Thu. Mar 28th, 2024

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം ചെയ്തുകൊടുത്ത സ്ഥലവാസി അറസ്റ്റിൽ. മാന്നാർ റാന്നിപറമ്പിൽ പീറ്ററിനെയാണ് (52) ചെങ്ങന്നൂർ ഡിവൈഎസ്.പി ആർ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അതേസമയം, സ്വർണക്കടത്തിന് കേസെടുത്ത കസ്റ്റംസ് ഇന്നലെ മാന്നാറിലെത്തി കേസ് വിവരങ്ങൾ ശേഖരിച്ചശേഷം യുവതിയുടെ മൊഴിയെടുത്തു.

മലപ്പുറം സ്വദേശിയും ദുബായിൽ സ്വർണക്കടത്ത് ഇടനിലക്കാരനുമായ ഹനീഫ്, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇരുവരുടെയും വീട്ടിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി.

തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ വീട് അക്രമിസംഘത്തിന് കാണിച്ചുകൊടുത്തത് പീറ്ററാണ്. ഹനീഫ് കൊടുവള്ളിയിലെ പ്രമുഖ ജൂവലറിക്കുവേണ്ടി ഇടപാടുകൾ നടത്തുന്ന വ്യക്തിയാണ്. പലതവണ സ്വർണക്കടത്ത് കേസിൽ കുടുങ്ങിയെങ്കിലും ഉന്നത സ്വാധീനത്തിൽ രക്ഷപ്പെടുകയായിരുന്നു.

ബിന്ദു പൊലീസിന് കൊടുത്ത മൊഴി പ്രകാരം, ദുബായിൽ വച്ച് ഹനീഫാണ് പൊതി ഏൽപ്പിച്ചത്. അത് സ്വർണം ആണെന്ന് അറിഞ്ഞശേഷം മാലി എയർപോർട്ടിൽ ഉപേക്ഷിച്ചത്രെ. തട്ടിക്കൊണ്ടുപോയസംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാം. ദുബായിൽ വച്ചാണ് ഹനീഫിനെ പരിചയപ്പെട്ടത്. ഭർത്താവ് ദുബായിൽ ടാക്‌സി ഓടിച്ചിരുന്നു. ആ ടാക്‌സി ഹനീഫ് വിളിക്കുമായിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. ഹനീഫ് നൽകിയ പൊതി വാങ്ങാൻ ഇവിടെ ആളുണ്ടായിരുന്നു. സ്വർണം തന്റെ പക്കൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മുതൽ ഭീഷണിയായിരുന്നുവെന്ന് ബിന്ദു പറയുന്നു.

<p>പാലക്കാട് വടക്കഞ്ചേരിക്കു സമീപം അക്രമിസംഘം ഉപേക്ഷിച്ച ബിന്ദുവിന് മർദ്ദനം ഏറ്റിരുന്നു. കൊവിഡിനെത്തുടർന്ന് ജോലി നഷ്ടമായി നാട്ടിലെത്തിയശേഷം വീണ്ടും ജോലിക്കായി സന്ദർശക വിസയിലാണ് ദുബായിലേക്കു പോയത്. രണ്ടു മൂന്നു മാസത്തെ ഇടവേളകളിൽ നാട്ടിലെത്തുകയും മടങ്ങിപ്പോകുകയും ചെയ്തിരുന്നു.

എട്ടു മാസത്തിനിടെ മൂന്ന് തവണ സ്വർണം എത്തിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചത്രെ. സംഘവുമായുള്ള ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്.നട്ടെല്ലിന് ഗുരുതര പരിക്കുണ്ടെന്നും യുവതി മാദ്ധ്യമങ്ങളോടു പറഞ്ഞു.

<p>ഇന്നലെ ഉച്ചക്ക് രണ്ടോടെ കൊച്ചിയിൽ നിന്ന് എത്തിയ അഞ്ചംഗ കസ്റ്റംസ് സംഘം മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ബിന്ദുവിന്റെ വീട്ടിലും അവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും എത്തി. ബിന്ദുവിനെ അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913