Thu. Apr 18th, 2024

✍️  റെൻസൺ വി എം

ലോകമെമ്പാടുമുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി 2013 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നു. ദാരിദ്ര്യം അവസാനിപ്പിക്കുക, അസമത്വം കുറയ്ക്കുക, ഭൂമിയെ സംരക്ഷിക്കുക എന്നീ 3 പ്രധാന ഊന്നലുകളുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2015 ൽ യുഎൻ ആരംഭിച്ചു. മാനവരാശിയെ ക്ഷേമത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുക എന്ന കാഴ്ചപ്പാട് സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുണ്ട് (1).

സന്തോഷം അനുഭവിക്കുന്നത് ആഗോള മനുഷ്യാവകാശമാണെന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് അന്താരാഷ്ട്ര സന്തോഷ ദിനം. ജാതിമത ചിന്തകളും വർഗ്ഗലിംഗ ഭേദങ്ങളും ഇല്ലാതെ അന്താരാഷ്ട്ര സന്തോഷ ദിനം സർവ്വരുടെയും ആഘോഷമാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഇന്നു ലോകമാകെ സെക്യുലർ സമൂഹങ്ങൾ വിവിധ കൂട്ടായ്മകളുടെ പിന്തുണയോടെ ഈ ദിനാഘോഷം സംഘടിപ്പിക്കുന്നു. ലോകത്തിലെ പ്രമുഖ മതങ്ങളും തത്ത്വചിന്തകളും പോസിറ്റീവായ വികാരങ്ങൾ മനുഷ്യരാശിയുടെ ക്ഷേമത്തിനു സുപ്രധാനമാണെന്നു തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ ആശയത്തിനായി ഒരു പ്രത്യേക ദിനാചരണം നടത്തുന്ന രീതി താരതമ്യേന പുതിയതാണ്.

ഈ വർഷത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ പ്രമേയം ‘ശാന്തത പാലിക്കുക. വിവേകത്തോടെയിരിക്കുക. ദയ കാണിക്കുക’ (‘Keep Calm. Stay Wise. Be Kind) എന്നതാണ്. കോവിഡ് മഹാമാരിയുടെ യാതനകളിലൂടെ കടന്നുപോകുന്ന മാനവരാശി പ്രത്യാശാഭരിതമായി മുന്നോട്ടു കുതിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം വിളംബരം ചെയ്യുന്നത്. മാനവരാശി ഏകമനസ്സോടെ ഒരു ആഗോള പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ തന്നെയും സമൂഹത്തെയും പരിപാലിക്കുന്നതിനുള്ള ക്രിയാത്മക മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇതിനുള്ള അവസരമായാണു ഈ വർഷത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തെ ആഗോള സമൂഹം കാണുന്നത്.


നമ്മുടെ നിയന്ത്രണത്തിന് അതീതമായ ധാരാളം കാര്യങ്ങളുണ്ട്. അതുകൊണ്ട് നമ്മെ സംബന്ധിച്ചു ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയുക എന്നതാണു ശാന്തമായിരിക്കുക എന്നതിന്റെ വിവക്ഷ. വിവേകത്തോടെയിരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒാരോ പ്രവൃത്തിയും ബുദ്ധിപരമായി തിരഞ്ഞെടുക്കുക എന്നാണ്. ഇതുവഴി തന്റെയും സമൂഹത്തിന്റെയും ക്ഷേമം ഉറപ്പാക്കുന്ന ക്രിയാത്മക പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുകയും അത് ചെയ്യാൻ മറ്റുള്ളവരെ പര്യാപ്തമാക്കുകയും വേണം. ദയ കാണിക്കുക എന്നതിന് അർത്ഥം നമ്മുടെ സാമൂഹിക ബന്ധങ്ങൾ ഊഷ്മളമായി നിലനിറുത്തി മറ്റുള്ളവരുടെ ജീവിതത്തിൽ കൈത്താങ്ങാകുക എന്നാണ്. ഇതിനായി, നാമെല്ലാവരും വേർതിരിക്കപ്പെട്ടവർ ആണെന്ന ചിന്ത വെടിഞ്ഞു വിശ്വമാനവികതയിൽ ഐക്യപ്പെടേണ്ടവരാണെന്ന ബോധം വളർത്തണം.

യുഎൻ പൊതുസഭ 2012 ജൂലൈ 12 ലെ 66/281 പ്രമേയത്തിലൂടെ മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചു, ലോകമെമ്പാടുമുള്ള സർവ്വരുടെയും ജീവിത ലക്ഷ്യമാണു സന്തോഷവും ക്ഷേമവും. ഇതാണ് ഇത്തരമൊരു ആഗോളദിനത്തിന്റെ ആചരണത്തിലേയ്ക്കു യുഎന്നിനെ നയിച്ചത്. ദേശീയവും അന്തർദേശീയവുമായ പൊതുനയ ലക്ഷ്യങ്ങളിൽ സന്തോഷത്തിന്റെ പ്രാധാന്യം സവിശേഷമായി അംഗീകാരിക്കേണ്ടതുണ്ടെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. സുസ്ഥിര വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം, സന്തോഷം, എല്ലാ ജനങ്ങളുടെയും ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ സമഗ്രവും തുല്യവും സമതുലിതവും സർവ്വരേയും ഉൾച്ചേർക്കുന്നതുമായ സാമ്പത്തിക വളർച്ചാ സമീപനത്തിന്റെ ആവശ്യകതയ്ക്കും ഈ ദിനം ഊന്നൽ നല്കുന്നു.

