Friday, May 7, 2021

Latest Posts

മാര്‍ച്ച് 3: മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നല്‍കിയ ഇളംകുളം കുഞ്ഞൻപിള്ളയുടെ ഓർമ്മദിനം

മലയാള ഭാഷയുടെ വളർച്ചയുടെ പടവുകളും സാഹിത്യത്തിന്റെ വികാസവും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇളംകുളം പി എൻ കുഞ്ഞൻപിള്ള. പ്രാചീന സാഹിത്യകൃതികളും ശാസനങ്ങളും പഠനവിധേയമാക്കിക്കൊണ്ട്‌ പ്രാചീന കേരള ചരിത്രത്തിനും ഭാഷാസാഹിത്യ പഠനത്തിനും ഇളംകുളം കുഞ്ഞൻപിള്ള നൽകിയ സംഭാവനകൾ അതുല്യമാണ്‌.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, ഇളംകുളം പുത്തൻപുരയ്ക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടെയും കടയക്കോണത്ത്‌ കൃഷ്ണക്കുറുപ്പിന്റെയും മകനായി 1904 ൽ കുഞ്ഞൻപിള്ള ജനിച്ചു. പറവൂർ, ചാത്തന്നൂർ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇരുപത്തിമൂന്നാമത്തെ വയസിൽ മാവേലിക്കര ഇംഗ്ലീഷ്‌ സ്കൂളിൽ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിച്ചു.

പിന്നീട്‌ ജോലി ഉപേക്ഷിച്ച്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്റർമീഡിയറ്റിന്‌ ചേർന്നു. അണ്ണാമല യൂണിവേഴ്സിറ്റിയുടെ സംസ്കൃതം ഉപരിപഠനത്തിന്‌ അദ്ദേഹത്തിന്‌ സ്കോളർഷിപ്പ്‌ ലഭിച്ചു. അതിലൂടെ മദ്രാസ്‌ യൂണിവേഴ്സിറ്റിയുടെ മലയാളം വിദ്വാൻ പരീക്ഷ, ദക്ഷിണഭാഷാ ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ പരീക്ഷ എന്നിവയും പാസായി. പിന്നീട്‌ എം എക്ക്‌ തുല്യമായ ബി എ ഓണേഴ്സ്‌ നേടി.

1934 ൽ തിരുവനന്തപുരം ആർട്ട്സ്‌ കോളജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന്‌ 1942 ൽ യൂണിവേഴ്സിറ്റി കോളജ്‌ സ്ഥാപിതമായപ്പോൾ അവിടെ അധ്യാപകനായി. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ മലയാളം എം എക്ക്‌ കേരള ചരിത്രം ഒരു വിഷയമായിരുന്നു. എന്നാൽ ഈ വിഷയം പഠിപ്പിക്കുന്നതിന്‌ പ്രാമാണിക ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിലേക്ക്‌ മറ്റ്‌ അധ്യാപകർ മടിച്ച്‌ നിന്നപ്പോൾ ഇളംകുളം ആ വെല്ലുവിളി ഏറ്റെടുത്തു.

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ 1949 ൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധിക്കപ്പെട്ടു. പ്രസിദ്ധ ചരിത്ര ഗവേഷകനായ സർ മോർട്ടിമർ വീലറുടെ കീഴിൽ ഹാരപ്പ, ബ്രഹ്മഗിരി, ചന്ദ്രവല്ലി തുടങ്ങിയ സ്ഥലങ്ങളിൽ വച്ച്‌ ഗവേഷണം നടത്തുന്നതിന്‌ ആ പ്രബന്ധം ഇളംകുളത്തിന്‌ അവസരം നൽകി.

