്കൻ വംശജർക്കായുള്ള അന്താരാഷ്ട്ര വർഷത്തിലെന്നപോലെ, പത്താം വാർഷികവും വംശീയതയ്‌ക്കും വംശീയ വിവേചനത്തിനും എതിരേ രാഷ്ട്രീയ പ്രതിബദ്ധത ശക്തിപ്പെടുത്താനുള്ള അവസരമായി. 2013 ഡിസംബർ 23 ന് യുഎൻ പൊതു സഭ ‘ആഫ്രിക്കൻ വംശജരുടെ അന്താരാഷ്ട്ര ദശകം’ (International Decade for People of African Descent) പ്രഖ്യാപിച്ചു. 2015 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ ആണിത്. “ആഫ്രിക്കൻ വംശജർ : അംഗീകാരം, നീതി, വികസനം” (People of African descent: recognition, justice and development) എന്ന പ്രമേയത്തെ ആധാരമാക്കിയാണ് ഈ ആചാരണം സംഘടിപ്പിച്ചത്.

“വംശീയതയ്‌ക്കെതിരേ നിലകൊള്ളുന്ന യുവാക്കൾ” (Youth standing up against racism) എന്നതാണ് 2021 ലെ വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ വിചിന്തന വിഷയം. സഹിഷ്ണുത, സമത്വം, വിവേചന വിരുദ്ധത എന്നിവയിൽ ഊന്നിയ ആഗോള സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ വംശീയ വിവേചനത്തിനെതിരേ പോരാടാൻ ഈ ദിനം പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. വംശീയ മുൻവിധികൾക്കും അസഹിഷ്ണുതയെ പിന്തുണയ്ക്കുന്ന മനോഭാവങ്ങൾക്കും എതിരേ നിലകൊള്ളാൻ നാം ധാർമ്മികമായി ബാധ്യസ്ഥരാണെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യാവകാശ പ്രവർത്തകരെ ആകർഷിച്ച 2020 ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ മാർച്ചുകളിൽ യുവാക്കൾ പിന്തുണ നിർണ്ണായകമായിരുന്നു. തെരുവുകളിൽ, വംശീയ അനീതിക്കെതിരേ പ്രതിഷേധിക്കാൻ യുവാക്കളുടെ നീണ്ടനിരകൾ പോരാട്ട വീര്യവുമായി അണിനിരന്നു. ഇവരിൽ നല്ലൊരു ശതമാനം ഇരുപതുകളിലൂടെ കടന്നുപോകുന്ന കൗമാരക്കാരായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം അവർ ഏറ്റെടുത്തു. സമരത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നതിൽ യുവാക്കളുടെ ഈ ഇടപെടൽ നിർണ്ണായകമായി. സമപ്രായക്കാരോടു വംശീയതയ്ക്കെതിരേ സംസാരിക്കാനും എല്ലാവരുടെയും തുല്യ അവകാശങ്ങൾക്കായി നിലകൊള്ളാനും യുവത ആഹ്വാനം ചെയ്തു.
പല രാജ്യങ്ങളും പൊതുവായ കൂട്ടായ്മകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യുവാക്കളുടെ പ്രവർത്തനം കൂടുതൽ ശ്രദ്ധേയമായിരുന്നു. 2020 ന്റെ തുടക്കത്തിൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയപ്പോൾ, സമാന്തരമായി മറ്റൊരു മഹാമാരി കൂടി അഴിച്ചുവിടപ്പെട്ടു. ചില വംശങ്ങൾക്കും ദേശീയതകൾക്കുമെതിരായ വിദ്വേഷത്തിന്റെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും ഒക്കെ വൈറസ് ആയിരുന്നു അത്. വംശീയതയിൽ വേരൂന്നിയ അസമത്വം ന്യൂനപക്ഷങ്ങളെ മഹാമാരിക്കും മരണത്തിനും കൂടുതൽ വേഗത്തിൽ ഇരകളാക്കുമെന്നു പെട്ടെന്നുതന്നെ കോവിഡ് നമ്മെ ബോധ്യപ്പെടുത്തി. കോവിഡ് 19 ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ളവർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരെ വളരെയധികം സ്വാധീനിച്ചു. പലരുടെയും വിദ്യാഭ്യാസത്തിനു കടുത്ത തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വംശീയ വിവേചനവും ത്തിന്റെ വർദ്ധിച്ചിട്ടുണ്ട്. തൊഴിൽ സാധ്യത കുറഞ്ഞതും പൊതുജീവിതത്തിൽ പങ്കെടുക്കാനുള്ള കഴിവു പരിമിതപ്പെട്ടതും വഴി വംശീയത നേരിടുന്നവരുടെ വ്യക്തിഗതവും സാമൂഹികവുമായ ശാക്തീകരണം തടസ്സപ്പെട്ടു.

