Sat. Apr 20th, 2024

സിംഗുര്‍ അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളെ അപായപ്പെടുത്താന്‍ നീക്കം. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഒരാള്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിടികൂടി കര്‍ഷകര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നു. പ്രതിയെ പിന്നീട് ഡല്‍ഹി പോലീസിന് കൈമാറി. 26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലി തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ആക്രമണം.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരുമായുള്ള പതിനൊന്നാം ഘട്ട ചര്‍ച്ചയും ഇന്ന് പരാജയപ്പെട്ടിരുന്നു. രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി തുടരുന്നതിനിടെ കേന്ദ്രം നിലപാട് കര്‍ക്കശമാക്കി.

18 മാസത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യാമെന്ന നിര്‍ദേശം ഏറ്റവും മികച്ചതും അവസാനത്തേതുമായ ഓഫര്‍ ആണെന്ന് വ്യക്തമാക്കിയ കേന്ദ്രം, ഇനി ചര്‍ച്ച വേണ്ടെന്ന സൂചനയും നല്‍കി. നിയമത്തില്‍ അപാകതകളില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച കേന്ദ്രം പുതിയ നിര്‍ദേശം പുനപരിശോധിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു.

കര്‍ഷക സംഘടനകള്‍ക്ക് ഈ നിര്‍ദേശത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ മാത്രമേ അടുത്ത ചര്‍ച്ച നടക്കൂ. അല്ലാത്തപക്ഷം ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കാന്‍ തയാറാണെന്നും കേന്ദ്രം വെള്ളിയാഴ്ച സൂചന നല്‍കി. സര്‍ക്കാരിന്റെ നിര്‍ദേശത്തെക്കുറിച്ച് കര്‍ഷകര്‍ സംസാരിക്കാന്‍ തയാറാകുമ്പോള്‍ മാത്രമമ അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കുകയുള്ളുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. നിറദേശത്തില്‍ കുഴപ്പം ഉണ്ടായിട്ടല്ല, മറിച്ച് നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനാണ് ചര്‍ച്ച നടത്തിയത്. ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയത് മികച്ച നിര്‍ദേശമാണ്. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ അത് നിരസിച്ചു. അദേഹം യോഗത്തില്‍ പറഞ്ഞു. ഇന്ന് നടന്ന ചര്‍ച്ച 18 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളു. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.