സൂക്ഷ്മവും തെളിമയാർന്നതുമായ ഒരു ഭാഷാശൈലിക്ക്‌ ഉടമയായിരുന്നു ഇളംകുളം. പുരാതന തമിഴ്സാഹിത്യത്തിലും പ്രാചീന കേരള ഭാഷയിലും ദക്ഷിണാത്യ ശിലാതാമ്രശാസനങ്ങളിലും നടത്തിയ പഠനങ്ങൾ അദ്ദേഹത്തെ മഹാനായ ചരിത്രകാരനാക്കി. ‘ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽക്കൂടി’ എന്ന വ്യാഖ്യാനമാണ്‌ ഗവേഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്‌ വഴിത്തിരിവായത്‌. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, ‘കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ’ തുടങ്ങിയ പ്രൗഢമായ ചരിത്ര കൃതികളും കേരളഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ‘ഉണ്ണുനീലിസന്ദേശം’, കോക സന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥപഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യകൃതികൾ കുഞ്ഞൻപിള്ള മലയാളത്തിന്‌ സമ്മാനിച്ചു. “സ്റ്റഡീസ്‌ ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ്‌ ഇൻ കേരള ഹിസ്റ്ററി” എന്നീ ഇംഗ്ലീഷ്‌ കൃതികളും ‘പണ്ടത്തെ കേരള’ എന്ന തമിഴ്‌ കൃതിയും അദ്ദേഹം രചിച്ചു.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ നിഷ്പക്ഷവും ഏകാന്തവുമായ യാത്രകൾ നടത്തിയ അദ്ദേഹം ഒരു മികച്ച അധ്യാപകൻ കൂടിയായിരുന്നു. ഇളംകുളത്തിന്റെ രചനകൾ സാഹിത്യ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനകരമായി ഇന്നും നിലകൊള്ളുന്നു. പഠിച്ചും പഠിപ്പിച്ചും മലയാള സാഹിത്യത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആ മഹാത്മാവ്‌ 164 പടലങ്ങളുള്ള രാമചരിതത്തിന്റെ വ്യാഖ്യാനം രചിച്ചുകൊണ്ടിരിക്കെ 146-ാ‍ം പടലം ആരംഭം ആയപ്പോഴേയ്ക്കും 1973 ൽ ഹൃദയാഘാതത്തെ തുടർന്ന്‌ മരണമടഞ്ഞു.

അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ കേരളയൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നെങ്കിലും തിരുവന്തോരം നായന്മാരുടെ ഇടപെടലിനെ തുടർന്ന് ആതീരുമാനം ആവിയായിപ്പോയി. അതിന് ചുമതലപ്പെടുത്തിയ ചില വിരുതന്മാർ ഇളംകുളത്തിൻറെ അപ്രകാശിത കൃതികളിൽ ചിലത് അടിച്ചുമാറ്റി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതായും പറയപ്പെടുന്നു.

ഇളംകുളം കുഞ്ഞൻപിള്ള “കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ” എന്ന പുസ്തകത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു സംഘകാലത്ത് ക്ഷത്രീയരോ ശൂദ്രരോ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നുള്ളത് തീർച്ചയാണ്. എട്ടാം ശതകത്തോടുകൂടി ക്ഷത്രീയർ ഉത്ഭവിച്ചുവെങ്കിലും പത്താംശതകം വരെ നായന്മാർ കേരളത്തിൽ ഉണ്ടായിക്കഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന യാതൊരുരേഖയും കിട്ടിയിട്ടില്ല. ഏ .ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് കേരളത്തിലെ ജനങ്ങൾ പുലയർ, പറയർ കുറവർ നാടാർ മണ്ണാന്മാർ തുടങ്ങിയവർ ആയിരുന്നു.

ക്രസ്തു വർഷാരംഭത്തിനുമുമ്പുതന്നെ ആര്യന്മാർ ദക്ഷിണേന്ത്യയിൽ എത്തപ്പെട്ടിരുന്നെങ്കിലും ആര്യസംസ്കാരം കേരളത്തിൽ വൻ തോതിൽ പ്രചരിച്ചുതുടങ്ങിയത് അഞ്ചാം ശതകത്തോടുകൂടിയാണ്. എട്ടാം നുറ്റാണ്ടിൽ ഒടുവിലത്തെ സംഘം ബ്രാഹ്മണർ ഇവിടെ എത്തിപ്പെടുകയും ആധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി തങ്ങൾ മുമ്പുവന്ന ബ്രാഹ്മണരെക്കാൾ ശ്രേഷ്ഠരാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അവരാണ് നബൂതിരിമാർ അഥവാ കേരള ബ്രാഹ്മണർ.