എല്ലാ തരത്തിലുള്ള വംശീയ വിവേചനവും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (ICERD) ആർട്ടിക്കിൾ 1 വംശീയ വിവേചനത്തെ നിർവ്വചിക്കുന്നതു ‘രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗത്തെോ അല്ലെങ്കിൽ പൊതുജീവിതത്തിലെ മറ്റേതെങ്കിലും മേഖലയിലോ തുല്യമായി അനുവദിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും ആസ്വാദനത്തെയോ നിർവ്വഹണത്തെയോ ഇല്ലാതാക്കുകയോ ദുർബ്ബപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോത്രം, നിറം, വംശാവലി, ദേശീയമോ വംശീയമോ ആയ ഉത്ഭവം എന്നിവ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും വേർതിരിവോ ഒഴിവാക്കലോ നിയന്ത്രണമോ പരിഗണനയോ’ ആണെന്നാണ്. മേൽ സൂചിത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വഴി ലഭിക്കുന്ന ‘ഏതെങ്കിലും അംഗീകാരം റദ്ദാക്കുന്നതും ചരുക്കുന്നതും’ വംശീയ വിവേചനമാണ്.

ജോർജ്ജ് ഫ്ലോയിഡിന്റെ സ്ഥാപനപരമായ കൊലപാതകത്തിനുശേഷം കറുത്ത ജീവിതം നേരിടുന്ന അനീതികളെച്ചൊല്ലി അമേരിക്കയിൽ പ്രതിഷേധം അലയടിച്ചു. ഇത് ഇന്ത്യയിലെയും സമാനമായ വംശീയ വിവേചനങ്ങളെക്കുറിച്ചു പഠിക്കാൻ സമൂഹത്തെ നിർബന്ധിതരാക്കുന്നു.
ആഗോള മഹാമാരിക്കിടയിലും “മെയിൻ ലാന്റ്” വംശീയത തുടരുന്നു. ഈ പൊട്ടിത്തെറികൾ കേവലം വ്യക്തിപരമായ വഴിപിഴയ്ക്കലിന് ഉപരി വളരെ വലുതും ശാശ്വതവുമായ ഒരു സാമൂഹിക ഘടനയുടെ ഭാഗമാണ്. അത് വളരെക്കാലമായി നിലനില്ക്കുന്നതുമാണ്. മനുഷ്യാവകാശ പ്രവർത്തകരുടെ ശ്രമഫലമായി നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥാപിതവും സ്ഥാപനപരവുമായ വംശീയതയെക്കുറിച്ചുള്ള സംഭാഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ നാം അനുഭവിക്കുന്ന വിശേഷാധികാരത്തെ കുറിച്ച് ആത്മപരിശോധന നടത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ അവകാശങ്ങൾ മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യുമെന്നും തിരിച്ചറിയണം. ഇന്ത്യയിൽ പ്രധാനമായി ദലിതർ, ഗോത്രജനത – പ്രത്യേകിച്ചു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ, തെക്കേ ഇന്ത്യക്കാർ, ആഫ്രിക്കൻ വംശജർ മുതലായ വിഭാഗങ്ങളാണു വംശീയതയ്ക്ക് ഇരയാകുന്നത്. ഈ വിവേചനത്തിന്റെ ക്രൂരത പ്രസ്തുത