Tue. Apr 16th, 2024

കേരളത്തിലെ ബി ജെ പി നേതൃത്വം പ്രവര്‍ത്തിക്കുന്നത് മാഫിയകളെ പോലെയെന്ന് തുറന്നടിച്ച് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍. ഇത്തവണ ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വവുമായി ധാരണയുണ്ടാക്കിയിരുന്നെന്നും എന്നാല്‍ പാര്‍ട്ടി പട്ടിക പുറത്തുവന്നപ്പോള്‍ ഒരിടത്തും സീറ്റ് നല്‍കിയില്ലെന്നും ആര്‍ ബാലശങ്കര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

ചെങ്ങന്നൂരില്‍ താന്‍ സ്ഥാനാര്‍ഥിയാകാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. ബാലശങ്കറിന് വേണ്ടി ആര്‍ എസ് എസുകാരും രംഗത്തുണ്ടായിരുന്നു.

കോന്നിയില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയിക്കുന്നതിന് സി പി എമ്മുമായി ബി ജെ പി ധാരണയുണ്ടാക്കിയെന്നും ബാലശങ്കര്‍ ആരോപിച്ചു. വിജയസാധ്യതയുണ്ടെന്ന് ബി ജെ പി കരുതുന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. എന്നാല്‍ ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി പരാജയപ്പെടുമെന്നും അതാണ് ഡീലെന്നും ബാലശങ്കര്‍ ആരോപിച്ചു. അതേസമയം, ബാലശങ്കറിന്റെ ആരോപണങ്ങളെ കെ സുരേന്ദ്രനും ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ഥി എം വി ഗോപകുമാര്‍ തള്ളി.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ ബാലശങ്കര്‍ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ കൂടിയാണ്. ദേശീയതലത്തില്‍ ആര്‍ എസ് എസിന്റെ സൈദ്ധാന്തികനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913