1970 കളുടെ തുടക്കം മുതൽ ദേശീയ വരുമാനത്തേക്കാൾ ദേശീയ സന്തോഷത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഭൂട്ടാൻ ആണ് മുമ്പേ സൂചിപ്പിച്ച പ്രമേയത്തിനു മുൻകൈ എടുത്തത്. മൊത്ത ദേശീയ ഉൽ‌പാദനത്തെക്കാൾ (Gross National Product) മൊത്ത ദേശീയ സന്തോഷം (Gross National Happiness) അടിസ്ഥാനമാക്കി വികസന സങ്കല്പങ്ങൾ രൂപീകരിച്ച രാജ്യമാണു ഭൂട്ടാൻ. പൊതുസഭയുടെ അറുപത്തിയാറാം സെഷനിൽ “സന്തോഷവും ക്ഷേമവും: ഒരു പുതിയ സാമ്പത്തിക മാതൃകയുടെ നിർവ്വചനം” (Happiness and Well-Being: Defining a New Economic Paradigm) എന്ന വിഷയത്തിൽ ഉന്നതതല യോഗവും ഭൂട്ടാന്റെ ആതിഥ്യത്തിൽ നടത്തി.


ഐക്യരാഷ്ട്രസഭയുടെ ഉപദേഷ്ടാവായിരുന്ന ജെമി ഇലിയന്റെ നിരവധി വർഷത്തെ പ്രചാരണത്തെ തുടർന്ന് 2013 മാർച്ച് 20 നാണ് ആദ്യമായി അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ചത് (2). കൊൽക്കത്തയിലെ മദർ തെരേസയുടെ അനാഥാലയങ്ങളിൽ വളർന്നശേഷം ഒരു അമേരിക്കൻ കുടുംബം ഇലിയനെ ദത്തെടുത്തു. ആഗോള അസമത്വം അവസാനിപ്പിക്കാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹമാണു സന്തോഷ ദിനത്തിനായുള്ള പ്രചാരണത്തിലേയ്ക്ക് ഇലിയനെ നയിച്ചത്.

അന്താരാഷ്ട്ര സന്തോഷ ദിനാചരണത്തിൽ സജീവമായി പങ്കെടുത്തുകൊണ്ട്, മനുഷ്യജീവിതത്തിൽ പോസിറ്റീവായ മനോഭാവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സന്തോഷത്തിനുള്ള വഴികൾ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാനുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യാനും എല്ലാ അംഗരാജ്യങ്ങളോടും യുഎൻ ആഹ്വാനം ചെയ്യുന്നു.

ഇന്ന് ആഗോള സമൂഹം കൂടുതലായി ഈ ദിനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. ഈ ദിനാചരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടികളിൽ ലോക നേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടെ അനേകം പ്രശസ്ത വ്യക്തിത്വങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഗായകനും ഗാനരചയിതാവുമായ ഫാരെൽ വില്യംസ് ഒരു വക്താവെന്ന രീതിയിലും ലോക പ്രശസ്ത ഹിറ്റ് ഗാനം ‘ഹാപ്പി’യുടെ സംഗീതസംവിധായകനെന്ന നിലയിലും ഈ പരിപാടിയിൽ വളരെ സജീവമായി പങ്കെടുത്തു. 2013 ലെ ആഘോഷങ്ങളുടെ നൂതനമായ ഭാഗമായിരുന്നു ഈ ഗാനത്തിന്റെ 24 മണിക്കൂർ നീണ്ടുനിന്ന ആഗോള തത്സമയ വീഡിയോ സ്ട്രീമിംഗ്. യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, നെൽസൺ മണ്ടേലയുടെ ചെറുമകനായ എൻഡാബ മണ്ടേല, ചെൽസി ക്ലിന്റൺ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ഇതോടനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.


മുൻകാലത്തെ ആഘോഷവേളകളിൽ, നൃത്തനൃത്യങ്ങൾ, അപ്രതീക്ഷിത സന്ദർശനങ്ങൾ, കോൺഫറൻസുകൾ എന്നിങ്ങനെ നിരവധി പരിപാടികൾ ലോകമെമ്പാടും നടന്നിട്ടുണ്ട്. കമ്മ്യൂണിറ്റി വർക്ക്‌ഷോപ്പുകൾ, നടത്തം, സോഷ്യൽ മീഡിയ എന്നിവയെല്ലാം സന്തോഷം അനുഭവിക്കാൻ എല്ലാവരും അർഹരാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ്. ചില വർഷങ്ങളിലെ സന്തോഷ ദിനാചരണം ക്ഷേമത്തിന് ആവശ്യമായ പ്രത്യേക മേഖലകളിൽ സവിശേഷമായ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, 2015 ൽ മനുഷ്യ ജീവിതത്തിൽ ബന്ധങ്ങളുടെ പ്രാധാന്യത്തിലും നല്ല ജീവിതത്തിനുള്ള വഴികൾ കണ്ടെത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2014 ൽ ഓരോ വ്യക്തിയും സന്തോഷം അനുഭവിക്കുന്ന ജീവിതാനുഭവത്തിന്റെ ചിത്രങ്ങൾ പങ്കിട്ടു.