വിഭാഗങ്ങളിലെ സ്ത്രീകൾ കൂടുതലായി അനുഭവിക്കുന്നു എന്നതും ശ്രദ്ധനീയമാണ്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ, വടക്കുകിഴക്കൻ വംശീയ സമൂഹത്തിനെതിരെ നിരവധി വംശീയ വിവേചന ആക്രമണങ്ങൾ ഉണ്ടായി. പരസ്യമായി തുപ്പുക, കടകളിലേക്കു പ്രവേശനം നിഷേധിക്കുക, വാടക അപ്പാർട്ടുമെന്റുകളിൽ നിന്നു പുറത്താക്കുക, അധിക്ഷേപിക്കുക തുടങ്ങിയ വിവേചനങ്ങൾക്ക് അവരെ ഇരയാക്കി. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ടു വംശീയ അടിസ്ഥാനത്തിലുള്ള അശാസ്ത്രീയ അനുമാനങ്ങളാണ് പലപ്പോഴും ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു സമൂഹത്തെ നയിച്ചത്. വടക്കു കിഴക്കൻ ഗോത്ര ജനതയെ ചിങ്കി-ചിങ്കി, മോഷി-മോഷി, ചിംഗ് ചോങ് എന്നൊക്കെ അധിക്ഷേപിക്കുന്നതും സാധാരണമാണ്. അധ്യാപകർ പോലും ആ ചൈനീസ് / ജാപ്പനീസ് / കൊറിയൻ / ചിങ്കി എന്നൊക്കെ കുട്ടകളെ വിളിച്ചാക്ഷേപിക്കും. വടക്കുകിഴക്കൻ ഗോത്ര വനിതകൾ കൂടുതൽ പീഡനം അനുഭവിക്കുന്നു എന്നും പഠനങ്ങൾ ഉണ്ട്.

വടക്കു കിഴക്കൻ ഗോത്ര സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ തനതു സവിശേഷതകൾ അംഗീകരിക്കുന്നതിലെ പരാജയവും വംശീയതയിലേക്കു നയിക്കുന്നു. മാംസം കഴിക്കുമോ, മന്ത്രവാദം നടത്തുമോ, ഇപ്പോളും നരഭോജികളാണോ തുടങ്ങിയ ചോദ്യങ്ങൾ അവരിന്നും നേരിടുന്നു. വടക്കു കിഴക്കൻ ഗോത്ര മനുഷ്യർ മിണ്ടാത്തവരും മോശം ഇംഗ്ലീഷ് സംസാരിക്കുന്നവരും ലൈംഗികവൃത്തിക്കു വേഗം വഴങ്ങുന്നവരും ആണെന്നൊക്കെ ഉള്ള വിവേചനപരമായ ധാരണകളും പലർക്കുമുണ്ട്. വടക്കു കിഴക്കൻ സമൂഹം അഭിമുഖീകരിക്കുന്ന ദുരവസ്ഥയോടുള്ള അവഗണന രാജ്യത്തിന്റെ നയങ്ങൾ, നൈയാമികമായ പരിഹാര സംവിധാനങ്ങളുടെ അഭാവം, അവരുടെ ജീവിതവൈഷമ്യങ്ങളെ സ്ഥാപനപരമായി അംഗീകാരിക്കാനുള്ള വൈമുഖ്യം തുടങ്ങിയവയിൽ പ്രതിഫലിക്കുന്നു. വടക്കു കിഴക്കൻ ഗോത്രജനതയുടെ ശബ്ദങ്ങൾ‌ ബലമായി നിശബ്‌ദമാക്കുന്നതു നാം ഇന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയും ചൈനയും പുലർത്തുന്ന ശത്രുതാപരമായ ബന്ധം, ഗോത്രജനതയുടെ സവിശേഷ ജീവിതരീതി, സ്വാതന്ത്ര്യ സമരകാലം മുതൽ വടക്കു കിഴക്കൻ ഗോത്ര ജനതയ്ക്ക് ഇന്ത്യൻ ദേശീയതയോടുള്ള കലഹം തുടങ്ങിയവയൊക്കെ അവരോടുള്ള വംശീയ വിവേചനത്തിനു കാരണമാകുന്നുണ്ട് (3).

