Fri. Mar 29th, 2024

✍️  ലിബി. സി. എസ്

ചില സ്ത്രീപക്ഷ പ്രവർത്തകരുടെ രോദനങ്ങൾ കണ്ടിട്ട് പറയാതിരിക്കാൻ വയ്യ ! മുണ്ഡനം ഒരു പ്രതിഷേധമോ? നിങ്ങളുടെ പ്രതിഷേധങ്ങൾ ആണധികാരത്തെയും ബ്രഹ്മണ്യ ആചാരത്തെയും തൃപ്തിപ്പെടുത്തുന്നത് ആയിരിക്കരുത്. ബ്രഹ്മണ്യത്തെ ധിക്കരിക്കുന്ന പ്രതിഷേധങ്ങൾ മാത്രമേ പൊട്ടാൻ വെമ്പി നിൽക്കുന്ന വ്രണങ്ങൾ കുത്തിപ്പൊട്ടിക്കാൻ ഉപകരിക്കൂ. ലതികാ സുഭാഷ് ഉന്നയിച്ച വിഷയങ്ങൾ മൂന്ന് മുന്നണികളുടെയും കാര്യത്തിൽ വ്യത്യസ്തമല്ല.എന്നാൽ രാജ്യത്തെ ഫ്യൂഡലിസത്തിലേക്ക് തിരികെ കൊണ്ടുപോകാൻ വെമ്പുന്ന ആചാരസംരക്ഷണ ബില്ല് ബസ് സ്റ്റാൻഡിലിരുന്നു പാസാക്കിയ പാർട്ടിയുടെ വനിതാ സംഘത്തിൻറെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോൾ ഒരു സ്ത്രീവിവേചനവും തോന്നാതിരുന്ന ലതികാ സുഭാഷിനോട് വ്യക്തിപരമായി എനിക്കൊരു സിംപതിയും തോന്നുന്നില്ല.

സ്ത്രീകൾക്ക് പ്രാതിനിധ്യം കിട്ടാത്തതിൻറെ പേരിലുള്ള പ്രതിഷേധമല്ല തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധമാണ് അവർ നടത്തിയതെന്ന് അവരുടെ അതിനുശേഷമുള്ള പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തം. അവരെ സംബന്ധിച്ച് അവർക്ക് ആവശ്യപ്പെട്ട സീറ്റ് കൊടുത്താൽ തീരുന്ന പ്രതിഷേധമേ അവർക്കുള്ളൂ. വ്യക്തിപരമായി ലതിക സുഭാഷ് ഒരു നല്ല സ്ത്രീ ആയിരിക്കാം എന്നാൽ രാഷ്ട്രീയ പരമായി അവരെടുത്ത നിലപാടുകൾ എല്ലാം സ്ത്രീവിരുദ്ധമായിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ലതികാ സുഭാഷിനോട് സിമ്പതിയും എമ്പതിയും ഒക്കെ തോന്നുന്നവരോട് പറയാനുള്ളത് ലതിക സുഭാഷ് നല്ല ഒന്നാംതരം ഗാന്ധി ശിഷ്യയാണെന്നു മാത്രം. മുൻപിലെ മൂന്ന് പല്ല് പോയപ്പോൾ വിവേചനം ഉണ്ടെന്നു മനസിലായ ഗാന്ധിയെപ്പോലെയാണ് ലതികയും! കാരണം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറെ വാർത്തയായതാണ് വെഞ്ഞാറമൂട് ജില്ലാപഞ്ചായത്ത് സീറ്റിലേക്കുള്ള കോണ്ഗ്രസിന്റെ സ്ഥാനാർഥി തർക്കം. തിരുവനന്തപുരം ജില്ലയിൽ ഐ ഗ്രൂപ്പിന് അനുവദിച്ച 11 സീറ്റുകളിൽ ഒന്നായിരുന്നു വെഞ്ഞാറമൂട് ഡിവിഷൻ.

ഇപ്പോൾ ലതിക സുഭാഷ് നെ സംബന്ധിച്ച് പ്രതീക്ഷിച്ച സീറ്റ് കിട്ടിയില്ല എന്നതേയുള്ളു വിഷയം. അവർ സംസ്ഥാന പ്രസിഡന്റായുള്ള മഹിളാ കോൺഗ്രസിൻറെ തന്നെ സംസ്ഥാന സെക്രട്ടറിയും എസ്എൻഡിപി യോഗം വനിതാസംഘം സംസ്ഥാന നേതാവുമായ എം. സുനിതകുമാരിയെ ഇവർ അപമാനിച്ചത് സീറ്റ് നൽകി നോമിനേഷൻ സമർപ്പിച്ച് പോസ്റ്റർ പ്രചരണവും ഒന്നാം ഘട്ട വോട്ട് അഭ്യർത്ഥനയും കഴിഞ്ഞപ്പോൾ ഒരു നായർ പെയ്ഡ് സ്ഥാനാർത്ഥിയെ അവതരിപ്പിച്ചുകൊണ്ടാണ്.(ആ നായർ കുല സ്ത്രീ രത്‌നത്തെ ജനങ്ങൾ വീട്ടിലിരുത്തിയെങ്കിലും കഴിഞ്ഞ ദിവസം ബിന്ദു അമ്മിണിക്കെതിരെയും ശൈലജ ടീച്ചർക്കെതിരെയുമൊക്കെ തികച്ചും സ്ത്രീവിരുദ്ധമായ പോസ്റ്റുകൾ ഇട്ട് നിർവൃതി കൊള്ളുന്നതും കണ്ടു. ഈ മഹിളാമണികളിൽ നിന്ന് അതിൽ അധികമൊന്നും പ്രതീക്ഷിക്കുന്നില്ല എങ്കിലും സൂചിപ്പിച്ചെന്നേയുള്ളൂ)

