ഞായറാഴ്ച രാത്രി കലിയുഗം അവസാനിച്ചു; സത്യയുഗത്തിൽ പുനർജനിക്കാൻ മക്കളെ തലയ്ക്കടിച്ചു കൊന്നു

രണ്ട് പെൺമക്കളെ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരായ അച്ഛനും അമ്മയും പിടിയിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്. പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകങ്ങൾ നടന്നത്.

അന്ധവിശ്വാസത്തിന് അടിമകളാണ് പത്മജയും ഭർത്താവുമെന്നാണ് പൊലീസ് പറയുന്നത്. സത്യയുഗത്തിൽ പുനർജനിക്കാൻ വേണ്ടിയാണ് മക്കളെ കൊന്നതെന്നാണ് പത്മജ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി കലിയുഗം അവസാനിക്കുമ്പോൾ മക്കൾ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇവരുടെ വിശ്വാസം.

ദമ്പതികൾ പലപ്പോഴും വിചിത്രമായാണ് പെരുമാറിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും ഇവരുടെ വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നു എന്നും അവർ പറയുന്നു. ഇത് സ്ഥിരമായതോടെ ആരും ഗൗനിക്കാതായി. കൊലനടന്ന ദിവസം ഉച്ചത്തിൽ നിലവിളി കേട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയെങ്കിലും വീട്ടിനുളളിൽ പ്രവേശിക്കാൻ ദമ്പതികൾ അനുവദിച്ചില്ല. ബലംപ്രയോഗിച്ച് പൊലീസ് ഉളളിൽ കയറുമെന്ന ഘട്ടം വന്നപ്പോൾ ദമ്പതികൾ തന്നെയാണ് കൊലപാതക വിവരം തുറന്നുപറഞ്ഞത്. വീട്ടിനുളളിൽ നടത്തിയ പരിശോധനയിൽ ഒരാളുടെ മൃതദേഹം പൂജാമുറിയിൽ നിന്ന് കണ്ടെടുത്തു. സമീപത്തെ മറ്റൊരു മുറിയിൽ നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ചുവന്ന പട്ടുകൊണ്ട് പൊതിഞ്ഞിരുന്നു.

ദമ്പതികളുടെ മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദ ധാരിയാണ്. ഇളയമകൾ ബി ബി എ കാരിയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവർ കോളേജിൽ നിന്ന് വീട്ടിൽ എത്തിയത്.