മാർച്ച് 21: സാഹിത്യരംഗത്ത് ജാതിഭേദത്തെ തൂത്തെറിഞ്ഞ, മൂലൂർ എസ് പത്മനാഭപ്പണിക്കർ ഓർമ്മ ദിനം

✍️ സുരേഷ്. സി.ആർ

താഴ്ന്ന ജാതിക്കാരെന്നു ഗണിക്കപ്പെട്ടവരിൽ നിന്നുണ്ടായ എഴുത്തുകാർ സാഹിത്യരംഗത്ത് അവഗണിക്കപ്പെട്ട സമയത്ത് അതിനെതിരെ കവിതകൊണ്ടു കലഹിച്ച കവിയാണ് മൂലൂർ എസ്പത്മനാഭപ്പണിക്കർ (1868 – 1932). ‘സരസകവി’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

മനുഷ്യനിലുറങ്ങുന്ന മഹത്വത്തെയുണർത്തുവാൻ തകർന്ന സമുദായത്തിൻ തറകെട്ടിപ്പടുക്കുവാൻ പുത്തൻ വെളിച്ചവും കാറ്റും പൂണ്ടനൂതനമന്ദിരം അതിന്റെ മേൽ​ഗുരുഹിത മനുവർത്തിച്ചുയർത്താൻ നിരന്തരം പ്രയത്നിച്ച, പുണ്യാത്മാവായിട്ടാണ് മഹാകവി ജി ശങ്കരക്കുറുപ്പ് മൂലൂർ എസ് പത്മനാഭപ്പണിക്കരെ അനുസ്മരിക്കുന്നത്.

പത്മനാഭക്ഷേത്രത്തിൽ നടത്തിവന്നിരുന്ന മുറജപം മ്ലേച്ഛമായ ഏർപ്പാടാണെന്ന് തുറന്നുപറഞ്ഞ അദ്ദേഹം അതിനിശിതമായി അതിനെ വിമർശിച്ചു. നായും നരിയും നടക്കുന്ന പന്ഥാവിൽനിന്ന് അവർണനെ ആട്ടിയോടിക്കാൻ ‘ഹോയി’ മുഴക്കുന്ന പാഷാണ്ഡന്മാരുടെ ദുർമദത്തെ അമർച്ചചെയ്യാൻ വെമ്പൽ കൊള്ളുന്നതായിരുന്നു മൂലൂരിന്റെ മനസ്സ്.
ജാതി സങ്കടങ്ങൾ അതനുഭവിക്കുന്ന ഈഴവർ തങ്ങളേക്കാൾ ഉയർന്ന സമുദായങ്ങളോടല്ല താണസമുദായങ്ങളോടാണ് സമത്വം കാണിക്കേണ്ടതെന്ന ​ഗുരുനിർദേശത്തെ പ്രാവർത്തികമാക്കുന്നതായിരുന്നു മൂലൂരിന്റെ വാക്കും പ്രവൃത്തിയും.

ചെങ്ങന്നൂരിനടുത്ത് ഇടനാട്ടിൽ മൂലൂർ കുടുംബത്തിൽ ജനനം. അഞ്ചാം വയസ്സിൽ അമ്മ മരിച്ചു. അവർണ്ണജാതിക്കാർക്ക് മറ്റുള്ളവർക്കൊപ്പമിരുന്നു പഠിക്കാൻ അന്ന് സ്കൂളിൽ അവസരമില്ലാതിരുന്നതിനാൽ വീട്ടിലിരുന്ന് സംസ്കൃത വിദ്യാഭ്യാസവും ഒപ്പം വൈദ്യവും പഠിച്ചു. പതിമൂന്ന് വയസ്സു മുതൽ കവിതയെഴുത്ത് തുടങ്ങി. ഒറ്റ ശ്ലോകങ്ങളും അമ്മാനപ്പാട്ടുകളുമായിരുന്നു ആദ്യ രചനകൾ.

1893-ൽ മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാള കവികളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളോടു താരതമ്യം ചെയ്ത് രചിക്കാൻ പോകുന്ന ‘കവിഭാരതം’ എന്ന കാവ്യത്തിൽ സ്ഥാനം നേടാൻ ശ്രമിച്ചെങ്കിലും ഈഴവനെന്ന കാരണത്താൽ തഴയപ്പെട്ടു. ഇതിനെതിരെ പകരം വീട്ടി മൂലൂർ രചിച്ച കൃതിയാണ് ‘കവിരാമായണം’. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും പലവിധ ആക്രമണങ്ങളും നേരിടുകയും ചെയ്തു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം അന്നു സാഹിത്യത്തിൽ നിലനിന്നിരുന്ന ജാതിഭേദത്തെ ഇല്ലാതാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പിന്നീട് അദ്ദേഹം സാഹിത്യത്തിൽ ജാതിവിവേചനത്തിന്റെ പേരിൽ വിവാദങ്ങളിലേർപ്പെട്ടിട്ടുണ്ട്.

മലയാള സാഹിത്യത്തിന്റെ നടയ്ക്കൽ കിടന്ന് ജാതി വൈകൃതങ്ങൾ സമസ്തവും തൂത്തുവാരിക്കളഞ്ഞ് സരസ്വതീക്ഷേത്രത്തിൽ എല്ലാവർക്കും കയറി മണിയടിച്ച് തൊഴാമെന്ന് വരുത്തിത്തീർത്തത് കവിരാമായണത്തിലൂടെ സരസകവി മൂലൂരാണ് എന്ന മുണ്ടശ്ശേരിയുടെ നിരീക്ഷണം കവിരാമായണത്തിന്റെ വിപ്ലവസ്വഭാവം വ്യക്തമാക്കുന്നു.

മൂലൂരിന്റെ കാവ്യജീവിതത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച കേരളവർമ വലിയകോയിത്തമ്പുരാനാണ് അദ്ദേഹത്തെ ‘സരസകവി’ എന്നു വിശേഷിപ്പിച്ചത്. 1914-ൽ ശ്രീമൂലം പ്രജാസഭാംഗമായി. പന്ത്രണ്ട് വർഷം അതിൽ അംഗമായ കാലഘട്ടത്തിൽ ഈഴവ സമുദായത്തിന്റെ അവകാശങ്ങൾക്കും ഇലവുംതിട്ടയുടെ വികസനത്തിനും യത്നിച്ചു. എസ്.എൻ.ഡി.പി യോഗം ആരംഭിക്കുന്നതിനു മുമ്പേ ശ്രീനാരായണ ഗുരുവിന്റെ ആശയ പ്രചാരകനായ അദ്ദേഹമാണ് പത്മനാദോദയം ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത്.

‘പ്രബുദ്ധസിംഹളൻ’ എന്ന മാസികയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. കിരാതം അമ്മാനപ്പാട്ട്, കുചേലശതകം മണിപ്രവാളം, കവിരാമായണം, ആസന്നമരണചിന്താശതകം, പാലാഴി മഥനം അമ്മാനപ്പാട്ട്, കോകില സന്ദേശം, കൃഷ്ണാർജുന വിജയം ആട്ടക്കഥ, ബാലബോധനം, മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ‘കോടിവിരഹം’, ബുദ്ധമതകൃതിയായ ‘ധർമപദം’ തുടങ്ങിയ വിവർത്തനങ്ങളും ചേർന്നതാണ് മൂലൂർ കൃതികൾ.ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913