Fri. Mar 1st, 2024

✍️  സി.ആർ. സുരേഷ്

സംഘടിച്ച്‌ ശക്തി നേടുക എന്ന ആശയം പ്രാവർത്തികമാക്കി സ്വസമുദായത്തിന്‍റെയും പിന്നോക്ക സമുദായങ്ങളുടെയും ഉന്നതിക്കായി പ്രവർത്തിച്ച സാമൂഹ്യ നേതാവാണ്‌ ഡോ. പൽപ്പു (1863 – 1950). ഉന്നത വിദ്യാഭ്യാസവും ബിരുദവും ഉണ്ടായിരുന്നിട്ടും ജാ‍തിയിൽ കുറഞ്ഞവനാണെന്ന കാരണം കൊണ്ടു മാത്രം ജോ‍ലിയോ അംഗീകാരമോ കിട്ടാതെ പോയ പ്രതിഭയായിരുന്നു ഡോ. പൽപ്പു.

തിരുവനന്തപുരത്തെ പേട്ടയിലാണ് ജനിച്ചത്. അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച ഒരാളായിരുന്നു. പേട്ടയിൽ ഫെർണാണ്ടസ്‌ എന്ന ഇംഗ്ലീഷുകാരന്‍റെ ശിഷ്യനായി മൂന്നുകൊല്ലം പഠിച്ചു. 1883-ൽ തിരുവനന്തപുരം ഇംഗ്ലീഷ്‌ സ്കൂളിൽ നിന്ന്‌ മെട്രിക്കുലേഷൻ പാസായി. ഇവിടെ വൈദ്യവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനായി ജയിച്ചുവെങ്കിലും പഠിക്കാനനുമതി ലഭിച്ചില്ല.

1885-ൽ അദ്ദേഹം മദ്രാസ്‌ മെഡിക്കൽ കോളജി‍ൽ എൽ.എം.എസിനു പഠിച്ചു. വിജയിച്ചു തിരിച്ചു വന്നപ്പോൽ തിരുവിതാംകൂർ മെഡിക്കൽ കൗൺസിൽ അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഈ അവഗണനയിൽ മനംനൊന്ത പല്‍പ്പു ബ്രിട്ടീഷ്‌ സർക്കാരിനെ അഭയം പ്രാപിച്ചു. തുടർന്ന് മദ്രാസിലെ വാക്‌സിൻ ഡിപ്പോ സൂപ്രണ്ടായി നിയമിതനായി.1891-ൽ മൈസൂർ മെഡിക്കൽ സർവീസിൽ ചേർന്നു. അക്കാലത്ത്‌ മൈസൂരിൽ പ്ലേഗ്‌ രോഗ ബാധയുണ്ടായപ്പോൾ പല്‍പ്പു നടത്തിയ നിസ്വാർത്ഥമായ സേവനം സർക്കാരിന്‍റെ പ്രശംസ നേടി. സർക്കാർ അദ്ദേഹത്തെ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടിലേക്കയച്ചു. 1900-ൽ തിരിച്ചെത്തിയ അദ്ദേഹം മൈസൂരിൽ ഹെൽത്ത്‌ ഓഫീസർ ആയി. പിന്നീട്‌ ബാംഗ്ലൂരിൽ സാനിറ്ററി കമ്മീഷണറുടെ പേഴ്‌സണൽ അസിസ്റ്റന്‍റ്‌, ഡെപ്യൂട്ടി കമ്മിഷണർ, ജയിൽ സൂപ്രണ്ട്‌ എന്നീ പദവികളെല്ലാം അലങ്കരിച്ചു.