ആർഷ ഭാരതത്തിലെ വംശീയ വിവേചനത്തിന്റെ ക്രൂരത നേരിടുന്ന മറ്റൊരു പ്രധാന ജനതയാണ് ആഫ്രിക്കൻ വംശജർ. ദൈനംദിന ജീവിതത്തിൽ ആഫ്രിക്കക്കാരെ മയക്കുമരുന്നു കടത്തുകാരും പിമ്പുകളും കവർച്ചക്കാരോ കുറ്റവാളികളുമൊക്കെയായി നിഷേധാത്മകമായി ചിത്രീകരിക്കുന്നു നാം. നമ്മിൽ പലരും ആഫ്രിക്കൻ ജനതയെ “നൈജീരിയക്കാർ” എന്നാണു വിളിക്കുന്നത്. മിക്കവാറും അധിക്ഷേപ പദമായാണ് ഇതു പ്രയോഗിക്കുക. പലപ്പോഴും ആഫ്രിക്കൻ വംശജരെ നാം ഒറ്റപ്പെടുത്തും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 60,000 ആഫ്രിക്കക്കാർ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. പലർക്കും രാജ്യത്തു വംശീയ വിവേചനം നേരിടുന്നു. രാജ്യത്തു താമസിക്കുന്ന ഭൂരിഭാഗം ആഫ്രിക്കക്കാരും ഒന്നുകിൽ ഉന്നത പഠനം നടത്തുകയോ ജോലി ചെയ്യുകയോ ചെയ്യുന്നു. അസോസിയേഷൻ ഓഫ് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഇൻ ഇന്ത്യ (എ‌എ‌എസ്‌ഐ) പറയുന്നതു ഇരുപത്തി അയ്യായിരത്തോളം ആഫ്രിക്കക്കാർ ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്നു എന്നാണ്. നൈജീരിയയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയയ്ക്കുന്നത്, തൊട്ടുപിന്നിൽ സുഡാനും കെനിയയും. ഈ വിദ്യാർത്ഥികളെയും കുറ്റവാളികളായി കണ്ടു വിവേചനത്തിന് ഇരയാക്കുന്നുണ്ടു നാം (4).

ഇന്ത്യയിൽ ആഫ്രിക്കൻ വംശജർ നേരിടുന്ന വംശീയത ആഫ്രിക്കൻ രാജ്യങ്ങളുമായി നമ്മൾ പുലർത്തുന്ന ഊഷ്മള ബന്ധത്തിൽ വരെ വിള്ളലുണ്ടാക്കും വിധം രൂക്ഷമായി. പൊതുവേ, ഇന്ത്യൻ അധികൃതർ ഈ വംശീയ വിവേചനം തടയാനായി കാര്യമായൊന്നും ചെയ്യാറില്ല. പലപ്പോഴും കുറ്റവാളികൾ രക്ഷപെടുകയാണ്. 2016 ൽ ഇന്ത്യ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഫ്രിക്ക ദിനാചരണം ബഹിഷ്കരിക്കുമെന്ന് 42 ആഫ്രിക്കൻ രാജ്യങ്ങളിലെ വിദേശകാര്യ പ്രതിനിധികൾ മുന്നറിയിപ്പ് നല്കുന്നിടത്തോളം ഗൗരവകരമായി കാര്യങ്ങൾ (5). “ഞങ്ങളും മനുഷ്യരാണെന്ന് ഇന്ത്യക്കാർ മനസ്സിലാക്കേണ്ടതുണ്ട്, അവരെപ്പോലെ തന്നെ, ഞങ്ങൾക്കും മറ്റൊരു മനുഷ്യനെ ഭക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയില്ല. ദയവായി മനസ്സിലാക്കുക, ഞങ്ങൾ നരഭോജികളല്ല. എല്ലാ കറുത്ത ആളുകളെല്ലാവരും മനുഷ്യരെ തിന്നും എന്ന ചിന്ത ദയവായി ഉപേക്ഷിക്കുക,” എന്ന എറിത്രിയക്കാരനും എ‌എ‌എസ്‌ഐയുടെ മുൻ പ്രസിഡന്റുമായ പ്രെസിഡോ ഒകുഗുനിയുടെ (Presidoe Okuguni) ഗൾഫ് ന്യൂസിനോടുള്ള വാക്കുകൾ ആഫ്രിക്കൻ വംശജർ ഇന്ത്യയിലനുഭവിക്കുന്ന വംശീയ വിവേചനത്തിന്റെ ആഴവും പരപ്പും പച്ചയായി വരച്ചിടുന്നു (6).

