Sat. Apr 20th, 2024

പുതുച്ചേരിയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തെ വില്‍പ്പനക്ക് വെച്ചവരും വിലക്ക് വാങ്ങാന്‍ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ലജ്ജാകരമായ ഒരു അധ്യായമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചു.

കോണ്‍ഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോണ്‍ഗ്രസ്സില്‍ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടര്‍ക്കഥയായി മാറിക്കഴിഞ്ഞു. വര്‍ഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവര്‍ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കില്‍ ആര്‍ക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉല്‍പ്പന്നങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:

ജനാധിപത്യത്തെ വില്‍പ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാന്‍ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ലജ്ജാകരമായ ഒരു അധ്യായമാണത്. കോണ്‍ഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോണ്‍ഗ്രസ്സില്‍ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടര്‍ക്കഥയായി മാറിക്കഴിഞ്ഞു.

വര്‍ഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവര്‍ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കില്‍ ആര്‍ക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉല്‍പ്പന്നങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു.

അധികാരത്തോടുള്ള ആര്‍ത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകുന്നത്.

കോണ്‍ഗ്രസ്സ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എം എല്‍ എ മാര്‍ക്ക് നിമിഷ വേഗത്തില്‍ ബിജെപി പാളയത്തിലെത്താന്‍ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികള്‍ പണത്തിന്റെ പ്രലോഭനത്തില്‍ വീണു പോകാതിരിക്കാന്‍ അവരെ കൂട്ടത്തോടെ റിസോര്‍ട്ടുകളില്‍ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാള്‍ ദയനീയമായി ഒരു പാര്‍ട്ടിക്ക് മറ്റെന്തുണ്ട്?

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പേരില്‍ ജയിക്കുന്നവര്‍ ബിജെപിയിലേയ്ക്ക് മാറാന്‍ ക്യൂ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ചെയ്യുന്ന വോട്ടിന്റെ ഗതി എന്താകും എന്നുകൂടി അവര്‍ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാന്‍ മടിക്കാത്ത കക്ഷിയില്‍ നിന്ന് ജനങ്ങള്‍ക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല.

ബിജെപിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോണ്‍ഗ്രസ്സ് സ്വയം മാറുമ്പോള്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദല്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യശക്തികള്‍ കൂടുതല്‍ കരുത്തു നേടേണ്ടതിന്റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓര്‍മ്മിപ്പിക്കുന്നത്.

https://www.facebook.com/PinarayiVijayan/posts/3815892561835879


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913