✍️ സുരേഷ്. സി.ആർ
ശബ്ദത്തെയും സംഗീതത്തെയും അർത്ഥവത്തായി ഉപയോഗപ്പെടുത്തിയ ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും സംവിധായകനുമായിരുന്നു ജി അരവിന്ദൻ (1935 – 1991) . അധികാരം, നൈതികത, മനുഷ്യനിലുള്ള വിമോചനസ്വപ്നങ്ങൾ, വിമോചനം, വികസനം തുടങ്ങിയ പല പ്രമേയങ്ങളും അരവിന്ദൻ സിനിമയുടെ അന്തർധാരകളായിരുന്നു.
കോട്ടയത്ത് ജനിച്ചു. പ്രസിദ്ധ ഹാസ്യസാഹിത്യകാരൻ എം എൻ ഗോവിന്ദൻനായർ പിതാവാണ്. മാതൃഭൂമിക്കുവേണ്ടി രേഖാചിത്രങ്ങൾ വരച്ചുകൊണ്ടായിരുന്നു തുടക്കം. രാമുവിന്റെ സാഹസിക യാത്രകൾ, ഗുരുജി തുടങ്ങിയ കാർട്ടൂൺ പരമ്പരകളും പ്രസിദ്ധമാണ്.
1961മുതൽ 1973വരെ അറുനൂറിലേറെ ചിത്രപടങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യക്ഷപ്പെട്ട ചെറിയമനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പരയുടെ–ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നോവൽ–തുടർച്ചയായിരുന്നു അരവിന്ദന്റെ സിനിമാജീവിതം.
കോട്ടയത്ത് നവരംഗം, സോപാനം എന്നീ സംഘടനകൾ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഇതു വഴി നിരവധി നാടകങ്ങൾ പ്രദർശിപ്പിച്ചു. കാളി (1964), അവനവൻ കടമ്പ (1976) തുടങ്ങിയ നാടകങ്ങൾ ഇത്തരത്തിൽ പ്രദർശിപ്പിച്ചവയാണ്. മിക്കതും കാവാലം നാരായണപ്പണിക്കരുമായി സഹകരിച്ചായിരുന്നു. ഭരത് ഗോപിയും നെടുമുടി വേണുവുമാണ് അരവിന്ദൻ സിനിമകളിൾക്കൂടി ഏറെ ശ്രദ്ധിക്കപ്പെട്ടവർ.
1974-ൽ സംവിധാനം ചെയ്ത ഉത്തരായനം ആണ് ആദ്യ ചിത്രം. പുതിയ ഭാഷയ്ക്കും പ്രതികരണായുധങ്ങൾക്കും വിമോചനാഹ്വാനങ്ങൾക്കുമിടയിൽ സ്വന്തം വഴിതിരയുന്ന യുവത്വത്തിന്റെ വിഹ്വലമായ മാനസികാവസ്ഥയാണ് ഈ ചിത്രത്തിന്റെ ആഖ്യാനാന്തരീക്ഷം.
1977-ൽ രണ്ടാമത്തെ ചിത്രമായ കാഞ്ചനസീത രാമായണകഥയെ അവലംബിച്ച് സി എൻ ശ്രീകണ്ഠൻനായർ എഴുതിയ പ്രശസ്തമായ ഒരു നാടകത്തെയാണ് ആസ്പദമാക്കുന്നത്. പുരാണപുനരാഖ്യാനങ്ങളുടെ നീണ്ട പാരമ്പര്യമുള്ള ഇന്ത്യൻ സിനിമാചരിത്രത്തിൽ തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ് കാഞ്ചനസീത.
1979-ൽ പുറത്തിറങ്ങിയ കുമ്മാട്ടി കുട്ടികളുടെ ഭാവനാലോകത്തിലേക്കുള്ള ഒരു സഞ്ചാരമാണ്. ഇന്ത്യൻ സിനിമയിലെതന്നെ അപൂർവസുന്ദരമായ ഒരു ചിത്രമാണിത്. 1985-ൽ സി വി ശ്രീരാമന്റെ കഥയെ ആസ്പദമാക്കി നിർമിച്ച ചിദംബരം പാപബോധത്തെക്കുറിച്ചുള്ള തീവ്രമായ ഒരു ആഖ്യായികയാണ്. 1991-ൽ അവസാനചിത്രമായ വാസ്തുഹാര പലായനത്തെയും പ്രവാസത്തെയും കുറിച്ചുള്ളതാണ്.
ദേശീയ ചലച്ചിത്രവികസനകോർപറേഷന്റെ ഡയറക്ടർ, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് എഴ് തവണയും ദേശീയ അവാർഡ് മൂന്ന് തവണയും ലഭിച്ചു. ഒരേ തൂവൽ പക്ഷികൾ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള അവാർഡിനർഹത നേടി.
തമ്പ് (1978), എസ്തപ്പാൻ (1979), പോക്കുവെയിൽ (1981), വിധി (ഡോക്യുമെന്ററി), ദ ബ്രൗൺ ലാൻഡ്സ്കേപ്പ് (ഹ്രസ്വചിത്രം) (1985), ഒരിടത്ത്, ദ സീർ ഹു വാക്ക്സ് എലോൺ (1986), കോണ്ഡോർസ് ഓഫ് എ ലീനിയർ റിതം (1987), അനാദിധാര, മാറാട്ടം (ടിവി), സഹാറ (1988), ഉണ്ണി (1989) എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ആരോ ഒരാൾ (1978), പിറവി, ഒരേ തൂവൽപ്പക്ഷികൾ (1988)എന്നീ സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.