Fri. Apr 19th, 2024

യു എ ഇ പുതിയ താമസ കുടിയേറ്റ നിയമം നടപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് നിയമം മാറ്റിയെഴുതുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചതാണിത്.

മേഖലയിലെ ഒരു മികച്ച വിദ്യാഭ്യാസ കേന്ദ്രമായ യു എ ഇയില്‍ 77ല്‍ അധികം സര്‍വകലാശാലകളും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുമുണ്ടെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഏത് എമിറേറ്റിലും ഒന്നിച്ചു താമസിക്കാന്‍ കഴിയും. മതിയായ വരുമാനം ഉറപ്പുവരുത്തണം എന്നു മാത്രം. രാജ്യത്തിന്റെ ആഭ്യന്തര ടൂറിസം പ്രചാരണത്തിന് കൂടുതല്‍ കരുത്ത് പകരുന്നതിനായി എമിറേറ്റ്സ് ടൂറിസം കൗണ്‍സിലും സ്ഥാപിച്ചു.

യു എ ഇയിലെ വിവിധ സമ്പദ് വ്യവസ്ഥകളില്‍ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനത്തിനും ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി. നയം നടപ്പിലാക്കുന്നതിനായി ഒരു പുതിയ ഫെഡറല്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ‘ലോകത്തിലെ ഏറ്റവും സജീവമായ രാജ്യങ്ങളിലൊന്നാണ് യു എ ഇ. ലോകമെമ്പാടുമുള്ള എല്ലാവരുമായും ആശയവിനിമയം നടത്തുകയെന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. നവ മാധ്യമങ്ങളുമായി കാലികമായി ഇടപെടല്‍ തുടരുന്നതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ ജോലിയും വീണ്ടെടുക്കലും തുടരും. ഈ വര്‍ഷാവസാനത്തോടെ യു എ ഇ കൂടുതല്‍ ശക്തമാകും. ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.