Sat. Mar 2nd, 2024

✍️  സി.ആർ.സുരേഷ്

അടി മുതൽ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളിൽ എക്കാലവും വേറിട്ടു നിൽക്കുന്ന പ്രതിഭയാണ് ഭരത് ഗോപി (1937 – 2008) . ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത അദ്ദേഹം കഥാപാത്രങ്ങളാൽ ടൈപ്പുചെയ്യപ്പെടുക എന്ന ദുരന്തത്തെ സ്വന്തം പ്രതിഭകൊണ്ട് മറികടന്ന നടനാണ്.

തിരുവനന്തപുരതത്തിനടുത്ത് ചിറയിൻകീഴിലാണ് ജനനം. യഥാർത്ഥ പേര് വി. ഗോപിനാഥൻ നായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എസ്‌ സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിയത്.

1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഞാനൊരു അധികപ്പറ്റ്‘ നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തി. 


1960-ൽ ജി ശങ്കരപ്പിള്ളയോടൊപ്പം ‘പ്രസാധന ലിറ്റിൽ തീയേറ്റർ’ എന്ന നാടക സംഘം സ്ഥാപിച്ചു. ഇതിൽ പതിമൂന്ന് വർഷം പ്രവർത്തിച്ചു. തുടർന്ന് കാവാലം നാരായണപ്പണിക്കർക്കൊപ്പം തിരുവരങ്ങിലും പ്രവർത്തിച്ചു. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് സിനിമയിലെത്തിയത്.

1972-ൽ പുറത്തിറങ്ങിയ അടൂരിന്റെ ‘സ്വയംവരം’ എന്ന സിനിമയിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ച്‌ സിനിമയിൽ അരങ്ങേറി.

1977-ൽ അടൂരിന്റെ തന്നെ ‘കൊടിയേറ്റം‘ സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ലഭിച്ചു. ദേശീയതലത്തിൽ മികച്ച നടനുള്ള “ഭരത്’ പട്ടം നേടുന്ന അവസാന നടൻ കൂടിയാണ്. (ഭരത്, ഉർവ്വശി പട്ടങ്ങൾ 1977 ൽ നിർത്തലാക്കി)

1979-ൽ മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും, ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1989ൽ ഉത്സവപ്പിറ്റേന്ന് സംവിധാനം ചെയ്ത അദ്ദേഹം ഭരതൻ സംവിധാനം ചെയ്ത പാഥേയത്തിന്റെ നിർമ്മാതാവായി. 1986ൽ സ്ട്രോക്ക് വന്ന് തളർന്ന അദ്ദേഹം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1992ൽ പാഥേയത്തിലൂടെയാണ് മടങ്ങിവന്നത്.


2002-ൽ എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രം സംവിധാനം ചെയ്തു. നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ആത്മ. അൽഷിമേഴ്സ് എന്ന രോഗത്തെ ആധാരമാക്കി ‘മറവിയുടെ മണം’ എന്നൊരു ചിത്രം 2005 -ൽ സംവിധാനം ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അതു തീയേറ്ററിൽ എത്തിയില്ല. പിന്നീട് അമൃത ടിവിയിൽ ടെലി സീരിയലായാണു അതു പ്രദർശിപ്പിച്ചത്.

അരവിന്ദന്റെ തമ്പ്, പത്മരാജന്റെ പെരുവഴിയമ്പലം, കള്ളൻ പവിത്രൻ, ഭരതന്റെ മർമരം, ഓർമയ്ക്കായ്, സന്ധ്യമയങ്ങും നേരം, ആലോലം, മോഹന്റെ വിടപറയും മുമ്പേ, രചന, ചിദംബരം, കെ.ജി. ജോർജിന്റെ യവനിക, ആദാമിന്റെ വാരിയെല്ല് , ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഫാസിലിന്റെ ഈറ്റില്ലം, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18, അമ്പിളിയുടെ സീൽ നമ്പർ 7, പ്രിയദർശന്റെ പുന്നാരം ചൊല്ലി ചൊല്ലി, സേതുമാധവന്റെ ആരോരുമറിയാതെ, ഐ വി ശശിയുടെ കരിമ്പിൽപൂവിനക്കരെ, സത്യൻ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി, വിജയ് മേനോന്റെ നിലാവിന്റെ നാട്ടിൽ, ഹിന്ദിയിൽ മണി കൗളിന്റെ “സത്ഹസേ ഉഠ്തോ ആദ്മി’, ഗോവിന്ദ് നിഹ്ലാനിയുടെ ആഘാത് തുടങ്ങി കമ്പോള – സമാന്തര – കലാസിനിമകളിൽ അസാധാരണമായ അഭിനയ മികവിലൂടെ തിളങ്ങി.

അഭിനയിച്ച നാടകങ്ങൾ – അഭയാർത്ഥികൾ, മൃഗതൃഷ്ണ, പേയ് പിടിച്ച കോലം, പൂജാ മുറി, ബെക്കറ്റ് വെയിറ്റിങ്ങ് ഫൊർ ഗൊഡൊറ്റ്, ദൈവതർ, അവനവൻ കടമ്പ, ഭാഗവതജുകം, ഒറ്റയാൻ.

എഴുതിയ നാടകങ്ങൾ – സൗമിത്രരേഖ, രാജാവ് രാജ്യം രാജാക്കന്മാർ, മുത്തുകൾ, ശിക്ഷ, സന്ധ്യ.

സംവിധാനം ചെയ്ത നാടകങ്ങൾ – ഗുരുദക്ഷിണ, രാജാവ് രാജ്യം രാജാക്കന്മാർ, തിരുമുടി, അപ്രൈക്കൻ.


1985-ൽ ‘ചിദംബര’ത്തിലെ അഭിനയത്തിന് ടോക്യോ ഏഷ്യാ പസഫിക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രത്യേക ജൂറി അവാർഡ്, 1991-ൽ ‘യമനം’ സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനും 1994-ൽ ‘അഭിനയം അനുഭവം’ സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനും ദേശീയ അവാർഡ് ലഭിച്ചു. ‘ഫിലോസഫി ഓഫ് ആക്ടിങ്ങ് ‘ അദ്ദേഹത്തിൻറെ മറ്റൊരു പ്രധാന രചനയാണ്.

2002-ൽ ‘നാടക നിയോഗം ‘ നാടക രംഗത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് (1994), സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ് (1993) എന്നിവയും ലഭിച്ചിട്ടുണ്ട്. 1991-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.