Thu. Apr 18th, 2024

കോൺഗ്രസ് എംഎൽഎ മാർ കാവി കളസം തയ്പ്പിക്കാൻ ദിനംപ്രതി മത്സരിച്ചുകൊണ്ടിരുന്ന പുതുച്ചേരിയില്‍ സര്‍ക്കാറിനെ പിടിച്ചുനിര്‍ത്താനുള്ള മുഖ്യമന്ത്രി നാരായണസ്വാമിയുടെ അവസാന ശ്രമവും ലക്ഷ്യംകണ്ടില്ല. വിശ്വസ വോട്ടെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ നാരായണസാമിയും കോണ്‍ഗ്രസ് മന്ത്രിമാരും വോട്ടെടുപ്പിന് തൊട്ടുമുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സര്‍ക്കാറിന് ഭൂരിഭക്ഷം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുകയായിരുന്നു.

കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് കൂടുമാറിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലംപതിച്ചത്. അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരും ഒരു ഡി എം കെ എം എല്‍ എയും ബി ജെ പിക്കൊപ്പം ചേര്‍ന്നതിനെ തുടര്‍ന്നാണ് പുതുച്ചേരി നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടേണ്ടിവന്നത്. എങ്ങിനെയെങ്കിലും സര്‍ക്കാറിനെ രക്ഷിച്ചെടുക്കാന്‍ വേണ്ട ശ്രമങ്ങള്‍ മുഖ്യമന്ത്രി നടത്തിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍കൂടി ബി ജെ പിയില്‍ ചേര്‍ന്നതോടെ നാരായണസാമിയുടെ എല്ലാ കണക്ക് കൂട്ടലും തെറ്റുകയായിരുന്നു.

മുന്‍ ലഫ. ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കറും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വി നാരായണസാമി സഭയില്‍ ആരോപിച്ചു. ജനങ്ങള്‍ തിരസ്‌കരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ നാരായണസാമി താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡി എം കെ മേധാവി എം കെ സ്റ്റാലിനും കാരണമാണെന്നും പറഞ്ഞു. പുതുച്ചേരിക്കു സംസ്ഥാനപദവി നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും നാരായണസാമി പറഞ്ഞു. ഇനി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913