Fri. Mar 29th, 2024

കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും രാജ്യത്തെ സ്വയംപര്യാപ്തമാക്കിയ കര്‍ഷകരെ അഭിവാദ്യം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് കര്‍ഷകരുടെ സംഭാവനകളെ രാഷ്ട്രപതി കൃതജ്ഞതയോടെ സ്മരിച്ചത്. രാജ്യവും സര്‍ക്കാരും ജനങ്ങളും കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ കാഠിന്യവും വ്യാപ്തിയും കുറയ്ക്കുന്നതിലും മരണ സംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യത്തെ കര്‍ഷകരും പട്ടാളക്കാരും ശാസ്ത്രജ്ഞന്മാരും വലിയ സംഭാവനയാണ് നല്‍കിയത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണ്. രാഷ്ട്രപതി വ്യക്തമാക്കി.

പ്രതികൂലമായ സാഹചര്യത്തിലും പട്ടാളക്കാര്‍ വലിയ ത്യാഗങ്ങളാണ് നടത്തിയത്. അതിര്‍ത്തി കൈയേറാനുള്ള അയല്‍ രാഷ്ട്രത്തിന്റെ നീക്കത്തെ നമ്മുടെ ധീരരായ സൈനികര്‍ പരാജയപ്പെടുത്തി. ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിനിടെ 20 പേര്‍ക്ക് വീരമൃത്യു വരിക്കേണ്ടി വന്നു. ധീരരായ സൈനികരോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു.

കൊവിഡ് വാക്‌സിനെടുക്കാന്‍ രാഷ്ട്രപതി ജനങ്ങളോട് ആവശ്യപ്പെട്ടു.ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും പൂര്‍ണസന്നദ്ധതയോടെയാണ് വാക്‌സിനേഷന്‍ യജ്ഞത്തിനായി പ്രവര്‍ത്തിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്സിന്‍എടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ ജനങ്ങളോട്അഭ്യര്‍ഥിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.