സന്തോഷത്തെ കുറിച്ചുള്ള പഠനത്തിനു സുദീർഘമായ ഒരു ചരിത്രമുണ്ട്. മനുഷ്യന് എങ്ങനെ സന്തോഷം കരസ്ഥമാക്കാം എന്നതിനെക്കുറിച്ചുള്ള പഠനങ്ങളുടെ ചരിത്രം ആരംഭിച്ചത് 2,500 വർഷങ്ങൾക്കു മുമ്പാണ്. കൺഫ്യൂഷ്യസ്, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, ബുദ്ധൻ തുടങ്ങിയ മഹാന്മാരായ തത്ത്വചിന്തകരൊക്കെ ഈ വിഷയത്തെപ്പറ്റി ഗഹനമായി ചിന്തിച്ചിരുന്നു. ഇവരുടെ ചിന്തകൾ ഇന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നുമുണ്ട്. ഇന്നത്തെ ആധുനിക ലോകത്തു പോസിറ്റീവ് സൈക്കോളജി അല്ലെങ്കിൽ സന്തോഷത്തിന്റെ ശാസ്ത്രം അഥവാ ആളുകളുടെ സന്തോഷത്തെക്കുറിച്ചുള്ള പഠനമാണ്. അടുത്തിടെ ഈ രംഗത്തെ പഠന ബാഹുല്യം മൂലം വിജ്ഞാന വിസ്‌ഫോടനം തന്നെ ഉണ്ടായി. ഈ പഠനശാഖ നമുക്കു നല്കിയ അറിവുകൾ മനുഷ്യന്റെ സുസ്ഥിതിയും സന്തോഷവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയ സ്ഥാനം ഇന്നു വഹിക്കുന്നു.

സന്തോഷകരമായ ജീവിതം വഴി നിരവധി ഗുണങ്ങൾ നമുക്കു ലഭ്യമാകും. സന്തോഷത്തെക്കുറിച്ചുള്ള പഠനം ഒരു പുതിയ ആശയമല്ലെങ്കിലും, അടുത്ത കാലത്തു മാത്രമാണു മനഃശാസ്ത്രജ്ഞർ പോസിറ്റീവ് വികാരങ്ങളുടെ പ്രാധാന്യവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി മനസ്സിലാക്കാൻ തുടങ്ങിയത്. മനുഷ്യക്ഷേമത്തിന്റെ താക്കോൽ ഇരിക്കുന്നതു ശക്തമായ സാമൂഹിക ബന്ധങ്ങളിലും ലക്ഷ്യബോധത്തിലുമാണെന്നാണു ശാസ്ത്രജ്ഞന്മാരുടെ നിഗമനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉന്നതമായ മാനവിക മൂല്യങ്ങളുടെ സാക്ഷാത്കാരത്തിനായുള്ള കർമ്മപദ്ധതികളിലെ പങ്കാളിത്തം നമ്മുടെ സന്തോഷം കൂട്ടുന്നു. നാം സുസ്ഥിതി അനുഭവിക്കുന്നവരാണെന്ന ചിന്തയ്ക്കു പ്രധാന കാരണം നമ്മുടെ ക്രിയാത്മക ചിന്ത ആണെണു വിലയിരുത്തുന്നവരും ഉണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിനും സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നതും ജീവിത വിജയം ഉറപ്പു നല്കുന്നതുമായ ഒരു ജോലി, സാമൂഹികമായ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ, സന്നദ്ധ സേവനം തുടങ്ങിയവയും മനുഷ്യനിൽ സന്തോഷം വർദ്ധിപ്പിക്കും.


ആധുനിക ലോകത്തിലെ ജീവിതത്തിന്റെ സങ്കീർണ്ണതകൾ മനുഷ്യനിൽ നിരവധി സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്നു സന്തോഷത്തിന്റെ മനഃശ്ശാസ്ത്രം മൂല്യവത്തായ പഠനമേഖലയാണ്. സന്തോഷം എങ്ങനെ കണ്ടെത്താം അല്ലെങ്കിൽ വർദ്ധിപ്പിക്കാം എന്ന ചോദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഇത്. സന്തുഷ്ടരായവർ ദീർഘകാലം ജീവിക്കും. അവർക്ക് ആരോഗ്യ പ്രശ്നങ്ങളും കുറവാണ്. സന്തോഷ്ടരായവർക്ക് ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഒരു കാര്യം വ്യക്തമായി അവശേഷിക്കുന്നു – ഈ പഠനമേഖലയെക്കുറിച്ചും സന്തുഷ്ട ജീവിതത്തിന്റെ അനേകം നേട്ടങ്ങളെക്കുറിച്ചും നമുക്ക് ഇനിയും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. അന്തർ‌ദ്ദേശീയ സന്തോഷ ദിനത്തിന് ഇതെക്കുറിച്ചു കൂടുതൽ‌ അവബോധം സൃഷ്ടിക്കാനും സന്തുഷ്ടരായിരിക്കാൻ എല്ലാവരെയും സഹായിക്കാനും ആകുമെന്ന് പ്രതീക്ഷിക്കാം.

