Fri. Mar 1st, 2024

✍️   സുരേഷ്. സി.ആർ

1780-ൽ, ഇന്ത്യയിലെ പ്രഥമ ദിനപത്രമായ ബംഗാൾ ഗസറ്റ് കൊൽക്കത്തയിലെ സെറാമ്പൂരിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ദിനത്തെ അനുസ്മരിച്ചാ‍ണ് ഈ ദിവസം ഇന്ത്യൻ പത്രദിനമായി ആചരിച്ചുവരുന്നത്. കൽക്കട്ടാ ജനറൽ അഡ്വൈസർ എന്നും ഇതിനു പേരുണ്ട്. നാലു പേജുള്ള പത്രത്തിന്‍റെ വലിപ്പം 12“x8“ ആയിരുന്നു. അയർലന്റുകാരനായ ജയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു ഇതു സ്ഥാപിച്ചത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഴിമതികളെ കുറിച്ചും അതുമൂലം ഇന്ത്യൻ ജനത അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ കുറിച്ചുമുള്ള യഥാർത്ഥ വിവരണമായിരുന്നു പത്രത്തിന്റെ ഉള്ളടക്കം. ഇതുമൂലം അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് വാറെൻ ഹേസ്റ്റിങ്സിന്റെ അപ്രീതിക്കു പാത്രമായ ഹിക്കി പിന്നീട് ജയിലിലടയ്ക്കപ്പെട്ടു.

ഹേസ്റ്റിങ്സിന്റെ പത്നിയായ ലേഡി ഹേസ്റ്റിങ്സിന്റെ പ്രവർത്തികളെ വിമർശിച്ച് നിരന്തരം ലേഖനങ്ങൾ എഴുതി. ജയിലിൽവച്ചും ഇതേ രീതിയിൽ അദ്ദേഹം തന്റെ പത്രത്തിനായി എഴുതി. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്സിന്റെ ടൈപ്പുകൾ പിടിച്ചെടുത്തതോടെയാണ് എഴുത്തുനിർത്തിയത്.

1782 മാർച്ച് 23നു ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം നിർത്തി. ഈ പത്രമാണ് ഇന്ത്യക്കാർക്ക് തങ്ങളുടെ സ്വന്തം പത്രം തുടങ്ങുന്നതിനുള്ള പ്രചോദനമായത്.