1917-18 – ൽ ബറോഡ സർക്കാരിന്‍റെ ആരോഗ്യകാര്യ ഉപദേഷ്ടാവായിരുന്നു. ഉദ്യോഗത്തിൽ നിന്ന്‌ വിരമിച്ച്‌ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ്‌ പൽപ്പു സാമൂഹിക പരിഷ്കരണത്തിന്‌ രംഗത്തിറങ്ങിയത്‌. തന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് 1903-ൽ എസ്‌.എൻ.ഡി.പി യുടെ രൂപീകരണത്തിനും വളർച്ചയ്ക്കും ഡോ.പൽപ്പു നിസ്ഥുലമായ സംഭാവനകൾ നല്‍കിയത്.

മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു. തന്റെ സ്വന്തം ചിലവിൽ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താൻ അയച്ച പരാതികളും പത്രങ്ങളിൽ താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയാണ്.മഹാകവി കുമാരനാശാന്‍റെ ഉന്നത വിദ്യാഭ്യാസത്തിനും കവിയെന്ന നിലയ്ക്കുള്ള വളർച്ചയ്ക്കും ഡോ.പൽപ്പു കാരണമായിട്ടുണ്ട്. സരോജിനി നായിഡു ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത് ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്നാണ്.

സംസ്ഥാന സർക്കാർ ആരോഗ്യ സർവകലാശാല ഗവേഷണ കേന്ദ്രത്തിന്‌ ഡോ. പൽപ്പുവിന്റെ പേര്‌ നൽകാൻ എടുത്ത തീരുമാനം എന്തുകൊണ്ടും ഉചിതമായ ഒന്നാണ്. 1891-ൽ പ്ലേഗ്, വസൂരി തുടങ്ങിയ മഹാമാരികൾക്കെതിരേ പൽപ്പു നടത്തിയ പ്രവർത്തനങ്ങൾ ഓർമിക്കപ്പെടേണ്ടതാണ്. ബംഗളൂരു നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം പോരാടിയത്. സീനിയർമാരായിരുന്ന ഡോക്ടർമാർ പ്ലേഗിനെ ഭയന്ന് സേവനരംഗത്തുനിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഡോക്ടർ പൽപ്പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്പെഷ്യൽ ഓഫീസർ. മൈസൂരുവിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായിരുന്നു അദ്ദേഹം. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാൻ അദ്ദേഹം തയ്യാറായി.

മരണപത്രം നേരത്തേ കൂട്ടി ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം കർമനിരതനായത്. പ്ലേഗ് ക്യാമ്പിൽ ദിനംപ്രതി ശരാശരി അമ്പത് വീതം മരണമുണ്ടായിരുന്നു. ചില ദിവസങ്ങളിൽ നൂറ്റമ്പത് മരണംവരെ ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം പതിനയ്യായിരം പേരാണ് പ്ലേഗ് മൂലം മരണമടഞ്ഞത്. ഡോ. പൽപ്പുവിന്റെ ക്യാമ്പിൽനിന്ന് നോക്കിയാൽ എട്ട് ശ്മശാനങ്ങളിൽ രാപകൽ ദേദമെന്യേ ശവം കത്തിക്കൊണ്ടിരിക്കുന്നത് കാണാമായിരുന്നു.ഡോ. പൽപ്പു നാട്ടിലുള്ള തന്റെ ഒരു സ്നേഹിതനയച്ച കത്തിൽ ഇങ്ങനെ എഴുതി: ”എന്റെ ക്യാമ്പിന് ചുറ്റുമുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങൾ ഇപ്പോൾ വെന്തുകൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തുകഴിഞ്ഞാൽ ഉടൻ ചിതയിൽവെക്കത്തക്കവിധം നാല്പത്തിമൂന്നു ശവങ്ങൾ കഴുകി തയ്യാറാക്കിെവച്ചിരിക്കുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാര ദണ്ഡുമായി ഞാൻ നിൽക്കുന്നു. മനുഷ്യൻ എലികളെപ്പോലെ ചത്തുവീഴുകയും ജീവിതത്തെക്കാൾ അധികം മരണത്തെ പ്രദർശിപ്പിക്കയും ചെയ്യുന്നു ബംഗളൂരു നഗരം. മരണം മരണവും ചുമതല ചുമതലയും.”

പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യൻ സർക്കാരിലെ സർജന്റ് ജനറലും സാനിറ്ററി കമ്മിഷണറും മൈസൂരു സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയപ്പോൾ ഡോ. പൽപ്പുവിന്റെ ക്യാമ്പുകൾ മറ്റ് ക്യാമ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി. ഡോക്ടർ പൽപ്പുവിന്റെ പൊതുജനാരോഗ്യ സംരക്ഷണപാടവത്തെ അവർ പുകഴ്ത്തി. ബ്രിട്ടീഷ് രാജ്ഞി ആഫ്രിക്കയിൽ ജോലി വാഗ്ദാനം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

മൈസൂരുവിലെ ഡെപ്യൂട്ടി സാനിറ്ററി കമ്മിഷണറായിരുന്ന കാലത്ത് മൈസൂരുവിൽ പടർന്നുപിടിച്ച വിഷൂചികയ്ക്ക് കാരണം കുഴൽവെള്ളത്തിൽനിന്നുള്ള രോഗാണുക്കൾ കലർന്ന കുടിവെള്ളമാണെന്ന് അദ്ദേഹം കണ്ടെത്തി. കെമിക്കൽ എക്സാമിനർ തന്റെ ബന്ധുവായ കുഴൽവെള്ള വിതരണക്കാരനെ രക്ഷിക്കാനായി – കുഴൽവെള്ളം ശുദ്ധമാണെന്ന് റിപ്പോർട്ട് ചെയ്തു. ഡോ. പൽപ്പു കുഴൽവെള്ളം പരിശോധനയ്ക്കായി ചെന്നൈ യിലേക്കും മുംബൈയിലേക്കും അയച്ചു. അവിടെനിന്ന് വെള്ളത്തിൽ രോഗാണുക്കളുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചു. ഉന്നതോദ്യോഗസ്ഥർക്ക് ഡോ. പൽപ്പുവിന്റെ സത്യസന്ധമായ നിലപാട് രസിച്ചില്ല. അദ്ദേഹത്തെ ഡിവിഷൻ സാനിറ്ററി ഓഫീസറായി തരംതാഴ്ത്തി. എങ്കിലും തന്റെ നിലപാടിൽ മാറ്റംവരുത്താനോ മേലധികാരികളുടെ മുന്നിൽ തലതാഴ്ത്താനോ അദ്ദേഹം തയ്യാറായില്ല.ഡോ. പൽപ്പുവിന്റെ നീതിബോധത്തെ ഓർമിപ്പിക്കുന്ന ഈ സംഭവവും എടുത്തു പറയേണ്ടതാണ്. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യകാലത്ത് അദ്ദേഹം ജോലിനോക്കിയത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. തുടർന്ന്, ബംഗളൂരുവിൽ മൈസൂരു സർക്കാരിന്റെ കീഴിൽ ഒരു പുതിയ വാക്സിൻ നിർമാണശാല തുടങ്ങിയപ്പോൾ ഡോ. പൽപ്പു അതിന്റെ മേൽനോട്ടക്കാരനായി. എന്നാൽ, മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം സ്ഥാപനം നിർത്തുകയാണുണ്ടായത്. എങ്കിലും ഡോ. പൽപ്പുവിന്റെ ശ്രമഫലമായി 120 രൂപ ലിംഫ് ശേഖരണത്തിനായി അദ്ദേഹം അനുവദിച്ചെടുത്തു. കന്നുകുട്ടികളെ വാങ്ങി അദ്ദേഹം വാക്സിൻ നിർമാണം പുനരാരംഭിച്ചു. അതിൽനിന്ന് വരുമാനം വർധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർധിക്കുകയും ലിംഫ് നിർമാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറംരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും മികച്ച ഗുണ നിലവാരത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം ലഭിക്കയുംചെയ്തു.