ഇന്ത്യയിൽ ശക്തമായി നിലനില്ക്കുന്ന മറ്റൊരു വംശീയ വിദ്വേഷ രൂപമാണു തെക്കേ ഇന്ത്യക്കാരോടുള്ള അധിക്ഷേപം. ദ്രാവിഡ പാരമ്പര്യത്തിൽ പൊതുവേ അഭിമാനിക്കുന്ന തെക്കേ ഇന്ത്യൻ ജനതയെ ആര്യ വംശ മഹിമ പേറുന്ന വടക്കേ ഇന്ത്യൻ സമൂഹം രണ്ടാംകിട പൗരന്മാരായാണു കാണുന്നത്. ഈ മനോഭാവത്തിന്റെ ബഹിസ്പുരണമാണ് മുൻ ബിജെപി എംപിയും ആർ‌എസ്‌എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയുടെ മുൻ എഡിറ്ററുമായ തരുൺ വിജയ് അടുത്തിടെ ഇന്ത്യയ്ക്കെതിരേ ഉന്നയിക്കപ്പെട്ട വംശീയ ആരോപണത്തിനെതിരേ പറഞ്ഞ വാക്കുകൾ. ഇതു വടക്കേ ഇന്ത്യയിലെ ജനങ്ങൾ പൊതുവേ തെക്കേ ഇന്ത്യക്കാരോടു പുലർത്തുന്ന വംശീയ വിവേചനത്തിന്റെ ലക്ഷണമൊത്ത മാതൃകയാണ്. “ഞങ്ങൾ വംശീയവാദികൾ ആയിരുന്നെങ്കിൽ, എന്തുകൊണ്ടാണ് തെക്ക് [ഇന്ത്യ] മുഴുവൻ …..നിങ്ങൾക്ക് തമിഴ്നാടിനെ അറിയാം, നിങ്ങൾക്കു കേരളത്തെ അറിയാം, കർണാടകയെയും ആന്ധ്രയെയും അറിയാം… എന്തുകൊണ്ടാണു ഞങ്ങൾ അവരോടൊപ്പം താമസിക്കുന്നത്? ഞങ്ങൾക്ക് ചുറ്റും കറുത്തവർ….. കറുത്ത മനുഷ്യരുണ്ട്. വിജയിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച പല തെക്കേ ഇന്ത്യക്കാർക്കും തങ്ങളെ കറുത്തവർ എന്നു വിളിച്ചതിലായിരുന്നു വിഷമം. തങ്ങൾക്കും വെളുത്ത തൊലി ഉണ്ടായിരിക്കെ തെക്കേ ഇന്ത്യക്കാരെ മുഴുവൻ എന്തുകൊണ്ടു കറുത്തവരാക്കി എന്നതായിരുന്നു അവരുടെ സംശയം. യൂറോപ്യൻമാരും അമേരിക്കക്കാരും ആഫ്രിക്കൻ വംശജരെ മാത്രമല്ല, ഇന്ത്യക്കാരെയും കറുത്തവർ എന്നാണ് അധിക്ഷേപിച്ചിരുന്നതെന്ന ചരിത്രബോധം ഉണ്ടായിരുന്നെങ്കിൽ കറുത്ത തൊലിയുള്ളവർ എന്ന ആക്ഷേപം ഒഴിവാക്കുമായിരുന്നു (7).മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാനും അഭ്യന്തര ക്രിക്കറ്റിൽ തെക്കേ ഇന്ത്യൻ കളിക്കാർ നേരിടുന്ന വംശീയതയ്ക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട് (8).

വംശീയ വിവേചനത്തിനെതിരായ അന്താരാഷ്ട്ര കൺവെൻഷന്റെ നിർവ്വചനമനുസരിച്ചു ഇന്ത്യയിൽ നിലനില്ക്കുന്ന ജാതി സമ്പ്രദായം ലക്ഷണമൊത്തൊരു വംശീയ വിവേചന വ്യവസ്ഥയാണ്. ഈ വ്യവസ്ഥയുടെ അടിത്തട്ടിലെ സമുദായങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അനുഭവിക്കുന്നത്. ജാതി വ്യവസ്ഥയിൽ പിന്നാക്ക വിഭാഗങ്ങളായ ശൂദ്രരും പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും ഒക്കെ വംശീയ വീവേചനത്തിന് ഇരയാകുന്നു. പണ്ട് “തൊട്ടുകൂടാത്തവർ” എന്നറിയപ്പെട്ട ദലിതരെ അക്ഷരാർത്ഥത്തിൽ തന്നെ അവകാശങ്ങളിൽ നിന്നു പുറത്താക്കപ്പെട്ടവരായി കണക്കാക്കുന്നു. സവർണ്ണ ഹിന്ദുക്കൾ ദലിതരെ അശുദ്ധരായി കരുതുന്നു. ഇന്ത്യയിൽ മനുഷ്യത്വരഹിതവും അധിക്ഷേപകരവുമായ പെരുമാറ്റത്തിന് ഏറ്റവും കൂടുതൽ വിധേയരാകുന്നതു ദലിതരാണ്. കുടിവെള്ളം, ക്ഷേത്രപ്രവേശനം, സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസത്തിന്റെ നിഷേധം, ഭക്ഷണ നിഷേധം, തൊഴിൽ നിഷേധം തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ അവർക്കു നിഷേധിച്ചിരിക്കുന്നു.

