Thu. Apr 25th, 2024

✍️  സുരേഷ് സി.ആർ

“ജാതി വേണ്ട, മതം വേണ്ട,
ദൈവം വേണ്ട മനുഷ്യന്
വേണം ധർമം വേണം ധർമം
വേണം ധർമം യഥോചിതം…”

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ യുക്തിബോധത്തിന്റെയും നിഷേധത്തിന്റെയും മാനവികതയുടെയും അസാധാരണമായ അധ്യായം എഴുതി ചേർത്ത നവോത്ഥാന നായകന്മാരിൽ ഒരാളായിരുന്നു സഹോദരൻ അയ്യപ്പൻ (1889 – 1968).

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളും ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയും അദ്ദേഹമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച്‌ രാഷ്ട്രീയ പ്രയോഗമാക്കിയ അയ്യപ്പൻ പത്രപ്രവർത്തകൻ, ചിന്തകൻ, കവി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ജാതിരഹിതവും വർഗരഹിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചു.


എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ ചെറായിയിൽ ജനിച്ചു. 2-ാ‍ം വയസ്സിൽ അച്ഛൻ മരിച്ചു. വൈദ്യൻമാരായിരുന്ന ജ്യേഷ്ഠൻമാരാണ്‌ അയ്യപ്പനെ സംരക്ഷിച്ചത്‌. ചെറായിയിലും വടക്കൻ പറവൂരിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കോഴിക്കോട്‌ മലബാർ ക്രിസ്ത്യൻ കോളജിൽ നിന്ന്‌ ഇന്റർമീഡിയറ്റ്‌ ജയിച്ചു. പിന്നീട്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന്‌ സംസ്കൃതവും ഇന്ത്യാചരിത്രവും ഐച്ഛികമായി പഠിച്ച്‌ ബിരുദം നേടി.  പിന്നീട് പൊതുപ്രവർത്തനത്തിലേക്ക്‌ തിരിഞ്ഞു.

ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ തുടങ്ങിയവരുമായി വ്യക്തിബന്ധം പുലർത്തിയിരുന്ന അയ്യപ്പൻ ശ്രീനാരാണ ഗുരുവിനെയാണ്‌ തന്റെ ഗുരുവായി കണക്കാക്കി ഉപദേശം സ്വീകരിച്ചിരുന്നത്‌. ഇതിനിടെ ചെറായിലെ യൂണിയൻ ഹൈസ്കൂളിൽ അധ്യാപക ജോലിയും സ്വീകരിച്ചു.

1917 മെയ്‌ 29-ന്‌ ചെറായിയിൽ അയ്യപ്പൻ മിശ്രഭോജനം സംഘടിപ്പിച്ചു. വ്യത്യസ്ത ജാതിക്കാരൊരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാത്ത അക്കാലത്ത്‌ പുലയരുൾപ്പെടെ ദളിതരെക്കൂടി അയ്യപ്പൻ ആ പന്തിഭോജനത്തിൽ പങ്കെടുപ്പിച്ചു. കേരള ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു അത്‌. മിശ്രഭോജനം, ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു കാരണമായി. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.


ഇക്കാലത്തു അയ്യപ്പൻ സമസ്ത കേരള സഹോദര സംഘം രൂപീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും സോഷ്യലിസ്റ്റ്‌ യുക്തിവാദ ചിന്തകളും പ്രചരിപ്പിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 1919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന്‌ സഹോദരൻ എന്ന മാസികയും 1928-ൽ യുക്തിവാദി മാസികയും തുടങ്ങി.

ഇതേ വർഷം അയ്യപ്പൻ തൊഴിലാളികളുടെയും തൊഴിലിന്റെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വേലക്കാരൻ എന്ന പത്രം പ്രസിദ്ധീകരിച്ചു. “യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഹനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനരാശിയിൽ” എന്ന യുക്തിവാദി മാസികയുടെ ആപ്തവാക്യം എഴുതിയതും അയ്യപ്പനാണ്‌. കേരളത്തിലെ ജനങ്ങൾ റഷ്യയെക്കുറിച്ചും, ലെനിനെക്കുറിച്ചും, റഷ്യൻവിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത് അയ്യപ്പന്റെ സഹോദരൻ പത്രത്തിലൂടെയായിരുന്നു. ലെനിൻ ആയിരുന്നു അക്കാലത്ത് അയ്യപ്പന്റെ വീരപുരുഷൻ.