മനുഷ്യ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിനാൽ വിവിധ രാജ്യങ്ങളിലെ മനുഷ്യർ എത്രമാത്രം സന്തുഷ്ടരാണെന്ന പഠനം ഇപ്പോൾ ഓരോ വർഷവും ഇറക്കുന്നുണ്ട്. ആകുലതകളെക്കുറിച്ചും അപായങ്ങളെ സംബന്ധിച്ചും വിവിധ ജനവിഭാഗങ്ങൾക്കുള്ള ചിന്തകൾ എന്തെന്നതു സംബന്ധിച്ച പഠനമായ വേൾഡ് റിസ്ക് പോൾ നടത്തിയ ലോയ്ഡ്സ് രജിസ്റ്റർ ഫൗണ്ടേഷൻ, ഡേറ്റ വിശകലന വിദഗ്ദ്ധരായ ഗാലപ്പ് വേൾഡ് പോൾ എന്നിവയിൽ നിന്നുള്ള ഡേറ്റ ഉപയോഗപ്പെടുത്തി സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് ആണിത്. കോവിഡ് ഡാറ്റാ ഹബിന്റെ ഭാഗമായ ഐ‌സി‌എൽ-യൂഗോവ് ബിഹേവിയർ ട്രാക്കറിൽ നിന്നുള്ള ഡേറ്റയും 2021 റിപ്പോർട്ടിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് 2021 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പുറത്തു വരുന്നത്. ഈ മഹാമാരി മൂലം 2020 മാനവ ചരിത്രത്തിലെ നിർണ്ണായക വർഷമായി മാറി. 2021 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് കോവിഡ് 19 ന്റെ ഫലങ്ങളെയും അതിനോടുള്ള ലോകത്തിന്റെ പ്രതികരണത്തെ കുറിച്ചും വിശകലനം ചെയ്യുന്നു. രണ്ടു പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് 2021 ലെ റിപ്പോർട്ട്‌ തയ്യാറാക്കിയത്. ആളുകളുടെ ജീവിതത്തിന്റെ ഘടനയിലും ഗുണനിലവാരത്തിലും കോവിഡ് 19 ഉണ്ടാക്കിയ മാറ്റങ്ങൾ പഠിക്കുക, ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഈ മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് വിലയിരുത്തുക എന്നീ 2 കാര്യമാണ് അവ. മഹാമാരിയുടെ പ്രതിരോധത്തിൽ ചില രാജ്യങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ കാരണവും ഈ റിപ്പോർട്ടു പ്രത്യേകമായി പഠിക്കുന്നുണ്ട്. 2020 ൽ കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങളിൽ ഏറ്റവും വേദനാജനകമായതു രോഗംമൂലം 2020 ൽ സംഭവിച്ച 2 ദശലക്ഷം മരണങ്ങളാണ്. ലോകമെമ്പാടുമായി വർഷാവർഷം മരിക്കുന്നവരുടെ എണ്ണത്തിൽ ഏകദേശം 4% വർദ്ധനവ് രോഗബാധമൂലം വന്നു. സാമൂഹ്യക്ഷേമ രംഗത്തെ അപര്യാപ്തതയുടെ ആഴമാണ് ഇതു വെളിവാക്കുന്നത്. വർദ്ധിതമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ഉത്കണ്ഠയും സർവ്വ മേഖലകളുടെയും തടസ്സപ്പെടലും ജീവിതത്തെ പൂർണ്ണമായി സ്തംഭനാവസ്ഥയിലാക്കി. ഇതൊക്കെ നിരവധി പേരുടെ മാനസ്സികവും ശാരീരികവുമായ ആരോഗ്യത്തിന്മേൽ സമ്മർദ്ദവും വെല്ലുവിളികളും ഉണ്ടാക്കി എന്നു 2021 ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ലോകമാകെ എടുത്താൽ, ഗാലപ്പ് വേൾഡ് പോളിൽ നിന്നുള്ള വാർഷിക ഡേറ്റ അടിസ്ഥാനമാക്കിയാൽ പോസിറ്റീവായ വികാരങ്ങളിൽ മൊത്തത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല, എന്നാൽ കഴിഞ്ഞ ദിവസം ആശങ്കയോ സങ്കടമോ ഉണ്ടായെന്നു പറഞ്ഞ ആളുകളുടെ എണ്ണത്തിൽ ഏകദേശം 10% വർദ്ധനവ് ഉണ്ടായി എന്നാണു ഹാപ്പിനെസ് റിപ്പോർട്ട് പറയുന്നത്. കോവിഡ് 19 മൂലമുള്ള മരണനിരക്കിലെ അന്തർ‌ദ്ദേശീയ വ്യത്യാസങ്ങൾ‌ വിശദീകരിക്കുന്നതിൽ‌ വിശ്വാസ്യതയ്ക്കു കൂടുതൽ‌ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സാമൂഹിക വ്യാപനം പൂജ്യത്തിലേക്ക് എത്തിച്ച് അങ്ങനെ തന്നെ നിലനിറുത്തുക എന്നതായിരുന്നു. ഈ വഴി സ്വീകരിച്ച രാജ്യങ്ങൾക്കു മരണനിരക്കു പൂജ്യത്തോട് അടുപ്പിക്കാനും മാരകമായ രണ്ടാം രോഗവ്യാപന തരംഗങ്ങൾ ഒഴിവാക്കാനും കഴിഞ്ഞു. വിജയകരമായ കോവിഡ് പ്രതിരോധത്തെ പിന്തുണയ്ക്കുന്ന ഘടകങ്ങളിൽ പൊതുസ്ഥാപനങ്ങളിലുള്ള വിശ്വാസവും പ്രധാനമാണ്. സാർസ് പോലുള്ള മുൻകാലത്തെ മറ്റു മഹാമാരികൾ കൈകാര്യം ചെയ്തതിൽ നിന്നു പാഠങ്ങൾ രാജ്യം പഠിച്ചോ എന്നതും ഗവൺമെന്റിന്റെ തലവൻ ഒരു സ്ത്രീയാണോ എന്നതും കോവിഡ് പ്രതിരോധത്തെ ഗുണപരമായി സ്വാധീനിച്ചതാമാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിലെ വിജയം 2021 ലെ ഹാപ്പിനെസ് റിപ്പോർട്ട് വിശദമായി വിവരിക്കുന്നു. മേൽ രാജ്യങ്ങളിൽ രോഗ പരിശോധനയും രോഗിയെ തിരിച്ചറിഞ്ഞു സമൂഹികമായി വേർതിരിച്ചു പരിചരിക്കലും യാത്രാ നിരോധനങ്ങളുമൊക്കെ വൈറസ് നിയന്ത്രണം ഉറപ്പുവരുത്തിയത് എങ്ങനെയെന്നു വിവരിക്കുന്നു. പൗരന്മാരുടെ പ്രതികരണങ്ങളും ഈ പഠനം വിശകലനം ചെയ്യുന്നു. കിഴക്കൻ ഏഷ്യയിലെ പോലെ പൗരന്മാർ നിർദ്ദേശങ്ങൾക്കു വഴങ്ങുന്നവർ ആകുമ്പോളും ഓസ്‌ട്രേലിയയിലെയോ ന്യൂസിലൻഡിലെയോ പോലെ കൂടുതൽ സ്വാതന്ത്ര്യാധിഷ്ഠിതർ ആകുമ്പോളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകും. സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ ജനങ്ങളുടെ മനോവീര്യം മെച്ചപ്പെടുന്നു എന്നും മറ്റെവിടെയും പോലെ കിഴക്കൻ ഏഷ്യയും നമ്മെ ബോധ്യപ്പെടുത്തുന്നു.
മരണങ്ങൾ നിയന്ത്രിക്കുന്നതിൽ ഏഷ്യ / പസഫിക് രാജ്യങ്ങൾ കാര്യമായി വിജയിച്ചു. ഇതു സാധിച്ചതു പ്രസ്തുത രാജ്യങ്ങൾക്കു വലിയ തോതിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിക്കൊണ്ടായിരുന്നില്ല. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മുൻകാലങ്ങളിൽ പല മഹാമാരികളെയും നേരിട്ടു. ഈ അനുഭവം കാരണം 2020 ന്റെ തുടക്കത്തിൽ,കോവിഡ് മഹാമാരിക്കെതിരേ പ്രവർത്തിക്കാൻ അവർ നന്നായി തയ്യാറായിരുന്നു. എന്നിരുന്നാലും, നമ്മൾ വൈറസിനെ അടിച്ചമർത്തണം എന്നു 2020 പകുതിയോടെ, വ്യക്തമായിരുന്നു. എന്നാൽ, വേനൽക്കാലത്ത്, പടിഞ്ഞാറൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കുറച്ചപ്പോൾ കോവിഡിന്റെ രണ്ടാം തരംഗ ഉണ്ടാകുകയും ചെയ്തു.