ഇന്ത്യയുടെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഒരു റിപ്പോർട്ട് അനുസരിച്ചൂ ദിനേന ശരാശരി 2 ദലിത് കൊല്ലപ്പെടുന്നു; 3 ദലിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു, 2 ദലിതർ ആക്രമിക്കപ്പെടുന്നു. എൻ‌സി‌ആർ‌ബിയുടെ കണക്കനുസരിച്ചു ദലിതർക്ക് എതിരായ കുറ്റകൃത്യങ്ങൾ 25 % വർധിച്ചു. 10,000 പേരുടെ ശരാശരി എടുത്താൽ 2006 ൽ ദലിതർക്കെതിരേ 16.3 കുറ്റകൃത്യങ്ങളാണു നടന്നതെങ്കിൽ 2016 ൽ അതു 20.3 ആയി ഉയർന്നു. 2006-2016 കാലയളവിൽ ദലിതർക്കെതിരെ 422,799 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അടിച്ചമർത്തലിന്റെയും ഭയത്തിന്റെയും ലോകത്താണു ദലിതർ ജീവിക്കുന്നത്. എല്ലായ്പ്പോഴും സവർണണർ അവർക്കുമേൽ ആധിപത്യം പുലർത്തുന്നു. എഴുന്നേറ്റുനിന്നു സ്വന്തം അവകാശങ്ങൾക്കായി ശബ്ദിച്ചാൽ അവരെ മർദ്ദിച്ചു കൊല്ലുന്നു, ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ ദലിതരെ അപമാനിക്കുകയും തൊട്ടുകൂടാത്തവരായി കാണുകയും ചെയ്യുന്നു.

ദലിതർക്കും പട്ടികവർഗ്ഗക്കാർക്കും എതിരായ ആക്രമണങ്ങൾ അധികാരികളുടെ അലസത മൂലം ശ്രദ്ധിക്കപ്പെടാതെ പോകുന്നു, പൊതുസമൂഹവും അവരെ പൗരന്മാരായി കാണുന്നില്ല. ഈ വിഷയങ്ങളിലെ സർക്കാർ നിശബ്ദത മൂലം മറ്റു ജാതികൾക്കു ദലിതരുടെ മേൽ മേൽക്കൈ നല്കുന്നു. ദലിത് സ്ത്രീകളെ ബലാത്സംഗം, ക്രൂരമായ ഉപദ്രവം, ആക്രമണം, പീഡനം എന്നിവയ്ക്കു വിധേയരാക്കുന്നു. അവർ പൊതുവേ വേശ്യാവൃത്തിയിക്കും മനുഷ്യക്കടത്തിനും വിധേയമാകുന്നു (9). ഇന്ത്യയിലെ ജാതി ഇന്നു ആഗോള പ്രാധാന്യമുള്ള മനുഷ്യാവകാശ പ്രശ്നമായി മാറിയിട്ടുണ്ട്. ലിബറൽ ജനാധിപത്യ രാജ്യങ്ങളിലേക്കുള്ള സവർണ്ണ ഹിന്ദുക്കളുടെ കുടിയേറ്റം ജാതിവ്യവസ്ഥയുടെ കുടിയേറ്റത്തിനു കൂടി വഴിവെച്ചു. കുടിയേറിയ രാജ്യങ്ങളിലും ജാതി ആചരണം ശക്തമാക്കിയതോടെ ഈ രാജ്യങ്ങളിലും ദലിതർ ജാതിവിവേചനത്തിന് ഇരയാകുകയാണ്. ശക്തമായ മനുഷ്യാവകാശ നിയമങ്ങൾ നിലനില്ക്കുന്ന യൂറോപ്പിലും അമേരിക്കയിലുമൊക്കെ ജാതി ആചരണം നിരോധിക്കണമെന്നു മനുഷ്യാവകാശ സംരക്ഷകർ ആവശ്യപ്പെട്ടു തുടങ്ങി (10).

