Thu. Apr 25th, 2024

✍️  പ്രൊഫ. ടി.ബി. വിജയകുമാര്‍ (തുഞ്ചത്ത് എഴുത്തച്ഛന്‍ പഠനഗവേഷണകേന്ദ്രം, തൃശൂര്‍-4)

ഇന്ന് (മാര്‍ച്ച് 7) ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന “അംബേദ്ക്കറൈറ്റ് മുസ്ലിം” എന്ന പുസ്തകം കേരളീയ സമൂഹത്തിന്‍റെ ഒരു കണ്ണാടിയാണ്. ജനാബ് വി. പ്രഭാകരന്‍ കേരളത്തിലെ ഒന്നാം നമ്പര്‍ സാമൂഹ്യ വിപ്ലവകാരിയാണ്. കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ ശൂദ്ര-നായര്‍ പശ്ചാത്തലത്തില്‍ ജനിച്ച പ്രഭാകരന്‍റെ സാമൂഹ്യ ഉറവിടം ഒന്നു പരിശോധിച്ചുനോക്കാം. അച്ഛന്‍റെ കുടുംബം പ്രശസ്ത മാര്‍ക്സിസ്റ്റ് നേതാവായ എ.കെ. ഗോപാലന്‍ നമ്പ്യാരുടെ ആയില്ല്യത്ത് കുറ്റേരി കുടുംബമാണ്. അമ്മയുടെ കുടുംബം കടത്തനാട്ട് തച്ചോളി ഒതേനന്‍ നായരുടെ പാരമ്പര്യത്തിലെ ഒരു കളരി കുറുപ്പ് കുടുംബമാണ്.

അദ്ദേഹം ജനിച്ചത് മരുമക്കത്തായ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയുടെ കാലഘട്ടത്തിലാണ്. അക്കാലത്തെ യുവാക്കളുടെ, സമാനമായ കുടുംബങ്ങളിലെ അന്യവല്‍ക്കരണ പ്രക്രിയയുടെ സാഹചര്യത്തിലാണ് പ്രഭാകരന്‍ വളര്‍ന്നുവന്നത്. പല യുവാക്കളിലും ഈ അന്യവല്‍ക്കരണപ്രക്രിയ പലതരം നിരാശകള്‍ക്കും ശൈഥില്യത്തിനും വഴിവെച്ചു. അവരില്‍ നിരാശ്രയത്വം പ്രതിഫലിച്ചു. അവരില്‍ പലരും മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ചേക്കേറി. ആളോഹരി ഭാഗംവെപ്പും നടന്നതോടെ അവര്‍ പലരിലും ജീവിതം വഴിമുട്ടി. പലരും ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ചേക്കേറിയപ്പോള്‍ പ്രഭാകരന്‍ പെരിയാറിസത്തിലേക്കും യുക്തിവാദ ചിന്തകളിലേക്കുമാണ് പോയത്.

പ്രഭാകരനെ അക്കാലത്തെ ദളിത് ഒ.ബി.സി. മുസ്ലിം കുടുംബങ്ങളിലെ അന്തരീക്ഷം വളരെ അധികം സ്വാധീനിച്ചിരുന്നു. ശൂദ്ര സവര്‍ണ്ണ കുടുംബഅന്തരീക്ഷത്തെ വെറുക്കുകയും ചെയ്തു.തല്‍ഫലമായി കഥാനായകന്‍ എ. അംബേദ്കര്‍ ചിന്തകളില്‍ ആകൃഷ്ടനാവുകയും ആ ചിന്തകള്‍ ജനങ്ങളില്‍ സന്നിവേശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. അത് ഇന്നും ഒരു തപസ്യപോലെ പ്രഭാകരന്‍ പിന്തുടരുന്നു.

ആര്യന്‍ അധിനിവേശസിദ്ധാന്തമായ ‘ബ്രാഹ്മണിസം’ കുഴിച്ചുമൂടുന്നത് തന്‍റെ ജീവിതവ്രതമായി കണക്കാക്കുകയും അതിനായി അനവരതം ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു. ഇതുമൂലം പല തരത്തിലുള്ള പ്രതിസന്ധികളും അദ്ദേഹത്തിന് അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. എല്ലാ ഭീഷണകളേയും അനിരത സാധാരണമായ മെയ് വഴക്കത്തോടെ നേരിടുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ എന്താണ് പ്രഭാകരന്‍റെ സ്ഥാനം? 1789ലെ മഹത്തായ ഫ്രഞ്ചുവിപ്ലവത്തിന് ബീജാവാപം നല്‍കിയ വിപ്ലവകാരിയും സൈദ്ധാന്തികനുമായ “വോള്‍ട്ടറുടെ” ജീവിതവുമായി താരതമ്യപ്പെടുത്താവുന്നതാണ് പ്രഭാകരന്‍റെ ജീവിതം. അന്നു നിലവിലുണ്ടായിരുന്ന ഫ്രഞ്ചു സമൂഹത്തിന്‍റെ ജീര്‍ണ്ണതകള്‍ക്കെതിരെ, അഥവാ അവരുടെ നിക്ഷിപ്ത സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് എതിരായി പോരാടിക്കൊണ്ടാണ് വോള്‍ട്ടെയര്‍ ഫ്രഞ്ച്സമൂഹത്തിന് വഴികാട്ടിയായത്.