കോവിഡ് മഹാമാരിയെ അടിച്ചമർത്തുന്നതിൽ വടക്കൻ അറ്റ്ലാന്റിക് മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യ-പസഫിക് മേഖല ശ്രദ്ധേയമായ വിജയം കൈവരിച്ചു. രോഗം പടരാതിരിക്കാൻ അതിർത്തി നിയന്ത്രണങ്ങൾ പോലുള്ള നോൺ ഫാർമസ്യൂട്ടിക്കൽ ഇടപെടലുകൾ (എൻ‌പി‌ഐ) വിജയകരമായി നടപ്പാക്കിയാണു മരണനിരക്ക് വളരെ കുറച്ചതുപോലുള്ള നേട്ടങ്ങൾ ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങൾ നേടിയത്. മുഖംമൂടിയുടെ ഉപയോഗം; ശാരീരിക അകലം പാലിക്കൽ; രോഗം ബാധിച്ച വ്യക്തികളുടെ വ്യാപകമായ പരിശോധന, കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ്, ക്വാറൻ്റൈനിംഗ് തുടങ്ങിയവയും അവർ ഉപയോഗിച്ചു. ഇവിടങ്ങളിൽ ഗവൺമെന്റുകൾ ശക്തമായ നിയന്ത്രണ നയങ്ങൾ രൂപീകരിക്കുകയും, പൊതുജനങ്ങൾ സർക്കാരുകളെ പിന്തുണയ്ക്കുകയും സർക്കാർ നിർദ്ദേശിച്ച പൊതുജനാരോഗ്യ നടപടികൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വടക്കൻ അറ്റ്ലാന്റിക് രാജ്യങ്ങളുടെ കൂടുതൽ വ്യക്തിഗതമായ സംസ്കാരവും സാമൂഹിക നിയന്ത്രണങ്ങളുടെ ആപേക്ഷികമായി അയവുള്ള നടപ്പാക്കലും എൻ‌പി‌ഐകൾക്കുള്ള പൊതുജന പിന്തുണ കുറയ്ക്കുന്നതിനു കാരണമായിരിക്കാം. വടക്കൻ അറ്റ്ലാന്റിക് രാജ്യങ്ങളിലെ ജനസംഖ്യയിൽ വേണ്ടത്ര ശാസ്ത്രീയമായ അറിവില്ലായ്മയും ഫലപ്രദമായ കോവിഡ് നിയന്ത്രണത്തിന്റെ പരാജയത്തിനു കാരണമായിട്ടുണ്ട്.

