Thu. Mar 28th, 2024

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതി കേസ് വീണ്ടും പരിഗണിച്ചത്. 

നേരത്തെ, വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണ കോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണക്കും കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞദിവസം വി.മധു, ഷിബു എന്നീ പ്രതികളുടെ കസ്റ്റഡി കാലാവധി ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. കേസിലെ മറ്റൊരു പ്രതി എം. മധു ഹൈക്കോടതിയുടെ ജാമ്യത്തിലാണ്. 

കേസിന്റെ പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ വീണ്ടും നടപടി ആരംഭിച്ചത്. കേസിന്റെ തുടരന്വേഷണത്തിന് എസ്.പി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്.

2017-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയെ ജനുവരി 13-ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേവര്‍ഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുള്ള ഇളയസഹോദരിയെയും അട്ടപ്പള്ളത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇളയകുട്ടിയും മരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്.

തുടക്കംമുതല്‍തന്നെ വിവാദമായകേസില്‍ പ്രതികള്‍ക്ക് രാഷ്ട്രീയബന്ധമുള്‍പ്പെടെ ആരോപിക്കപ്പെട്ടിരുന്നു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നുകാണിച്ച് 2019-ല്‍ കോടതി പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന്, പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ച വിവാദമായതോടെ സര്‍ക്കാരും അപ്പീല്‍ നല്‍കി. തുടര്‍ന്ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനര്‍വിചാരണയ്ക്ക് പാലക്കാട് പോക്‌സോ കോടതിയിലേക്ക് വിടുകയുംചെയ്തു.