പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഫ്രൈ ആക്കി ഭക്ഷിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍

ഇടുക്കിയിലെ മാങ്കുളം മുനിപാറയില്‍ പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച ശേഷം കൊന്നു ഭക്ഷിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. മുനിപാറ സ്വദേശികളായ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെയാണ് മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അമ്പതു കിലോ ഭാരം വരുന്ന, ഒമ്പത് വയസുള്ള പുള്ളിപ്പുലിയെയാണ് കൊന്നത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് സംഭവം വെളിപ്പെട്ടത്. വിനോദിന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ വീണ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കറിവെച്ച് ഭക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പല്ലും നഖവും തോലുംവില്‍പനക്കു വേണ്ടി മാറ്റിവച്ചു. ഇവ വനം വകുപ്പിന്റെ പരിശോധനയില്‍ കണ്ടെടുത്തു. ഒന്നാം പ്രതിയായ വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.