കോവിഡ് കാലത്തെ ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ചും വേൾഡ് ഹാപ്പിനെസ് 2021 റിപ്പോർട്ട് വിശദമാക്കുന്നു. കോവിഡ് മഹാമാരിയും തത്ഫലമായുണ്ടാകുന്ന ലോക്ഡൗണുകളും ലോകമെമ്പാടും മനുഷ്യരുടെ മാനസ്സികാരോഗ്യത്തെ കാര്യമായി അപകടപ്പെടുത്തി. അളക്കുന്നതിനുള്ള സൂചികയെയും രാജ്യത്തേയുമൊക്കെ ആശ്രയിച്ചു കണക്കുകൾ വ്യത്യാസപ്പെട്ടെങ്കിലും മാനസ്സികാരോഗ്യം കുറഞ്ഞു എന്ന വസ്തുത എല്ലാവരും അംഗീകരിച്ചു. യുകെയിൽ, 2020 മെയ് മാസത്തിൽ, മാനസ്സികാരോഗ്യത്തിന്റെ പൊതുവായ അളവ് മഹാമാരിയുടെ അഭാവത്തിൽ പ്രവചിച്ചതിനേക്കാൾ 7.7 % കുറവായാണു കാണപ്പെട്ടത്, കൂടാതെ റിപ്പോർട്ട് ചെയ്യപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങളുടെ എണ്ണം 47 % അധികമായിരുന്നു.

ഇതിനകം തന്നെ കൂടുതൽ മാനസ്സികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾ, ചെറുപ്പക്കാർ, ദരിദ്രർ തുടങ്ങിയവരിൽ മാനസ്സികാരോഗ്യനില മഹാമാരിയുടെ ആരംഭത്തിൽ തന്നെ കൂടുതൽ ഇടിഞ്ഞു. ഇതു മാനസ്സിക ക്ഷേമത്തിൽ നിലവിലുള്ള അസ്സമത്വങ്ങൾ വർദ്ധിപ്പിച്ചു. എന്നിരുന്നാലും, മാനസ്സികാരോഗ്യത്തിന്റെ പ്രാരംഭ തകർച്ചയ്ക്ക് ശേഷം, ശരാശരി മാനസ്സികാരോഗ്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും ഒരിക്കലും അത് മഹാമാരിയുടെ മുൻപുള്ള അവസ്ഥയിലേക്കെത്തിയില്ല. യുകെയിൽ 22 % ആളുകളും ഇത്തരത്തിൽ മഹാമാരിക്കു മുന്നേയുളളതിൽ കുറഞ്ഞ മാനസ്സികാരോഗ്യമുള്ളവരായിരുന്നു. അതേസമയം, മാനസ്സികാരോഗ്യ ആവശ്യങ്ങൾ വർദ്ധിച്ചതിനാൽ, പല രാജ്യങ്ങളിലും മാനസ്സികാരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടു. മഹാമാരി യുവതലമുറയിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നതു പരിഗണിക്കുമ്പോൾ ഇത് ഗുരുതരമാണ്. മഹാമാരിമൂലം ഉണ്ടായ ഗുണപരമായ മാറ്റമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്തെന്നാൽ മുമ്പെങ്ങുമില്ലാത്തവിധം മാനസ്സികാരോഗ്യത്തിന് പ്രാധാന്യം ലഭിച്ചു എന്നതാണ്. ഇതുവഴി ഈ മേഖലയിലെ ഭാവിയിലെ ഗവേഷണത്തെയും അടിയന്തിരമായി ആവശ്യമുള്ള മികച്ച മാനസ്സിക ആരോഗ്യ സേവനങ്ങളെും കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിച്ചു.