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിലെ അശ്ലീലതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് അയ്യപ്പനാണ്. തിരുവിതാം‌കൂർ മഹാറാണി ഈ ഏർപ്പാട് നിർത്തണമെന്ന് കല്‍പിച്ചിരുന്നു. എന്നാൽ കൊച്ചി രാജാവ് അതിനു തയാറായില്ല. പെണ്ണായ മഹാറാണിക്ക് കഴിഞ്ഞത് ആണായ താങ്കൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാജാവിന്‍റെ മുഖത്തു നോക്കി പറയാൻ അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പൻ.


1928-ൽ കൊച്ചി നിയമസഭാംഗമായി. ഈഴവർക്കും താഴെയായി സമൂഹം പരിഗണിച്ചിരുന്ന പുലയർ തുടങ്ങിയ ജാതികളുടെ ഉന്നമനത്തിനായി നിയമസഭയിൽ അയ്യപ്പൻ ശക്തിയായി വാദിച്ചു. ഉത്തരവാദിത്വഭരണം, സ്ത്രീസ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, കുടുംബാസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാനമായ പരിഷ്കരണ ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു.

കൊച്ചിയിലും തിരുവിതാംകൂറിലും തിയ്യന്മാർക്കിടയിൽ മരുമക്കത്തായ സമ്പ്രദായമാണ്‌ നിലവിലിരുന്നത്‌. എന്നാൽ അത്‌ മാറ്റി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ സ്വത്തവകാശം അനുവദിക്കുന്നതിനു വേണ്ടിയായിരുന്നു അയ്യപ്പൻ മരുമക്കത്തായം തിയ്യ ബിൽ അവതരിപ്പിച്ചത്‌. ബിൽ ഉടനടി നിയമമാവുകയും ചെയ്തു. അയ്യപ്പനാണ്‌ ആദ്യമായി നിയമസഭയിൽ മലയാളത്തിൽ പ്രസംഗിച്ചത്‌. 1949 ജൂലൈ 1-ന്‌ തിരുവിതാംകൂറും കൊച്ചിയും ലയിച്ച്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ പറവൂർ ടി കെ നാരായണപിള്ളയുടെ മന്ത്രിസഭയിൽ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായി.

ആദിവൈപ്പിൻ തൊഴിലാളിസംഘം, ഓച്ചന്തുരുത്ത്‌ തൊഴിലാളി യൂണിയൻ എന്നിവ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചു. റഷ്യൻവിപ്ലവത്തെപ്പറ്റി കേരളത്തിലെ തൊഴിലാളികളോട്‌ ആദ്യമായി സംസാരിച്ച്‌ റഷ്യൻ വിപ്ലവസന്ദേശം പ്രചരിപ്പിച്ചു. ‘സഖാവ്’ എന്ന വാക്ക് മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തതും സഹോദരൻ അയ്യപ്പനാണ്.


ഉജ്ജീവനം, പരിവർത്തനം, റാണിസന്ദേശം, അഹല്യ എന്നീ കാവ്യകൃതികളും അയ്യപ്പൻ രചിച്ചു. തന്റെ കവിതകളിലൂടെ അയ്യപ്പൻ ജാതിപ്പിശാചുക്കളെ ഏറെ പരിഹസിച്ചു. സാമൂഹ്യതിന്മകൾക്കെതിരെ കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും സമുദായപരിഷ്കരണ പ്രവർത്തനങ്ങൾക്ക്‌ കാരണമായി.

വിഖ്യാത പ്രാര്‍ഥനാഗീതമായ ‘ദൈവദശകം’ ശ്രീനാരായണഗുരു രചിച്ചതിനു പിന്നാലെയാണ് നേര്‍ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘സയന്‍സ് ദശകം’ എഴുതിയത്. 1916 ലാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്റെ ഉപദേശത്തെ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നു തിരുത്തിയ സഹോദരന്‍ അയ്യപ്പന്‍ സയന്‍സ് ദശകത്തിലും ഇതേ വഴി സ്വീകരിച്ചു. ഗുരുവിന്റെ ദൈവ സങ്കല്‍പ്പത്തില്‍നിന്ന് മാറി നിന്നു കൊണ്ട് ശാസ്ത്രത്തിനാണ് സഹോദരന്‍ പ്രണാമം അര്‍പ്പിച്ചത്.