ഈ പശ്ചാത്തലത്തിൽ, വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുമ്പോൾ ചില തിരിച്ചറിവുകൾ നമുക്കുണ്ടാകണം. ഇന്ത്യ അതിസങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ രാഷ്ട്രമാണ്. ആയതിനാൽ, ഇവിടെ മുഖത്തിന്റെ സവിശേഷത, ചർമ്മത്തിന്റെ നിറം, ഭാഷ, ജാതി, മതം മുതലായവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. എന്നാൽ, ഈ കേവല വ്യത്യാസങ്ങൾ വിവേചനത്തിനുള്ള മാനദണ്ഡമാകരുത്. വിവിധങ്ങളായ സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, ധാർമ്മികത, മതങ്ങൾ, ഭാഷകൾ, സമുദായങ്ങൾ തുടങ്ങിയവ ഉള്ളതിനാൽ ഇന്ത്യയെ വൈവിധ്യങ്ങളുടെ ഒരീറ്റില്ലമായാണു ലോകം കാണുന്നത്. ഒരു വശത്ത്, വളരെ മനോഹരവും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്തു വ്യത്യസ്ത സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട ആളുകളെ ഉൾക്കൊണ്ടു ജീവിക്കുന്നതിൽ അഭിമാനിക്കുന്നു നാം. എന്നാൽ മറുവശത്തു, മറ്റൊരു സമുദായത്തിലോ വംശത്തിലോ അംഗമായതുകൊണ്ടു മാത്രം പലരോടും വിവേചനം കാണിക്കുകയും വംശീയ മുൻവിധി പ്രചരിപ്പിക്കുകയും ചെയ്യുന്നു, ഈ ഇരട്ടത്താപ്പു പരിഹരിക്കാൻ നമൂക്കോരോരുത്തർക്കും സാമൂഹിക ജീവിതത്തിൽ എന്ത് ഇടപെടൽ നടത്താനാകും എന്ന ചോദ്യമാണ് ഈ മാർച്ച് 21 നമ്മുടെ മുന്നിൽ വയ്ക്കുന്നത്.
റഫറൻസ്
1. ICERD & CERD : A Guide for Civil Society Actors; Page 1.
2.https://www.un.org/en/observances/end-racism-day
3.https://www.google.com/url?sa=t&source=web&rct=j&url=https://feminisminindia.com/2020/06/08/racist-india-racism-different-north-eastern-women/%3Famp&ved=2ahUKEwiPi8uM0sDvAhVSyjgGHQM8Cb8QFjAHegQICBAC&usg=AOvVaw3xbmT9-D8KQE4TfY67bG69&ampcf=1
4.https://www.google.com/amp/s/gulfnews.com/amp/world/asia/india/the-dark-face-of-indian-racism-1.61161168
5.https://www.google.com/amp/s/qz.com/india/691948/protests-by-african-diplomats-is-another-reminder-of-indias-deep-seated-racism/amp/
6.https://www.google.com/amp/s/gulfnews.com/amp/world/asia/india/the-dark-face-of-indian-racism-1.61161168
7.https://www.google.com/amp/s/www.hലക്ഷ്യമിട്ടു s.com/india-news/lets-talk-about-racism-you-look-south-indian-but-your-sister-looks-indian/story-4DgxcpTrZPC7db9rqziWgM_amp.html
8.https://www.google.com/amp/s/www.timesnownews.com/amp/sports/cricket/article/irfan-pathan-lifts-lid-on-racism-in-domestic-cricket-shares-ordeal-of-south-indians-in-north-and-west/604092
9..https://www.google.com/amp/s/www.bbc.com/news/amp/world-asia-india-43972841
10..https://www.google.com/amp/s/theprint.in/opinion/a-black-journo-on-why-us-civil-rights-laws-must-ban-casteism-against-dalits/45011/%3famp



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913