അന്ന് സുനിതകുമാരി സുഹൃത്തുക്കളുടെയും അയൽവക്കക്കാരുടെയും എതിർകക്ഷികളുടെയും സമൂഹത്തിൻറെയും മുൻപിൽ നേരിട്ട അപമാനത്തെ കുറിച്ച് ലതിക സുഭാഷ് ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്. ഇവിടെ വിവേചനമില്ലെന്ന് വട്ടമേശസമ്മേളനങ്ങളിൽ അംബേദ്കർക്കെതിരെ വാദിച്ച ഗാന്ധിക്ക് മുന്നിലെ മൂന്നു പല്ലുപോയപ്പോൾ വിവേചനം ഉണ്ടെന്ന് തിരിച്ചറിവുണ്ടായതുപോലെ ലതിക സുഭാഷിനും തിരിച്ചറിവുണ്ടാകട്ടെ! സ്വന്തം അനുഭവം ഉണ്ടാകുമ്പോൾ ആർക്കും തിരിച്ചറിവ് ഉണ്ടാകും!!
പിന്നെ മുണ്ഡനം ഒരു പ്രതിഷേധമല്ല ദണ്ഡന ആചാരമാണ്. വിധേയത്വവും കീഴടങ്ങലും ശിക്ഷയും ഒക്കെയാണ്. അത് നിരാഹാര സമരത്തേക്കാൾ തെറ്റായൊരു സമര രീതിയാണ്. ഭർത്താവ് മരിച്ച സ്ത്രീയുടെ തല മുണ്ഡനം ചെയ്യുന്ന ആചാരം മനുസ്മൃതി അനുശാസിക്കുന്നതാണ്. ബ്രിട്ടീഷുകാർ സതി നിരോധിച്ചതോടെ മനുസ്‌മൃതി ചികഞ്ഞു പുറത്തെടുത്ത പുതിയ ആചാരം. പിന്നീട് ചിതയിൽ ചാടിക്കാ‍ൻ കഴിയാതെ വന്നപ്പോൾ ബ്രാഹ്മണ്യം സ്ത്രീകൾക്ക് വിധിച്ച ദണ്ഡ നീതി. ഇല്ലത്തെ മൂത്ത ആൾ മാത്രം വേളികഴിച്ച് മറ്റ് അഫന്മാർ സംബന്ധം കൂടി നടന്നപ്പോൾ 90 കാരനെവരെ വേളികഴിക്കേണ്ടിവന്ന 16 കാരി അന്തർജനത്തിന്റെ ഭർത്താവ് മരിച്ചത് അവരുടെ കുറ്റമെന്നാരോപിച്ച് നടപ്പിലാക്കിയ ക്രൂരത. മരണം വരെ തലമുണ്ഡനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച് ജയിൽവാസം പോലെ ജീവപര്യന്തം ശിക്ഷ.

മറ്റൊന്ന്,വ്യഭിചാരം ആരോപിച്ച് സ്ത്രീകളുടെ തല മൊട്ടയടിച്ച് കഴുതപ്പുറത്ത് നാടു നീളെ എഴുന്നള്ളിക്കുകയും കല്ലെറിയുകയും ചെയ്തിരുന്ന ക്രൂരമായ ശിക്ഷയും എല്ലാ നാട്ടിലും മതവിഭാഗങ്ങളിലും ഉണ്ടായിരുന്നു. മറ്റൊന്ന് ദൈവങ്ങളോടുള്ള വിധേയത്വമോ അടിമത്വമോ ബോധ്യപ്പെടുത്താൻ കുഞ്ഞുങ്ങളെ മുടി മുറിച്ച് മഞ്ഞൾ തേക്കുന്നൊരു ആചാരമുണ്ട് പളനിയിലും തിരുപ്പതിയിലും വേളാങ്കണ്ണിയിലുമൊക്കെ…. ബ്രഹ്മണ്യത്തെ കോപ്പിയടിക്കുന്ന ഈ ആചാരങ്ങൾ കാണാം. അത് സ്ത്രീകൾ ചെയ്യുമ്പോൾ നിങ്ങൾ ബ്രാഹ്മണ്യത്തിന്റെ ശിക്ഷാവിധികൾ സ്വീകരിക്കുന്നവരെന്നാണ് അർത്ഥം. !

പൗരോഹിത്യത്തെ തൃപ്തിപ്പെടുത്തുന്ന ആചാരങ്ങൾ പ്രതിഷേധങ്ങളായി വ്യാഖ്യാനിക്കരുത്. അവരെ വെല്ലുവിളിക്കുന്നതും അവരെ പ്രകോപിപ്പിക്കുന്നതുമായിരിക്കണം പ്രതിഷേധങ്ങൾ..! പൊട്ടാൻ വെമ്പി നിൽക്കുന്ന വൃണങ്ങൾ കുത്തിപ്പൊട്ടിക്കുനതാവണം പ്രതിഷേധങ്ങൾ. ദയവായി തെറ്റായ സമര രീതികൾക്ക് ഫെമികൾ എന്ന് പറഞ്ഞുനടക്കുന്നവരെങ്കിലും പിന്തുണ നൽകാതിരിക്കുക. ആരെങ്കിലും ക്യാൻസർ രോഗികൾക്ക് നൽകാനോ, അല്ലെങ്കിൽ ഒരു രസത്തിന് ഹെയർ സ്റ്റൈൽ മാറ്റാനോ സന്തോഷത്തോടെ മുണ്ഡനം ചെയ്യുന്നതുപോലെയല്ല ഇത്.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913