Thu. Mar 28th, 2024

ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ്. താൻ എ.കെ. ആന്റണിയെ വിളിച്ച് ഏറ്റുമാനൂർ സീറ്റ് ചോദിച്ചിരുന്നു. തന്നില്ലെങ്കിൽ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും പറഞ്ഞിരുന്നു. ഏറ്റുമാനൂർ ഘടകകക്ഷിക്ക് കൊടുത്തെന്ന് മിനിഞ്ഞാന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വൈപ്പിൻ ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ വിളിക്കാമെന്ന് പറഞ്ഞിട്ട് തിരികെ വിളിച്ചില്ലെന്നും ലതികാ സുഭാഷ് വെളിപ്പെടുത്തി.

തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ല. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മത്സരരംഗത്ത് വരാനിരിക്കുന്ന സഹോദരന്മാരൊക്കെ ഏറ്റുമാനൂർ വേണമെന്ന് വലിയ നിർബന്ധമൊന്നും തങ്ങൾക്കില്ലായിരുന്നുവെന്ന് എന്നോട് പറഞ്ഞു. ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് മത്സരിക്കണമെന്ന് കേരളാ കോൺഗ്രസിനെക്കാൾ നിർബന്ധം കോൺഗ്രസിന്റെ ആളുകൾക്കാണ് എന്നാണ് അവർ പറഞ്ഞതെന്നും ലതികാ സുഭാഷ് പ്രതികരിച്ചു.

പാർട്ടി പ്രവർത്തകർ നിസഹായരാണ്. ലതികാ സുഭാഷ് എന്ന വ്യക്തിയല്ല, മഹിളാ കോൺഗ്രസ് എന്ന സംഘടനയുടെ നേതാവെന്ന നിലയിൽ പറയുന്നു യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും പരിഗണന ലഭിക്കുന്നത് പോലെ മഹിളാ കോൺഗ്രസിന് ലഭിക്കണമായിരുന്നു. ജോസഫ് ഗ്രൂപ്പ് ഏറ്റുമാനൂർ വേണമെന്ന് നിർബന്ധം പിടിക്കുന്നു എന്നല്ലാതെ ഏറ്റുമാനൂരല്ലാതെ മറ്റൊരു സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒരു കോൺഗ്രസ് നേതാക്കളും എന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സഹോദരിമാർക്ക് അംഗീകാരം കിട്ടാനാണ് പാർട്ടിയിൽ നിന്ന് രാജിവച്ചതെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

ഞാൻ എകെ ആന്റണിയെ വിളിച്ചു. ഏറ്റുമാനൂർ സീറ്റ് ചോദിച്ചു. തന്നില്ലെങ്കിൽ താൻ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും മാർച്ച് എട്ടിന് പറഞ്ഞു. ഏറ്റുമാനൂർ ഘടകക്ഷിക്ക് കൊടുത്തെന്ന് മിനിഞ്ഞാന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വൈപ്പിൻ ചോദിച്ചെങ്കിലും ഉമ്മൻചാണ്ടി വ്യക്തമായ മറുപടി പറഞ്ഞില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ വിളിക്കാമെന്ന് പറഞ്ഞിട്ട് തിരികെ വിളിച്ചില്ല. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കൾ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാൻ തല മുണ്ഡനം ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷം എ.കെ. ആന്റണി, വി.എം. സുധീരൻ, പി.ജെ. കുര്യൻ തുടങ്ങിയവരൊക്കെ തന്നെ വിളിച്ചെന്നും ലതികാ സുഭാഷ് പറഞ്ഞു.



ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913