സാമൂഹിക ബന്ധങ്ങളിൽ കോവിഡ് മഹാമാരി ചെലുത്തിയ സ്വാധീനവും ഹാപ്പിനെസ് റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിലെ പ്രധാന ഘടകം ശാരീരിക അകലം അല്ലെങ്കിൽ സ്വയം ഒറ്റപ്പെടലാണ്. ഇത് ആളുകളുടെ സന്തോഷത്തിൽ അതിപ്രധാനമായ സാമൂഹിക ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാക്കുന്നു. ഏകാന്തത എന്ന തോന്നൽ വർദ്ധിക്കുകയും സാമൂഹിക പിന്തുണ കുറയുകയും ചെയ്തവർക്കു സന്തോഷം കുറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പോസിറ്റീവ് സവിശേഷതകളും അവരുടെ സാമൂഹിക ബന്ധങ്ങളെ സംരക്ഷിക്കാൻ സഹായിച്ചു. കൃതജ്ഞത, മനക്കരുത്ത്‌, മുൻ‌ ബന്ധങ്ങൾ, സന്നദ്ധപ്രവർത്തനം, വ്യായാമം ചെയ്യൽ, വളർത്തുമൃഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‘ഫ്ളോ’ നല്കുന്ന പ്രവർത്തനങ്ങൾ നടത്താനും ഇത് സഹായിക്കും. അതുപോലെ, ഒരു വ്യക്തിയുടെ സംരക്ഷണത്തെ ദുർബ്ബലപ്പെടുത്തുന്ന നെഗറ്റീവ് സവിശേഷതകളും ഉണ്ടായിരുന്നു. മുൻകാലത്തെ മാനസ്സിക രോഗം, അനിശ്ചിതത്വബോധം, ശരിയായ ഡിജിറ്റൽ കണക്ഷനുകളുടെ അഭാവം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യക്തമായും, ഡിജിറ്റൽ കണക്ഷൻ വളരെ പ്രധാനമാണ്, മാനസ്സികാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റൽ പ്രോഗ്രാമുകൾ നിരവധി ആളുകളെ സഹായിച്ചിട്ടുണ്ട്.


കോവിഡ് മഹാമാരി തൊഴിലിനെ ബാധിക്കുന്ന രീതിയെയും മനുഷ്യക്ഷേമത്തിൽ അതുണ്ടാക്കുന്ന സ്വാധീനങ്ങളെയും കുറിച്ചു ഹാപ്പിനെസ് റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. തൊഴിൽ മേഖലയിലെ ആഘാതം, അസമത്വങ്ങൾ, പ്രതിരോധം, ജോലിയുടെ ഭാവി തുടങ്ങിയവയും ചർച്ച ചെയ്യുന്നുണ്ട് ഈ റിപ്പോർട്ട്. ആഗോള ജിഡിപി 2020 ൽ ഏകദേശം 5% കുറഞ്ഞുവെന്നു കണക്കാക്കപ്പെടുന്നു, ഇത് ഒരു തലമുറയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ പ്രതിനിധീകരിക്കുന്നു. പല രാജ്യങ്ങളിലും, 2020 അവസാനത്തോടെ തൊഴിലവസരങ്ങൾ സാധാരണ നിലയേക്കാൾ 20% താഴെയായി തുടർന്നു. ചെറുപ്പക്കാർ, കുറഞ്ഞ വരുമാനമുള്ളവർ കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികൾ എന്നിവർക്കു തൊഴിൽ ലഭ്യതയുടെ ദൈർഘ്യം കുറയാനോ ജോലി പൂർണ്ണമായും നഷ്‌ടപ്പെടാനോ സാധ്യതയുണ്ട്.

ജോലിയുടെ അഭാവം സുസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. മഹാമാരി സമയത്തെ തൊഴിലില്ലായ്മ ജീവിത സംതൃപ്തിയിൽ 12 % കുറവുണ്ടാക്കുകയും നിഷേധാത്മക വികാരത്തെ 9 % വർദ്ധിപ്പിക്കുകയും ചെയ്തു. മറ്റു പ്രായക്കാരെ അപേക്ഷിച്ചു ചെറുപ്പക്കാരിൽ സുസ്ഥിതി താഴ്ന്ന നിലവാരത്തിലെത്തി എന്നാണു കാണുന്നത്. തൊഴിലാളികൾക്കു കൂടുതൽ തൊഴിൽ പരിരക്ഷകൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ പൊതുവേ ക്ഷേമത്തിൽ കുറഞ്ഞ തോതിലുള്ള ഇടിവാണു കാണിക്കുന്നത്. പകർച്ചവ്യാധി സമയത്തു സഹായകരമായ മാനേജ്മെന്റും തൊഴിൽ വഴക്കവും ജോലിസ്ഥലത്തെ ക്ഷേമത്തിന്റെ പ്രധാന ഘടകങ്ങളായി മാറിയിരിക്കുന്നു.