എങ്കിലും അവരെല്ലാം കൂടി ഒന്നുചേർന്ന് ഒരു വിഭാഗമാവുകയാണുണ്ടായത്. അവർ വളർന്ന് രാജാക്കന്മാരെ വാഴിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാലമെത്തിയപ്പോൾ കാറ്റിന്റെ ഗതിമാറുന്നത് ഇവിടുത്തെ ദ്രാവിഡജനത മനസ്സിലാക്കി. പഴയ പാണന്മാർ ബ്രാഹ്മണരായി ഉയർത്തപ്പെട്ടു.പഴയ ദ്രാവിഡ രാജാക്കന്മാർ ക്ഷത്രിയരായി ഉയർന്നു .അവർ അരചരായി. വണിക്കുകളെ പ്രോത്സാഹിപ്പിച്ചു വണിജരാക്കി . ബ്രാഹ്മണാരോട് എതിർത്തു നിൽക്കാനാകതെ പലരും നാടുവിട്ടും ചിലർ കാടുകയറി.

ബുദ്ധിമാന്മാരായ ചില ദ്രാവിഡർ ബ്രാഹ്മണപുരോഹിതരുടെ സേവിക്കുന്ന അടിമകളായിമാറി. അങ്ങനെ ഈ ദ്രാവിഡ അടിമകൾ പുതിയ യജമാന്മാരുടെ സേവകരായി. വിനയവും വിധേയത്വവും പ്രകടിപ്പിച്ച ഇവരെ യജമാനന്മാർക്ക് ഇഷ്ടമായി. ഈ ദ്രാവിഡ അടിമകളുടെ കാര്യ പ്രാപ്തിയും വിധേയത്വവും കണ്ട് ചില കാര്യങ്ങൾ ഏറ്റെടുത്തു നടത്താനുള്ള നായകസ്ഥാനം അവർക്ക് കൊടുക്കുകയും അങ്ങനെ നായകസ്ഥാനം കിട്ടിയവർ ക്രമേണ ഒരു ജാതിയായി അവരാണ് നായർ. പിന്നീട്അവരെ ശൂദ്രർ എന്ന് നാമകരണം ചെയ്യുകയും ചാതുർവർണ്യ വ്യവസ്ഥയിലെ നാലാം വർണ്ണത്തിൽപ്പെടുത്തി. പത്താം നൂറ്റാണ്ടോടുകൂടിയായിരുന്നു അത്.

അതു കൊണ്ടാണ് പത്താം നൂറ്റാണ്ടിനുമുമ്പ് നായരെപ്പറ്റിയുള്ള ഒരു പരാമർശവും ലഭിക്കാത്തത്. ഇങ്ങനെ നായരാക്കപ്പെട്ടവരിൽ പഴയ പുലയ – പറയ- കുറവ നാടാർ രാജാക്കന്മാരുടെ സേവകരാണ്. ആര്യസംസ്കാരം അടിമകളാക്കിയ നായർ ക്രമേണ മേന്മനേടിയതായി അവർക്ക് തോന്നിതുടങ്ങി. എന്നാൽ ഇവരുടെ മൂല കുടുംബത്തിൽപ്പെട്ട മറ്റ് ദ്രാവിഡ ജന വിഭാഗങ്ങളെ അകറ്റിനിർത്തി. എന്നു മാത്രമല്ല ബ്രാഹ്മണമേധാവിത്തം വകവച്ചു കൊടുക്കാത്ത ദ്രാവിഡ സമൂഹത്തെ ചവിട്ടിത്തേയ്ക്കുന്നതിന് അവർ കൂട്ട് നിൽക്കുകയും ചെയ്തു.

പിന്നീട് ബ്രാഹ്മണൻ നാലാം വർണ്ണമായി അംഗീകരിച്ച ഈ ശൂദ്രവർഗത്തെയും അവരുടെ സ്ത്രീജനങ്ങളെയും ബ്രാഹ്മണർ ക്രമേണ ചൂഷണത്തിന് വിധേയമാക്കുകയും പിന്നീട് ഇത് സംബന്ധം എന്ന ദുരാചാരത്തിലേക്ക് നയിക്കുകയും ചെയ്യ്തു. “

ഇത്തരം അസംബന്ധത്തിൽ ഇന്നും അഭിമാനം കൊള്ളുകയും അതിൻറെ പ്രൊഡക്ടായ ‘കൊശവന്മാരായി’ സ്വയം അംഗീകരിച്ചുകൊണ്ട് ആചാരസംരക്ഷണത്തിന് മുറവിളികൂട്ടുന്നവർ എളംകുളംകുളം കുഞ്ഞൻപിള്ളയെയും അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികളെയുമൊക്കെ ചവറ്റുകുട്ടയിൽ തള്ളിയതിൽ ആശ്ചര്യപ്പെടേണ്ടതില്ല.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.