ബുദ്ധിജീവികള്‍ക്ക് എല്ലാ കാലഘട്ടത്തിലും ഒരു ഉദാത്തമായ മാതൃകയാണ് വോള്‍ട്ടയര്‍. പ്രഭാകരന്‍ ജീവിതകാലം മുഴുവന്‍ പോരാടിയത് തന്‍റെ ശൂദ്ര പാരമ്പര്യത്തിന്‍റെ ജീര്‍ണ്ണതകള്‍ക്ക് എതിരായാണ്. അങ്ങനെ അദ്ദേഹം ഡോ. ബി.ആര്‍. അംബേദ്കറുടെ ഒരു അനുയായി മാറി. പ്രഭാകരന്‍ നടത്തിയ സാംസ്കാരിക സമരങ്ങള്‍ക്ക് കണക്കില്ല. ശ്രീ. വി.ടി. രാജശേഖര്‍ പത്രാധിപരായ ദളിത് വോയ്സിന്‍റെ കേരളത്തിലെ ജീവാത്മാവും പരമാത്മാവുമായി അദ്ദേഹം പരിണമിച്ചു. അദ്ദേഹം തയ്യാറാക്കിയ ലഘുലേഖകള്‍ക്കും ചെറു പുസ്തകങ്ങള്‍ക്കും കണക്കില്ല. അംബേദ്ക്കര്‍ സാഹിത്യം കേരളത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച് അതിനായി പ്രവര്‍ത്തിച്ചു. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

പ്രഭാകരന്‍റെ മതംമാറ്റം അംബേദ്കര്‍ ചിന്തകളുമായി ബന്ധപ്പെട്ടതാണ്. ബ്രാഹ്മണ-ഹിന്ദു മതവുമായി സകലബന്ധവും വിടര്‍ത്തുക എന്നതിന്‍റെ ഭാഗമായി ഉണ്ടായതാണ് അദ്ദേഹത്തിന്‍റെ മതംമാറ്റവും. ശൂദ്രവല്‍ക്കരണമാണ് കേരളത്തിനെ ഗ്രസിച്ചിട്ടുള്ള കാന്‍സര്‍ എന്ന് വി. പ്രഭാകരന്‍ മനസ്സിലാക്കുന്നു. ശൂദ്രവല്‍ക്കരണവും ബ്രാഹ്മണവല്‍ക്കരണവും ഒന്നുതന്നെയാണ്. ബ്രാഹ്മണ ഹിന്ദുമതവും ഇസ്ലാമും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നു.

കഴിഞ്ഞ അമ്പതുകൊല്ലമായി കേരളീയ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹ്യചലനങ്ങളിലും പ്രഭാകരന്‍ ഇടപെട്ടിട്ടുണ്ട്. ബി.എസ്.പി. സ്ഥാപകനായ മാന്യവാര്‍ കാന്‍ഷിറാമുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിത്തിയിരുന്ന വ്യക്തിയായിരുന്നു പ്രഭാകരന്‍. ആദ്യമായി ബുക്കര്‍ പ്രൈസ് നേടിയ മലയാളിയായ അരുന്ധതി റോയിക്ക് കോഴിക്കോട് നല്‍കിയ സ്വീകരണവും, അതിനോടബന്ധിച്ച് നടത്തിയ സവര്‍ണ്ണ സാഹിത്യ സെമിനാറും സാംസ്കാരിക മേഖലയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചവയാണ്.

എന്‍റെ രാഷ്ട്രീയ സാമൂഹ്യവീക്ഷണങ്ങളെ മാറ്റിമറിക്കുന്നതിലും പ്രഭാകരന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അങ്ങിനെയാണ് ഞാന്‍ ദളിത് വോയ്സ് എഡിറ്റര്‍ ശ്രീ. വി.ടി. രാജശേഖറുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീ. പ്രഭാകരന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. കേരളത്തിലെ ശൂദ്രന്മാര്‍ സ്വീകരിക്കേണ്ട ചര്യയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നല്‍കുന്നത്.

ശ്രീ. പ്രഭാകരന്‍ ജീവിക്കുന്നത് കഷ്ടപ്പാടുകളുടെ കടലുകള്‍ താണ്ടിയാണ്. ശ്രീ. വി. പ്രഭാകരന്‍റെ ജീവിതചര്യ അദ്ദേഹത്തിനു മാത്രമേ പിന്തുടരാന്‍ കഴിയുകയുള്ളൂ. പ്രഭാകരന്‍റെ ജീവിതചര്യ സ്വീകരിക്കുന്ന മുറയ്ക്കുമാത്രമേ കേരളത്തിന്‍റെ ആധുനികവല്‍ക്കരണം പൂര്‍ത്തിയാവുകയുള്ളൂ. കേരളത്തിലെ ശുദ്ര ചിന്താമണ്ഡലം ധൈഷണികതയുടെ ഒരു മരുപറമ്പാണ്. അതിനകത്തെ ഏക അപവാദമാണ് ശ്രീ. പ്രഭാകരന്‍. ശ്രീ. പ്രഭാകരന്‍ ഒരിക്കലും തന്‍റെ ജീവിതത്തിന്‍റെ ലാഭനഷ്ടകണക്ക് എടുക്കാറില്ല. അതും അദ്ദേഹത്തിനുമാത്രം കഴിയുന്ന കാര്യമാണ്. ശ്രീ. പ്രഭാകരന്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ വ്യക്തജീവിതത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913