“കോടി സൂര്യനുദിച്ചാലു-
മൊഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍”

എന്ന് ആരംഭിക്കുന്ന സയന്‍സ് ദശകത്തില്‍ പുരോഹിതരെ ഇരുട്ടുകൊണ്ട് കച്ചവടം നടത്തുന്നവരായി ചിത്രീകരിക്കുന്നു. ആത്മാവും ദൈവവും കൊണ്ട് ജാലവിദ്യക്കളി നടത്തുന്ന അവര്‍ മനുഷ്യമനസിനെ ഗ്രന്ഥങ്ങള്‍ക്കും പൂര്‍വികര്‍ക്കും അടിമകളാക്കുന്നു. അടിമത്തം തകര്‍ക്കാന്‍ ശാസ്ത്രത്തിനേ കഴിയൂ. എത്രയറിഞ്ഞാലും അറിവ് പിന്നെയും ശേഷിക്കും. അറിവ് അനന്തമായതുകൊണ്ട് ശാസ്ത്രം എന്നും അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. ലോകം ദീപ്തമാക്കുന്നത് ശാസ്ത്രമാണ്. മനുഷ്യന് അഭിവൃദ്ധി നല്‍കുന്നതും ശാസ്ത്രമാണ്. ആ ശാസ്ത്രത്തിനെ തൊഴുതു കൊണ്ടാണ് സഹോദരന്‍ സയന്‍സ് ദശകം അവസാനിപ്പിക്കുന്നത്. ശിഷ്യന്റെ കൃതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു ദൈവദശകം വായിച്ചതിനു ശേഷം അയ്യപ്പന്റെ സയന്‍സ് ദശകവും വായിക്കണമെന്ന് അരുളിച്ചെയ്തു. നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം കേരളീയരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും സയന്‍സ് ദശകം നിര്‍ണായക പങ്കുവഹിച്ചു.

‘സയന്‍സ് ദശകം:

കോടിസൂര്യനുദിച്ചാലു-
മൊഴിയാത്തോരു കൂരിരുള്‍
തുരന്നു സത്യം കാണിന്നും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

വെളിച്ചം,മിന്നല്‍,ചൂടൊ,ച്ച-
യിവക്കുള്ളില്‍ മറഞ്ഞീടും
അത്ഭുതങ്ങള്‍ വെളിക്കാക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതന്‍
കെടുത്തീട്ടും കെടാതാളും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

കീഴടക്കി പ്രകൃതിയെ
മനുഷ്യന്നുപകര്‍ത്രിയായ്‌
കൊടുപ്പാന്‍ വൈഭവം പോന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

കൃഷി,കൈത്തൊഴില്‍,കച്ചോട,
രാജ്യഭാരമതാദിയെ
പിഴക്കാതെ നയിക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ബുക്കുകള്‍ക്കും പൂര്‍വികര്‍ക്കും
മര്‍ത്ത്യരെദ്ദാസരാക്കീടും
സമ്പ്രദായം തകര്‍ക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

അപൗരുഷേയവാദത്താല്‍
അജ്ഞവഞ്ചന ചെയ്‌തീടും
മതങ്ങളെത്തുരത്തുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

സ്വബുദ്ധിവൈഭവത്തെത്താന്‍
ഉണര്‍ത്തി നരജാതിയെ
സ്വാതന്ത്രേ്യാല്‍കൃ്‌ടരാക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

എത്രയെന്നറിഞ്ഞാലു-
മനന്തമറിവാകയാല്‍
എന്നുമാരായുവാന്‍ ചോല്ലും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

സയന്‍സാല്‍ ദീപ്‌തമീലോകം
സയന്‍സാലഭിവൃദ്ധികള്‍
സയന്‍സന്യേ തമസ്സെല്ലാം
സയന്‍സിന്നു തൊഴുന്നു ഞാന്‍.

(സഹോദരന്റെ പദ്യകൃതികള്‍- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്)