Thu. Mar 28th, 2024

ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജസ്റ്റിസ് ലോയയുടെ മരണവും അടക്കമുള്ള ദുരൂഹ മരണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു പിണറായിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ ഏറ്റുമുട്ടല്‍ കേസിലെ കുറ്റപത്രത്തില്‍ അമിത് ഷായുടെ പേരുണ്ടായിരുന്നു. ഈ കേസിൽ സി ബി ഐ ഷായെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നത് ആരായിരുന്നു. സുഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, സഹായി തുളസിറാം പ്രജാപതി തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെയല്ലേ വധിച്ചത്. ഇരകളുടെ ബന്ധുക്കൾക്ക് ഇതുവരെ നീതി പോലും ലഭിച്ചില്ലെന്നും പിണറായി പറഞ്ഞു.

അതിനെകുറിച്ചൊന്നും അമിത് ഷാ മിണ്ടില്ല. എന്തേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റാത്തത്? ഓര്‍മയില്ലെങ്കില്‍ ഓര്‍മിപ്പിക്കുന്നു. ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കരുത്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരമെങ്കില്‍ പറയേണ്ടി വരും. നിങ്ങളുടെ സംസ്‌കാരം വെച്ച് മറ്റുള്ളവരെ അളക്കരുത്.

വര്‍ഗീയതയുടെ ആള്‍ രൂപമാണ് അമിത് ഷായെന്നും പിണറായി പറഞ്ഞു. അങ്ങനെയൊരാളാണ് മതസൗഹാര്‍ദത്തിന്റെയും വര്‍ഗീയവിരുദ്ധതയുടെയും വിളനിലമായ കേരളത്തില്‍ വന്ന് ഞങ്ങളെ ചോദ്യം ചെയ്യുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913