Thu. Mar 28th, 2024

ഏറ്റുമാനൂർ കേന്ദ്രീകരിച്ച് വിദേശ ജോലി വാഗ്ദാനം ചെയ്തും വിസ വാഗ്ദാനം ചെയ്തും കോടികൾ തട്ടിയ കേസിലെ പ്രധാന പ്രതിയെ മലപ്പുറം പോത്തുകൽ പൊലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയത് വളരെ സാഹസികമായി. കേസിലെ ഒളിവിൽ ആയിരുന്ന എറണാകുളം കോലഞ്ചേരി ഐക്കര കടമറ്റം താഴത്തീൽ വീട്ടിൽ അജിത്ത് ജോർജ്ജ് ആണ് പൊലീസിൻറെ പിടിയിലായത്. സിംഗപ്പൂർ,മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് കേസ്.

തട്ടിപ്പിനിരയായ എരുമമുണ്ട സ്വദേശികളായ മൂന്നു പേർ പോത്തുകൽ പോലീസിനു നൽകിയ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.എം ദേവസ്യ,പോത്തുകൽ എസ് എച്ച് ഒ കെ.ശംഭുനാഥ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഏറ്റുമാനൂർ  കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഹാറ്റ് കോർപ്പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടന്നിരുന്നത്. കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിന് ഇരയായവർ നിരവധി തവണ പരാതികൾ നൽകിയിട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല.

പീന്നിട് 2019ൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ഹരിശങ്കർ ഐപിഎസിന് തട്ടിപ്പിന് ഇരയായവർ പരാതികൾ നൽകിയതിനെ തുടർന്നാണ് അന്ന് അന്വേഷണവും അറസ്റ്റും ഉണ്ടായതും മറ്റ് പ്രതികൾ അറസ്റ്റിലായതും. എന്നാൽ പ്രധാന പ്രതി ഒളിവിലായിരുന്നു. കേസ് അട്ടിമറിക്കാൻ ഏറ്റുമാനൂർ പൊലീസ് ശ്രമിച്ചതിനാലാണ് കേസിലെ പ്രധാന പ്രതി ഒളിവിൽ പോയത് എന്ന് കബളിപ്പിക്കപ്പെട്ടവർ ആരോപണം ഉന്നയിച്ചിരുന്നു.

പത്തനംതിട്ട, കോയിപ്രം, തിരുവനന്തപുരം മണ്ണന്തല, പാല്ലോട്, ഏറ്റുമാനൂർ, കുറവിലങ്ങാട്, കരിങ്കുന്നം, തൊടുപുഴ, ഉപ്പുതറ, വെള്ളത്തൂവൽ, കല്ലൂർക്കാട്, കുത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്ക് കേസുകൾ ഉണ്ടായിരുന്നെങ്കിലും സമഗ്രാന്വേഷണം നടത്തിയിരുന്നീല്ല. സംഘത്തീൻ്റെ മുൻകാല ഇടപാടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കർശനമായ നടപടികളാണ് പ്രധാന പ്രതിയുടെ അറസ്റ്റിൽ എത്തിയത്. അജിത്ത് ജോർജ്ജിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കോട്ടയം ഡിവൈഎസ്പിയും കൂത്താട്ടുകുളം സി ഐയും അറിയിച്ചു.

അന്വേഷണ സംഘത്തീൽ സീനിയർ സിപിഒ മാരായ സി.എ മുജീബ്, അബ്ദുൽ സലിം, സുരേഷ് ബാബു, സിപിഒമാരായ ലിജീഷ്കൃഷ്ണൻ,സക്കീർ, ശ്രീകാന്ത്, എൻ.കെ അനീഷ് എന്നിവരായിരുന്നു. നിലമ്പൂർ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913