ബിന്ദു വിൻറെ മൊഴികൾ പരസ്പര വിരുദ്ധം; നാലുദിവസം മുമ്പ് കടത്തിയ ഒന്നരക്കിലോ സ്വർണം ബിന്ദു മറിച്ചുവിറ്റു

മാന്നാറിൽ ഗൾഫിൽ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവം പുതിയ തലത്തിലേക്ക്. സ്വർണക്കടത്ത് സംഘത്തിലെ കാരിയറായ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന ഒന്നരക്കിലോ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു കടത്തിയെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബിന്ദു സ്വർണം കൊണ്ടുവന്നത് നാല് ദിവസം മുമ്പാണ്. ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോൾ ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നതായും പിടിക്കപ്പെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിച്ചതായുമാണ് യുവതി അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉപേക്ഷിച്ച സ്വർണം കണ്ടെടുക്കാൻ കഴിയാത്തതും എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് ബിന്ദു യാതൊന്നും വെളിപ്പെടുത്താത്തതും ദുരൂഹമായി നിൽക്കുന്നു.

ബിന്ദുവിന് മറ്റേതെങ്കിലും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും സംശയം ഉയർന്നിരിക്കുന്നത്. സ്വർണം മറ്റേതെങ്കിലും സംഘത്തിന് കൈമാറിയോയെന്നും അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

അതിനിടെ അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കണിച്ചു കൊടുത്ത ആളെ പൊലീസ് കസ്റ്റഡഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തട്ടിക്കൊണ്ടുപോയ നാലംഗസംഘത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ, യുവതിയുടെ വീട് കാട്ടി കൊടുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീട് ആക്രമിക്കുകയും ബിന്ദുവിന്റെ ഭർത്താവിനെയും മക്കളെയും മർദ്ദിക്കുകയും ചെയ്ത മൂന്നുപേർ പൊലീസിന്റെ പിടിയിലായതായും സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പിടിയിലായ പീറ്ററിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മലബാർ മേഖലയിലുള്ള സ്വർണക്കടത്ത് സംഘങ്ങളിലേക്കും ആലപ്പുഴയും എറണാകുളവും കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ മാന്നാറിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന ബിന്ദു,​ പിന്നീട് ആട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയ ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. ആലപ്പുഴ എസ്.പി ജയനാഥിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം.

വർഷങ്ങളായി ദുബായ് എമറാത്ത് കമ്പനിയിൽ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയ ശേഷം വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. തൊട്ടടുത്ത ദിവസം മൂന്നു പേർ വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തി. ദുബായിൽ നിന്നു കൊടുത്തുവിട്ട സ്വർണം കൈമാറണമെന്നായിരുന്നു ആവശ്യം. സ്വർണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബിന്ദു പറഞ്ഞപ്പോൾ ആളു മാറിപ്പോയതാണെന്ന് പറഞ്ഞ് ഇവർ തിരികെപ്പോയി. പക്ഷേ, ഇതിനു ശേഷവും ബിന്ദുവിനെ ഭീഷണിപ്പെടുത്തി വിദേശത്തു നിന്നും അല്ലാതെയും ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ അക്രമിസംഘം വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. നായയുടെ നിറുത്താതെയുള്ള കുരയും ഗേറ്റ് തകർക്കുന്ന ശബ്‌ദവും കേട്ടാണ് വീട്ടുകാർ ഉണർന്നത്. മുറിയിലെത്തിയ സംഘം കസേരകളും ഡൈനിംഗ് ടേബിളിന്റെ ഗ്ളാസും തകർത്തു. ബിന്ദുവിന്റെ മുടിക്കുത്തിൽ പിടിച്ചിഴച്ച് തല ഭിത്തിയിൽ ഇടിച്ചു. ബിനോയിയും ബിജുവും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും വടിവാൾ കഴുത്തിൽ വച്ച് നിശബ്ദരാക്കി. ബഹളത്തിനിടെയാണ് ജഗദമ്മയുടെ തലയ്ക്ക് അടിയേറ്റത്.

ഇതിനിടയിൽ ജഗദമ്മ അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേർക്കൊഴിച്ചെങ്കിലും അവർ കടന്നുകളഞ്ഞു.അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്നാണ് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറയുന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത് എന്നാണ് ബിനോയി പറയുന്നത്.