‘ദീർഘനാൾ ജീവിക്കുക; നന്നായി ജീവിക്കുക’ എന്ന കാഴ്ചപ്പാടിനെ ആധാരമാക്കിയുള്ള ഒരു സമീപനവും 2021 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. സാമൂഹിക പുരോഗതി വിലയിരുത്തുന്നതിനും ഫലപ്രദമായ നയം ഉണ്ടാക്കുന്നതിനും ജീവിത നിലവാരവും ഒപ്പം ജീവിത ദൈർഘ്യവും ആധുനിക സമൂഹം കണക്കിലെടുക്കേണ്ടതുണ്ട്: ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞർ (Health economists) ഇതിനായി ‘ഗുണനിലവാരം ക്രമപ്പെടുത്തിയ ജീവിത വർഷങ്ങൾ’ (Quality-Adjusted Life Years) എന്ന ആശയം ഉപയോഗിക്കുന്നു, പക്ഷേ, അവർ രോഗിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവിത നിലവാരം മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. ക്ഷേമ സമീപനത്തിൽ, സർവ്വതല സ്പർശിയായ സമ്പൂർണ്ണ ക്ഷേമം കണക്കിലെടുക്കും. ഈ സുസ്ഥിതിയിലേയ്ക്കെത്തിയ സർവ്വരും എങ്ങനെ ഈ ആനന്ദദായകമായ അവസ്ഥയിലെത്തി എന്നതും പരിഗണിക്കുന്നു. ജനിച്ച എല്ലാവരുടെയും ‘ക്ഷേമം ക്രമപ്പെടുത്തിയ ജീവിത വർഷങ്ങൾ’ – അല്ലെങ്കിൽ വെൽബൈകൾ (Well-Being-Adjusted Life-Years or WELLBYs) പരമാവധി വർദ്ധിപ്പിക്കാൻ എല്ലാ നയ നിർമ്മാതാക്കളും ലക്ഷ്യമിടണം. വെൽബൈ സമീപനം മനുഷ്യ പുരോഗതി അളക്കുന്നതിനും വിവിധ രാജ്യങ്ങളുടെ പ്രകടനം താരതമ്യം ചെയ്യുന്നതിനും കൂടുതൽ സമഗ്രമായ മാർഗ്ഗം നല്കുന്നു. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ, 2006-08 നും 2017-19 നും ഇടയിൽ ഒരോ വ്യക്തിയുടെയും വെൽ‌ബൈകളുടെ എണ്ണം 1.3 % ഉയർന്നു. ഉയർന്ന ആയുർദൈർഘ്യം കാരണമാണ് ഇതു സംഭവിച്ചത്; പ്രത്യേകിച്ച്, ആരോഗ്യമില്ലാത്ത വ്യക്തികൾ കൂടുതലുള്ള രാജ്യങ്ങളിൽ. ഇത് ലോകമെമ്പാടുമുള്ള അസമത്വത്തിൽ ഗണ്യമായ കുറവുണ്ടാക്കി എന്നാണു ലോക ഹാപ്പിനെസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് (3).

ഈ വർഷത്തെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് ആകെ 149 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു 139-ാം സ്ഥാനമാണു നല്കിയിരിക്കുന്നത്. 2019 ൽ ഇന്ത്യ 140 -ാം സ്ഥാനത്തായിരുന്നു. പാകിസ്താൻ 105 ഉം ബംഗ്ലാദേശ് 101 ഉം ചൈന 84 ഉം സ്ഥാനത്തുമാണു നിലകൊള്ളുന്നത്. വൻശക്തി എന്ന അഹങ്കാരത്തിൽ ആഗോള വേദികളിൽ തങ്ങളുടെ അധികാരശക്തി പ്രദർശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യ തന്റെ ജനതയുടെ സുസ്ഥിതിയ്ക്കായി ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന നഗ്നസത്യബാണ് വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് വീണ്ടും നമ്മോടെ മുന്നിൽ വയ്ക്കുന്നത്.. ഈ കളങ്കം കഴുകിക്കളയാനുള്ള ആർജ്ജവം ഇന്ത്യൻ ഭരണകൂടം പ്രകടിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിൽ നിറുത്തട്ടെ.

റഫറൻസ്
1.https://www.un.org/en/observances/happiness-day
2.https://www.happiness.com/magazine/inspiration-spirituality/international-day-of-happiness/
3.https://worldhappiness.report/ed/2021/living-long-and-living-well-the-wellby-approach/